Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിത്തിത്തിരി, വിളവൊത്തിരി

ginger-plant-pro-tray ഇഞ്ചിത്തൈകൾ പ്രോ ട്രേയിൽ

പ്രോട്രേകളിൽ വളർത്തിയ പച്ചക്കറിത്തൈകൾ വാങ്ങിനടുന്ന രീതി കേരളത്തിൽ പ്രചരിച്ചു കഴിഞ്ഞു. എന്നാൽ ഇഞ്ചിയും മഞ്ഞളുമൊക്കെ കൃഷി ചെയ്യണമെങ്കിൽ അവ ഉണക്കി വിത്തായി സൂക്ഷിക്കുകയേ മാർഗമുള്ളൂ. ഓരോ വിളവെടുപ്പിലും കിട്ടുന്ന ഇഞ്ചിയിൽ മികച്ചതു നോക്കി വലിയ അളവിൽ വിത്തിനായി മാറ്റി വയ്ക്കേണ്ടി വരുന്നത് ഇഞ്ചിക്കർഷകരുടെ വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാക്കുന്നുണ്ട്.

ഇതിനൊരു പരിഹാരമാണ് കോഴിക്കോട്ടെ ദേശീയ സുഗന്ധവിള ഗവേഷണകേന്ദ്രം വികസിപ്പിച്ച പ്രോട്രേ ടെക്നോളജി. വിത്തിനായി മാറ്റിവയ്ക്കേണ്ടിവരുന്ന ഇഞ്ചിയുടെ അളവ് മൂന്നിലൊന്നായി കുറയ്ക്കുന്നതിനൊപ്പം നടീൽവസ്തുക്കളുടെ നിലവാരം മെച്ചപ്പെടുത്താനും സഹായകമായ ഈ സാങ്കേതികവിദ്യ ഇഞ്ചിക്കൃഷിയിൽ വലിയ മാറ്റങ്ങൾക്കു വഴി തുറക്കുകയാണ്. എന്താണ് ഈ പ്രോട്രേ ടെക്നോളജി ലളിതമായി പറഞ്ഞാൽ, ഇഞ്ചിയുടെ തൈകൾ ഉൽപാദിപ്പച്ചു പറിച്ചുനടുന്ന രീതിയാണിത്. ചകിരിച്ചോർ നിറച്ച പ്രോട്രേകളിലാണ് തൈകളുടെ ഉൽപാദനമെന്നു മാത്രം.

ginger-single-sprout-seed ഏകമുകുള കഷണങ്ങൾ

ചെയ്യേണ്ട വിധം
ഇഞ്ചി 4-6 ഗ്രാം തൂക്കമുള്ള, ഏകമുകുള കഷണങ്ങളായി മുറിക്കുകയാണ് ഈ രീതിയിലെ ആദ്യചുവട്. ഒരു മുകുളം മാത്രമുള്ള കഷണങ്ങളായതിനാൽ സാധാരണ വിത്തിഞ്ചിയുടെ മൂന്നിലൊന്നു വലുപ്പമേ ഇതിനുണ്ടാവൂ. അതുകൊണ്ടുതന്നെ പരമ്പരാഗത രീതിയിൽ ഒരു ഹെക്ടർ കൃഷിക്ക് 1500 കിലോ വേണ്ടി വരുമ്പോൾ പ്രോട്രേ ടെക്നോളജി ഉപയോഗിക്കുന്നവർക്ക് 500 കിലോ വിത്തിഞ്ചി മതിയാകും.

രോഗബാധയുള്ള ഇഞ്ചി മുറിക്കാനിടയായാൽ കത്തി ചൂടാക്കി അണുവിമുക്തമാക്കിയ ശേഷം മാത്രമേ അടുത്തത് മുറിക്കാവൂ. ഇപ്രകാരം മുറിച്ച വിത്തിഞ്ചി ഒരു രാത്രി മുറിവുണക്കാനായി സൂക്ഷിച്ച ശേഷം 0.5 ശതമാനം വീര്യമുള്ള ഹ്യുമിക് ആസിഡിൽ 20 മിനിറ്റ് ഇട്ടുവയ്ക്കണം. മുകുളവളർച്ച വേഗത്തിലാക്കാനാണിത്. തുടർന്ന് കൊക്കോപീറ്റ് അല്ലെങ്കിൽ ചകിരിച്ചോർ നിരത്തിയ പ്രതലത്തിൽ ഈ കഷണങ്ങൾ സൂക്ഷിക്കാം. ഈ വിത്തുകഷണങ്ങളിൽ 90 ശതമാനത്തിലും ഒരാഴ്ചയ്ക്കുള്ളിൽ മുളപൊട്ടിയിട്ടുണ്ടാവും.

ginger-in-coconut-fibre ചകിരിച്ചോറിൽ നിരത്തിയ വിത്തിഞ്ചി

മുളപൊട്ടിയ വിത്തിഞ്ചി പ്രോട്രേയിലേക്കു മാറ്റുന്നതാണ് അടുത്ത പടി. പച്ചക്കറിവിത്തുകൾ പാകി തൈ ഉൽപാദിപ്പിക്കുന്ന പ്ലാസ്റ്റിക് പ്രോട്രേകൾ കേരളത്തിലെ കൃഷിക്കാർക്കു സുപരിചിതമാണ്. ഈ ട്രേയിൽ ചകിരിച്ചോർ, ചാണകപ്പൊടി, മണ്ണിര കമ്പോസ്റ്റ് എന്നിവ 1:1:1 എന്ന അനുപാതത്തിൽ കൂട്ടി അതിൽ ട്രൈക്കോഡർമയും ചേർത്ത മിശ്രിതം നിറയ്ക്കണം. പകുതി നിറച്ച ട്രേയിൽ മുളപ്പിച്ച വിത്തിഞ്ചി വച്ചതിനു ശേഷം വീണ്ടും മിശ്രിതമിട്ടു വിരലുകൾകൊണ്ടു നന്നായി ഉറപ്പിക്കാം. ഇങ്ങനെ തയാറാക്കിയ ട്രേകൾ നഴ്സറിയിലോ തണൽവലകൾക്കടിയിലോ സൂക്ഷിക്കണം. ട്രേകളിലെ രണ്ടു കുഴികൾക്കിടയിലുള്ള ഭാഗത്ത് മിശ്രിതം വീണുകിടക്കാതിരിക്കാൻ ശ്രദ്ധിക്കണം. പിന്നീട് ഇതിൽ വേരുകൾ വളർന്ന് ചുറ്റിപ്പിണയാതിരിക്കാനാണിത്. ഒന്നിടവിട്ട ദിവസങ്ങളിൽ ട്രേ നനയ്ക്കണം. രോഗബാധ കാണുന്ന ചെടികൾ ഉടൻ ഒഴിവാക്കണം. രോഗവിമുക്തമായ തൈകൾ മാത്രമേ കൃഷിയിടത്തിൽ എത്തുന്നുള്ളൂവെന്ന് ഉറപ്പാക്കാനാണിത്.

വേണ്ടത്ര ശ്രദ്ധയും കരുതലുമുണ്ടെങ്കിൽ കൃഷിക്കാർക്ക് പ്രോടേ തൈകൾ ഉൽപാദിപ്പിക്കാനാകും. ഇതിനുവേണ്ട പ്രവർത്തനങ്ങൾ ക്രമമായി നടത്തണമെന്നു മാത്രം.

പറിച്ചുനടീൽ
നെൽകൃഷിയിൽ മാത്രം പരിചിതമായിരുന്ന പറിച്ചുനടീൽ പുതിയ രീതിയിലുള്ള ഇഞ്ചിക്കൃഷിയിലും ആവശ്യമാണ്. പ്രോട്രേകളിൽനിന്ന് 30-35 ദിവസം പ്രായമായ ഇഞ്ചിത്തൈകളാണ് പറിച്ചുനടുന്നത്. നന്നായി നിലമൊരുക്കി തടമെടുത്തശേഷം ഏറെ സൂക്ഷ്മതയോടെ ഇഞ്ചിത്തൈകൾ പറിച്ചു നടണം. തൈകൾ ട്രേയിൽനിന്ന് എടുക്കുമ്പോൾ വേരുകൾ ഇളകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചുവട്ടിൽ നടീൽ മിശ്രിതത്തോടു കൂടിയ തൈകൾ തടത്തിൽ നടണം.

ginger-seeds കിളിർത്തു തുടങ്ങിയ വിത്തിഞ്ചി

പറിച്ചുനട്ട തൈകളുടെ തുടർന്നുള്ള പരിചരണം സാധാരണ ഇഞ്ചിക്കൃഷിയിലേതുപോലെ തന്നെ. കൃത്യമായ നനയും പോഷകമൂലകങ്ങളുടെ ശാസ്ത്രീയമായ വിതരണവും ഏറെ പ്രധാനമാണ്. ഇതുവഴി ഒരു ചെടിയിൽനിന്ന് 1-1.5 കിലോ വിളവെടുക്കാം. അതായത്, കേവലം 5-6 ഗ്രാം തൂക്കമുണ്ടായിരുന്ന വിത്തുകഷണത്തിൽ നിന്ന് 1500 ഗ്രാം വരെ വിളവ് ഉൽപാദനക്ഷമത 200-300 ഇരട്ടി. ജലലഭ്യതയുണ്ടെങ്കിൽ വിളവെടുപ്പ് രണ്ടു വർഷം വരെ നീട്ടിക്കൊണ്ടുപോയി അധിക വിളവ് നേടാം. എന്നാൽ തണ്ടും ഇലകളും വാടാതെ സൂക്ഷിച്ചാലേ ഇതു സാധ്യമാവൂ.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
. രോഗബാധയില്ലാത്ത വിത്ത് ശേഖരിക്കുക. ജനിതക ഗുണമുള്ളതും രോഗബാധയില്ലാത്തതുമായ വിത്തിഞ്ചിയാണെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യം.
. വളർച്ചാ ഘട്ടത്തിൽ രോഗലക്ഷണങ്ങൾ കാണുന്നുണ്ടോയെന്നു പ്രത്യേകം ശ്രദ്ധിക്കണം. രോഗമുള്ളതായി സംശയിക്കപ്പെടുന്ന തൈകൾ പ്രോട്രേയിൽ നിന്നു പൂർണമായി ഒഴിവാക്കുക.
. തൈകൾ പറിച്ചു നടുമ്പോൾ ചെടിക്കു പരിക്കേൽക്കുന്നില്ലെന്നും വേരുപടലത്തിന് ഇളക്കം തട്ടുന്നില്ലെന്നും ഉറപ്പാക്കണം.

ginger-pro-tray പ്രോ ട്രേ തൈകളുടെ വേരുപടലം

നേട്ടങ്ങൾ
. വേണ്ടിവരുന്ന വിത്തിൻറെ അളവ് മൂന്നിലൊന്നായി കുറയുന്നതിനാൽ കൃഷിച്ചെലവ് കുറയുന്നു.
. വിത്തിലൂടെ വ്യാപിക്കുന്ന രോഗങ്ങളെ പൂർണമായി തടയാനാവും.
. ഒന്നര മാസത്തെ വളർച്ചയുടെ മുൻതൂക്കം വിളവിലും പ്രതിഫലിക്കും.
. മൺസൂൺ വൈകിയാലും വിളവ് കുറയാതിരിക്കാൻ സഹായകം.
. ജൈവക്കൃഷിക്ക് അനുയോജ്യം.
. ഉൽപാദനക്ഷമതയും അതുവഴി ആകെ വിളവും വർധിക്കുന്നു.
. രോഗവിമുക്തമായി ഉൽപാദിപ്പിക്കുന്നതിനാൽ വിത്തിനു വിപണിയിൽ പ്രിയവും മികച്ച വിലയും ഉറപ്പ്.

കൂടുതൽ വിവരങ്ങൾക്ക് - aicrpspices@gmail.com

ഫോൺ: 9809807764 

Your Rating: