എ‌ന്റെ ഫാം അളിയന്റേതും

പത്തു സെന്റിൽ പലമടങ്ങ് ഉൽപാദനം

പത്തു സെന്റിൽ നിറയെ കുളങ്ങളും ടാങ്കുകളും. അവയിൽ നീന്തിനീങ്ങുന്ന തിലാപ്പിയകൾ. ടാങ്കുകളുടെയും കുളങ്ങളു‌ടെയും ഇരുവശങ്ങളിലുമായി മഴമറകളിൽ ഗ്രാവൽ നിറച്ച ബോക്സുകൾ. അവയ്ക്കുള്ളിൽ തഴച്ചുവളരുന്ന പച്ചക്കറിവിളകൾ നിറയെ പൂക്കളും കായ്കളുമായി പന്തലിൽ പടർന്നു കിടക്കുന്നു. മണ്ണില്ലാതെ, വളമിടാതെ, വെള്ളം കോരിയൊഴിക്കാതെ ഷിനോയി തോമസും അളിയൻ ജിബിനും കൂടി ഒരു പ്രോട്ടീൻ–വിറ്റമിൻ ഫാം സ്ഥാപിച്ചിരിക്കുകയാണ് നഗരത്തിലെ ഈ ഇത്തിരിവട്ടത്തിൽ. എന്റെ ഫാം, അളിയന്റേതും എന്നു പേരിട്ടിരിക്കുന്ന ഫാമിലെ കൃഷിരീതികൾ കണ്ടു മനസ്സിലാക്കി മീനും പച്ചക്കറികളും വാങ്ങാനാവും. വിദൂരദേശങ്ങളിൽ നിന്നെത്തുന്ന വിഷമയമായ പച്ചക്കറികളെ ഭയക്കുന്ന നഗരവാസികൾ അളിയന്മാരുടെ ഫാമിന് ഊഷ്മളസ്വീകരണം നൽകിയതിൽ അത്ഭുതമില്ല.

അക്വാപോണിക്സിനെക്കുറിച്ചു കേരളം കേട്ടുതുടങ്ങിയിട്ടു വർഷങ്ങളായി. എന്നാൽ പ്രദർശനത്തിനുള്ള ഒരു ആശയമെന്നതിനപ്പുറം മനുഷ്യജീവിതത്തിനു പ്രയോജനപ്പെടുന്ന സങ്കേതമായി ഇതു വളർത്തിയെടുക്കാൻ അധികമാർക്കും കഴിഞ്ഞിരുന്നില്ല. മീൻ വളരുന്ന ഒരു ടാങ്കും അതിലെ വെള്ളത്തിൽ വളരുന്ന ഏതാനും തൈകളും ചൂണ്ടിക്കാട്ടി ഹൈടെക് കൃഷിക്കാരാണെന്ന് അവകാശപ്പെട്ട ഒട്ടേറെപ്പേരുണ്ട്. എന്നാൽ എറണാകുളം വാഴക്കാലായിലെ ഈ അക്വാപോണിക്സ് യൂണിറ്റ് പ്രഥമദർശനത്തിൽ നിങ്ങളുടെ മനം കവരും, മിഴി വിടർത്തും. നാളെയുടെ നഗരക്കൃഷിയിൽ അക്വാപോണിക്സിനുള്ള പ്രസക്തിയും പ്രാധാന്യവും മനസ്സിലാക്കാൻ ഈ സംരംഭം മികച്ച ഉദാഹരണം.

വായിക്കാം ഇ-കർഷകശ്രീ

കൃഷിയെ സ്നേഹിക്കുന്ന ബെന്നിയുമായുള്ള കൂട്ടുകെട്ടാണ് വാണിജ്യാടിസ്ഥാനത്തിലുള്ള ഈ അക്വാപോണിക്സ് യൂണിറ്റിനു പിന്നിലെന്നു ഷിനോയി പറഞ്ഞു. ഈ ഫാമിനു പിന്നിലെ ആശയവും രൂപകൽപനയും ബെന്നിയുടേതാണ്. കോഴിവളർത്തലും അലങ്കാര മത്സ്യപ്രജനനവുമൊക്കെ ന‌ടത്തിവരുന്ന കോട്ടയം കാട്ടാമ്പാക്ക് ബെന്നി സ്കറിയ ഹൈഡ്രോപോണിക്സ് കൃഷിയിൽ പണ്ടേ തൽപരനായിരുന്നു. ഇന്റർനെറ്റിൽ പരതി നേടിയ അറിവുപയോഗിച്ച് അക്വേറിയം ടാങ്കിൽ ചില ഹൈഡ്രോപോണിക്സ് പരീക്ഷണങ്ങൾ നടത്തിവരുമ്പോഴാണ് സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) അക്വാപോണിക്സിൽ പരിശീലനവും പ്രോത്സാഹനവും നൽകുന്നതായറിഞ്ഞത്. എംപിഇഡിഎയുടെ പരിശീലനം നേടിയതോടെ ആത്മവിശ്വാസമായി. എങ്കിലും ക്ലാസിൽ പഠിപ്പിച്ച കാര്യങ്ങളിൽ സ്വന്തമായ ചില പരിഷ്കാരങ്ങൾ വരുത്തിയാണ് ഈ കൃഷിയിടം രൂപകൽപന ചെയ്തത്.

വാഴക്കാലായിലെ സ്ഥലം ജിബിനും അക്വാപോണിക്സ് സംരംഭം തുടങ്ങുന്നതിനുവേണ്ട സാമ്പത്തിക പിന്തുണ ഷിനോയിയും നൽകിയതോടെ ഫാമിനു പേരിട്ടു – എന്റെ ഫാം, അളിയന്റേതും. രണ്ടു ഫൈബർ ടാങ്കുകളുടെ ഇരുവശത്തും ഉയർന്നുനിൽക്കുന്ന ഗ്രാവൽ ബെഡുകളുള്ള ഈ അക്വാപോണിക്സ് സംവിധാനം രൂപകൽപന ചെയ്യാൻ അലങ്കാരമത്സ്യരംഗത്തെ പരിചയസമ്പത്ത് ബെന്നിയെ സഹായിച്ചിട്ടുണ്ടാവണം. ഫൈബർ ടാങ്കുകളിൽ മത്സ്യം വളർത്തുന്നതിനാൽ അഴിച്ചു മാറ്റി സ്ഥാപിക്കാമെന്നതാണ് ഈ മാതൃകയുടെ മെച്ചമെന്ന് ബെന്നി ചൂണ്ടിക്കാട്ടി. ഗ്രാവൽ ബെഡുകൾ ടാങ്കിനു മുകളിലാക്കിയത് സ്ഥാലപരിമിതി മറികടക്കാൻ വേണ്ടിയാണ്.

ബെന്നിയും ഷിനോയിയും

കഴിഞ്ഞവർഷം 2000 മീൻകുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഉൽപാദനം തുടങ്ങിയ ഈ ഫാമിൽ അഞ്ചാം മാസം വിളവെടുപ്പ് ആരംഭിച്ചു. അപ്പോഴേക്കും തിലാപ്പിയ കുഞ്ഞുങ്ങൾ 250–300 ഗ്രാം തൂക്കം വച്ചിരുന്നു. രണ്ടു ടാങ്കുകളിലായി ആകെ 2000 തിലാപ്പിയയാണ് നിക്ഷേപിച്ചത്. അവയിൽ 1750 മീനും വിളവെടുക്കാൻ കഴിഞ്ഞെന്നു ഷിനോയി പറഞ്ഞു. ആകെ 400 കിലോ മീൻ കിട്ടി. കിലോയ്ക്ക് 250 രൂപ നിരക്കിൽ വിറ്റപ്പോൾ കിട്ടിയത് 100000 രൂപ. മീൻ വിളവെടുക്കാറായപ്പോഴേക്കും പച്ചക്കറിയുടെ മൂന്നു വിളവെടുപ്പ് കഴിഞ്ഞിരുന്നു. മണ്ണിൽ വയ്ക്കുന്നതിലും മികച്ച വിളവാണ് വളമിടാത്ത അക്വാപോണിക്സിൽ വെണ്ടയ്ക്കും പാവലിനും പടവലത്തിനും ചീരയ്ക്കും ലെറ്റ്യൂസിനുമൊക്കെ കിട്ടിയത്. ഒന്നിടവിട്ട ദിവസങ്ങളിൽ രണ്ടു ബെഡിൽ നിന്നായി നാലു കിലോ വെണ്ടയ്ക്ക വരെ കിട്ടിയിരുന്നു. ഇലവർഗത്തിൽപെട്ട പച്ചക്കറികൾക്ക് അക്വാപോ‌ണിക്സ് തികച്ചും യോജ്യമാണെന്നു ഷിനോയി ചൂണ്ടിക്കാട്ടി. വിഷമയമില്ലാത്ത മീനും പച്ചക്കറിയും വാങ്ങാൻ അയൽവാസികളും കേട്ടറിഞ്ഞെത്തിയവരും ക്യൂ നിന്നു. ഫാമിനു നടുവിലെ ജൈവവില്പനശാലയിൽ പച്ചക്കറി മാത്രമല്ല ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയമായ ജൈവബ്രാൻഡുകളും നാടൻ ഉൽപന്നങ്ങളുമൊക്കെ ലഭ്യമാണ്. കൂടാതെ പത്തു സെൻറിന്റെ ഒരു മൂലയിൽ ടാങ്കുകൾക്ക് മീതേ ഉയർത്തി സ്ഥാപിച്ചിരിക്കുന്ന കോട്ടജും ആകർഷകം. ആവശ്യക്കാർക്ക് വാടകയ്ക്ക് നല്കാൻ നിർമിച്ച ഈ കോട്ടജ് തൽക്കാലം ആർക്കും നൽകുന്നില്ല. ആദ്യ വിളവെടുപ്പ് ഏറെക്കുറെ പൂർത്തിയായപ്പോൾ വീണ്ടും മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കുഴിയായി കിടന്നിരുന്ന സ്ഥലം നിരപ്പാക്കി അക്വാപോണിക്സ് യൂണിറ്റും ജൈവവിൽപനശാലയും കോട്ടജും തീർക്കുന്നതിനു ഒമ്പതുലക്ഷം രൂപ മുടക്കേണ്ടി വന്നു. ഈ തുകയ്ക്ക് അനുപാതികമായ വരുമാനം നേടാമെന്ന കാര്യത്തിൽ അളിയന്മാർക്ക് ആത്മവിശ്വാസമുണ്ട്.

പുതുതായി രണ്ടു പടുതക്കുളം കൂടി നിർമിച്ച് ഇപ്പോൾ ഫാം വിപുലമാക്കിയിരിക്കുകയാണ്. ഇത്ര വിപുലമായ മറ്റൊരു അക്വാപോണിക്സ് സംരംഭം സംസ്ഥാനത്തു ചുരുക്കമായിരിക്കും. സ്വന്തമായി അക്വാപോണിക്സ് യൂണിറ്റുണ്ടെങ്കിൽ വീട്ടിൽ ഫ്രിഡ്ജ് വേണ്ടെന്ന കാര്യം തിരിച്ചറിയുന്ന വീട്ടമ്മമാർക്ക് മിനി അക്വാപോണിക്സ് യൂണിറ്റുകൾ നിർമിച്ചു നൽകാനും ഇവർ തയാർ.

ഫോൺ – 9961226738