Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദ്വയാർത്ഥം എന്ന ഗ്രാഫിക്സ് കഥയിലുള്ളത് 

അമൽ പിരപ്പൻകോട് എന്ന വ്യക്തിയെ എങ്ങനെയാണ് അടയാളപ്പെടുത്തേണ്ടത്? ചിത്രകാരൻ എന്നോ എഴുത്തുകാരൻ എന്നോ? രണ്ടു ഗുണങ്ങളും വ്യത്യസ്തമായി കാണപ്പെടുകയല്ലാത്തതു കൊണ്ട് ചിത്രകാരനായ എഴുത്തുകാരൻ എന്ന് അമലിനെ കുറിച്ച് പറയുന്നതാണ് ശരിയെന്നു തോന്നുന്നു. മലയാള സാഹിത്യലോകം ഏറെ മാറ്റങ്ങൾക്കു കീഴടങ്ങിക്കൊണ്ടിരിക്കുകയാണ്. ആധുനികതയും ഉത്തരാധുനികതയും ഒക്കെ ഇപ്പോഴും നിലനിൽക്കുമ്പോഴും വായനയുടെ വ്യത്യസ്തമായ അനുഭവ തലങ്ങളിലൂടെ പല എഴുത്തുകാരും സഞ്ചരിച്ചു തുടങ്ങിയിട്ടുണ്ട്. അതിൽ ഏറ്റവും പുതുമയായി കണ്ടെത്താവുന്ന ഒന്ന് എഴുത്തിൽ വരപ്പെട്ട ചിത്രങ്ങളാണ്. ഗ്രാഫിക്സ് കഥകൾ, ഗ്രാഫിക്സ് നോവലുകൾ എന്നൊക്കെ പറയാവുന്ന ആധുനിക തലത്തിലേയ്ക്ക് മലയാള സാഹിത്യം വളർന്നു തുടങ്ങുന്നു എന്നത് അഭിമാനിക്കേണ്ട കാര്യവുമാണല്ലോ. അച്ചടിയ്ക്കപ്പെടുന്ന പുസ്തകങ്ങളിൽ ചിത്രങ്ങളുണ്ടാവുക എന്നത് പെട്ടെന്ന് തുടങ്ങിയ ഒരു ഏർപ്പാടല്ല. കഥയോ കവിതയോ നോവലോ എന്തുമാകട്ടെ, അതിലൊക്കെ പ്രശസ്തനോ അപ്രശസ്തനോ അല്ലെങ്കിൽ പടം വരയ്ക്കാൻ അറിയുന്നവരാണെങ്കിൽ സ്വയം തന്നെയോ എഴുത്തിനു ചിത്രങ്ങൾ കൊടുക്കുന്ന രീതി നേരത്തേയുണ്ട്. വായനയോടൊപ്പം കാഴ്ചയുടെ പ്രസക്തിയും ഇവിടെ ആസ്വദിക്കപ്പെടുന്നു. ചിലപ്പോൾ വായനയിൽ എഴുത്തുകാരൻ ഉദ്ദേശിക്കുന്നതിനെ വളരെ വ്യക്തമായി ചിത്രങ്ങൾ പ്രതിനിധാനം ചെയ്യുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള എഴുത്തുകാരിൽ അമൽ എന്ന നോവലിസ്റ്റ് ഏറെ മുൻപേ സഞ്ചരിക്കുന്നു. 

ഗ്രാഫിക്സ് നോവലും ഗ്രാഫിക് കഥയും അമൽ നിരവധിയെഴുതിയിട്ടുണ്ട്. അതിൽ പൂർണമായും ദൃശ്യവത്കരിക്കപ്പെട്ട ലോക മാധ്യമമായ സിനിമയ്ക്ക് വേണ്ടി എഴുതപ്പെട്ട അല്ലെങ്കിൽ വരയ്ക്കപ്പെട്ട ഒരു കഥയാണ് ദ്വയാർത്ഥം. അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ബുക്ക് വാലാ പ്രസാധകർ പുറത്തിറക്കിയ സിനിമാ സ്വഭാവമുള്ള നാല് പുസ്തകങ്ങളിൽ ഒന്നാണ് അമലിന്റെ ദ്വയാർത്ഥം എന്നു ആമുഖക്കുറിപ്പിൽ പ്രസാധകർ പറയുന്നുണ്ട്. പുസ്തകം സമർപ്പിച്ചിരിക്കുന്നതും സിനിമയ്ക്ക് വേണ്ടിയാണ്. 

അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലും അതുമായി ബന്ധപ്പെട്ട കാഴ്ചകളുമാണ് ദ്വയാർത്ഥം എന്ന ഗ്രാഫിക്സ് കഥയിലുള്ളത്. കൊച്ചി പഴേ കൊച്ചിയല്ലടോ അതൊരു യൂറോപ്പ്യൻ രാജ്യമാണ്... കഥയിലെ കഥാപാത്രങ്ങൾ നാഗരികർ അല്ലെങ്കിൽ പോലും നഗരത്തിലെ വാർത്തകളെ വ്യക്തമായി കാണുന്നവരും വിഷയങ്ങളിൽ സ്വന്തം അഭിപ്രായങ്ങളുള്ളവരുമാകുന്നു. ചുംബനം സമരം പോലെയുള്ള പോരാട്ടങ്ങളെ കുറിച്ച് സംസാരിക്കാൻ പോലും അല്ലെങ്കിൽ അനുകൂലിയ്ക്കാൻ പോലും മടിയില്ലാത്ത ഒരു സമൂഹമാണ് അമലിന്റെ കഥയിലുള്ളത്. എങ്കിലും ഇന്നത്തെ സോകോൾഡ് സദാചാര നാട്ടിന്പുറത്തുകാരുടെ ചങ്കിടിച്ചു തകർക്കുന്ന പോലുള്ള ഒരു ചോദ്യം കഥയിൽ തനി നാട്ടിന്പുറത്തുകാരനായ ഒരാൾ ചോദിക്കുന്നുണ്ട്, സ്വന്തം ഭാര്യയോട്, "നമ്മള് അവസാനം ചുംബിച്ചത് എന്നാണ് എന്ന് ഓർമ്മയുണ്ടോ നിനക്ക്" എന്ന ചോദ്യം പലരുടെയും മുഖത്തടിയേറ്റ പോലെ തോന്നിപ്പിക്കും. സദാചാരവാദികളും അല്ലാത്തവരും ഒരേ തൂവല്പക്ഷികളാകുന്നുവോ..

സമകാലികമായ വിഷയങ്ങളിൽ എഴുത്തു മാത്രമല്ല അക്ഷരങ്ങൾക്കും വരയ്ക്കും തുല്യപ്രാധാന്യം നൽകി അവതരിപ്പിക്കാം എന്ന കണ്ടെത്തലാണ് ഗ്രാഫിക്സ് ബുക്കുകൾ നൽകുന്നത്. പലപ്പോഴും ഒരു ജനതയുടെ സംസ്കാരവും രീതികളുമൊക്കെ അവർ അടയാളപ്പെടുത്തി വച്ച ഇത്തിരി ചിത്രങ്ങളിലൂടെയാണ് പുതിയ മനുഷ്യൻ അറിഞ്ഞിട്ടുള്ളത്, അജന്ത ഗുഹകളിലെയൊക്കെ ചിത്രങ്ങൾ സാക്ഷി. അതുകൊണ്ടു ഏറ്റവും പുരാതനമായിരുന്ന ഒരു കലാമാധ്യമത്തെ ഏറ്റവും പുതിയതായി അവതരിപ്പിക്കുന്ന ഗ്രാഫിക്സ് ശൈലി മലയാളത്തിലും മുന്നോട്ടു വരുന്നതിന്റെ തുടക്കം തന്നെയാണ് അമൽ ഉൾപ്പെടെയുള്ളവർ നടത്തുന്നത്. 

എഴുത്തിന്റെ നൈപുണ്യവും വരയുടെ ചാരുതയും ഒരേപോലെ നിൽക്കേണ്ട ഇടമാണ് ഗ്രാഫിക്സ് പുസ്തകങ്ങൾ. ദ്വയാർത്ഥം എന്ന കഥാ പുസ്തകം ഒരു ചെറിയ കോഫി ടേബിൾ പുസ്തകം പോലെ വായനക്കാരെ കൊതിപ്പിക്കും. പ്രത്യേകിച്ച് സമകാലീക വിഷയങ്ങളെ ഏറെ ശ്രദ്ധയോടെ കാണുകയും പ്രതികരിക്കുകയും ചെയ്യുന്നവർക്ക്. നഗരങ്ങളെയും ഗ്രാമങ്ങളെയും കൂട്ടിയിണക്കുന്ന ചില തന്തുക്കൾ പടർന്നു കിടക്കുന്ന ദ്വയാർത്ഥം ഒരു സിനിമാ കഥ പോലെ കണ്ടും വായിച്ചും പോകാവുന്നതുമാണ്. കൊച്ചിയിൽ നടന്ന ചുംബന സമരമാണ് കഥാപശ്ചാത്തലമെന്നു പറയാമെങ്കിലും അതിലൂടെ കിംകിഡൂക്കും ഫെസ്റ്റിവൽ സിനിമകളുടെ ലോകവും തലസ്ഥാനത്തെ സെക്രട്ടേറിയറ്റ് വളപ്പിലെ ആരും കാണാത്ത സമരങ്ങളും ഒക്കെ കടന്നു വരുന്നുണ്ട്. കാണുവാൻ കണ്ണുണ്ടായാൽ പോരാ കാണണം എന്ന വാക്യങ്ങൾ ദ്വയാർത്ഥത്തെ കുറിച്ച് പറയാമെന്നു തോന്നുന്നു. മലയാള സാഹിത്യം പുതുമയുടെ വഴിയിൽ ടക്കുമ്പോൾ എത്ര അകറ്റി നിർത്തിയാലും ഇത്തരം പുതുമകൾക്കു കടന്നു വന്നേ മതിയാകൂ എന്നോർമ്മിപ്പിക്കുന്നു അമലിന്റെ എഴുത്തുകൾ. ഇപ്പോൾ നിരവധി പഴയ കൃതികൾക്ക് പോലും ഗ്രാഫിക്സ് മൊഴിമാറ്റങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഇതൊരു ശുഭ സൂചനയാണ്. മാറ്റങ്ങളിലേക്കുള്ള വക്കിൽ നിൽക്കുന്ന സാഹിത്യത്തിന് അഭിമാനിയ്ക്കാം. അമലിനും അഭിമാനിയ്ക്കാം, മാറ്റത്തിന്റെ ഒപ്പം സഞ്ചരിക്കുന്നു എന്നുള്ളതുകൊണ്ട് തന്നെ.  

Your Rating: