Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ മാസത്തെ കൃഷിപ്പണികൾ: കാർഷിക വിളകൾക്ക് പ്രത്യേക ശ്രദ്ധ

cardamom ഏലം

സുസ്ഥിര വിളവിന് കാർഷിക കാലാവസ്ഥയ്ക്ക് അനുസൃതമായി കൃത്യമായ രീതിയിൽ കൃഷിപ്പണികൾ ചെയ്യേണ്ടത് ആവശ്യമാണ്. വേനൽച്ചൂടു കൂടുന്ന ഈമാസത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ കാർഷിക വിളകളെ ഗുരുതരമായി ബാധിക്കും.

ഏലം

നഴ്സറി
നഴ്സറികളിലെ തടങ്ങളിലും പോളിബാഗുകളിലും സക്കർ നഴ്സറികളിലും ആവശ്യാനുസരണം നന വേണം. നേരിട്ട് സൂര്യപ്രകാശം ചെടികളിലോ വശങ്ങളിലോ ഏൽക്കാതെ നോക്കണം. അങ്ങനെയായാൽ ഇലപ്പൊട്ട് വരാതെയും ശ്രദ്ധിക്കണം. നഴ്സറികളിൽ തൈകൾ ചീയുന്നതിനും അഴുകുന്നതിനും കോപ്പർ ഓക്സി ക്ലോറൈഡ് 0.2 ശതമാനം അല്ലെങ്കിൽ 0.2 ശതമാനം കാർബൻഡാസിം മണ്ണിൽ ചേർത്തു കൊടുക്കണം.

ജൈവ നിയന്ത്രണ മാർഗമെന്ന നിലയിൽ ട്രൈക്കോഡെർമ അല്ലെങ്കിൽ ബാസിലസ് സ്പീഷ്യസ് മണ്ണിൽ ചേർത്തു കൊടുക്കാം. ഇല അഴുകൽ നിയന്ത്രിക്കാൻ 0.3 ശതമാനം കാർബൻഡാസിം, ഇലപ്പൊട്ട് രോഗം നിയന്ത്രിക്കാൻ 0.2 ശതമാനം കാർബ‍ൻഡാസിം എന്ന തോതിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ പ്രയോഗിക്കാം. രോഗബാധ കൂടുതലുള്ള ഇലകൾ നശിപ്പിച്ചുകളഞ്ഞ് മറ്റ് ഇലകളിലേക്കു രോഗം പകരുന്നതു തടയാം.

പ്രധാന കൃഷിയിടം
നന ആവശ്യാനുസരണം തുടരാം. മഴയുള്ള പ്രദേശങ്ങളിൽ പുത ഇട്ടിട്ടില്ലെങ്കിൽ ഉണങ്ങിയ ഇലകളോ കളയോ കൊണ്ടു പുതയിട്ടു കൊടുക്കണം. തൂങ്ങിക്കിടക്കുന്ന ഇലകളും പോളകളും നീക്കം ചെയ്യാം. ഇതു കീടങ്ങളെ നിയന്ത്രിക്കുന്നതിനു സഹായിക്കും. അതിനുമപ്പുറം കുറഞ്ഞ തോതിലുള്ള കീടനാശിനി പ്രയോഗം മതിയാകും എന്ന മെച്ചവുമുണ്ട്.

സമഗ്ര കീടനിയന്ത്രണം
സമഗ്ര കീടനിയന്ത്രണ മാർഗമെന്ന നിലയിൽ ഉണങ്ങിയ ഇലകൾ നീക്കം ചെയ്യണം. എന്നാൽ പച്ചനിറമുള്ള പോളകൾ നീക്കേണ്ടതില്ല. വേരുതീനി പുഴുക്കളുടെ വണ്ട് ഉണ്ടോയെന്നു ശ്രദ്ധിക്കണം. ഉണ്ടെങ്കിൽ, ഇവ മുട്ടയിടുന്നതു തടയുന്നതിനായി വല ഉപയോഗിച്ചു പിടിച്ച് നശിപ്പിക്കണം. മുഞ്ഞ, തണ്ടുതുരപ്പൻ എന്നിവയെ നിയന്ത്രിക്കുന്നതിനും വേരുതീനി പുഴുക്കളുടെ വണ്ട് മുട്ടയിട്ടു പെരുകുന്നതു തടയുന്നതിനുമായി ഒരു റൗണ്ട് കീടനാശിനി തളിക്കണം.

രോഗനിയന്ത്രണം
കറ്റൈ വൈറസ്, കൊക്കെ കണ്ടു എന്നിവ കണ്ടെത്തുകയാണെങ്കിൽ ചെടികൾ പിഴുതെടുത്തു നശിപ്പിക്കണം. ഇലത്തുരുമ്പ്, ചെന്താൾ, ഇലപ്പൊട്ട് എന്നിവ നിയന്ത്രിക്കുന്നതിന് 0.25 ശതമാനം മാങ്കോസെബ് തളിച്ചു കൊടുക്കാം. 30 ദിവസത്തെ ഇടവേളയിൽ രണ്ടോ, മൂന്നോ റൗണ്ട് വേണ്ടിവരും. തണ്ട് വീഴുന്നതു ശ്രദ്ധയിൽപെട്ടാൽ 0.2 ശതമാനം കാർബൻഡാസിം തളിച്ചുകൊടുക്കണം. വേരഴുകലിനും ഇല മഞ്ഞളിപ്പിനും 0.2 ശതമാനം കാർബൻഡാസിം അല്ലെങ്കിൽ 0.2 ശതമാനം കാർബൻഡാസിം, മാങ്കോസെബ് എന്നിവ കലർത്തിയത് മണ്ണിൽചേർത്തു കൊടുക്കുകയും ഇലകളിൽ തളിക്കുകയും വേണം. ആന്ത്രാക്നോസിന്റെ തവിട്ടുപൊട്ടുകൾ കണ്ടുതുടങ്ങിയാൽ 0.2 ശതമാനം കാർബൻഡാസിം തളിച്ചുകൊടുക്കണം.

വിളവെടുപ്പ്, സംസ്കരണം
മൂപ്പെത്തിയ ഏലക്കായകൾ 25 മുതൽ 30 ദിവസത്തെ ഇടവേളയിൽ മൂപ്പനുസരിച്ചു ശേഖരിക്കുന്നതു തുടരാം. വിളഞ്ഞ കായകൾ മാത്രം പറിച്ചെടുക്കാൻ ശ്രദ്ധിക്കണം. ഇതുവഴി കൂടിയ തൂക്കവും ഗുണമേൻമയുള്ള കായകളും ലഭിക്കും. തോട്ടത്തിൽ കീടനാശിനി പ്രയോഗിച്ചിട്ടുണ്ടെങ്കിൽ വിളവെടുപ്പിനു മുൻപ് 20–25 ദിവസങ്ങളുടെ ഇടവേള ഉറപ്പാക്കണം. ഏലക്കായകൾ വൃത്തിയായി കഴുകിയെടുത്ത ശേഷം ക്യൂറിങ് ചേംബറുകളിൽ ഉണക്കാം. കൃത്യമായ ഇടവേളകളിൽ നീരാവി നീക്കം ചെയ്ത് താപനില നിയന്ത്രിച്ചാൽ ഉണങ്ങിയ കായകൾക്ക് നല്ല പച്ചനിറം ലഭിക്കും. വൃത്തിയായി, 10 ശതമാനത്തിൽ താഴെ മാത്രം ഈർപ്പം നിലനിൽക്കുന്ന രീതിയിൽ ഉണക്കിയെടുത്ത കായകൾ 300 ഗേജ് ബ്ലാക്ക് പൊളിത്തിൻ ലൈനിങ് ഉള്ള ചാക്കുകളിൽ കെട്ടി, തടിപ്പെട്ടികളിൽ സൂക്ഷിക്കണം. ഏലക്കായകളുടെ നിറവും ഗുണമേൻമയും സംരക്ഷിക്കാൻ ഇതാവശ്യമാണ്.

കുരുമുളക്

black-pepper കുരുമുളക്

നഴ്സറി
കഴിഞ്ഞമാസങ്ങളിൽ വള്ളികൾ നഴ്സറികളിൽ കിളിർപ്പിച്ചില്ലെങ്കിൽ അതുചെയ്യാം. തിരഞ്ഞെടുത്ത കൊടികളിലെ നടാനുപയോഗിക്കുന്ന വള്ളികൾ കമ്പുകളിൽ പടർത്തിക്കൊടുത്താൽ മുറിച്ചെടുക്കാം. ഇവ രണ്ടോ മൂന്നോ മൊട്ടുകളുള്ള വലുപ്പത്തിൽ മുറിച്ചെടുക്കണം. മൂപ്പു കൂടിയവയും വളരെ ഇളപ്പവുമായ ഭാഗങ്ങൾ ഉപേക്ഷിക്കണം. ഈ വള്ളിക്കഷണങ്ങൾ 6 X 4 ഇഞ്ച് വലുപ്പത്തിലുള്ള പോളിബാഗുകളിൽ മണ്ണും മണലും കാലിവളവും 3ഃ1ഃ1 എന്ന അനുപാതത്തിൽ നിറച്ച് നടാം. പോളിബാഗുകളുടെ അടിവശത്ത് വെള്ളം പോകുന്നതിനായി ആവശ്യത്തിന് ദ്വാരങ്ങൾ ഇടണം. ഒരു പന്തലിനുള്ളിൽ പോളിബാഗുകൾ സൂക്ഷിച്ച്, നനച്ചുകൊടുക്കണം.

പ്രധാന കൃഷിയിടം
പ്രധാന കൃഷിയിടത്തിൽ ജലസേചന സൗകര്യമുള്ളിടങ്ങളിലെല്ലാം നന കൊടുക്കണം. ഹോസ് ഉപയോഗിച്ച് നനയ്ക്കുന്നിടത്ത് ആഴ്ചയിൽ ഒരിക്കൽ നനയ്ക്കാം. ഡ്രിപ് ഇറിഗേഷൻ ആണെങ്കിൽ ദിവസവും നന തുടരാം.

വിളവെടുപ്പ്, സംസ്കരണം
നന്നായി മൂപ്പെത്തിയ തിരികൾ മാത്രം പറിച്ചെടുക്കുക. തിരികളിലെ മണികളിൽ ഒന്നോ രണ്ടോ എണ്ണത്തിന്റെ നിറം പച്ചയിൽ നിന്ന് ഓറഞ്ചോ ചുവപ്പോ ആയി മാറുമ്പോൾ മൂപ്പെത്തിയെന്ന് അനുമാനിക്കാം.

വൃത്തിയായ സാഹചര്യത്തിൽ യന്ത്രം ഉപയോഗിച്ചോ അല്ലാതെയോ കുരുമുളക് മെതിച്ചെടുക്കണം. കോൺക്രീറ്റ് തറയിലോ, വൃത്തിയുള്ള പായ അല്ലെങ്കിൽ പൊളിത്തിൻ ഷീറ്റിൽ നിരത്തിയോ വേണം ഉണക്കിയെടുക്കാൻ.

വനില

vanilla വനില

കാലാവസ്ഥയും ഉണക്കും അനുസരിച്ച് നനച്ചുകൊടുക്കാം. തടങ്ങളിൽ നന്നായി പുതയിട്ടിട്ടുണ്ടെന്ന് ഉറപ്പാക്കണം. നന്നായി അഴുകിപ്പൊടിഞ്ഞ ജൈവാവശഷ്ടങ്ങൾ ഉപയോഗിച്ചു പുതയിടുന്നതാണു നല്ലത്. ആവശ്യാനുസരണം വള്ളികൾ താങ്ങുകാലുകളിൽ കെട്ടിവയ്ക്കണം. പരിശീലനം നേടിയവർ രാവിലെ ആറു മുതൽ ഉച്ചയ്ക്ക് ഒന്നുവരെ പൂക്കൾ വിരിയുന്നതിന് അനുസരിച്ച് പരാഗണം നടത്തണം. വൈറൽ രോഗങ്ങൾ കാണുന്ന വള്ളികൾ അപ്പാടെ നീക്കം ചെയ്തു നശിപ്പിക്കണം.

വറ്റൽമുളക്

chilli

മണ്ണിനനുസരിച്ചു നനച്ചു കൊടുക്കാം. മുട്ടകളുടെ കൂട്ടങ്ങളോ ഇൻസ്റ്റാർ ലാർവകളോ ശ്രദ്ധയിൽപെട്ടാൽ കൈ കൊണ്ട് പെറുക്കി നശിപ്പിക്കണം. കായതുരപ്പനെ നിയന്ത്രിക്കാൻ ഫിറമോൺ കെണികൾ തയാറാക്കി ചെടിക്ക് ആറിഞ്ചു മുകളിലായി ഹെക്ടറൊന്നിന് അഞ്ച് എന്ന തോതിൽ സ്ഥാപിക്കണം. 15 ദിവസം കൂടുമ്പോൾ ഇങ്ങനെ ചെയ്യുന്നതു കൂടുതൽ ഫലപ്രദമാണ്. നീഡ്സീഡ് കെർണൽ സത്ത് അഞ്ചുശതമാനം അല്ലെങ്കിൽ ജൈവ നിയന്ത്രണ മാർഗമെന്ന രീതിയിൽ ബാസില്ലസ്ടൂറിൻ ഗിയാൻസിസ് വാർ കുർസ്ടകി 500 ഗ്രാം ഹെക്ടർ ഒന്നിന് എന്ന തോതിൽ തണ്ടുതുരപ്പൻ ലാർവ കണ്ടുതുടങ്ങുമ്പോൾ പ്രയോഗിക്കാം.

വിളവെടുപ്പ്, സംസ്കരണം
വിളവെടുപ്പിനു ശേഷം കായകൾ വൃത്തിയുള്ള കോൺക്രീറ്റ് തറയിലോ പൊളിത്തിൻ ഷീറ്റുകളിലോ വൃത്തിയുള്ള സിമന്റ് തറയിലോ ഉണക്കാം. ഇടവേളകളിൽ ഇളക്കി എല്ലാവശവും ഉണക്കാൻ ശ്രദ്ധിക്കണം. ഉണങ്ങിയ കായകളിലെ ജലാംശം 10 ശതമാനം ആയിരിക്കണം. പൂപ്പൽ പിടിക്കാതെ സുരക്ഷിതമായിരിക്കാനാണിത്. മാലിന്യങ്ങൾ കലരാതിരിക്കാൻ മെക്കാനിക്കൽ ഡ്രയറോ സോളർ പോളിഹൗസുകളോ ഉപയോഗിച്ചും ഉണക്കാവുന്നതാണ്.