കുളക്കരയിൽ പൊരിച്ച മീൻ

ഷാജി കൂട്ടുകാർക്കൊപ്പം മത്സ്യക്കുളത്തിൽ

പിടിച്ച മീൻ പെടച്ചു തീരും മുമ്പ് പൊരിച്ച‍ുകൊടുക്കുമെന്നു കേട്ടാൽ ആരാണ് ഓടിയെത്താൻ ആഗ്രഹിക്കാത്തത്? പുതുമത്സ്യം രുചിയോടെ കഴിക്കാനുള്ള ആഗ്രഹത്തോളം പ്രലോഭിപ്പിക്കുന്ന മറ്റൊന്നില്ലെന്നു തിരിച്ചറിഞ്ഞു വിപണനത്തിൽ മുന്നേറുകയാണ് നിലമ്പൂർ ചെമ്മല ഷാജി. ഷാജിയുടെ ഉപ്പ ഹുസൈൻ നാട്ടിലെ പ്രമുഖ കൃഷിക്കാരനും മത്സ്യക്കർഷകനുമൊക്കെയായിരുന്നു. അദ്ദേഹം പത്തു വർഷത്തോളം മീൻ വളർത്തിയ അതേ കുളത്തിലാണ് ഷാജിയുടെയും മത്സ്യക്കൃഷി.

രണ്ടു വ്യത്യാസങ്ങൾ മാത്രം:

1. ഉപ്പ നിക്ഷേപിച്ചതിന്റെ പത്തിരട്ടി മത്സ്യങ്ങളെയാണ് ഷാജി വളർത്തുന്നത്.

2. പെടയ്ക്കുന്ന മത്സ്യത്തെ വിറ്റിരുന്ന ഫാമിൽ ഇപ്പോൾ മസാല പുരട്ടി പൊള്ളിച്ചെടുത്ത മീനാണ് പ്രധാന ഐറ്റം.

വായിക്കാം ഇ - കർഷകശ്രീ

രണ്ടേക്കർ വിസ്തൃതിയുള്ള തടാകമാണ് ഷാജിയുടെ മത്സ്യക്കുളമെന്നു പറയാം. മണ്ണുനീക്കിയുണ്ടാക്കിയ കുളത്തിന്റെ ബണ്ടുകൾ മാത്രം സിൽപോളിൻ പടുതകൊണ്ട് മൂടിയിരിക്കുന്നു. നടുവിലായി ചങ്ങാടം പോലെ കെട്ടിയുണ്ടാക്കിയ തട്ടിനു മീതെ താറാവിന്റെയും മുയലിന്റെയും കൂടുകൾ. മറ്റൊരിടത്ത് കരയിൽനിന്നു വെള്ളത്തിലേക്കു നീളുന്ന പാലം അവസാനിക്കുന്നത് തട്ട‍ടിച്ചുണ്ടാക്കിയ കൂടാരത്തിൽ. നാലു വശവും തുറന്ന ഈ കൂടാരത്തിലിരുന്നു ഭക്ഷണം കഴിക്കാം. കുളക്കരയിലെ മുളകൊണ്ടുണ്ടാക്കിയ കുടിലുകളിലും ഭക്ഷണം വിളമ്പുന്നു. തോട്ടടുത്തുള്ള ഷെഡ്ഡിലാണ് ഭക്ഷണം പാകം ചെയ്യുന്നത്. ദിവസവും ഇരുപതു പേരെങ്കിലും ഇവിടെ ഭക്ഷണം കഴിക്കാനെത്തുന്നുണ്ടെന്നാണ് ഷാജിയുടെ കണക്ക്. അവധി ദിവസങ്ങളിൽ ഇവരുടെ എണ്ണം പല മടങ്ങാവും. മലപ്പുറത്തുനിന്നും തൃശൂരുനിന്നും കാസർകോടുനിന്നുമൊക്കെ സന്ദർശകരെത്തുന്നു. മുന്നറിയിപ്പില്ലാതെ വരുന്നവർക്ക് മത്സ്യവിഭവങ്ങൾക്കൊപ്പം ചപ്പാത്തിയും റൊട്ടിയുമാണ് നൽകുക. മുൻകൂട്ടി അറിയിച്ചു വന്നാൽ താറാവും മുയലുമൊക്കെ കറിവച്ച് ഊണ് നൽകും. ഇപ്രകാരം ഒരു കുടുംബം ഫാം സന്ദർശിച്ചു മടങ്ങുമ്പോൾ രണ്ടായിരം രൂപയെങ്കിലും ചെലവിടുന്നുണ്ട്. കുളത്തിൽ സന്ദർശകർക്കായി പെഡൽബോട്ടുകൾ തയാർ. ഫാമിലെ സ്റ്റാഫായി ഒരാൾ മാത്രമാണുള്ളത്. എന്നാൽ ഷാജിക്കൊപ്പം കുളത്തിൽ ചാടാനും മീൻ പിടിക്കാനും ഭക്ഷണം വിളമ്പാനുമൊക്കെയായി പതിനഞ്ചുപേരെയെങ്കിലും കൂടെ കാണാം. അവർ അയൽക്കാരും വീട്ടുകാരുമാണെന്ന് ഷാജി പറയുന്നു. പ്രതിഫലം പ്രതീക്ഷിക്കാതെ വരുന്ന അവർക്ക് ഷാജി നൽകുന്നത് സ്വന്തം വീട്ടിലേതെന്നപോലുള്ള ഭക്ഷണവും സൗഹൃദവും മാത്രം.

ഷാജിയുടെ ഫിഷ് ഫാം

സർക്കാർ ഏജൻസികൾ പഠിപ്പിച്ച പരമ്പരാഗത രീതിയിലായിരുന്നു ഉപ്പയുടെ മത്സ്യക്കൃഷിയെന്നു ഷാജി ഓർമിക്കുന്നു. മൂവായിരമോ നാലായിരമോ മത്സ്യവിത്ത് നിക്ഷേപിച്ച് വർഷത്തിലൊരിക്കൽ പിടിച്ചു വിറ്റിരുന്ന അദ്ദേഹം വരുമാനത്തേക്കാൾ മനസ്സിന്റെ സുഖമാണ് പ്രതീക്ഷിച്ചത്. എന്നാൽ നാട്ടിൽ തിരിച്ചെത്തിയ തനിക്ക് വരുമാനം വർധിപ്പിച്ചേ മതിയാവുമായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ കുളത്തിലെ തന്ത്രങ്ങളിലും മാറ്റം വന്നു, പ്രവാസജീവിതം മതിയാക്കി ഒരു വർഷം ഉപ്പയോടൊപ്പം കൃഷിയിൽ പങ്കാളിയായ പരിചയം മാത്രം മുതലാക്കി ഷാജി നടപ്പാക്കിയ പരിഷ്കാരങ്ങൾ പക്ഷേ, കേരളത്തിലെ എല്ലാ കാർഷിക സംരംഭകരും ആവർത്തിച്ചു പഠിക്കേണ്ട പാഠങ്ങളാണ്. മൂല്യവർധനയുടെയും വൈവിധ്യവൽക്കരണത്തിന്റെയും സുന്ദരമാതൃക.

അകാലത്തിൽ വേർപിരിഞ്ഞ പിതാവിൽനിന്നു സംരംഭം ഏറ്റെടുത്ത ഷാജി കൃഷിയും ബിസിനസും ഭംഗിയായി ഇഴചേർക്കുക മാത്രമാണ് ചെയ്തത്. തലമുറകളുടെ മാറ്റം മത്സ്യക്കൃഷിയിലും പ്രതിഫലിച്ചപ്പോൾ നേട്ടം പല മടങ്ങായെന്നു മാത്രം. വിവിധ ഇനത്തിൽ പെട്ട ഇരുപതിനായിരത്തോളം മത്സ്യങ്ങൾ തന്റെ കുളത്തിലുണ്ടെന്ന് ഷാജി പറഞ്ഞു. സീസൺ അവസാനിക്കുന്നതിനാലാണ് മീനുകൾ ഇത്രയും കുറഞ്ഞത്.

ഇനി ഷാജിയുടെ ബിസിനസ് തന്ത്രത്തിന്റെ മികവ് പരിശോധിക്കാം. കുളത്തിൽനിന്നു പിടിക്കുന്ന മത്സ്യങ്ങൾ ഇലയിൽ പൊള്ളിച്ചുകൊടുക്കുമ്പോൾ 150 രൂപയാണ് ഈടാക്കുന്നത്. ശരാശരി 200 ഗ്രാം തൂക്കമുള്ള മീനിനാണ് ഈ വില. പച്ചമീനായി വിറ്റാൽ പരമാവധി 40 രൂപ കിട്ടുന്ന സ്ഥാനത്താണ് ഈ നേട്ടം. മറ്റു ചെലവുകൾ കൂടി പരിഗണിച്ചാലും നല്ല ആദായം ഉറപ്പ്. ചൂണ്ടയിടുന്നതിനും ഇവിടെ അവസരമുണ്ട്. പിടിക്കുന്ന മത്സ്യം മുഴുവനായി വാങ്ങണമെന്നു മാത്രം. ആകെ പിടിക്കുന്ന അ‍ഞ്ചു ടണ്ണോളം മത്സ്യങ്ങളിൽ മൂന്നു ടണ്ണും ഭക്ഷണമായി വിളമ്പുകയാണെന്നു പറയുമ്പോൾ ഷാജിയുടെ ലാഭം ഊഹിക്കാവുന്നതേയുള്ളൂ.‌

ഫോൺ– 9747619385