Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുരുമുളകിന്റെ മികച്ച ഇനങ്ങൾ

pepper

കുരുമുളകുകൃഷിയിൽ നേട്ടമെടുക്കാൻ അത്യുൽപാദനശേഷിയുള്ള ഇനങ്ങളുടെ നല്ല നടീൽവസ്തുക്കൾ തിരഞ്ഞെടുത്ത്  നട്ടുവളർത്തേണ്ടതുണ്ട്.  ഒട്ടേറെ മികച്ച ഇനങ്ങൾ കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്തിട്ടുമുണ്ട്. ഉല്‍പാദനത്തിലും ഉല്‍പാദനക്ഷമതയിലും മുൻപിൽ നിൽക്കുന്ന വിയറ്റ്നാമില്‍പോലും കേരള കാർഷിക സർവകലാശാല ഉരുത്തിരിച്ചെടുത്ത പന്നിയൂർ ഇനങ്ങൾ വ്യാപകമായി കൃഷി ചെയ്തുവരുന്നു.

ചെന്തലകൾ മുറിച്ചു നട്ട് വേരുപിടിപ്പിച്ചാണു പുതിയ തൈകൾ ഉണ്ടാക്കുന്നത്. പോളിബാഗിൽ നട്ട ഒരു കുരുമുളകുതൈയിൽനിന്നു മാതൃഗുണമുള്ള കുറെ തൈകൾ  ഉണ്ടാക്കാൻ കഴിയും. പൈപ്പർ കോളിബ്രീനത്തിൽ ഗ്രാഫ്റ്റ് ചെയ്ത കുരുമുളകിനു ദ്രുതവാട്ടത്തെ പ്രതിരോധിക്കാനാവും. തൈകൾ നടുമ്പോൾ താങ്ങുകാലിന്റെ 30 സെ.മീ. അകലത്തിലായി വടക്കുഭാഗത്ത് 50 സെ.മീ. നീളവും വീതിയും ആഴവുമുള്ള കുഴികൾ എടുത്ത് മേൽമണ്ണും അഞ്ചു കിലോ കാലിവളവും ചേർത്തു കുഴി മൂടണം.

കണ്ണൂരിലെ പന്നിയൂർ കുരുമുളകു ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത കുരുമുളകിനങ്ങളും അവയുടെ സവിശേഷതകളും താഴെ:

പന്നിയൂർ 1: ഉതിരൻകോട്ട, ചെറിയ കാണിയക്കാടൻ ഇനങ്ങൾ സങ്കരണം ചെയ്തുണ്ടാക്കിയത്. തുറസ്സായ സ്ഥലത്തു കൃഷിക്കു നന്ന്. ഹൃദയാകൃതിയിലുള്ള വലിയ ഇലകൾ, ഇടതൂർന്ന വലുപ്പമുള്ള മണികളുള്ള നീണ്ട തിരികൾ. ശരാശരി വിളവ് 3850 കിലോ / ഹെക്ടർ (ഉണങ്ങിയത്). 100 കിലോ പച്ചക്കുരുമുളകിൽനിന്നു 35 കിലോ ഉണങ്ങിയ കുരുമുളകു ലഭിക്കും.

പന്നിയൂർ 2: തണൽപ്രദേശങ്ങളിലും ഇടവിളയായും യോജിച്ചത്. എരിവു കൂടും.  ഇലകൾ ചെറുത്, തിരികൾ ഇടത്തരം. ശരാശരി വിളവ് 2570 കിലോ / ഹെക്ടർ (ഉണങ്ങിയത്).

പന്നിയൂർ 3: തുറസ്സായ സ്ഥലങ്ങൾക്ക് യോജിച്ചത്. വശങ്ങളിൽ ഒടിവുള്ള ഇലകൾ, നീണ്ട തിരികൾ. എരിവും മണവും നൽകുന്ന ഒളിയോറെസിൻ കൂടുതൽ. 100 കിലോ പച്ചക്കുരുമുളകിൽനിന്ന് 27.8 കിലോ ഉണങ്ങിയതു കിട്ടും. ശരാശരി വിളവ് 1953 കിലോ / ഹെക്ടർ (ഉണങ്ങിയത്).

പന്നിയൂർ 4: വരണ്ട പ്രദേശങ്ങൾക്കും തണൽപ്രദേശങ്ങൾക്കും യോജ്യം. മൂപ്പു കൂടിയ ഇനം. 100 കിലോ പച്ചക്കുരുമുളകിൽനിന്ന് 34.7 കിലോ ഉണങ്ങിയ കുരുമുളക്. ശരാശരി വിളവ് 1277 കിലോ  / ഹെക്ടർ (ഉണങ്ങിയത്). 

പന്നിയൂർ 5: തണൽപ്രദേശങ്ങൾക്കും തെങ്ങ്, കമുക് എന്നിവയ്ക്ക് ഇടവിളയായും  യോജ്യം. നീണ്ട തിരികൾ, തണ്ടിന്റെ അഗ്രഭാഗം കടും പർപ്പിൾ. 100 കിലോ പച്ചക്കുരുമുളകിൽനിന്ന് 35.7 കിലോ ഉണങ്ങിയ കുരുമുളക്. ശരാശരി വിളവ് 1107 കിലോ / ഹെക്ടർ (ഉണങ്ങിയത്). 

പന്നിയൂർ 6: വരൾച്ചയെ തരണം ചെയ്യുന്നതും തണൽപ്രദേശങ്ങൾക്കും തുറസ്സായ സ്ഥലങ്ങൾക്കും യോജിച്ചതും ഇടതൂർന്ന മണികളുള്ള ചെറിയ തിരികൾ, 100 കിലോ പച്ചക്കുരുമുളകിൽനിന്ന് 33 കിലോ ഉണങ്ങിയത്. ശരാശരി വിളവ് 2127 കിലോ /ഹെക്ടർ (ഉണങ്ങിയത്).

പന്നിയൂർ 7: തണൽപ്രദേശങ്ങൾക്കു യോജ്യം. പ്രതികൂല പരിതഃസ്ഥിതിയിലും സ്ഥിര വിളവ്. ഹൃദയാകൃതിയിലുള്ള വലിയ ഇലകൾ, നീണ്ട തിരികൾ.100 കിലോ പച്ചക്കുരുമുളകിൽനിന്ന് 34 കിലോ ഉണങ്ങിയത്. ശരാശരി വിളവ് 1410 കിലോ / ഹെക്ടർ (ഉണങ്ങിയത്).

പന്നിയൂർ 8: നിശ്ചിത വിസ്തീർണത്തിൽ കണ്ണിത്തലകളുടെ എണ്ണം  കൂടുതൽ. സുഗന്ധം നൽകുന്ന ‘ഓയിൽ’ കൂടുതലുള്ളത് (3.8 ശതമാനം).

വിജയ്: വെള്ളാനിക്കര കാർഷിക കോളജ്  പുറത്തിറക്കിയ സങ്കരയിനം. തണൽപ്രദേശങ്ങളിലും ഇടവിളയായും യോജ്യം. പൈപ്പറിൻ 4.72% , ഒളിയോറെസിൻ 10.19%, ഓയിൽ 3.33%. 100 കിലോ പച്ചക്കുരുമുളകിൽ നിന്ന് 39.8 കിലോ ഉണങ്ങിയത്. ശരാശരി വിളവ് 2646 കിലോ / ഹെക്ടർ (ഉണങ്ങിയത്). 

ദ്രുതവാട്ടം കൂടുതലുള്ള സ്ഥലങ്ങൾക്ക് ഐഐഎസ്ആർ തേവം, ഐഐഎസ്ആർ ശക്തി, പന്നിയൂർ 8, പന്നിയൂർ 5, പന്നിയൂർ 4.  നിമാവിരകളുടെ ഉപദ്രവം കൂടുതൽ ഉള്ള സ്ഥലങ്ങളിൽ പൗർണമി. കാപ്പി, തേയിലത്തോട്ടങ്ങളിൽ ഇടവിളയായി പന്നിയൂർ 1, ഐഐഎസ്ആർ ഗിരിമുണ്ട, ഐഐഎസ്ആർ മലബാർ  എക്സൽ.

നടീൽവസ്തുക്കൾക്ക്: കുരുമുളക് ഗവേഷണകേന്ദ്രം, പന്നിയൂർ, കണ്ണൂർ. ഫോൺ: 0460–2227287

ഇ– മെയിൽ: prspanniyur@kan.in

കാർഷിക കോളജ് ഇൻസ്ട്രക്്ഷണൽ ഫാം, പടന്നക്കാട്, കാസർകോട്.