Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വഴി വീണ്ടെടുക്കാൻ

way-path-road Representative image

കൃഷിയും നിയമവും ∙ ഉത്തരങ്ങൾ തയാറാക്കിയത്: അഡ്വ. വി.കെ സത്യവാൻ നായർ

ചോദ്യം: ഞാൻ വാങ്ങിയ 0.5 സെന്റ് ഭൂമിയിൽ 0.25 സെന്റ് വഴിയും 0.25 സെന്റ് സ്ഥലവും എനിക്കുളളതാണ്. വിലയാധാരപ്രകാരം വഴിക്കുവേണ്ടി തിരിച്ച നാലു ലിങ്ക്സ് വസ്തു ഞാൻ കുടികിടപ്പുകൊടുത്ത ആൾക്കും എനിക്കും ഈ വഴിയുടെ മേക്കുഭാഗ (പടിഞ്ഞാറേ ഭാഗം)ത്തുളള വസ്തുവിന്റെ ഉടമയ്ക്കും കൂടി സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചിട്ടുളളതാണ്. എന്റെ പേരിലുളള നാലു ലിങ്ക്സ് വീതിയുളള സ്ഥലം എന്റെ പേരിൽ കൂട്ടുന്നതിന് താലൂക്ക് റീസർവേ ഓഫീസിൽ അപേക്ഷ വയ്ക്കുകയും അതുമായി ബന്ധപ്പെട്ട് സ്ഥലം പരിശോധിക്കുകയുമുണ്ടായി. വസ്തു അളന്നപ്പോൾ ഞങ്ങൾ മൂന്നുപേരും ഉപയോഗിക്കേണ്ട വഴി പടിഞ്ഞാറേ വസ്തു ഉടമ 30 സെ.മീ. വീതിയിൽ മതിൽ കെട്ടിയിരിക്കുകയാണ്. നിലവിൽ വഴിക്ക് 50 സെ.മീ വീതിയേ ഉള്ളൂ. പടിഞ്ഞാറേ വസ്തുവിന്റെ ഉടമയ്ക്ക് വീടിനു മുമ്പിൽ വിശാലമായ വഴി ഉളളതുകൊണ്ട് ഈ വഴിയുടെ ആവശ്യമില്ല. ഞാൻ കൊടുത്ത കുടികിടപ്പു വസ്തു ബാങ്ക് ജപ്തി ചെയ്തതിനാൽ നിലവിൽ ആ വീട്ടിലാരും താമസിക്കുന്നുമില്ല. ഇപ്പോൾ ഈ വഴിയുടെ ആവശ്യം എനിക്കു മാത്രമായതിനാൽ അതു വിട്ടുകിട്ടാൻ സിവിൽ കേസ് കൂടാതെ എന്തു നടപടിയാണ് സ്വീകരിക്കേണ്ടത്. പഞ്ചായത്ത് സെക്രട്ടറിയുടെ മുമ്പാകെ പരാതി സമർപ്പിച്ചാൽ പരിഹാരം ഉണ്ടാകുമോ. സർവേ ഡയറക്ടർക്ക് ഈ പ്രശ്നം പരിഹരിക്കാനാകുമോ. ഉചിതമായ നിയമോപദേശം നൽകണം.

വർഗീസ്, തൈപ്പറമ്പിൽ

ഉത്തരം: പടിഞ്ഞാറേ വസ്തുവിന്റെ ഉടമ 30 സെന്റിമീറ്റർ വീതിയിൽ മതിൽ കെട്ടി വഴി തന്റെ കൈവശത്തിലാക്കിയിരിക്കുകയാണ് എന്നു പറഞ്ഞിരിക്കുന്ന സ്ഥിതിക്ക് സർവേ ഡയറക്ടർക്ക് ഈ പ്രശ്നം പരിഹരിക്കാനാവുമെന്ന് തോന്നുന്നില്ല. സിവില്‍ വ്യവഹാരം മാത്രമേ മാർഗമുളളൂ. അതിനു മുൻപ് കോടതിയോട് അനുബന്ധിച്ചുളള നിയമസേവന അതോറിറ്റിയിൽ പരാതി കൊടുത്തു നോക്കുക.

hen-chicken-poultry-farm Representative image

കോഴിഫാമിനു കൂടിയ നികുതി

ചോദ്യം: ഞാൻ 2005 മുതൽ എന്റെയും ഭാര്യയുടെയും പേരിലുളള സ്ഥലത്ത് ഇറച്ചിക്കോഴികളെ വളർത്തുന്നു. തദ്ദേശസ്ഥാപനത്തിൽ (പഞ്ചായത്ത്) നിന്ന് ആവശ്യപ്പെട്ട എല്ലാ നികുതികളും കൃത്യമായി അടയ്ക്കുന്നുണ്ടായിരുന്നു. ഒരു ഷെഡിന് 80 രൂപയാണ് അടച്ചിരുന്നത്. 2013–’14ലെ നികുതി അടയ്ക്കാന്‍ ചെന്നപ്പോൾ 80 രൂപയെന്നത് 1784 രൂപയായി ഉയർത്തിയെന്നു പറ‍ഞ്ഞു. ഇത്ര വലിയ വർധനയ്ക്ക് നിയമമുണ്ടോ.

കെ.എൻ. ഷാജി, വെങ്ങോല

ഉത്തരം: 2011ലെ കേരള പഞ്ചായത്ത് രാജ് (വസ്തു നികുതിയും സേവന ഉപനികുതിയും സർചാർജും) ചട്ടങ്ങൾ അനുസരിച്ചാണ് സെക്രട്ടറി നികുതി നിർണയിക്കുന്നത്. പഞ്ചായത്തിലെ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയാണ് അപ്പീലധികാരി. ഓരോ അഞ്ചുവർഷം കൂടുമ്പോഴും നികുതി പുതുക്കി നിശ്ചയിക്കാം. മുൻ നിർണയത്തില്‍ ഉൾപ്പെട്ടതും പുതുക്കിപ്പണിയിൽ വിപുലീകരണം നടത്താത്തതുമായ കെട്ടിടങ്ങൾക്ക് നിശ്ചിത ശതമാനത്തിൽ കൂടുതൽ നികുതി വർധിപ്പിക്കാൻ പാടില്ല. അതുകൊണ്ട് എന്തടിസ്ഥാനത്തിലാണ് 80 രൂപയെന്നത് 1784 രൂപയാക്കിയതെന്ന് പഞ്ചായത്തില്‍നിന്ന് അറിയണം. ഇതിനു വിവരാവകാശനിയമപ്രകാരം അപേക്ഷ കൊടുക്കാം. അതിനുശേഷം ധനകാര്യ സ്റ്റാൻഡിങ് സമിതിക്ക് പരാതി കൊടുക്കുക. അതുകൊണ്ട് പ്രശ്നം തീരുന്നില്ലെങ്കിൽ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്കായി തിരുവനന്തപുരം ആസ്ഥാനമായി രൂപീകരിച്ചിട്ടുളള ട്രൈബ്യൂണലിനെ സമീപിക്കാം. 2013 ഏപ്രില്‍ മുതൽ പൊതുവെ നികുതി വർധിപ്പിച്ചിട്ടുണ്ട്. 2011ലെ ചട്ടങ്ങൾ അനുസരിച്ച് കെട്ടിടം താമസിക്കുന്നതിനാണോ വ്യാവസായികാവശ്യത്തിനാണോ അതോ മറ്റു കാര്യങ്ങൾക്കാണോ ഉപയോഗിക്കുന്നത് എന്നു നോക്കിയാണ് നികുതി നിർണയിക്കുക.

wetland-water Representative image

നിങ്ങൾ കൊടുക്കേണ്ട നികുതി എന്തടിസ്ഥാനത്തിലാണ് നിർണയിച്ചത് എന്നതിന്റെ പൂർണവിവരങ്ങൾ മനസ്സിലാക്കി സെക്രട്ടറിയുടെ ഉത്തരവിൻമേൽ സ്റ്റാൻഡിങ് ധനകാര്യസമിതിക്ക് അപ്പീൽ കൊടുക്കാം. ആ തീരുമാനത്തിൽ ആക്ഷേപമുണ്ടെങ്കിൽ ട്രൈബ്യൂണലിനെ സമീപിക്കാം. എന്തടിസ്ഥാനത്തിലാണ് നികുതി വര്‍ധനയെന്നു നിങ്ങളെ അറിയിക്കാൻ സെക്രട്ടറിക്കു നിയമപരമായി ബാധ്യതയുണ്ട്.

ഇതു തണ്ണീർത്തടമോ

ചോദ്യം: കോന്നി താലൂക്കിൽ പ്രമാടം പഞ്ചായത്തിൽ എനിക്ക് 13 സെന്റ് കരനിലം ഉണ്ട്. 40 വർഷങ്ങൾക്കു മുൻപ് പിതാവ് വിലയ്ക്കു വാങ്ങിയതാണ് ഈ സ്ഥലം. ഇതിൽ മൂന്നു സെന്റിൽ 30 വർഷമായി എന്റെ പിതാവ് നിർമിച്ച രണ്ടു നില കെട്ടിടമുണ്ട്. 2000 മുതൽ എന്റെ സ്ഥലത്തിനു താഴെ ഭാഗത്തുളള മറ്റു നിലമുടമകൾ അവരുടെ നിലങ്ങൾ മണ്ണിട്ട് ഉയർത്തിയതിനാൽ എന്റെ നിലം ഉൾപ്പെടെയുളള വസ്തുക്കളിൽനിന്ന് വെള്ളമൊഴുക്ക് തടസ്സപ്പെട്ടിരിക്കുന്നു. കെട്ടിടം കഴിഞ്ഞുളള എന്റെ 10 സെന്റ് ഇപ്പോൾ fallow എന്നാണ് ഡേറ്റാബാങ്കിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ മരങ്ങൾ നിൽപ്പുണ്ട്. കെട്ടിടം നിൽക്കുന്ന മൂന്ന് സെന്റ് സ്ഥലം കര എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിയമപരമായ എന്റെ അറിവില്ലായ്മ മൂലം ഇതുവരെ പരാതി കൊടുക്കാൻ കഴിഞ്ഞില്ല. ഈ പ്രശ്നത്തിനെന്താണ് പ്രതിവിധി.

പി.സി. ജോർജ്, മല്ലശേരി

ഉത്തരം: ഡേറ്റാബാങ്കിൽ fallow എന്നു രേഖപ്പെടുത്തിയതുകൊണ്ട് നിലമായിട്ടാണോ തണ്ണീർത്തടമായിട്ടാണോ തരംതിരിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. Fallow എന്നു പറഞ്ഞാൽ കൃഷിയില്ലാതെ തരിശായി കിടക്കുന്ന ഭാഗം എന്നു മാത്രമാണ് അർഥം. തണ്ണീർത്തടമെന്നാൽ മണ്ണ് ജലപൂരിതമാക്കി കരപ്രദേശത്തിനും ജലാശയങ്ങൾക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന wetland ആണ്. അതിൽ ചതുപ്പുനിലങ്ങളും ചതുപ്പിലെ കാടുകളും എല്ലാം ഉൾപ്പെടും. നെൽവയലിന്റെ നിർവചനത്തിലാണ് left fallow എന്ന് ആക്ടിൽ പറഞ്ഞിട്ടുള്ളത്. ഡേറ്റാബാങ്കിൽ വേണ്ട തിരുത്തലുകൾ വരുത്താൻ പ്രാദേശികതല നിരീക്ഷണസമിതിക്ക് അധികാരമുണ്ട്.

നിയമപ്രശ്നങ്ങൾക്കു പരിഹാരം

ഈ പംക്തിയിൽ പരാമർശിക്കുന്ന തരത്തിലുളള നിയമപ്രശ്നങ്ങൾ കർഷകർ ദിനംപ്രതി നേരിടുന്നുണ്ട്. വിശദാംശങ്ങൾ സഹിതം അയച്ചുതരുക.

വിലാസം: എഡിറ്റർ ഇൻ ചാർജ്, കർഷകശ്രീ, മലയാള മനോരമ, കോട്ടയം.

ഇ–മെയിലായും ചോദ്യങ്ങൾ അയയ്ക്കാം. വിലാസം: karsha@mm.co.in