ഒരേസമയം മീനും പച്ചക്കറിയും കൃഷി; പരീക്ഷണ പദ്ധതി തുടങ്ങി

കരിങ്കൽചീളുകൾക്കിടയിൽ കൃഷിയുമായി ബാലകൃഷ്ണൻ പണിക്കർ

മണ്ണ് വേണ്ട, വളമിടേണ്ട! വളം നൽകാൻ മത്സ്യമുണ്ട്. ഇവിടെ കരിങ്കല്ലിന്റെ കൂട്ടത്തിനിടയിൽ പച്ചക്കറികൾ പടർന്നുപിടിക്കും ! മത്സ്യകർഷക വികസന ഏജൻസിയുടെ പ്രഥമസംരംഭമായ അക്വാകൾച്ചർ സംരംഭത്തിന് കാസർകോട് ചെറവത്തൂരിൽ തുടക്കമായി. കാടങ്കോട്ടെ സംസ്കൃത പണ്ഡിതനായ ബാലകൃഷ്ണൻ പണിക്കരുടെ വീട്ടുമുറ്റത്താണ് സംസ്ഥാനത്ത് ആദ്യമായി പദ്ധതി നടപ്പാക്കുന്നത്. ബാലകൃഷ്ണൻ പണിക്കരുടെ കാടങ്കോട്ടുള്ള വീട്ടുമുറ്റത്തെ ഒരു സെന്റ് സ്ഥലത്ത് നിർമിച്ച ഒന്നര മീറ്റർ ആഴമുള്ള കുളത്തിലാണു കൃഷി.

നാലായിരം ഗിഫ്റ്റ് കിലാപിയ മത്സ്യക്കുഞ്ഞുങ്ങളാണ് ഈ പ്രത്യേകമായി നിർമിച്ച കുളത്തിൽ വളരുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ട് മോട്ടോറുകളും ഉണ്ട്. കുളത്തിനു സമീപത്തു നാലു വലിയ കോൺക്രീറ്റ് ടാങ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിലാണ് കരിങ്കൽചീളുകൾ (ജില്ലി) കൂട്ടിയിട്ട് നിറച്ചു പച്ചക്കറി വിത്തുപാകിയത്. മത്സ്യക്കുഞ്ഞുങ്ങളുടെ വിസർജ്യങ്ങളടങ്ങിയ കുളത്തിലെ വെള്ളം പൈപ്പു വഴി പച്ചക്കറി വിത്തു പാകിയ ടാങ്കുകളിലേക്ക് ഒഴുക്കിവിടുന്നു. വെള്ളത്തിൽ അടങ്ങിയ അമോണിയയും മറ്റും ചെടികൾ വലിച്ചെടുക്കും.

ഇങ്ങനെ ശുദ്ധീകരിച്ച വെള്ളം മറ്റൊരു പൈപ്പ് വഴി കുളത്തിലേക്കു തന്നെ തിരിച്ചുവിടുന്നു. ഇത്തരത്തിൽ ഒരേ സമയം മത്സ്യവും പച്ചക്കറികളും കൃഷി ചെയ്യുന്ന രീതിയാണ് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയത്. ആറു മാസം വരെ കുളത്തിലെ വെള്ളം മാറ്റേണ്ടതില്ലെന്ന സൗകര്യമുണ്ട്. അഞ്ചു ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കു ചെലവഴിക്കുന്ന തുകയുടെ പകുതി സബ്സിഡി ലഭിക്കും.