കാലമായി! കളമേറ് പൊന്നേ, പൂവേ!

തുമ്പ

പടിവാതിൽക്കൽ എത്തിനിൽക്കുന്നു ചിങ്ങം. പൂക്കളങ്ങളാകാൻ പ്രകൃതി ഒരുങ്ങി. പാടത്തും പറമ്പിലും നടന്നാൽ കാണാം ശ്രാവണസൗന്ദര്യത്തിലേക്കുള്ള ചെടികളുടെ ഒരുക്കം.

തുമ്പയില്ലാതെ പൂക്കളം ഒരുക്കരുത്. മുറ്റത്ത് വൃത്താകൃതിയിൽ ചെത്തിമിനുക്കിയ സ്ഥലത്ത് ചാണകം മെഴുകി ആദ്യം ഒരു തുളസിയില വയ്ക്കുക. ഇതിനു മുകളിൽ തുമ്പപ്പൂവ്. അത്തം, ചിത്തിര ദിനങ്ങളിൽ തുമ്പയും തുളസിയും മാത്രം മതി. നിറമുള്ള പൂക്കൾ ചോതി മുതൽ.

ഓണപ്പൂക്കളത്തിലെ തുമ്പ മുതലുള്ള എട്ടു പൂക്കളുടെ കഥ ഇങ്ങനെ.

തുമ്പ

ആദ്യത്തെ രണ്ടോ മൂന്നോ നാളുകളിൽ തുമ്പയും തുളസിയും ചേർത്ത പൂക്കളം. ഓണത്തപ്പനെ അലങ്കരിക്കുന്നതിന് തുമ്പക്കുടവും തിരുവോണ നാളിൽ പൂവട നിവേദിക്കുന്നതിന് തുമ്പപ്പൂവും നിർബന്ധമാണ്. തൊതുമ്പ ഇപ്പോൾ നാട്ടിൻപുറങ്ങളിൽ പോലും അപൂർവമാണ്.

മന്ദാരം

മന്ദാരം

സുന്ദരിയാണ് മന്ദാരം. വെള്ള, മഞ്ഞ, ചുവപ്പ് നിറങ്ങളിലുണ്ട്. മന്ദാരപ്പൂവ് കൂടി ചേർത്തേ പൂക്കളമൊരുക്കാവൂ.

തുളസി

തുളസി

തുമ്പ തുടക്കമെങ്കിൽ തുളസി വിശുദ്ധിയുടെ പര്യായമാണ്. തുളസിപ്പൂവ് എന്നാണ് പറയുന്നതെങ്കിലും തുളസിച്ചെടിയുടെ പൂവിന് പ്രാധാന്യം കുറവാണ്. ഇലയിലാണ് കാര്യം.

കദളി

കദളി

കദളിപ്പൂവ് ഇപ്പോൾ അപൂർവമാണ്. കൂട്ടമായി കാണപ്പെടുന്ന ഈ പൂക്കളുടെ നിറം വയലറ്റും റോസും കലർന്നതാണ്.

ചെമ്പരത്തി

ചെമ്പരത്തി

പൂക്കളത്തിലേക്ക് ചെമ്പരത്തി എത്തണമെങ്കിൽ ചോതി വരെ കാത്തിരിക്കണം. ചുവപ്പ് നിറത്തിൽ പൂക്കളമാകെ നിറയുന്ന ചെമ്പരത്തിപ്പൂവിന് വേറിട്ടൊരു സൗന്ദര്യമാണ്. ഈർക്കിലിൽ ചെമ്പരത്തിപ്പൂക്കൾ കോർത്ത് പൂക്കളത്തിന് കുടയൊരുക്കാം.

കൊങ്ങിണിപ്പൂവ്

കൊങ്ങിണിപ്പൂവ്

പല നാട്ടിലും പല പേര്. കൊങ്ങിണിപ്പൂവ്, കിങ്ങിണിപ്പൂവ്, ഒടിച്ചുകുത്തി എന്നിങ്ങനെ. നിര നിരയായി പുക്കളമൊരുക്കാൻ കൊങ്ങിണി കൂടിയേ തീരു. മറ്റു പൂക്കളിൽ നിന്ന് വ്യത്യസ്തമായൊരു ഗന്ധമാണ്.

ചെത്തി

ചെത്തി

നാട്ടുചെത്തി, കാട്ടുചെത്തി, അശോക ചെത്തി എന്നിങ്ങനെ വിവിധ വിഭാഗങ്ങളുണ്ട്. പൂക്കളത്തിൽ നിറവൈവിധ്യത്തിന് ചെത്തിപ്പൂവ് വേണം. ചുവപ്പിന് പുറമെ മഞ്ഞ, വെള്ള നിറങ്ങളിലും ചെത്തിപ്പൂവുണ്ട്.

കൃഷ്ണകിരീടം

കൃഷ്ണകിരീടം

നാട്ടിൻപുറങ്ങളിൽ പെരികിലത്തിൻ പൂവ് എന്നറിയപ്പെടും. കിരീടം പോലെയാണ് പൂങ്കുല. ചുവപ്പ്, ഓറഞ്ച് കലർ‍ന്ന ഇളംചുവപ്പ് നിറങ്ങളിൽ പൂത്തു നിൽക്കും. ഓണക്കാലം അരികിലെത്തുമ്പോഴാണ് ചെടിയിൽ പൂക്കളുണ്ടാകുന്നത്. പൂക്കളത്തിന് നടുവിൽ കുത്തി നിർത്തിയാൽ ഭംഗിയേറും.

തയാറാക്കിയത്: ഉണ്ണി നമ്പൂതിരി