കാപ്പിയുടെ ഗ്ലാമർ

രാവിലെ ഉറക്കം കഴിഞ്ഞ് എഴുന്നേൽക്കുമ്പോൾ ചൂടോടെ ഒരു കപ്പ് കാപ്പി. കുടിക്കുന്ന കാപ്പിയുടെ രുചിയെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? എന്നും ഒരേ രീതിയിൽ തയാറാക്കുന്ന കാപ്പി. കാപ്പിയുടെ രുചിക്കൂട്ട് അൽപം മാറിയാലോ. ലോകത്തിൽ 29 തരത്തിലുള്ള കാപ്പി കുടിയന്മാർ ഉണ്ട്. കാപ്പിയുടെ ഉൽപാദനം, രുചി, മണം, വില എന്നിവ അടിസ്ഥാനമാക്കി വിവിധ തരത്തിലുള്ള കാപ്പിക്കുരു ലഭ്യമാണ്. ഒരു കപ്പ് കാപ്പിക്ക് 5000 രൂപ വരെ വിലയുണ്ട്.

1. കോപ്പി ലുവാക്കോ

ഏറ്റവും വില കൂടിയതും അപൂർ‌വവുമായ ഇനം കാപ്പി. ഇന്തോനീഷ്യക്ക് സ്വന്തം. മറ്റൊരു പേര് കൂടി ഉണ്ട്; സിവെറ്റ് കോഫി. പൊക്കം കുറഞ്ഞ ഇനം പൂച്ചയാണ് സിവെറ്റ്. ഇവയ്ക്ക് ഏറ്റവും ഇഷ്ടം കാപ്പിക്കുരുവും. സുമാത്ര, ജാവ ദ്വീപുകളിലാണ് ഏറ്റവും ഗുണമേന്മയുള്ള കാപ്പി കൃഷി ചെയ്യുന്നത്. പഴുത്ത കാപ്പിക്കുരു രാത്രികാലങ്ങളിൽ സിവെറ്റ് അകത്താക്കും. 24 മണിക്കൂറിനു ശേഷം സിവെറ്റ് പുറന്തള്ളുന്ന വിസർജ്യത്തിൽ ദഹിക്കാതെ കിടക്കുന്ന കാപ്പിക്കുരു ഉണ്ടാകും. ഇതു ശേഖരിച്ച് വിവിധ രീതിയിൽ സംസ്കരിച്ചാണ് കോപ്പി ലുവാക്കോ ഉണ്ടാക്കുന്നത്. പ്രതിവർഷം ഉൽപാദിപ്പിക്കുന്നത് 700 കിലോഗ്രാം മാത്രം. വില ഒരു കപ്പിന് 40 മുതൽ 80 ഡോളർ.

2. പനാമ ഗെയ്ഷെ എസ്മെറാൽഡ

പനാമയിലെ മൗണ്ട് ബാരു മലനിരകളിൽ വളരുന്ന പ്രത്യേകതരം കാപ്പിയാണിത്. 1800 മീറ്റർ ഉയരത്തിലുള്ളതാണ് മൗണ്ട് ബാരു. ലോകത്തിൽ കാപ്പി കൃഷിക്ക് ഏറ്റവും പ്രസിദ്ധമായ സ്ഥലം. മികച്ചയിനം കാപ്പിക്കുരു ശേഖരിച്ച ശേഷം നാലു ദിവസംകൊണ്ട് വെയിലേറ്റ് ഉണക്കുന്നു. ഇതിനു ശേഷം പലവിധ സംസ്കരണ പ്രക്രിയകൾ കടന്നു വിപണിയിലേക്ക്. കാപ്പി കുടിക്കുന്ന ഓരോ ഘട്ടത്തിലും അനുഭവപ്പെടുന്ന വ്യത്യസ്ത രുചികളാണ് ഇതിന്റെ സവിഷശേഷത. ഡിസംബർ മുതൽ മാർച്ച് വരെയാണ് വിളവെടുപ്പ്. വാർഷിക ഉൽപാദനം 180 ടൺ. എന്നാൽ‌, ലേലത്തിൽ വിൽക്കുന്നത് ആറു ടൺ മാത്രം. ഒരു കപ്പ് കാപ്പിക്കു വില 36 ഡോളർ.

3. സെന്റ് ഹെലനാ കോഫി

നെപ്പോളിയൻ ബോണപ്പാർട്ടിന്റെ ഏറ്റവും പ്രിയപ്പെട്ട കാപ്പി. അഗ്നിപർവത മേഖലയായ ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിലെ സെന്റ് ഹെലനാ ദ്വീപിലാണ് ഇതു കൃഷി ചെയ്യുന്നത്. ഈ ദ്വീപിൽ മാത്രമുള്ളതാണ് ബോൺബോൺ അറബിക് ബീൻസ് ഇനം കാപ്പി. മണവും രുചിയും വൈനിനോട് സാദൃശ്യമുള്ളതാണ്. 100% ഓർഗാനിക്കാണിത്. നാലു മാസം വെയിലത്ത് ഉണക്കിയതിനു ശേഷമാണ് സംസ്കരിക്കുന്നത്. ഏകദേശം 2100 കിലോഗ്രാമാണ് പ്രതിവർഷ ഉൽപാദനം. ഒരു കപ്പിന് വില 80 പൗണ്ട്.

4. ഫിൻക എൽ  ഇൻജെർടോ കോഫി

18 മുതൽ 22 ഡിഗ്രി ചൂടിൽ മാത്രം വളരുന്ന കാപ്പിച്ചെടി. ജീസസ് ഔഗറി പനാമ, 1874 ൽ ആണ് ഇത് അവതരിപ്പിച്ചത്. ഇദ്ദേഹത്തിന്റെ നാലാം തലമുറക്കാരാണ് ഇപ്പോൾ കൃഷി നടത്തുന്നത്. 720 ഏക്കറിൽ മാത്രമാണ് ഇപ്പോൾ കൃഷി. പെറുവിലെ ലാ ബെർടാഡ്  മേഖലയിൽ 1900 അടി ഉയരത്തിലാണ് സ്ഥലം. 2012 ൽ പൗണ്ടിന് 500 ഡോളർ വിലയ്ക്ക് വരെ ലേലം നടന്നു. ഡച്ച് ചോക്ലേറ്റ്, പഴങ്ങൾ, പൂക്കളുടെ മണം എല്ലാം ചേർന്നതാണ് ഇതിന്റെ രുചിയും മണവും.

5. ജമൈക്ക ബ്ലൂ മൗണ്ടൻ

ജമൈക്കയിലെ ബ്ലൂ മൗണ്ടൻ നിരകളിൽ വളരുന്ന ഇനം കാപ്പി. 1885 ൽ ഇത് കണ്ടെത്തി. സമുദ്രനിരപ്പിൽനിന്ന് 7000 അടി ഉയരത്തിലാണ് ബ്ലൂ മൗണ്ട്. കനത്ത വനമാണിവിടം. അതുകൊണ്ട് സൂര്യപ്രകാശം ലഭിക്കുന്നത് വളരെ കുറവും. വിളവെടുപ്പും ഇതുമൂലം ഏറെ വൈകും. ഈ കാപ്പിയുടെ രുചിക്കു കാരണവും ഇതുതന്നെ. അഞ്ച് ബ്രാൻഡുകളിൽ ബ്ലൂ മൗണ്ട് വിപണിയിലെത്തുന്നുണ്ട്. ജപ്പാനാണ് പ്രധാന വിപണി. പൗണ്ടിന് വില 50 ഡോളർ.