Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരുങ്ങാം മഴയെ മണ്ണിലിറക്കാൻ

rain-harvest1

മഴക്കാലത്തു കനത്ത മഴ ലഭിക്കുകയും അതിന്റെ ധാരാളിത്തം ആഘോഷിക്കുകയും ചെയ്തിരുന്ന നമ്മൾ ഇന്ന് കൊടിയ വരൾച്ചയ്ക്കു മുന്നിൽ പകച്ചുനിൽക്കുന്നു. ഹരിതകേരളം വരണ്ടുണങ്ങിയ മരുഭൂമിയായി മാറാതിരിക്കാൻ ഇനിയെങ്കിലും നമുക്ക് ഉണർന്നു പ്രവർത്തിക്കാം. കാലവർഷത്തെ തുള്ളിപോലും പാഴാക്കാതെ കരുതിവയ്ക്കാം.

കിണർ റീചാർജിങ്

rain-harvest3 കിണർ റീചാർജിങ്

ഓരോ കിണറും ഭൂജലത്തിലേക്കുള്ള ഉറവകളാകണം. പുരമുകളിൽനിന്നുള്ള മഴ വെള്ളം പാത്തിയിലൂടെയും പൈപ്പിലൂടെയും ഒഴുക്കി കിണറുകളിൽ ശേഖരിക്കാം. മേൽക്കൂരയുടെ വശങ്ങളിൽ ഉറപ്പിച്ച പാത്തികളിലൂടെ മഴവെള്ളം ശേഖരിച്ച് ഒരു അരിപ്പവഴി കിണറുകളിലേക്ക് ഒഴുക്കാവുന്നതാണ്. (ഒരു മീറ്റർ വശങ്ങളുള്ള കുഴിയിൽ മണൽ, ചരൽ, കരി എന്നിവ അടുക്കി ഫിൽട്ടർ ഒരുക്കാം) അല്ലെങ്കിൽ കിണറിനു സമീപം മുകൾഭാഗത്ത് എവിടെയെങ്കിലും നിർമിച്ച കുഴിയിലേക്ക് ഈ വെള്ളം നേരിട്ടു ശേഖരിക്കാം. മണ്ണ് ഒരു മികച്ച അരിപ്പയാണെന്ന് ഓർക്കുക.

ഒട്ടും പാഴാകാതെ ഈ വെള്ളം ഭൂമിയിലേക്ക് ആഴ്ന്നിറങ്ങും. മണ്ണിലുള്ള നിർജീവമായ ഉറവകൾ തെളിഞ്ഞു സജീവമായി തുടർന്നുള്ള വേനൽക്കാലങ്ങളിൽ കൂടുതൽ കാലം കിണറുകളിൽ വെള്ളം ലഭിക്കുകയും ചെയ്യും. ഈ സംവിധാനം നടപ്പാക്കുന്നിടങ്ങളിലെല്ലാം വരൾച്ച ഗണ്യമായി കുറയുന്നുണ്ട്. ഉപയോഗശൂന്യമായ കുഴൽക്കിണറുകളും ഇങ്ങനെ റീചാർജ് ചെയ്യാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുൾപ്പെടെ പല ഏജൻസികളിൽനിന്ന് ഇതിനു സബ്സിഡി ലഭിക്കും. മേൽക്കൂരയുടെ വിസ്തൃതിയും കിണറിലേക്കുള്ള ദൂരവുമനുസരിച്ച് വ്യത്യാസപ്പെടുമെങ്കിലും ശരാശരി പതിനായിരം രൂപയ്ക്കടുത്ത് ഇതിനു ചെലവ് വരും. ശുദ്ധജലത്തിന്റെ മൂല്യവുമായി താരതമ്യം ചെയ്യുമ്പോൾ ഈ മുതൽമുടക്ക് തുലോം തുച്ഛം.

rain-harvest4 മഴയ്ക്കു മുമ്പേ മഴക്കുഴികൾ തീർക്കാം

മഴവെള്ളം മണ്ണിലിറക്കാം

പറമ്പിൽവീണ് മേൽമണ്ണിളക്കി ഒഴുകിപ്പോകുന്ന മഴവെള്ളം സംഭരിച്ച് മണ്ണിലേക്കിറക്കാൻ ചെലവു കുറഞ്ഞതും കാര്യക്ഷമവുമായ മറ്റു മാർഗങ്ങൾ നോക്കാം.

കിടങ്ങുകൾ: വേനൽമഴയ്ക്കു മുൻപായി ഭൂമിയിൽ ചരിവിനു കുറുകേ നീളത്തിൽ രണ്ടടിയോളം ആഴവും വീതിയുമുള്ള കിടങ്ങുകൾ തയാറാക്കണം. മഴയ്ക്കുശേഷം ഒഴുകിയെത്തുന്ന മണ്ണും വെള്ളവും ഈ കുഴികളിൽ ശേഖരിക്കപ്പെടും. വെള്ളം ഭൂമിയിലേക്ക് ഊർന്നിറങ്ങുകയും മണ്ണ് കുഴിയിൽ ശേഷിക്കുകയും ചെയ്യും. കിടങ്ങുകൾ നിറയുന്നതിനനുസരിച്ച് ഈ മണ്ണ് കോരി ചരിവിന്റെ താഴെയുള്ള വശത്തു ബണ്ടുപോലെ പിടിപ്പിച്ചാൽ കാലക്രമത്തിൽ ഇതു കയ്യാലപോലെ മണ്ണൊലിപ്പു തടയും. ഈ ബണ്ടുകളിൽ പുല്ലുവച്ച് ബലപ്പെടുത്തിയാൽ അതു കാലിത്തീറ്റയാക്കാം. പുതുമഴയോടൊപ്പം കുഴികളിൽ വന്നുവീഴുന്നത് നല്ല വളക്കൂറുള്ള മേൽമണ്ണായതിനാൽ അതു കൃഷിയിടത്തിൽ നിക്ഷേപിക്കുകയും ചെയ്യാം.

കൂടുതൽ ചെരിവുള്ള ഭൂമിയിൽ അടുത്തടുത്തു കിടങ്ങുകൾ ഒരുക്കിയാൽ ഒട്ടും മഴവെള്ളം പാഴാകില്ല. കിടങ്ങുകൾ സാധ്യമല്ലാത്തിടത്ത് ചെറിയ മഴക്കുഴികൾ നിരയായി നിർമിക്കാം.

rain-harvest2

റീചാർജ് കുഴികൾ: പറമ്പിൽ മഴവെള്ളം ചാലുകളായി ഒഴുകിപ്പോകുന്ന സ്ഥലങ്ങൾ കണ്ടെത്തി സൗകര്യപ്രദമായ അളവുകളിൽ കുഴികൾ നിർമിക്കാം. ഏകദേശം മൂന്നു മീറ്റർ വശങ്ങളോടു കൂടിയ കുഴികൾ നന്ന്. കുഴികൾ നിറയുന്നതിനനുസരിച്ച് മണ്ണ് കോരിമാറ്റുകയും അടുത്ത മഴയ്ക്കുമുൻപ് കുഴികൾ പുതുക്കുകയും ചെയ്യണം.

കുഴികളിൽ കെട്ടിക്കിടക്കുന്ന വെള്ളം കന്നുകാലികളെ കുളിപ്പിക്കാനും വിളകൾ നനയ്ക്കാനുമെടുക്കാം. ഈ കുഴിയുടെയും വശങ്ങൾ പുൽവർഗങ്ങൾ വച്ച് ബലപ്പെടുത്താം.

rain-harvest5

ചെരിവുള്ള പുരയിടങ്ങളിൽ കയ്യാലകൾ, വൃക്ഷത്തടങ്ങൾ തുടങ്ങിയ പരമ്പരാഗത മാർഗങ്ങളുമാകാം. കൃഷിയിടങ്ങളിൽ നിലവിലുള്ള കയ്യാലകൾ, തടങ്ങൾ, മഴക്കുഴികൾ എന്നിവ മഴയ്ക്കു മുൻപായി മണ്ണു കോരി മാറ്റി വൃത്തിയാക്കിയിടണം. മണ്ണിനു മീതെ പുതയിടണം.

വിലാസം: അസിസ്റ്റന്റ് ഡയറക്ടർ,
കേരള നീർത്തട വികസന പരിശീലന കേന്ദ്രം, ചടയമംഗലം.
ഫോൺ: 0474—2475051