Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയാനന്തര വിള പരിപാലനം

തൃശൂർ ∙  പ്രളയം കാർഷിക വിളകളെ പലവിധത്തിലാണ് ബാധിച്ചിട്ടുള്ളത്. പ്രത്യേക ശ്രദ്ധയോടെ വേണം ഓരോ വിളയെയും പരിപാലിക്കേണ്ടത്.

കൊക്കോ

മലയോര മേഖലകളിൽ മണ്ണിടിച്ചിൽ കൊക്കോയ്ക്ക് ഗണ്യമായ നഷ്ടം സംഭവിച്ചിട്ടുണ്ട്. 60% മരങ്ങൾ സുഷുപ്താവസ്ഥയിലാണ്. ഒന്നോ രണ്ടോ ആഴ്ചകൾക്കകം തളിരുകൾ വരികയും തുടർന്ന് പൂക്കുകയും ചെയ്യും. ഈ മരങ്ങൾക്ക് കാർഷിക സർവകലാശാലയുടെ ശുപാർശ പ്രകാരമുള്ള വളം (100:40:140: ഗ്രാം എൻപികെ പ്രതിവർഷം ഒരു മരത്തിന്) നൽകിയാൽ മതിയാകും. അതിനു മുൻപായി മണ്ണ് പരിശോധ നടത്തി പിഎച്ച്–5ൽ താഴെയാണെങ്കിൽ കുമ്മായം/‍ഡോളോമൈറ്റ് 500 ഗ്രാം ഒരു മരമെന്ന തോതിൽ ചേർത്തു കൊടുക്കണം. മരങ്ങൾ നല്ല രീതിയിൽ തളിരിട്ടതിനു ശേഷം മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ നൈട്രജൻ, പൊട്ടാഷ് വളങ്ങൾ ചേർത്തു കൊടുക്കാവുന്നതാണ്. കറുത്ത കായ്കൾ നീക്കം ചെയ്യുകയും തോട്ടത്തിന്റെ ശുചിത്വം നിലനിർത്തുകയും വേണം.

പ്രളയം ബാധിച്ച സ്ഥലങ്ങളിൽ നീർവാഴ്ചയ്ക്കുള്ള സൗകര്യം ഏർപ്പെടുത്തുണം. ഈ പ്രദേശങ്ങളിൽ ധാരാളം എക്കൽ അടിഞ്ഞു കൂടിയിട്ടുണ്ടാകും. മരത്തിന്റെ ചുവട് ചെറുതായി വെട്ടി ഇളക്കണം. മണ്ണ് പൊടിക്കാൻ പാടില്ല. അതിനുശേഷം ട്രൈക്കോഡർമ/ സ്യുഡോമോണാസ് കൾച്ചർ (ഒരു തീപ്പെട്ടിക്കുള്ളിൽ കൊള്ളുന്നത്) മണലും ചേർത്ത് വിതറി കൊടുക്കണം. മഞ്ഞളിപ്പ് തുടർന്നും കാണിക്കുന്ന മരങ്ങൾക്ക് കോപ്പർ ഓക്സിക്ലോറൈഡ് 2 ഗ്രാം/ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ഒരു മരത്തിന് 10 ലിറ്റർ തടത്തിൽ ഒഴിച്ചു കൊടുക്കണം.

നെല്ലിലെ ഓലചുരുട്ടിപ്പുഴുവിനെയും തണ്ടുതുരപ്പനെയും പ്രതിരോധിക്കാനായി ഒരു ഏക്കർ പാടശേഖരത്തിന് 2 സിസി ട്രൈക്കോഗ്രമ്മ കാർഡ് വീതം ചെറുകഷ്ണങ്ങളായി മുറിച്ചു വയലിന്റെ പലഭാഗത്ത് പ്ലാസ്റ്റിക് കപ്പുകളിൽ കുത്തി വയ്ക്കുക. ആക്രമണം രൂക്ഷമാണെങ്കിൽ 3 മില്ലി ക്ലോറാൻട്രനിലിപ്രോൾ 10 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചു തളിക്കുക.

തെങ്ങ്

ഉണങ്ങിയ തെങ്ങോലകൾ കമ്പോസ്റ്റാക്കി മാറ്റിയ ശേഷം തെങ്ങിനു തന്നെ വളമായി ഉപയോഗിക്കാവുന്നതാണ്. തെങ്ങിന് ആവശ്യമായ എല്ലാ മൂലകങ്ങളും ഇതിലൂടെ ലഭ്യമാക്കാൻ സാധിക്കും. മണ്ണിരകളെ ഉപയോഗിക്കുകയാണെങ്കിൽ ഓലയെ പെട്ടെന്ന് കമ്പോസ്റ്റാക്കി മാറ്റാൻ സാധിക്കും.

ഓല ചീയ ‍ തെങ്ങിന്റെ ഒരു പ്രധാന രോഗമാണ്. വിടരാത്ത കൂമ്പോലകളിൽ കുമിൾ ബാധയേൽക്കുന്നു. ഓല വിടരുമ്പോഴേയ്ക്കും ഓലയുടെ അടിഭാഗത്തുള്ള ഓലക്കാലുകൾ കരിഞ്ഞുണങ്ങി കാറ്റത്തു പറന്നുപോകുന്നു. ഉപദ്രവം കഠിനമാണെങ്കിൽ കൂമ്പോലകൾ വിടരുന്നതു തന്നെ തടസ്സപ്പെടും. പലപ്പോഴും ഈ രോഗത്തെ കാറ്റുവീഴ്ചയായി തെറ്റിദ്ധരിക്കും. 1% ബോർഡോമിശ്രിതം അല്ലെങ്കിൽ 1–2% വീര്യമുള്ള സ്യുഡോമോണാസ് തളിച്ച് രോഗം നിയന്ത്രിക്കാവുന്നതാണ്.

തെങ്ങിലെ വെള്ളീച്ചയെ നിയന്ത്രിക്കാനായി 20 ഗ്രാം ലെക്കാനിസീലിയം എന്ന മിത്രകുമിൾ ഇലകളുടെ അടിവശത്ത് പതിയത്തക്കവിധം തളിച്ച് കൊടുത്തതിനു ശേഷം 2% വീര്യമുള്ള വേപ്പെണ്ണ എമൾഷൻ തളിക്കുക.

കശുമാവ്

കശുമാവ് തളിരിട്ട് തുടങ്ങുന്ന സമയമാണിപ്പോൾ. ഈ സമയത്താണ് തേയിലക്കൊതുകിന്റെ ഉപദ്രവം ആരംഭിക്കുന്നത്. ആന്ത്രാക്നോസ് എന്ന രോഗം കൂടി ബാധിച്ചാൽ ഇളം തണ്ടുകളും തളിരിലകളും പൂങ്കുലയും കരിഞ്ഞ് പോകും. ഈ കുമിളിന്റെ വിത്തുകൾ തണ്ടിൽ പ്രവേശിച്ചു കഴിഞ്ഞാൽ ആ ഭാഗത്ത് കടും തവിട്ടു നിറത്തിൽ പാടുകൾ ഉണ്ടാകും. ഈ പാടിൽ നിന്ന് ഒരു ദ്രാവകം ഒലിച്ചിറങ്ങുന്നു. പിന്നീടത് ഉണങ്ങി തിളങ്ങുന്ന കട്ടയാകുന്നു. ക്രമേണ തണ്ട് ഉണങ്ങും. തേയിലക്കൊതുകിനെ നിയന്ത്രിക്കുന്നതിന് വേപ്പെണ്ണ മിശ്രിതം തളിച്ചാൽ മതി. അഞ്ചു മി.ലി, വേപ്പെണ്ണ 5 ഗ്രാം ബാർസോപ്പും ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് നല്ലപോലെ അടിച്ചുചേർത്തശേഷം വേണം തളിക്കാൻ. ആന്ത്രാക്നോസിനെ നിയന്ത്രിക്കാൻ സ്യുഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ തളിക്കേണ്ടതാണ്.

വാഴ

വാഴ നടുന്ന സമയമാണിത്. ആരോഗ്യമുള്ള സൂചിക്കന്നുകൾ വേണം നടാൻ. വാഴ നട്ട് ഒരു മാസത്തിനകം കുമ്മായവും ജൈവവളം, എല്ലുപൊടി എന്നിവയും നൽകണം. നടുന്നതിനു മുമ്പായി വേപ്പിൻ പിണ്ണാക്ക് കൂടി ചേർക്കുന്നത് നല്ലതാണ്.

പച്ചക്കറി

പച്ചക്കറികളിലെ ഇല ചുരുളൽ, മൊസേക്ക് എന്നീ രോഗങ്ങളെ നിയന്ത്രിക്കുന്നതിന് ഇവ പരത്തുന്ന ചെറുകീടങ്ങളെ നിയന്ത്രിക്കുന്നതിനോടൊപ്പം രോഗം ബാധിച്ച ചെടികൾ നീക്കം ചെയ്യുകയും വേണം. വേപ്പെണ്ണ, വെളുത്തുള്ളി മിശ്രിതം,  വേപ്പധിഷ്ഠിത കീടനാശിനികൾ എന്നിവ ചെറുകീടങ്ങൾക്കെതിരെ തുടക്കത്തിൽ തന്നെ പ്രയോഗിക്കാൻ ശ്രദ്ധിക്കുക.

പയർ

പയറിൽ കായും തണ്ടും തുരക്കുന്ന കീടത്തിന്റെ ഉപദ്രവമേറ്റ ഭാഗങ്ങൾ മുറിച്ചു നീക്കം ചെയ്യുക. കായ് തുരപ്പിന്റെ ആക്രമണം നിയന്ത്രിക്കാനായി വേപ്പിൻ കുരുസത്ത് 5% വീര്യത്തിൽ തയാറാക്കി തളിക്കുക. ആക്രമണം രൂക്ഷമാണെങ്കിൽ 2 മി.ലി. ഫ്ളുബെന്റാമൈഡ് 10 ലിറ്റർ വെള്ളത്തിൽ എന്ന തോതിലോ അല്ലെങ്കിൽ ക്ലോറാൻട്രാനിലിപ്രോൾ 3 മി.ലി. 10 ലിറ്റർ വെള്ളത്തിൽ എന്ന തോതിലോ തളിച്ചു കൊടുക്കേണ്ടതാണ്.

ആന്തൂറിയം

ആന്തൂറിയത്തിലും ഓർക്കിഡിലും ഒച്ചിന്റെ ഉപദ്രവം നിയന്ത്രിക്കുന്നതിനായി ചട്ടിയിൽ വേപ്പിൻ പിണ്ണാക്ക് ഇട്ട് കൊടുക്കുകയും വേപ്പെണ്ണ ഇമൾഷൻ തളിച്ച് കൊടുക്കുകയും ചെയ്യുക. ഒച്ച് പുറത്ത് വരുന്ന സമയങ്ങളിൽ പെറുക്കിയെടുത്ത് നശിപ്പിക്കുകയും വേണം. രാത്രി നനഞ്ഞ​ ചണചാക്കിൽ ബിയർ അല്ലെങ്കിൽ കാബേജ്, പപ്പായയുടെ ഇല എന്നിവ വിതറി ഒച്ചുകളെ ആകർഷിച്ച് വരുത്തി ശേഷം ഉപ്പ് വിതറി നശിപ്പിക്കുക.

പാൽക്കൂൺ വിത്ത്

കേരള കാർഷിക സർവകലാശാലയുടെ മണ്ണുത്തി കമ്യൂണിക്കേഷൻ സെന്ററിലെ എക്കോഷോപ്പു വഴി പാൽക്കൂൺ വിത്ത് ലഭ്യമാണ്. 300 ഗ്രാം 40 രൂപ. ഫോൺ : 0484–2370773.