Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭൂമിയുടെ ജന്മാവകാശം

land-house Representative image

കൃഷിയും നിയമവും ∙ ഉത്തരങ്ങൾ തയാറാക്കിയത്: അഡ്വ. വി.കെ സത്യവാൻ നായർ

തൃശൂർ ജില്ലയിലുള്ള 0.0186 ഹെക്ടർ പുരയിടഭൂമിക്ക് 28.6.2007-ൽ ഡപ്യൂട്ടി കലക്ടർ (ലാൻഡ് റിഫോം, തൃശൂർ) ക്രയ സർട്ടിഫിക്കറ്റ് നൽകിയതാണ്. ക്രയ സർട്ടിഫിക്കറ്റ് ലഭിച്ച ഭൂവുടമ 9.1.2008–ൽ ഈ ഭൂമി മറ്റൊരാൾക്ക് കൈമാറ്റം ചെയ്തു. എന്നാൽ കൈമാറ്റ ആധാരത്തിൽ ഉടമ ക്രയ സർട്ടിഫിക്കറ്റ് ഉൾപ്പെടുത്തിയില്ല. ഭൂമിയുടെ അവകാശം വെറുംപാട്ടം എന്ന നിലയിലാണ് ആധാരത്തിൽ കാണിച്ചിരിക്കുന്നത്. തുടർന്ന് ഭൂമി രണ്ടു തവണ ക്രയ സർട്ടിഫിക്കറ്റില്ലാതെ കൈമാറ്റം നടന്നു. ഇപ്പോൾ എന്റെ ഉടമസ്ഥതയിലുള്ള പ്രസ്തുത ഭൂമിക്ക് പുതുതായി പട്ടയം എടുക്കേണ്ടതുണ്ടോ. അല്ലെങ്കിൽ മുൻ ഉടമസ്ഥനു ലഭിച്ച അവകാശം എനിക്ക് ചേർത്തു ലഭിക്കുമോ. രേഖകളിൽ വെറുംപാട്ടം എന്നുള്ളതുമാറ്റി ജന്മാവകാശം എന്നാക്കാൻ എന്താണ് ചെയ്യേണ്ടത്. ക്രയ സർട്ടിഫിക്കറ്റിന്റെ അസൽ കോപ്പി എന്റെ കൈവശമുണ്ട്.

സാലി, തൃശൂർ

∙ നിങ്ങളുടെ പ്രശ്നം അൽപം സങ്കീർണമാണ്. കേരള ഭൂപരിഷ്കരണ നിയമം 72 കെ വകുപ്പും 14–ാം ചട്ടവും അനുസരിച്ച് കെ നമ്പർ ഫോറത്തിൽ ലാൻഡ് ട്രൈബ്യൂണലിൽ നിന്ന് കൊടുത്തിട്ടുള്ള ക്രയ സർട്ടിഫിക്കറ്റാണെങ്കിൽ പാട്ടക്കാരനിൽ ഉടമസ്ഥാവകാശം നിക്ഷിപ്തമായി എന്നു കാണിക്കുന്ന വളരെ പ്രധാനപ്പെട്ട രേഖയാണത്. അതിന്റെ അസൽ കോപ്പി നിങ്ങളുടെ കൈവശമാണെന്നു പറഞ്ഞിരിക്കുന്നതിൽ നിന്ന് ട്രൈബ്യൂണലിൽനിന്നു കൊടുത്ത അസൽ സർട്ടിഫിക്കറ്റാണെന്ന് അനുമാനിക്കുന്നു. വസ്തുക്കൈമാറ്റത്തോടൊന്നിച്ച് അസൽ സർട്ടിഫിക്കറ്റും കൈമാറിയിട്ടുണ്ടെങ്കിൽ വസ്തുവിന്റെ പൂർണാവകാശം കൈമാറാൻ കക്ഷികൾ ഉദ്ദേശിച്ചിരുന്നുവെന്ന് വ്യക്തം. പക്ഷേ, ആധാരങ്ങളിൽ വെറും പാട്ടാവകാശം മാത്രമാണ് പറഞ്ഞിരിക്കുന്നത്. ആധാരത്തിൽ പിശകു വന്നാൽ തിരുത്താധാരം എഴുതാം. എന്നാൽ ഈ കേസിൽ തിരുത്താധാരം റജിസ്റ്റർ ചെയ്തുകിട്ടുമെന്ന് തോന്നുന്നില്ല. നിങ്ങളുടെ പേരിൽ രണ്ടാമതൊരു ക്രയ സർ‌‌‌ട്ടിഫിക്കറ്റ് കിട്ടുകയില്ല. കരം നിങ്ങളുടെ പേരിലാണോ ഒടുക്കുന്നതെന്നു വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ നിങ്ങളുടെ പേർക്കുള്ള ആധാരം തിരുത്തിക്കിട്ടുന്നതിനും നിങ്ങളുടെ അവകാശകൈവശങ്ങൾ സ്ഥാപിച്ചുകിട്ടുന്നതിനും സിവിൽ കോടതിയെ സമീപിക്കുകയല്ലാതെ മറ്റു മാർഗമില്ല.

fence Representative image

അതിരു കൈയേറ്റം

എന്റെ പറമ്പിൽനിന്ന് ഏകദേശം 4–5 അടി ഉയരത്തിലാണ് അയൽക്കാരന്റെ പറമ്പ്. അദ്ദേഹത്തിന്റെ അതിർത്തിയിൽ കൃത്യമായി അളവൊന്നുംകൂടാതെ കരിങ്കൽ, വെട്ടുകല്ല്, മണ്ണ്, ചെളി എന്നിവ ഉപയോഗിച്ചുകൊണ്ട് ഉയരത്തിൽ കെട്ടിയിട്ടുണ്ട്. 30 വർഷമായി ഇങ്ങനെതന്നെയാണ് കിടക്കുന്നത്. ഇപ്പോൾ അദ്ദേഹത്തിന്റെ അതിർത്തിയിൽ വച്ചിട്ടുള്ള വൃക്ഷങ്ങൾ ഓരോ വർഷവും വണ്ണം കൂടുന്നതുകൊണ്ട് മിക്കവാറും എല്ലാ സ്ഥലങ്ങളിലും ഏകദേശം അരയടിയോളം താഴെ ഭാഗത്ത് എന്റെ പറമ്പിലേക്കു തള്ളി നിൽക്കുന്നുണ്ട്. മരങ്ങൾ മുറിക്കാനോ തള്ളിനിൽക്കുന്ന സ്ഥലം ശരിയാക്കിത്തരാനോ അദ്ദേഹം തയാറല്ല. മാത്രവുമല്ല, ഇപ്പോൾ തള്ളിനിൽക്കുന്ന ഭാഗത്തുകൂടി അതിർത്തി കൈവശപ്പെടുത്താൻ കോൺക്രീറ്റ് കാലുകൾ വയ്ക്ക‍ാനുള്ള ശ്രമത്തിലാണ്. ഞാൻ പ്രതിഷേധിച്ചെങ്കിലും അത് കണക്കിലെ‌ടുക്കാതെ പത്തു കാലുകൾ സ്ഥാപിച്ചുകഴിഞ്ഞു. പണി മുഴുവൻ കഴിഞ്ഞിട്ടില്ല. തൽക്കാലം പണി നിർത്തിവച്ചിരിക്കുകയാണ്. ഈ പ്രതിസന്ധി തരണം ചെയ്യാൻ ഞാൻ എന്താണ് ചെയ്യേണ്ടത്. ഞാൻ ആരെയാണ് സമീപിക്കേണ്ടത്.

രഘുനാഥൻ, ചൂണ്ടൽ, തൃശൂർ

∙ തർക്കമുള്ളതുകൊണ്ട് നിങ്ങൾക്ക് അതിർത്തി നിർണയിച്ചു കിട്ടാനും നിങ്ങൾക്ക് ശല്യമായി വളരുന്ന വൃക്ഷഭാഗങ്ങൾ മുറിച്ചു മാറ്റാനും ആവശ്യപ്പെട്ട് സിവിൽ കോടതിയിൽ കേസുകൊടുക്കുകയാണ് ഏറ്റവും ഫലപ്രദമായ പരിഹാരമാർഗം. തർക്കം പറഞ്ഞുതീർക്കുന്നതിന് സാധ്യതയുണ്ടെങ്കിൽ കോടതിയോടനുബന്ധിച്ചുള്ള നിയമസേവന അതോറിറ്റി (ലീഗൽ സർവീസസ് അതോറിറ്റി)യിൽ പരാതി കൊടുക്കാം. അതുകൊണ്ടും പ്രശ്നം തീരുന്നില്ലെങ്കിൽ വ്യവഹാരം കൊടുക്കേണ്ട‍ിവരും.

court-law Representative image

വിധിപ്പകർപ്പു കിട്ടാൻ

കൊച്ചി നഗരസഭ പൊന്നുംവില തഹസിൽദാർ എന്റെ ഭർത്താവിന്റെ കുടുംബവക സ്ഥലം റോഡുനിർമാണത്തിനായി ഏറ്റെടുക്കുകയും നഷ്ടപരിഹാരം നൽകിയ തുകയിൽ ആക്ഷേപം ഉള്ളതുകൊണ്ട് 1973ൽ എന്റെ ഭർത്താവിന്റെ പിതാവ് എറണാകുളം സബ്കോടതിയിൽ അന്യായം ഫയൽ ചെയ്യുകയും 1979ൽ അനുകൂല വിധി ഉണ്ടാകുകയും നഷ്ടപരിഹാരം ലഭിക്കുകയും ചെയ്തു. മാസങ്ങൾക്കുശേഷം പിതാവ് മരിച്ചു. പിന്നീട് വർഷങ്ങൾക്കുശേഷം മറ്റു ചിലർ കൃത്രിമരേഖ ഉണ്ടാക്കി അന്ന് ഏറ്റെടുത്ത ഭൂമിയിൽ കൂടുതൽ സ്ഥലം ഉണ്ടെന്നു കാണിച്ചു കൃത്രിമ വിവരാവകാശരേഖ ഉണ്ടാക്കി (28 ച.മീ.സ്ഥലം ഏറ്റെടുത്തതിനു പകരം 60ച.മീ. ആണെന്ന് കണക്ക്) ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഉത്തരവു നേടിയെടുത്തു. എന്നാൽ ഇതിന്റെ വിശദാംശങ്ങൾ അറിയാൻ വിവരാവകാശത്തിന് അപേക്ഷ നൽകിയിട്ട് ഫയൽ ലഭ്യമല്ല എന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ പിതാവിന്റെ സുഹൃത്തിൽനിന്ന് അന്നത്തെ കേസിന്റെ നമ്പരും വിധി ഉത്തരവുതീയതിയും ലഭിച്ചി‌ട്ടുണ്ട്. പല വക്കീൽ ഗുമസ്തന്മാർ വഴി ഞങ്ങൾ ശ്രമിച്ചിട്ടും രേഖകൾ ലഭിച്ചിട്ടില്ല. 1979ലെ കേസിന്റെ വിധിപകർപ്പ് ലഭിച്ചാൽ അതിൽ ഭൂമി ഏറ്റെടുത്തതിന്റെ അളവ്, നഷ്ടപരിഹാരം എന്നിവ കാണുമല്ലോ. നിയമം അനുസരിച്ച് ഞങ്ങൾക്ക് സബ്കോടതി വിധിയുടെ പകർപ്പ് ലഭിക്കാൻ എന്തു ചെയ്യണം.

സി.ആർ. ശോഭ, കൊച്ചി

∙ ഹൈക്കോടതി ഉത്തരവ് എന്താണെന്നോ വിവരാവകാശനിയമം അനുസരിച്ച് അപേക്ഷ കൊടുത്തത് എവിടെയാണെന്നോ വ്യക്തമാക്കിയിട്ടില്ല. പൊന്നും വില കൂട്ടിക്കിട്ടാൻ നിങ്ങളുടെ പിതാവ് സബ്കോടതിയിൽ ഫയൽ ചെയ്തത് അന്യായമാണെന്നു പറഞ്ഞിരിക്കുന്നത് ശരിയാണെന്നു തോന്നുന്നില്ല. അത്തരം കേസുകളെ ലാൻഡ് അക്വിസിഷൻ റഫറൻസ് (L.A.R) എന്നാണു പറയുക. സബ്കോടതി വിധിയുടെ പകർപ്പ് ലഭിക്കുന്നതിന് കേസ് നമ്പറും വിധിത്തീയതിയും കാണിച്ച് അപേക്ഷ കൊടുത്താൽ മതി.

നിയമപ്രശ്നങ്ങൾക്കു പരിഹാരം

ഈ പംക്തിയിൽ പരാമർശിക്കുന്ന തരത്തിലുളള നിയമപ്രശ്നങ്ങൾ കർഷകർ ദിനംപ്രതി നേരിടുന്നുണ്ട്. വിശദാംശങ്ങൾ സഹിതം അയച്ചുതരുക.

വിലാസം: എഡിറ്റർ ഇൻ ചാർജ്, കർഷകശ്രീ, മലയാള മനോരമ, കോട്ടയം.

ഇ–മെയിലായും ചോദ്യങ്ങൾ അയയ്ക്കാം. വിലാസം: karsha@mm.co.in

Your Rating: