കഞ്ഞിക്കുഴി വനിത സെൽഫി

ബാങ്കിനു മുന്നിലെ റോഡരികിൽ മുട്ടവിൽപന

ഒരു സംരംഭത്തിനിറങ്ങും മുൻപേ, ‌ഉല്‍പന്നത്തിനു വിപണി കണ്ടുവയ്ക്കണമെന്ന പാഠം മുട്ടയുൽപാദനത്തിനും ബാധകമെന്നു കഞ്ഞിക്കുഴി പഠിപ്പിക്കുന്നു. ആലപ്പുഴയിലെ കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിന്റെ മുട്ടഗ്രാമം പദ്ധതി ഏതായാലും പൊട്ടി, പൊട്ടിയില്ല എന്ന മട്ടിൽ രക്ഷപ്പെട്ടു. ഒട്ടേറെ കാർഷിക പരീക്ഷണങ്ങൾ വിജയിപ്പിച്ച കഞ്ഞിക്കുഴിയിലെ സംരംഭകരുടെ സ്ഥിരോൽ‌സാഹവും സർക്കാരിന്റെ സത്വര പിന്തുണയുമാണ് പദ്ധതിയെ രക്ഷിച്ചതെന്നു ബാങ്ക് പ്രസിഡന്റ് എം. സന്തോഷ്കുമാർ.

അഞ്ചു സ്ത്രീകൾ വീതം ഉൾപ്പെടുന്ന 27 ഗ്രൂപ്പുകളായിരുന്നു ഗുണഭോക്താക്കൾ. ഓരോ അംഗത്തിനും 29,000 രൂപ വീതം ഒരു ഗ്രൂപ്പിന് 1,45,000 രൂപ ബാങ്ക് വായ്പ നൽകി. ഒരാൾക്ക് 50 കോഴികൾ. ദിവസം ശരാശരി 40 മുട്ട. ഒന്നിന് അഞ്ചു രൂപ ഉറപ്പ്. അതായത്, ഒരാൾക്ക് ദിവസം 200 രൂപ വരുമാനം. മാസം ശരാശരി 6000 രൂപ. വായ്പ തിരിച്ചടവ് മാസം 120 രൂപ മാത്രം.

പക്ഷേ, കോഴികൾ മുട്ടയിട്ടു തുടങ്ങിയതോടെ കണക്കുകൂട്ടലുകൾ തെറ്റി. ‘ഠ’ വട്ടം സ്ഥലത്തു ദിനംപ്രതി 5400 മുട്ടകൾ. വീട്ടിലും സ്വന്താവശ്യത്തിനു മുട്ടയുള്ളപ്പോൾ അധികം വരുന്നത് ആരു വാങ്ങാൻ. കൂനിന്മേൽ കുരുവെന്നപോലെ തമിഴ്നാടൻ ലോബി തങ്ങളുടെ മുട്ടയ്ക്കു വില വെറും മൂന്നര രൂപയായി കുറയ്ക്കുകയും ചെയ്തു.

ഒടുവിൽ ബാങ്ക് തന്നെ മുട്ട വിൽ‌ക്കാനിറങ്ങി, ഹൈവേയിൽ കൗണ്ടറിട്ടു. പത്രമാധ്യമങ്ങൾ നല്ല പ്രചാരം നൽകിയപ്പോൾ വില്‍പന തകൃതി. മൃഗസംരക്ഷണ മന്ത്രി ഇടപെട്ടതോടെ വകുപ്പും സഹായത്തിനെത്തി. എങ്കിലും ഒരു സ്ഥിരം വിപണന സംവിധാനം ഒരുക്കുകയാണ് ബാങ്ക്. കഞ്ഞിക്കുഴി വനിത സെൽഫി എന്ന തനതു ബ്രാൻഡിൽ ദിവസവും അഞ്ഞൂറു മുട്ട വിപണിയിലിറക്കുന്നു.

ഫോൺ: (എം. സന്തോഷ്കുമാർ): 9447463668