റബറിനെ മറക്കാതെ, പുതു സംരംഭങ്ങളിലേക്ക്

ജോർജും ഭാര്യ ബിന്ദുവും ഡെയറി ഫാമിൽ

കാർഷികോൽപന്നങ്ങളുടെ വിലയിടിവിൽ തളരാനും തകരാനുമുള്ളതല്ല കർഷകന്റെ ജീവിതമെന്നു തെളിയിക്കുകയാണ് കണ്ണൂർ ജില്ലയിലെ ചെറുപുഴ പാടിച്ചാൽ പട്ടുവംറോഡ് തട്ടാപ്പറമ്പിൽ ജോർജ്. പാടിച്ചാൽ ദേശത്തിനു റബർകൃഷിയെ പരിചയപ്പെടുത്തുകയും റബർ കർഷകസംഘം രൂപീകരിക്കുകയും ദീർഘകാലം ഇതിന്റെ പ്രസിഡന്റായി പ്രവർത്തിക്കുകയും ചെയ്ത പരേതനായ തട്ടാപ്പറമ്പിൽ മാത്യുവിന്റെ മകനാണ് ജോർജ്. പിതാവിനു പിന്നാലെ 2002 മുതൽ 13 വർഷം ജോർജായിരുന്നു പ്രസിഡന്റ്. ഈരാറ്റുപേട്ടയിൽനിന്നു പേരാവൂരിലേക്കും അവിടെനിന്നു പാടിച്ചാലിലേക്കും കുടിയേറിയ കുടുംബത്തിന് ഇന്നും കൃഷിതന്നെ ജീവിതമാർഗം.

വിലയിടിവിലും നെഞ്ചോടു ചേർത്ത് റബർ കൃഷി

വിലയിടിവ് കനത്ത ആഘാതമാകുമ്പോഴും ജോർജ് റബറിനെ ഉപേക്ഷിച്ചില്ല. പ്രായപരിധി കവിഞ്ഞ ആയിരം റബർമരങ്ങൾ വെട്ടിമാറ്റി പകരം പുതിയ 300 തൈകൾ വച്ചുപിടിപ്പിച്ചു. വിലയിടിവിന്റെ നഷ്ടം നികത്താൻ മറ്റു വിളകളെ കൂട്ടുപിടിക്കുന്നതിന്റെ ഭാഗമായി മൂന്നു വർഷംകൊണ്ടു കായ്ക്കുന്ന മലേഷ്യൻ തെങ്ങിനത്തിന്റെ 200 തൈകളും നട്ടു. മൂന്നര ഏക്കർ തെങ്ങിൻതോപ്പിൽ കുരുമുളകു വച്ചുപിടിപ്പിക്കാനുള്ള പണി നടന്നുവരുന്നു. കർണാടകയിലെ പുത്തൂരിൽനിന്നു മംഗളയുടെ പുതിയ ഇനം 100 കമുകുതൈകൾ ഇറക്കിയിട്ടുണ്ട് നടാൻ. ഒരേക്കറിൽ 50 കശുമാവു തൈകൾ നടാനും പദ്ധതിയുണ്ട്.

പ്രധാന ജീവിതോപാധി പശുവളർത്തൽ

പൈതൃകമായിത്തന്നെ ജീവിതത്തിനു റബർകൃഷിയായിരുന്നു താങ്ങെങ്കിലും കഴിഞ്ഞ ഒന്നര വർഷമായി ജോർജിനു പശുവളർത്തലാണു പ്രധാന വരുമാനമാർഗം. ഒരു പശുവിൽ തുടങ്ങിയ ഡെയറിഫാം ഇപ്പോൾ 16 പശുക്കളായി വളർന്നു. ജഴ്സി, സിന്ധ‍ി, ഹോൾസ്റ്റീൻ ഫ്രീഷ്യൻ, സ്വിസ്ബ്രൗൺ തുടങ്ങിയ മുന്തിയ ഇനങ്ങൾ. എട്ടു കിടാക്കളുമുണ്ട്. 15 ലീറ്റർ പാലിലായിരുന്നു തുടക്കം. അത് 200 ലീറ്ററായി വർധിച്ചു. വരുമാനം പ്രതിമാസം അറുപതിനായിരത്തോളം രൂപ.

വായിക്കാം ഇ - കർഷകശ്രീ 

വീടിനോടു ചേർന്ന് ഒരുക്കിയ തൊഴുത്തിലാണ് ഫാനുൾപ്പെടെയുള്ള സൗകര്യങ്ങളോടെ പശുക്കളെ വളർത്തുന്നത്. ബയോഗ്യാസ് പ്ലാന്റുമുണ്ട്. പശുക്കളുടെ എണ്ണം വർധിച്ചതോടെ ഇവയു‌ടെ പരിപാലനം പ്രധാന തൊഴിലായി ജോർജിനും ഭാര്യ ബിന്ദുവിനും. ഒരൊറ്റ തൊഴിലാളിയുടെ പോലും സഹായമില്ലാതെ പുലർച്ചെ മൂന്നരയ്ക്കു തുടങ്ങും തൊഴുത്തു വൃത്തിയാക്കൽ. തുടർന്നു കറവ, തീറ്റകൊടുക്കൽ.

കാലിത്തീറ്റയ്ക്കു പുൽകൃഷി

ചന്ദ്രവയലിലെ രണ്ടര ഏക്കറിൽ പുൽകൃഷിയുണ്ട്. തൊഴുത്തിൽനിന്നു ദിവസവും കിട്ടുന്ന രണ്ടു ക്വിന്റലിലേറെ പച്ചച്ചാണകവും പുൽകൃഷിക്കു വളമാക്കുന്നു. ഒരു ചുവടിൽനിന്നു 15 കിലോ പുല്ലു കിട്ടും. ഒരേക്കറിൽ 3000 ചുവട്. വേനലിലെ മൂന്നുമാസത്തേക്കു മാത്രമാണു പുറമേനിന്നു പുല്ലു വാങ്ങേണ്ടിവരുന്നത്. ചോളപ്പൊടി, ഗോതമ്പുതവിട്, പരുത്തിപ്പിണ്ണാക്ക്, കമ്പനി കാലിത്തീറ്റ തുടങ്ങിയവയാണു പുല്ലിനു പുറമേ പശുക്കൾക്കു നൽകുന്നത്.

അനുഗ്രഹമായി ജലസമൃദ്ധി

പൈതൃകമായി കിട്ടിയ രണ്ടേക്കറിനു പുറമേ, വില കൊടുത്തു വാങ്ങിയ അഞ്ചേക്കർ ഉൾപ്പെടെ ഏഴ് ഏക്കറിലും കൃഷിയിറക്കി മികച്ച വിളവെടുക്കുകയാണ് ജീവിതസ്വപ്നം. വടക്കുകിഴക്കായി 100 മീറ്ററോളം ചെരിവുള്ള കൃഷിയിടത്തിലും പശുഫാമിനും ആവശ്യത്തിനു വെള്ളം നൽകാൻ രണ്ടു കുളങ്ങളുണ്ട്. ഇതിനു പുറമേ, ഒരു കുഴൽക്കിണറും.

കുവൈറ്റിനേക്കാൾ മധുരം കൃഷി

വയക്കര സ്കൂളിൽ എസ്എസ്എൽസി കഴിഞ്ഞു പ്രൈവറ്റായി പ്രീഡിഗ്രി പഠിച്ച ജോർജ് 2004ൽ കുവൈറ്റിൽ ജോലിതേടിപ്പോയി. പ്ലാസ്റ്റിക് കമ്പനിയിൽ മെഷീൻ ഓപ്പറേറ്ററായി ജോലി കിട്ടി. അഞ്ചു വർഷം അവിടെ തങ്ങി. നല്ല ശമ്പളം. എങ്കിലും കൃഷിയോടുള്ള താൽപര്യം നാട്ടിലേക്കു തന്നെ തിരിച്ചു വിളിക്കുകയായിരുന്നുവെന്നു ജോർജ്.

ഫോൺ: 9447685267