Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലളിതം സുന്ദരം എയർ പ്ലാന്റ്സ്

airplant-grapewood-small

ചെടികൾ വളർത്തി പരാജയപ്പെട്ടവർക്കായി ചട്ടിയും മണ്ണുമൊന്നുമില്ലാതെ നിഷ്പ്രയാസം പരിപാലിക്കാൻ ഇതാ ഒരുകൂട്ടം വിചിത്ര സസ്യങ്ങൾ. ‘എയർ പ്ലാന്റ്സ്’ എന്നറിയപ്പെടുന്ന ഇവ ‘ടില്ലാൻസിയ’ ഗണത്തിൽപെടുന്നവയാണ്. ഒരാഴ്ചത്തേക്കു നനയ്ക്കാൻ മറന്നാലും ഈ ചെടികൾക്ക് ഒന്നും സംഭവിക്കില്ല. അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന ഈർപ്പവും ധാതുലവണങ്ങളും ആഗിരണം ചെയ്ത് ഇവ വളർന്നോളും. ചിലയിനങ്ങൾ മനോഹരമായ പൂക്കൾകൊണ്ട് നമ്മെ ആനന്ദിപ്പിക്കുകയും ചെയ്യും. ലോകമാകമാനം സസ്യപ്രേമികൾക്കു  പ്രിയപ്പെട്ട അലങ്കാരച്ചെടിയാണ് ഈ ബ്രൊമീലിയാഡ് കുടുംബാംഗം. എയർ പ്ലാന്റുകളുടെ പരിപാലനത്തിനും കൈമാറ്റത്തിനുമായി ക്ലബുകൾപോലുമുണ്ട് ഇപ്പോള്‍. 

പ്രകൃതിയിൽ മരപ്പൊത്തിലും മരത്തിന്റെ കമ്പിലും, പാറയിലും മറ്റും സ്വാഭാവികമായി കാണപ്പെടുന്ന ഇവയുടെ അറുനൂറിനു മേൽ ഇനങ്ങൾ ലഭ്യമാണ്. നന്നേ കുറുകിയ തണ്ടിൽ കുത്തിനിറച്ചതുപോലെ കട്ടിയുള്ള ഇലകൾ ഇവയുടെ സവിശേഷതയാണ്. പാതി തണലുള്ളിടത്തും ഒരു പരിധിവരെ വെയിലത്തും പരിപാലിക്കാം. പുല്ലിന്റേതുപോലുള്ള വേരുകൾ ഏതു പ്രതലത്തിലും പറ്റിപ്പിടിച്ചു വളരാൻ ചെടിയെ സഹായിക്കുന്നു. ഒറ്റനോട്ടത്തിൽ ഉണങ്ങിയ കുഞ്ഞൻ കൈതച്ചെടിയാണെന്നു തോന്നും ഇവയിൽ പലതും. ചെടികൾ വളർത്താൻ കഴിയില്ലെന്നു കരുതുന്ന ഡ്രിഫ്റ്റ് വുഡിലും, ശംഖിന്റെ പുറത്തും, അക്വേറിയത്തിന്റെ ഭിത്തിയിലും വെള്ളാരംകല്ലിലുമൊക്കെ എയർ പ്ലാന്റുകൾ വേരുകൾ ഉറപ്പിച്ചു നന്നായി വളരും.

ഇലകളിൽ നിറയെ ചോക്കുപൊടിപോലുള്ള നേർത്ത ആവരണം ആവശ്യമായ ജലവും ധാതുലവണങ്ങളും അന്തരീക്ഷത്തിൽ നിന്നു വലിച്ചെടുക്കാനും ഒപ്പം വരണ്ട കാലാവസ്ഥയിൽ വളരാനും ചെടിയെ സഹായിക്കുന്നു.  ചില ഇനങ്ങൾക്ക് ഈ ആവരണം നല്ല കനത്തിലുള്ളതുകൊണ്ട് ഇലകൾക്കു മങ്ങിയ വെള്ളനിറമായിരിക്കും. ഇത്തരം ചെടികൾ വെയിലുള്ളിടത്തും വളർത്താം. നനയും വളവും വല്ലപ്പോഴും നൽകിയാൽ മതി. മറ്റൊരിനം എയർ പ്ലാന്റുകളിൽ ആവരണം അത്രയ്ക്കു വ്യക്തമായി കാണാറില്ല. ഇവയ്ക്കു കൂടുതൽ തണലും നനയും ആവശ്യമാണ്. ഇളം തവിട്ട്, ചുവപ്പ് നിറങ്ങളിൽ ഇലകൾ ഉള്ള ചെടികളും ലഭ്യമാണ്. എയർ പ്ലാന്റ് വർഗത്തിലെ സ്പാനിഷ് മോസ് ഒറ്റനോട്ടത്തിൽ നരച്ചു നീളമുള്ള താടിരോമങ്ങൾ പോലെയാണ്. ഇലകളും തണ്ടുകളുമെല്ലാം മങ്ങിയ ചാരനിറത്തിൽ ഒരേ രൂപത്തിലാണു കാണപ്പെടുന്നത്.

പൂവിടുന്നതിനു മുന്നോടിയായി നടുവിലുള്ള തളിരിലകൾ ആകർഷകമായ ചുവപ്പ്, മഞ്ഞ, പിങ്ക് നിറങ്ങളിലാകും. പിന്നീട് ഇലച്ചാർത്തുകൾക്കിടയിൽനിന്നാണു മനോഹരമായ പൂക്കൾ വിരിഞ്ഞുവരിക. വർണ ഇലകളിൽനിന്നു വേറിട്ട നിറമായിരിക്കും പൂക്കൾക്ക്. കടും ചുവപ്പ്, നീല, പിങ്ക്, മഞ്ഞ എന്നീ നിറങ്ങളിലുള്ള പൂക്കൾ ഒന്നുരണ്ട് ആഴ്ചക്കാലം ചെടിയിൽ കാണാം.

air-plants

നടീൽവസ്തു

നന്നായി വളർച്ചയെത്തിയ ചെടിയുടെ ചുവട്ടിൽനിന്ന് സ്വാഭാവികമായി തൈകൾ (പപ്സ്) ഉണ്ടായി വരും. പൂവിടുന്ന ഇനങ്ങളിൽ പലതും പൂവിട്ടുകഴിഞ്ഞാൽ തൈകൾ ഉൽപാദിപ്പിക്കും. പൂവിടാത്ത ഇനങ്ങളിൽ ചിലപ്പോൾ ഇലകളുടെ ചുവട്ടിൽ നിന്നുപോലും തൈകൾ ഉണ്ടായിവരുന്നതായി കാണാം. ഒന്നുരണ്ട് ഇഞ്ച് വലുപ്പമായ തൈ, വേരുകൾ ഇല്ലെങ്കിൽപോലും അടർത്തിയെടുത്തു വളർത്താം.

നടീൽ രീതി, പരിപാലനം

എയർ പ്ലാന്റ് പലവിധത്തിൽ വളരും. ഏറ്റവും ലളിതമായ രീതിയിൽ നേർത്ത വള്ളിയിൽ ചെടി തൂക്കിയിട്ടു വളർത്താം. പളുങ്കുപാത്രത്തിൽ ചെറിയ വെള്ളാരംകല്ലുകൾക്കിടയിൽ ചുവടുഭാഗം ഇറക്കിവച്ചും മോടിയാക്കാം. ഡ്രിഫ്റ്റ്‌വുഡിൽ പലതരം എയർ പ്ലാന്റുകൾ ഒരുമിച്ചു വളർത്തി മിനി ഗാർഡൻ തന്നെ ഒരുക്കാം. ചെടിയുടെ വേരുഭാഗം സൂപ്പർഗ്ലൂ ഉപയോഗിച്ച് ഡ്രിഫ്റ്റ്‌വുഡിലേക്ക് ഒട്ടിച്ചുവയ്ക്കാനും സാധിക്കും. ഈ വിധത്തിൽ സൂപ്പർ ഗ്ലൂ ഉപയോഗിച്ച് എയർ പ്ലാന്റുകൾ വലിയ വെള്ളാരംകല്ല്, ശംഖ്, അക്വേറിയത്തിന്റെ ഭിത്തി തുടങ്ങി ഏതുതരം പ്രതലത്തിലും വളർത്താം. എയർ പ്ലാന്റ് ഉപയോഗിച്ചു തയാറാക്കുന്ന ടെറേറിയത്തിനു നല്ല പ്രചാരമുണ്ട്.

air-plants-01

സ്പ്രിങ്പോലെ കുട്ടയുടെ ആകൃതിയിൽ ചുറ്റിയെടുത്ത കമ്പിക്കുള്ളിൽ ഇറക്കിവച്ചും ചെടി ആകർഷകമാക്കാം. പലയിനങ്ങളുടെയും വേരുകൾ കാലക്രമേണ, വളരുന്നിടത്തു പറ്റിപ്പിടിച്ച് ചെടിയെ ഉറപ്പിച്ചുനിർത്തും. വള്ളിയിൽ തൂക്കിയിട്ടു വളർത്തുന്നവ സാവധാനം എല്ലാ വശങ്ങളിലേക്കും തൈകൾ ഉൽപാദിപ്പിച്ച് ഗോളാകൃതിയിലാകും. ബോൺസായ് ചട്ടിയിൽ ബോൺസായ് ചെടിക്കു ചുറ്റും എയർ പ്ലാന്റിന്റെ കുള്ളൻ ഇനങ്ങൾ വളർത്തി കൂടുതൽ ആകർഷകമാക്കാം.

വളരെ സാവധാനം വളരുന്ന എയർ പ്ലാന്റുകളിൽ ചിലയിനങ്ങൾ ഒരു വർഷംകൊണ്ടു രണ്ടുമൂന്ന് ഇഞ്ച് മാത്രമേ വളർച്ച കാണിക്കുകയുള്ളൂ. മഴക്കാലത്തു ചെടി അന്തരീക്ഷത്തിലുള്ള ഈർപ്പം ആവശ്യാനുസരണം വലിച്ചെടുത്തുകൊള്ളും. ഈ സമയത്തു ചെടി വല്ലപ്പോഴും നനച്ചാൽ മതിയാകും. വേനൽക്കാലത്തു മൂന്നു നാലു ദിവസത്തിലൊരിക്കൽ സ്പ്രേയർ ഉപയോഗിച്ച് ചെടി മുഴുവനായി നനയ്ക്കണം. ചെടിയുടെ ഇലകൾ അകാരണമായി പുറകോട്ടു ചുരുളുന്നത് ജലാംശം കുറഞ്ഞതിന്റെ ലക്ഷണമാണ്. 

ആവശ്യമെങ്കിൽ മഗ്ഗിലെടുത്ത വെള്ളത്തിൽ ചെടി മുഴുവനായി ഒരു മണിക്കൂർ മുക്കി കുതിർക്കുന്നത് അധിക ജലാംശം നഷ്ടപ്പെടുന്നതു പരിഹരിക്കാൻ ഉപകരിക്കും. മാസത്തിലൊരിക്കൽ നനജലത്തിൽ പൂർണമായി ലയിക്കുന്ന എൻപികെ 19:19:19 (രണ്ടു ഗ്രാം / ലീറ്റർ വെള്ളം) കലർത്തി നൽകുന്നത് ചെടിയുടെ ആരോഗ്യകരമായ വളർച്ചയ്ക്കും നല്ല പൂക്കൾ കിട്ടാനും സഹായിക്കും. നേരിട്ടു വെയിലുള്ളിടത്തു വളർത്തുന്നവയ്ക്ക് അധിക നന നൽകാൻ ശ്രദ്ധിക്കണം. എയർ പ്ലാന്റുകളുടെ വേരുകൾക്കൊപ്പം ഇലയും ചെടിക്ക് ആവശ്യമായ ജലവും ധാതുലവണങ്ങളും വലിച്ചെടുക്കാൻ കഴിവുള്ളവയാണ്. ഇലകൾക്കും വേരുകൾക്കും ചുറ്റിലുമായി നന്നായി വായുസഞ്ചാരം നൽകുന്നത് ചെടിയുടെ സുഗമമായ വളർച്ചയ്ക്കു നന്ന്. വളർത്തുന്നിടത്ത് ഈർപ്പം അധികമായാൽ ചെടി അപ്പാടെ ചീഞ്ഞുപോകാൻ സാധ്യതയുണ്ട്. ഇലകൾക്കു കാണുന്ന കറുപ്പുനിറം ചീയൽ രോഗത്തിന്റെ ബാഹ്യലക്ഷണമാണ്. ഇത്തരം ചെടികൾ നന മിതപ്പെടുത്തി ഈർപ്പം കുറഞ്ഞിടത്തേക്കു മാറ്റി സ്ഥാപിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.