Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരുമപ്പക്ഷികളുടെ ആരോഗ്യരക്ഷ

pets-1

അരുമപ്പക്ഷികളെ ആദായത്തിനും മാനസികോല്ലാസത്തിനും വിനോദത്തിനും വീടുകൾക്ക് അലങ്കാരമായും വളർത്തുന്നവരുടെ എണ്ണം കൂടിവരുന്നു.  തത്തകൾ, ബഡ്ജറിഗറുകൾ, ഫിഞ്ചുകൾ, ലൗബേർഡ്‌സ്, കൊക്കറ്റീലുകൾ, ലോറികീറ്റുകൾ, കാനറികൾ, പ്രാവുകൾ തുടങ്ങി  അലങ്കാരക്കോഴികൾ വരെയടങ്ങുന്ന വിശാലമായ ലോകമാണ്  അരുമപ്പക്ഷികളുടേത്. ഏറെ പണം മുടക്കി വാങ്ങുകയും പരിപാലിക്കുകയും ചെയ്യുന്ന  ഓമനപ്പക്ഷികളുടെ ആരോഗ്യസംരക്ഷണം അതിപ്രധാനമാണ്. എന്നാലിത്  കൂടിന്റെയും പരിസരത്തിന്റെയും ശുചിത്വം, ഭക്ഷണം , ജനിതക ഘടന എന്നിങ്ങനെ പല ഘടകങ്ങളുമായി  ബന്ധപ്പെട്ടു കിടക്കുന്നു.  വൈറസുകൾ, ഫംഗസുകൾ , ബാക്ടീരിയകൾ, പ്രോട്ടോസോവകൾ, ബാഹ്യ ആന്തര പരാദങ്ങൾ എന്നിങ്ങനെ രോഗകാരികളുടെ വലിയ നിര തന്നെ പക്ഷികളുടെ ആരോഗ്യത്തിന് ഭീഷണി ഉയർത്തുന്നുണ്ട്.

വൈറസ് രോഗങ്ങളും പ്രതിരോധവും  

തൂവൽ കൊക്ക്  രോഗം  (Psittacine beak and feather diseases / PBFD ): തത്തവർഗത്തിലെ പക്ഷികളെ ബാധിക്കുന്ന പ്രധാന വൈറസ് രോഗമാണിത്. സിർക്കോ വൈറസാണ് രോഗകാരി. തൂവൽനാളികളെയും, കൊക്കിലെയും കാൽവിരലുകളിലെയും കോശങ്ങളെയും ബാധിക്കുന്ന വൈറസ് തുടർച്ചയായ തൂവൽകൊഴിയലിനും കൊക്കിന്റെയും നഖങ്ങളുടെയും  ശോഷണത്തിനും  കാരണമാകുന്നു. തൂവലുകളുടെ വളർച്ച മുരടിപ്പിക്കുന്ന വൈറസ്, പക്ഷികളുടെ സ്വാഭാവിക പ്രതിരോധശേഷിയെ  തകരാറിലാക്കുകയും ചെയ്യുന്നു.  വൈറസ് രോഗമായതുകൊണ്ട്  ഫലപ്രദമായ ചികിത്സയില്ല.  പുതുതായി കൊണ്ടുവരുന്ന പക്ഷികളെ രണ്ടാഴ്ചവരെ പ്രത്യേകം  മാറ്റിപ്പാർപ്പിക്കൽ, കൂടുകളിൽ അണുനാശിനിപ്രയോഗം, സൂര്യപ്രകാശം കൊള്ളിക്കൽ, രോഗം ബാധിച്ചവയെ മാറ്റിപ്പാർപ്പിച്ച്   ആന്റിബയോട്ടിക്കുകൾ, കരൾ  ഉത്തേജന മരുന്നുകൾ എന്നിവ നൽകൽ എന്നിവയിലൂടെ  ഈ രോഗത്തെ ഒരു പരിധിവരെ തടയാം.

pet-2

വസന്ത രോഗം ( New castle disease / Para–myxo viral infection ):

കോഴികളെയും താറാവുകളെയും മാത്രമല്ല,  ഓമനപ്പക്ഷികളെയും ബാധിക്കുന്ന മാരക രോഗങ്ങളിലൊന്നാണ് വസന്ത അഥവാ ന്യൂ കാസ്റ്റിൽ ഡിസീസ്. വിവിധ തരം പാരാമിക്സോ  വൈറസുകളാണ്  രോഗം പരത്തുന്നത്. വിറ്റമിനുകളുടെ കുറവ്, മലേറിയ രോഗം എന്നിവയിൽനിന്ന്  ഈ രോഗത്തെ വേർതിരിച്ചു മനസ്സിലാക്കേണ്ടതുണ്ട്. രോഗം ബാധിച്ച പക്ഷികളുടെ കാഷ്ഠം,  മറ്റു ശരീരസ്രവങ്ങൾ എന്നിവയുടെ നേരിട്ടോ അല്ലാതെയോ ഉള്ള സമ്പർക്കമാണ് രോഗപ്പകർച്ചയുടെ കാരണം. കോഴികളിൽനിന്നും ലൗബേർഡ്സിലേക്കും  പ്രാവുകളിലേക്കുമൊക്കെ ഈ രോഗം പകരാനിടയുണ്ട്. കേരളത്തിൽ അലങ്കാരക്കോഴികളിലും പ്രാവുകളിലും ലൗ ബേർഡുകളിലും ഈ രോഗം സാധാരണമാണ്. 

വൈറസ് ബാധയേറ്റു മൂന്നാം  ദിവസം മുതൽ മൂന്നാഴ്ചയ്ക്കുള്ളിൽ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. ധാരാളം വെള്ളം കുടിക്കുമെങ്കിലും തീറ്റ മടുപ്പ്, മെലിച്ചിൽ, പച്ചനിറത്തിൽ ധാരാളം ജലാംശം കലർന്ന കാഷ്ഠം എന്നിവയെല്ലാം പ്രാരംഭ ലക്ഷണങ്ങളാണ്. തുടർന്ന് കാലുകളുടെ തളർച്ച, തലതിരിച്ചിൽ, കറക്കം, പിറകോട്ടു തുടർച്ചയായ നടത്തം, ശ്വാസതടസ്സം, തൂങ്ങിയുള്ള നിൽപ്പ് തുടങ്ങിയ ലക്ഷണങ്ങളും കാണിച്ചു തുടങ്ങും. പ്രാവുകളിലെ  തലതിരിച്ചിലും തല വെട്ടിക്കലും കറക്കവും ഇതിന്റെ മുഖ്യ ലക്ഷണങ്ങളാണ്. വേനൽക്കാലത്ത് ഈ രോഗം വരാനും പകരാനും   സാധ്യതയേറും. 

വൈറസ് രോഗമായതുകൊണ്ടുതന്നെ വാക്സിനേഷനാണ്  ഫലപ്രദമായ രോഗ പ്രതിരോധ മാർഗം. കോഴിവസന്തയ്ക്കെതിരായ  വാക്സിനുകൾ വിപണിയിൽ സുലഭമാണെങ്കിലും മറ്റ് അരുമപ്പക്ഷികളില്‍  വസന്തരോഗത്തിനെതിരായ വാക്സിന്‍   അത്ര സുലഭമല്ല. എങ്കിലും ആവശ്യപ്രകാരം അന്യസംസ്ഥാനങ്ങളിൽനിന്നും മറ്റും ലഭ്യമാകും. കോഴികളിൽ ഉപയോഗിക്കുന്ന F/ലസോട്ട വാക്സിനുകൾ രണ്ടു മാസത്തിലൊരിക്കൽ പ്രാവുകളടക്കമുള്ള പക്ഷികൾക്കു നൽകുന്നത് ഫലപ്രദമാണെന്നു പഠനങ്ങളുണ്ട്. വാക്സിനേഷനു ശേഷം മൂന്നുമുതൽ നാലാഴ്ചയ്ക്കുള്ളിൽ പക്ഷികൾക്ക് രോഗത്തിനെതിരായ പ്രതിരോധശേഷി കൈവരും. പക്ഷികളുടെ സ്വാഭാവിക പ്രതിരോധശക്തി വർധിപ്പിക്കാൻ ലിവർ ടോണിക്കുകൾ, മൾട്ടി വിറ്റമിൻ മരുന്നുകൾ എന്നിവയും നൽകാം.

വസൂരി രോഗം (Pox disease):

കോഴികളിൽ വസൂരിയുണ്ടാക്കുന്ന വൈറസുകൾ തന്നെയാണ് മറ്റു പക്ഷികളിലും വസൂരിക്ക് കാരണമാവുന്നത്. ഒരു തരം  കൊഴുത്ത ദ്രാവകം നിറഞ്ഞു കൊക്കിനു മുകളിലും, കണ്ണിനു ചുറ്റും, കാലുകളിലും കാണപ്പെടുന്ന കുമിളകൾ പിന്നീടു പൊട്ടി അരിമ്പാറപോലെ ഉറച്ചതായിത്തീരുന്നതാണ് വസൂരി രോഗം. തൊലിപ്പുറത്തു കാണപ്പെടുന്ന വസൂരി രോഗം ( Cutaneous form of pox) അത്ര മാരകമല്ലെങ്കിലും, ശരീരത്തിന്റെ ഉള്ളിൽ പിടിപെടുന്ന  വസൂരിയുടെ രൂപമായ, ഡിഫ്തീരിറ്റിക് രൂപം അതീവ ഗുരുതരമാണ്. രൂക്ഷ ഗന്ധത്തോടുകൂടി വായിലും ദഹനവ്യൂഹത്തിലും  രൂപപ്പെടുന്ന കുമിളകൾ കാരണം ഭക്ഷണം  എടുക്കാൻ കഴിയാതെ പെട്ടെന്നു ചത്തുപോകുന്നു.  ശരീരത്തിന് പുറത്തു രോഗം ബാധിച്ചഭാഗം നേർപ്പിച്ച അയഡിൻ ലായനി ഉപയോഗിച്ചു തുടച്ച് ബോറിക് ആസിഡ്, സിങ്ക് ഓക്‌സൈഡ് എന്നിവ തുല്യാനുപാതത്തിൽ പച്ചമഞ്ഞളിൽ ചാലിച്ചുപുരട്ടുന്നത് ഫലപ്രദമാണ്. അസൈക്ലോവിർ പോലുള്ള ആന്റി വൈറൽ മരുന്നുകൾ, മറ്റ് ആന്റി ബയോട്ടിക്കുകൾ എന്നിവയും ഉപയോഗിക്കാം. ഈ രോഗത്തിനെതിരെയുള്ള  വാക്സിനുകൾ ലഭ്യമാണ്.

വിലാസം: വെറ്ററിനറി സര്‍ജന്‍,

വെറ്ററിനറി പോളി ക്ലിനിക്, ഇരിട്ടി, 

കണ്ണൂർ. ഫോണ്‍: 9495187522