Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭൂമി തരിശിടൽ തടയാൻ

well-dry-land

കൃഷിയും നിയമവുംഉത്തരങ്ങൾ തയാറാക്കിയത്: അഡ്വ. വി.കെ സത്യവാൻ നായർ

കുന്നിടിക്കലും വയൽ നികത്തലും നിയന്ത്രിക്കാൻ നിയമമുണ്ട്. എന്നാൽ അതേപോലെ തന്നെ കുറ്റകരമല്ലേ ഭൂമി തരിശിടലും. കാടുപിടിച്ച്, ക്ഷുദ്രജീവികൾ താവളമാക്കിയ തരിശുഭൂമികൾ അടുത്തു താമസിക്കുന്നവർക്ക് വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതു തടയാൻ നിലവിൽ നിയമമുണ്ടോ.

കെ.വി. മത്തായി, കാരയ്ക്കാട്

ചോദ്യം കരഭൂമി സംബന്ധിച്ച് ആയിരിക്കുമല്ലോ. നെൽവയലുകൾ, തണ്ണീർത്തടങ്ങൾ എന്നിവ നികത്തുന്നതു സംബന്ധിച്ചതാണ് 2008ലെ കേരള നെൽവയൽ–തണ്ണീർത്തട സംരക്ഷണ നിയമം. തരിശിട്ട കരഭൂമിയിൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ഭക്ഷ്യവിളകൾ കൃഷി ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ജില്ലാ കളക്ടർക്ക് ബോധ്യപ്പെട്ടാൽ ആ വിഷയത്തിൽ ഇടപെടുന്നതിന് അധികാരം കൊടുക്കുന്ന ഒരു വകുപ്പ് 1967ലെ ഭൂവിനിയോഗ ഉത്തരവിൽ ഉണ്ട്. ഭക്ഷ്യവിള എന്നാല്‍ നെല്ല്, മത്സ്യം, കരിമ്പ്, പച്ചക്കറി, കപ്പ, ചേന, കാച്ചിൽ, തേയില, കാപ്പി, ഏലം, കുരുമുളക്, നിലക്കടല, കൊക്കോ, ഏത്തവാഴ എന്നിവയാണ്. ഭക്ഷ്യക്ഷാമവുമായി ബന്ധപ്പെട്ടാണ് മേൽപറഞ്ഞ പ്രകാരം ഉത്തരവിടുന്നത്. തരിശുഭൂമി ഭക്ഷ്യവിളക്കൃഷിക്ക് യോജ്യമായിരിക്കണം. വസ്തു ഉടമസ്ഥന് നോട്ടീസ് കൊടുത്ത് അന്വേഷണം നടത്തിയ ശേഷമാണ് കലക്ടർ ഉത്തരവിടേണ്ടത്. പ്രസക്ത വകുപ്പനുസരിച്ച് ഉത്തരവിടേണ്ടത് അത്യാവശ്യമാണെന്നു കലക്ടർക്കു ബോധ്യപ്പെടണം. ഈ വകുപ്പ് എത്രമാത്രം പ്രയോഗത്തിലുണ്ടെന്നറിഞ്ഞു കൂടാ. ഇതല്ലാതെ മറ്റു നിയമങ്ങളൊന്നും ഉള്ളതായി അറിവിൽപെട്ടിട്ടില്ല.

ആധാരം ലഭിക്കാൻ

എനിക്കു കുടുംബസ്വത്തായി ലഭിച്ച 60 സെന്റ് പാടത്തിന്റെ 25 വർഷത്തെ കരമടച്ച രസീതല്ലാതെ വേറെ രേഖകൾ ഇല്ല. കാലങ്ങളായി അവിടെ ഞാൻ തന്നെയാണ് കൃഷി ചെയ്യുന്നത്. നാട്ടിൽ എല്ലാവർക്കും അത് എന്റെ ഭൂമിയാണെന്ന് അറിയാം. അതിന്റെ ആധാരം പേരിൽ കിട്ടുന്നതിന് എന്താണ് ചെയ്യേണ്ടത്.

ശ്രീജിത്

കുടുംബസ്വത്ത് എങ്ങനെ ലഭിച്ചുവെന്ന് വ്യക്തമായിട്ടില്ല. ഭാഗപത്ര പ്രകാരമോ ധനനിശ്ചയാധാര പ്രകാരമോ ആണെങ്കിൽ വേറെ ആധാരം ആവശ്യമില്ല. പിന്തുടർച്ചാവകാശം വഴിയാണെങ്കിൽ മുൻഗാമിക്ക് എങ്ങനെ ആ വസ്തു കിട്ടിയെന്നു മനസ്സിലാക്കണം. കരം അടച്ച രസീതിൽ തണ്ടപ്പേര് നമ്പർ ഉണ്ടല്ലോ. എങ്ങനെയാണ് വസ്തു നിങ്ങളുടെ പേരിലേക്ക് പോക്കുവരവു ചെയ്തത്? തണ്ടപ്പേരു റജിസ്റ്ററും ബേസിക് ടാക്സ് റജിസ്റ്ററും പരിശോധിച്ചാൽ ഉറവിടം മനസ്സിലാക്കാം. ഈ വിവരങ്ങൾ ഒന്നും ലഭ്യമല്ലെങ്കിൽ പട്ടയം വാങ്ങാൻ ശ്രമിക്കുക. കരം കൊടുത്ത രസീത് ഉടമസ്ഥാവകാശം തെളിയിക്കുന്ന ഒരു രേഖ മാത്രമാണ്. അത് ഉടമസ്ഥാവകാശം കാണിക്കുന്ന ആധികാരിക പ്രമാണം (Title deed) അല്ല.

മലിനജലം തള്ളുന്നു

ഞങ്ങളുടെ സമീപത്തുള്ള പീലിങ് ഷെഡ്ഡിൽനിന്ന് മലിനജലവും മറ്റ് അവശിഷ്ടങ്ങളും സമീപത്തുള്ള തോട്ടിലേക്കാണ് തള്ളുന്നത്. ഈ തോട്ടിൽ കൊതുകു വളര്‍ന്ന് രോഗങ്ങൾ‌ ഉണ്ടാകുന്നു. ഇതു തടയാൻ എന്തു ചെയ്യണം.

എസ്. അജ്മൽ, പുതുക്കോരിച്ചിറ, അരൂക്കുറ്റി

ജല മലിനീകരണം സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലോ (പഞ്ചായത്ത് / മുൻസിപ്പാലിറ്റി) മലിനീകരണ നിയന്ത്രണ ബോർഡിലോ പരാതിപ്പെടുക.

അയലത്തു പരിസ്ഥിതിപ്രശ്നം

അയൽവാസി എന്റെ വസ്തുവിനോടു ചേർന്ന് തുണിയിൽ ചായം മുക്കുന്ന കമ്പനി തുടങ്ങാനൊരുങ്ങുന്നു. ഇതു ഭാവിയിൽ എനിക്ക് വീട് വയ്ക്കുന്നതിന് ബുദ്ധിമുട്ട് ആകുമോ. ഞാൻ എൻഓസി കൊടുത്തിട്ടില്ല. എനിക്ക് ശല്യം ഉണ്ടാകുന്ന വിധത്തിൽ പ്രവർത്തിച്ചാൽ എവിടെ പരാതിപ്പെടണം.

അടുത്ത പുരയിടത്തിൽ വരുന്ന കമ്പനിയുടെ പ്രവർത്തനത്തിന്റെ സ്വഭാവം, ഉപയോഗിക്കുന്ന യന്ത്രങ്ങൾ, കമ്പനിയുടെയും വീടിന്റെയും സ്ഥാനം എന്നിവ സംബന്ധിച്ച യഥാർഥ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ നിങ്ങൾ പണിയാൻ ഉദ്ദേശിക്കുന്ന വീടിന് ശല്യം ഉണ്ടാകുമോ എന്നു പറയാനാവൂ. വിശദമായി അന്വേഷിച്ച് ഭാവിയിൽ ശല്യമാകുമെന്ന് സംശയമുണ്ടെങ്കിൽ NOC കൊടുക്കരുത്. ശല്യം ഉണ്ടാകുന്ന വിധത്തിൽ പ്രവർത്തിച്ചാല്‍ ശല്യത്തിന്റെ സ്വഭാവമനുസരിച്ചാണ് എവിടെ പരാതി കൊടുക്കേണ്ടതെന്ന് തീരുമാനിക്കുന്നത്.

അയൽവാസിയുടെ മരങ്ങൾ

Tree

എന്റെ സ്ഥലത്തിന്റെ അതിരിൽ അയൽവാസിയുടെ മരങ്ങൾ നിൽക്കുന്നുണ്ട്. അതിന്റെ ഭൂരിഭാഗം ചില്ലകളും എന്റെ പറമ്പിൽ ആണ്. അതു വെട്ടി മാറ്റാൻ പറഞ്ഞപ്പോൾ അവർ പല ഒഴിവുകൾ പറയുകയാണ്. ഇനി ഞാൻ ആരെയാണ് സമീപിക്കേണ്ടത്.

സേവ്യർ

എന്റെ വീടിനടുത്ത് ഞാൻ ഒരു ഷെഡ് നിർമിച്ചിട്ടുണ്ട്. ഇതിനു മുകളിലേക്ക് അയൽവാസിയുടെ അടയ്ക്ക, ഉണങ്ങിയ തേങ്ങ, മടൽ എന്നിവ വീഴുന്നു. ഇതിനെക്കുറിച്ച് അയൽവാസിയോടു പറഞ്ഞപ്പോള്‍ തനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നാണ് മറുപടി. എന്തു ചെയ്യാനാകും.

പി.എ. അൻസിൽ, പുതുവീട്ടിൽ, വടുതല ജെട്ടി

എനിക്ക് കുഴൽമന്ദം വില്ലേജിൽ ഒരേക്കർ നെൽപാടമുണ്ട്. അടുത്ത കൃഷിയിടം ബ്ലേഡ്– ലാൻ‍ഡ് മാഫിയയുടെ ഉടമസ്ഥതയിലാണ്. ഇവര്‍ കമ്പിവേലി വളച്ചിട്ടുണ്ട്. അവരുടെ വരമ്പിലെ മരങ്ങളുടെ ചില്ലകൾ വളര്‍ന്ന് വലുതായി എന്റെ കൃഷിയിടത്തേക്ക് ചാഞ്ഞു തണൽ വിരിക്കുന്നു. എന്റെ പാടത്തെ വിളവു കുറഞ്ഞു വരുന്നു. മരച്ചില്ലകൾ വെട്ടിമാറ്റാനായി ഞാന്‍ ആരെയാണ് സമീപിക്കേണ്ടത്.

കെ. മുരളീധരൻ, പാലക്കാട്

ശല്യമായി നിൽക്കുന്ന മരങ്ങളെ സംബന്ധിച്ച് സ്വീകരിക്കേണ്ട നടപടി ഇതിനു മുമ്പും വിശദമായി പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു ചുരുക്കിപ്പറയാം.

ഏതെങ്കിലും വൃക്ഷമോ അതിന്റെ ഭാഗമോ ശാഖയോ കായ്കളോ വീഴാനും തന്മൂലം ആളിനോ നിർമാണങ്ങൾക്കോ കൃഷിക്കോ നാശമുണ്ടാകാനും ഇടയുണ്ടെന്ന് ഗ്രാമപഞ്ചായത്തിനു ബോധ്യപ്പെടുന്ന പക്ഷം അതു നീക്കുന്നതിന് നോട്ടീസ് മൂലം ഉടമസ്ഥനോട് ആവശ്യപ്പെടാൻ പഞ്ചായത്ത് ആക്റ്റ് 238–ാം വകുപ്പനുസരിച്ച് അധികാരമുണ്ടെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതുകൊണ്ട് പഞ്ചായത്തിൽ പരാതിപ്പെടാം. ശല്യങ്ങൾ നീക്കം ചെയ്യുന്നതിന് ആർഡിഓയ്ക്കു പരാതി കൊടുക്കാം. ഇതൊന്നും ഫലിച്ചില്ലെങ്കിൽ സിവിൽ കോടതിയിൽ വ്യവഹാരപ്പെടാം.

നിയമപ്രശ്നങ്ങൾക്കു പരിഹാരം

ഈ പംക്തിയിൽ പരാമർശിക്കുന്ന തരത്തിലുളള നിയമപ്രശ്നങ്ങൾ കർഷകർ ദിനംപ്രതി നേരിടുന്നുണ്ട്. വിശദാംശങ്ങൾ സഹിതം അയച്ചുതരുക.

വിലാസം: എഡിറ്റർ ഇൻ ചാർജ്, കർഷകശ്രീ, മലയാള മനോരമ, കോട്ടയം.

ഇ–മെയിലായും ചോദ്യങ്ങൾ അയയ്ക്കാം. വിലാസം: karsha@mm.co.in