Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂല്യവർധനയ്ക്ക് ഉതകുന്ന മേൽത്തരം പ്ലാവിനങ്ങൾ

Jack Fruit ചക്ക

പ്ലാവിലെ ഏറ്റവും വലിയ ജനിതകശേഖരം കേരളത്തിലാണു കാണപ്പെടുന്നത്. പക്ഷേ, ലോകോത്തര നിലവാരമുള്ള ചക്ക ഉൽപാദിപ്പിക്കാവുന്ന മികച്ച ഇനങ്ങൾ കണ്ടെത്തുവാൻ നമുക്കു കഴിഞ്ഞിട്ടില്ല.

അതുപോലെ, ചക്കയിൽ നിന്ന് ഒട്ടേറെ മൂല്യവർധിത ഉൽപന്നങ്ങൾ നമുക്കുണ്ട്. എന്നാൽ, ചക്ക ഉപ്പേരി പോലും വ്യവസായികതലത്തിൽ നിർമിച്ച് വിപണി പിടിച്ചെടുക്കാൻ നമുക്കു കഴിയുന്നില്ല. ഒരേ ഇനത്തിലുള്ള പ്ലാവിന്റെ വലിയ തോട്ടങ്ങളെപ്പറ്റി നാം ചിന്തിക്കുന്നുപോലുമില്ല. നിലവിലുള്ള മൂല്യവർധിത ഉൽപന്നങ്ങൾ രാജ്യാന്തര വിപണിയിൽ എത്തിക്കുവാനും കഴിയുന്നില്ല.

കേരളത്തിലെ പ്ലാവുകൾ ഓരോന്നും ഓരോ ഇനമാണെന്നു പറയാം. ഇവയിൽ നിന്നു മേൽത്തരം ഉൽപന്നങ്ങൾ നിർമിക്കുവാൻ സാങ്കേതികമായ ബുദ്ധിമുട്ടുകളുണ്ട്.
ഇവ ഒരേ രീതിയിൽ തയാറാക്കി മേൽത്തരം ഉൽപന്നങ്ങളാക്കി മാറ്റാൻ കഴിയാത്തതിനാൽ കേരളത്തിൽ വലിയ ശതമാനം ചക്കയും പാഴായിപ്പോവുന്നു.

ലോകോത്തര നിലവാരമുള്ള ചക്കയുടെ ഇനങ്ങൾ തോട്ടങ്ങളായി നമ്മുടെ നാട്ടിൽതന്നെ കൃഷിചെയ്ത് അവയുടെ മൂല്യവർധിത ഉൽപന്നങ്ങൾ നിർമിച്ച് വിപണനം ചെയ്യുകയാണ് പോംവഴി. മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണം ലക്ഷ്യംവച്ചു കണ്ടെത്തിയ ചില ഇനങ്ങൾ:

വിയറ്റ്നാം സൂപ്പർ ഏർലി
വിയറ്റ്നാമിൽ വ്യാവസായികമായി കൃഷി ചെയ്യുന്ന മികച്ച ഇനമാണിത്. നട്ട് വളരെ പെട്ടെന്നു വളർന്നു കായ്ഫലം തരുമെന്നതാണ് ഇതിന്റെ മേന്മ. പ്ലാവിന്റെ സാധാരണ ഇനങ്ങളിൽ തടി മൂത്ത് മൂന്നു–നാലു വർഷങ്ങൾക്കുള്ളിൽ ചക്ക വിളയുമ്പോൾ, ഈ പ്രത്യേക ഇനം തടി മൂക്കുന്നതിനു മുമ്പുതന്നെ കായ്ക്കുന്നു. മറ്റു പ്ലാവിനങ്ങളെക്കാൾ ഇലയ്ക്കു വലുപ്പവും കടും പച്ചനിറവും താരതമ്യേന കൂടുതൽ കട്ടിയും, വരൾച്ചയെ പ്രതിരോധിക്കുന്ന ക്യൂട്ടിക്കിളിന്റെ ഉയർന്ന തോതും ഇതിന്റെ പ്രത്യേകതകളാണ്. സാധാരണ പ്ലാവിനങ്ങൾ 30 അടി അകലത്തിൽ നടുമ്പോൾ ഈ ഇനം 20 അടി അകലത്തിൽ നടാവുന്നതാണ്. അധികം പടർന്നു പന്തലിക്കാത്തതാ​ണ് ഇതിനു കാരണം. ചുളകൾക്ക് ക്രഞ്ചിസ്വഭാവവും നല്ല മഞ്ഞ നിറവുമുണ്ട്.

ജെ 33
മഞ്ഞ നിറത്തിൽ വലുപ്പവും ദൃഢതയുമുള്ള ചുളകൾ രുചികൊണ്ടു ടേബിൾ ഫ്രൂട്ടായും അതേസമയം മൂല്യവർധിത ഉൽപന്നങ്ങൾക്ക് ഏറ്റവും യോജിച്ച ഇനവുമെന്നതിനാൽ രാജ്യാന്തര വിപണിയിൽ ഏറെ പ്രിയമുള്ള ഇനമാണിത്. മലേഷ്യൻ ഇനമായ ജെ 33ന്റെ ചക്കകൾ തൂക്കത്തിലും വലുപ്പത്തിലും മറ്റിനങ്ങളെക്കാൾ വളരെ മുമ്പിലാണ്. ചുളകളുടെ എണ്ണത്തിലും വലുപ്പത്തിലും ജെ 33 ​ഏറെ മുമ്പിൽ തന്നെ.

ജാക്ക് ഡ്യാങ്ങ് സൂര്യ
ഇടത്തരം വലുപ്പമുള്ള ചുളകൾക്ക് ദൃഢതയും നല്ല ചുവപ്പുനിറവുമുണ്ട്. മുകുളനം വഴി ഉരുത്തിരിച്ചെടുക്കുന്ന മരങ്ങൾക്ക് അധികം വലുപ്പമില്ല. വളരെ ഒതുങ്ങി വളരുന്നതിനാൽ അകലം കുറച്ചു പ്ലാവുകൾ നടാവുന്നതാണ്. ​എന്നാൽ വലുപ്പമുള്ള ചക്കകൾ ധാരാളമുണ്ടാകുന്നതിനാൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാം. ടേബിൾ സ്നാക്കായി ഉപയോഗപ്പെടുത്താൻ ഏറ്റവും നല്ല ഇനം.

കടപ്പാട്:
ഡോ. സണ്ണി ജോർജ്, ഹോംഗ്രോൺ ബയോടെക്.
ഫോൺ: 8113966600. 

Your Rating: