മാവിനു മാത്രമല്ല ‘മെറ്റ്’

മീഥൈൽ യൂജിനോൾ കെണി (‘മെറ്റ്’ - Met) കെട്ടിയിടുന്നു

മാവിന്റെ പ്രധാന ശത്രുവായ മാമ്പഴയീച്ചയെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന കെണിയാണ് ‘മെറ്റ്’ (Met) അഥവാ മീഥൈൽ യൂജിനോൾ കെണി. മാമ്പഴത്തെ ആക്രമിക്കുന്ന ബാക്ട്രോസിറ ഡോർസാലിസ് (Bactrocera Dorsalis) എന്ന കായീച്ചയാണ് പ്രധാനമായും ‘മെറ്റി’ൽ കുടുങ്ങുക. ഈ കെണി മാമ്പഴയീച്ചയ്ക്കു മാത്രമുള്ളതാണെന്നു പലരും കരുതാറുണ്ട്. എന്നാൽ‌ മറ്റു പല കായീച്ചകളെയും ആകർഷിക്കാൻ ‘മെറ്റി’നു കഴിയും. മാവ്, പേര എന്നിവയെ ബാധിക്കുന്ന ബാക്ട്രോസിറ കാരിയേ, ബാക്ട്രോസിറ കറെക്റ്റെ; സപ്പോട്ട, പപ്പായ എന്നിവയെ ആക്രമിക്കുന്ന ബാക്ട്രോസിറ വെർസി കളർ, ബാക്ട്രോസിറ സൊനാറ്റ എന്നീ കായീച്ചകളെയും ഇതുപയോഗിച്ചു നിയന്ത്രിക്കാം.

പേരയ്ക്കയിലെ പുഴുശല്യത്തെപ്പറ്റി പലരും പരാതി പറയാറുണ്ട്. വിളവെത്താറാകുമ്പോൾ ചില കായീച്ചകൾ പേരയ്ക്കയുടെ തൊലിക്കടിയിൽ മുട്ട കുത്തിവയ്ക്കുന്നു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വിരിയുന്ന മുട്ടകളിൽനിന്നു ചെറുപുഴുക്കൾ പുറത്തുവരുന്നു. ഇവ പേരയ്ക്കയുടെ മാംസളഭാഗങ്ങൾ തിന്നു ജീവിക്കുന്നു. ഒരീച്ച, ഒന്നിലധികം മുട്ടകൾ ഒരു പേരയ്ക്കയ്ക്കുള്ളിൽ നിക്ഷേപിക്കാറുണ്ട്. ധാരാളം പുഴുക്കൾ ഒരു പേരയ്ക്കയിൽ ഉണ്ടാകുന്നതിന് ഇതു കാരണമാകും. വിളഞ്ഞ പേരയ്ക്ക താഴെ വീഴുമ്പോഴും, പുഴുക്കളെക്കണ്ട് വലിച്ചെറിയുമ്പോഴും പുഴുക്കൾ നേരിട്ടു മണ്ണിലേക്കെത്തുന്നു. പുഴുക്കൾ മണ്ണിലാണ് സമാധിദശ പ്രാപിക്കുക. ജീരക മിഠായിയോളം വലുപ്പമുള്ള കൂടിനുള്ളിൽ ഒരാഴ്ച സമാധി കഴിച്ചുകൂട്ടിയശേഷം ഇവ പൂർണ വളർച്ചയെത്തിയ ഈച്ചകളായി പുറത്തുവരും. ഈച്ചക്കുത്തേറ്റ കായ്കളുടെ തൊലിപ്പുറത്തു ചെറിയ നിറവ്യത്യാസവും അഴുകിയ ലക്ഷണങ്ങളും കാണാം. ഈ ഭാഗത്തു ചെറുതായി അമർത്തിയാൽ കുഴിഞ്ഞു പോകുന്നതുപോലെ തോന്നും. പുഴുക്കൾക്കു വെള്ളനിറമാർന്ന ചന്ദനനിറമായിരിക്കും. തന്മൂലം വെളുത്ത ഉൾഭാഗമുള്ളതും തൊലിക്കു തീരെ കട്ടി കുറഞ്ഞതുമായ പേരയ്ക്കകളിൽ പുഴുക്കളുടെ സാന്നിധ്യം മനസ്സിലാക്കാൻ നന്നേ പ്രയാസമായിരിക്കും. തന്നെയുമല്ല, പുഴുക്കളെ അവയുടെ വളർച്ചാരംഭത്തിൽ കണ്ടെത്തുക അത്ര എളുപ്പവുമല്ല.

വായിക്കാം ഇ - കർഷകശ്രീ 

പേര വർഷം മുഴുവൻ കായ്ക്കുമെന്നതിനാൽ കീടബാധ അനുസ്യൂതം തുടരാനിടയുണ്ട്. മാമ്പഴക്കാലം കഴിയുന്നതോടെ, മാവിനെയും മാങ്ങയെയും ആശ്രയിക്കുന്ന കായീച്ചകളും പേരയിലേക്കു തിരിയും. ഇക്കാരണത്താൽ പേരപോലുള്ള വിളകളിലും കായീച്ച നിയന്ത്രണം ആവശ്യമാണ്.

പുഴുക്കുത്തുള്ള കായ്കള്‍, അവയ്ക്കുള്ളിലെ പുഴുക്കൾ നശിക്കുന്നുവെന്ന് ഉറപ്പാക്കുന്ന വിധം നശിപ്പിക്കണം. ഇതിനായി പുഴുവുള്ള കായ്കൾ കീറിമുറിച്ച്, സോപ്പുലായനിയിലോ, ചൂടുവെള്ളത്തിലോ ഒരു ദിവസം മുക്കിവയ്ക്കാം. ചത്ത പുഴുക്കൾ വെള്ളത്തിനു മുകളിലായി അടുത്ത ദിവസം പൊങ്ങിക്കിടക്കുന്നതു കാണാം. അധികം ഉയരത്തിലല്ലാതെയുള്ള ഗ്രാഫ്റ്റ് പേരകളിൽ പേരയ്ക്ക കവർകൊണ്ടു പൊതിയണം. വവ്വാൽ, അണ്ണാൻ തുടങ്ങിയ ജീവികളിൽനിന്നു പേരയ്ക്കയെ സുരക്ഷിതമാക്കാനും ഇതുപകരിക്കും.

ഈ നിയന്ത്രണ നടപടികൾക്കു പുറമേയാണ് ‘മെറ്റ്’ ഉപയോഗം. ഈ കെണികൾ രണ്ടോ മൂന്നോ പേരയുള്ള വീട്ടുവളപ്പിൽ ഒരെണ്ണം മതിയാകും. പേരയിൽ തന്നെയോ അടുത്തുള്ള മറ്റു മരച്ചില്ലകളിലോ ‘മെറ്റ്’ കെട്ടിയിടാം. ‘മെറ്റി’നുള്ളിലെ പ്ലൈവുഡ് കഷണത്തിൽ നേരിട്ട് മഴയോ ശക്തമായ വെയിലോ ഏൽക്കാതെ നോക്കണം. മഴവെള്ളം പ്ലൈവുഡിലൂടെ ഒലിച്ചിറങ്ങിയാൽ അതിലെ ആകർഷകവസ്തുവും കീടനാശിനിയും വേഗം നഷ്ടപ്പെടും. ഒരു 'മെറ്റി'ന്റെ ശരാശരി ആയുസ്സ് രണ്ടര–മൂന്ന് മാസമാണ്. ചത്തുവീഴുന്ന ഈച്ചകളെ ഇടയ്ക്കിടെ പുറത്തു കളയണം.

മീഥൈൽ യൂജിനോൾ കെണി (‘മെറ്റ്’ - Met)

‘മെറ്റ്’ കെട്ടുമ്പോള്‍ തന്നെ ചുറ്റുമുള്ള ഈച്ചകൾ ഒന്നൊന്നായി ബ്ലോക്കിലേക്കു വരുന്നതും ചുരുങ്ങിയ സമയത്തിനുള്ളിൽ കുപ്പിക്കകത്തു ചത്തുവീഴുന്നതും കാണാം. തടികൊണ്ടുള്ള ബ്ലോക്കിൽ കായീച്ചകളെ ആകർഷിക്കുന്ന മീഥൈൽ യൂജിനോൾ, ഈച്ചയെക്കൊല്ലാനുള്ള കീടനാശിനി എന്നിവ ചേർത്തിട്ടുണ്ട്.

വെള്ളായണി കാർഷിക കോളജ്, ജില്ലാ കൃഷിവിജ്ഞാന കേന്ദ്രങ്ങൾ, കാർഷിക സർവകലാശാലയുടെ ഗവേഷണകേന്ദ്രങ്ങൾ, ചില ജില്ലാ കൃഷിത്തോട്ടങ്ങൾ തുടങ്ങി വിവിധ ഏജൻ‌സികൾ ‘മെറ്റ്’ ഉണ്ടാക്കി വിൽക്കുന്നുണ്ട്. ആലപ്പുഴ ജില്ലയിൽ കായംകുളത്തെ കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിലെ കൃഷി വിജ്ഞാനകേന്ദ്രം 90 രൂപ നിരക്കിൽ ‘മെറ്റ്’ വിതരണം ചെയ്യുന്നുണ്ട്.

ലഭ്യത അറിയാൻ
ഫോൺ: 0479 – 2449268
ഇ-മെയിൽ: Kvkalapuzha@gmail.com