Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ട്രോബെറി വിളവെടുപ്പ് തുടങ്ങി; സബ്സിഡി നൽകി ഹോർട്ടികോർപ്പ്

strawberry

വേനൽക്കാല പഴംവിപണിയിൽ ഇടുക്കിയുടെ സ്വന്തം സ്ട്രോബെറിയാണ് ഇപ്പോൾ പ്രധാന താരം. സ്ട്രോബെറി ഉൽപാദനത്തിൽ മുൻപന്തിയിലാണ് ഇടുക്കി ജില്ല. വട്ടവട, മറയൂർ, കാന്തല്ലൂർ, ബിഎൽ റാം എന്നിവിടങ്ങളിലാണു സ്ട്രോബെറി ഉൽപാദിപ്പിക്കുന്നത്. ഹോർട്ടികോർപ്പ് വഴി അത്യുൽപാദന ശേഷിയുള്ള തൈകൾ പുണെയിൽനിന്നാണ് എത്തിക്കുന്നത്. ജനുവരി മുതൽ മേയ് വരെയാണു വിളവെടുപ്പുകാലം. കഴിഞ്ഞ വർഷം വില തീരെ കുറവായിരുന്നുവെങ്കിലും ഇത്തവണ കൃഷി ലാഭകരമായിരുന്നുവെന്നാണു കർഷകർ പറയുന്നത്. ഒരു കിലോഗ്രാം സ്ട്രോബെറി പഴത്തിന് ഗുണനിലവാരമനുസരിച്ചു 300 മുതൽ 400 രൂപ വരെ വില ലഭിക്കുന്നുണ്ട്. 

കൃഷി അധികവും വിനോദസഞ്ചാര മേഖലകളോടു ചേർന്നായതിനാൽ സഞ്ചാരികൾ നേരിട്ടു കൃഷിയിടത്തിലെത്തി സ്ട്രോബെറി വാങ്ങുന്നുണ്ട്. കർഷകർക്കും ഇതാണു കൂടുതൽ ലാഭകരം. സ്ട്രോബെറി കൃഷിയിടത്തിൽ നിന്നു ഫോട്ടോയെടുക്കാനും നല്ല തിരക്കാണ്. അതീവ ശ്രദ്ധയോടെയുള്ള പരിപാലനം ആവശ്യമുള്ള ഫലവർഗമാണു സ്ട്രോബെറി. പ്ലാസ്റ്റിക് ഷീറ്റ് പുതച്ച വരമ്പുകളിലുണ്ടാക്കിയ സുഷിരങ്ങളിലാണു തൈകൾ നടേണ്ടത്. പ്ലാസ്റ്റിക് ഷീറ്റിനകത്തുകൂടി ഹോസുകൾ സ്ഥാപിച്ച് ദ്രവ്യരൂപത്തിലുള്ള വളങ്ങൾ നൽകണം. ചെടി നനയ്ക്കുന്നതും ഇങ്ങനെതന്നെയാണ്. 

ഇത്തരത്തിൽ സംരക്ഷിത കൃഷിയിടമൊരുക്കാൻ ഏക്കറിന് അരലക്ഷം രൂപയിലധികം ചെലവു വരും. ഹോർട്ടികോർപ്പ് വഴി സബ്സിഡി നിരക്കിലാണു സ്ട്രോബെറി തൈകൾ കർഷകർക്ക് എത്തിച്ചു നൽകുന്നത്.