Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കപ്പൽച്ചേതം വന്ന നാവികൻ

വായനയുടെ ആത്മകഥ, വായനക്കാരന്റെ ആത്മകഥയല്ല; ഒരാളുടെ ജീവിതം അയാളുടെ ജീവചരിത്രമോ ആത്മകഥയോ ആല്ലാത്തതുപോലെ. വായിക്കുന്ന ആളിന്റെ പ്രകൃതത്തെയും ചിന്തയെയും ലോകബോധത്തെയും ഭാവനയെയും രൂപപ്പെടുത്തുന്നതിൽ നിർണായക സ്വാധീനം ചെലുത്തുന്നുണ്ടെങ്കിലും വായനയ്ക്കു വേറിട്ടൊരു നിലയും നിലനിൽപ്പുമുണ്ട്.

അമ്പതിലേറെ വർഷങ്ങളായി പുസ്തകങ്ങൾ വായിച്ചുകൊണ്ടിരിക്കുന്ന ഒരാളെന്ന നിലയിൽ, എനിക്കു സത്യസന്ധമായി ബോധ്യപ്പെട്ടതാണ് വായനയെക്കുറിച്ചുള്ള ഈ നിരീക്ഷണം. എന്റെ വൈകാരിക സംഘർഷങ്ങളും ഏകാന്തതയും സാമൂഹികമായ കാഴ്ചപ്പാടുകളും അഥവാ രാഷ്ട്രീയവും എന്റെ വായനയാൽ രൂപപ്പെട്ടതാണ് എന്നു പറയാൻ എനിക്കാവില്ല.

വായിക്കുന്ന ആൾ ഞാനായിരിക്കുമ്പോളും വായനയെ മറ്റൊരസ്തിത്വമായി മാറ്റിനിർത്തിക്കാണാനാണ് എക്കാലവും ഞാൻ ശ്രമിച്ചുപോന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, സ്വന്തമായ ഭൂമിയും ആകാശവുമുള്ള ഒരു സ്വതന്ത്രസ്വത്വമാണ് വായന.

അതിന്റെ ഇടർച്ചയും തുടർച്ചയും ആനന്ദമൂർച്ഛകളും ആത്മസംഘർഷങ്ങളും ഏകാകിതയുമെല്ലാം മറ്റൊരു സഹജീവിയിൽ നിന്നെന്നപോലെ ഞാനും ഉൾക്കൊള്ളുന്നു എന്നു മാത്രം. പത്തോ പതിനൊന്നോ വയസ്സുള്ളപ്പോഴാണു പാറപ്പുറത്തിന്റെ ‘തേൻവരിക്ക’ എന്ന നോവൽവായിക്കുന്നത്.

നൂറോളം പുറങ്ങൾ മാത്രമുള്ളൊരു കൊച്ചുകൃതി, എന്റെ വായനയുടെ പ്രകൃതത്തെക്കുറിച്ചുള്ള ആദ്യത്തെ ഓർമ്മയായി ഇപ്പോഴും മനസ്സിലവശേഷിക്കുന്നു. അതിന്റെ കഥയോ കഥാപാത്രങ്ങളോ ഓർമ്മയിലില്ല. ഒരുൾനാടൻ ഗ്രാമപശ്ചാത്തലത്തിൽ, പാറപ്പുറത്തിന്റെ സഹജമായ രീതിയിൽ, ഒരുതരം വിഷാദമധുരമായ മാനുഷികത പ്രക്ഷേപിപ്പിക്കുന്ന കൃതിയായിരുന്നു അത്.

മുതിർന്നപ്പോൾ വീണ്ടും വായിക്കാനായി ആ പുസ്തകത്തെ പലയിടത്തുമായി ഞാൻ പലവട്ടം അന്വേഷിക്കുകയുണ്ടായി. കണ്ടുകിട്ടിയില്ല. പുകതുപ്പുന്ന ചിമ്മിനിവിളക്കിന്റെ വെട്ടത്തിൽ തട്ടിൻപുറത്ത് പായവിരിച്ച് , ഇരുന്നും കിടന്നും ഒറ്റരാത്രികൊണ്ട് തീർത്ത ആ പുസ്തകത്തിന്റെ വായന ബാക്കിനിർത്തുന്നത് എന്താണെന്നു കൃത്യമായി പറയാൻ എനിക്കാവില്ല.

(വായനയുടെ ആത്മകഥ)

എം.എൻ. വിജയൻ ബാക്കിവച്ചുപോയ പലതും ഓർമിപ്പിക്കും എൻ. ശശിധരന്റെ ലേഖനങ്ങൾ വായിക്കുമ്പോൾ. കാര്യങ്ങൾ പറഞ്ഞുപറഞ്ഞ് നമ്മെ പുതിയൊരു ലോകത്തേക്കാണ് അദ്ദേഹം നയിക്കുന്നത്.

നിരൂപകൻ, നാടകകൃത്ത് എന്നീ നിലകളിൽ എൻ.ശശിധരൻ മലയാളികൾക്കിടയിൽ ഉണ്ടാക്കിയെടുത്തൊരു സ്ഥാനമുണ്ട്. എഴുത്തുകാരൻ എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ ഓർമ്മകളുടെ സമാഹാരമാണ് കപ്പൽച്ചേതം വന്ന നാവികൻ.

വായന, ജീവിതം, ഓർമ്മ, കാഴ്ച എന്നിങ്ങനെ നാലുവിഭാഗങ്ങളായിട്ടാണ് ലേഖനങ്ങൾ ക്രമപ്പെടുത്തിയിരിക്കുന്നത്.പുസ്തകം വായിച്ചുതീരുമ്പോഴേക്കും വായനക്കാരൻ പുതിയൊരു കാഴ്ചപ്പാടിലും പുതിയൊരു ലോകത്തുമാണ് എത്തുകയെന്നത് മുഖസ്തുതിയല്ല, വാസ്തവം തന്നെയാണ്. മാർക്വിസ്, യോസ, പാമുക്, മുറാകാമി തുടങ്ങിയ ലോകപ്രശസ്തരുടെ കൃതികളിലൂടെയും സാഹിത്യലോകത്തിലൂടെയുമുള്ള ഒറ്റയ്ക്കുള്ള യാത്രയാണ് വായന എന്ന ആദ്യഭാഗം.

ഓർമകളെ ചുറ്റിപ്പറക്കുന്ന ശലഭക്കൂട്ടങ്ങൾ

‘ഏകാന്തതയുടെ നൂറ് വർഷങ്ങൾ’ എന്ന നോവലിലെ അവിസ്മരണീയ കഥാപാത്രമായ ഉർസുലയെപ്പോലെ, ഒരു ദുഖവെള്ളിയാഴ്ച ദിവസമാണ് ഗബ്രിയേൽ ഗാർസിയ മാർകേസും ഈ ഭൂമി വിട്ടുപോയത്.

മരണവാർത്തയറിഞ്ഞ് മണിക്കുറുകൾക്കകം, പല ഷെൽഫുകളിലായി പതുങ്ങിയൊളിച്ചു കിടന്നിരുന്ന മാർകേസിന്റെ കൃതികൾ തിരഞ്ഞു കണ്ടുപിടിച്ച് മേശപ്പുറത്തു വയ്ക്കവെ, പെട്ടെന്ന് ഞാൻ അധീരനായി.

പത്തുപുസ്തകങ്ങളെങ്കിലും കാണുമെന്നായിരുന്നു പ്രതീക്ഷ. കിട്ടിയത് അഞ്ചെണ്ണം മാത്രം. മാർകേസിന്റെ പുസ്തകങ്ങളുടെ കാര്യത്തിൽ മുൻപും ഇതുപോലെ സംഭവിച്ചിട്ടുണ്ട്. വായിച്ചുകൊണ്ടിരിക്കുമ്പോഴും വായിച്ചുകഴിഞ്ഞും അവ പൊടുന്നനെ അപ്രത്യക്ഷമാകുന്ന അനുഭവം.

ഈ കുറിപ്പ് എഴുതുവാൻ ഒരുങ്ങുന്നതിനിടയിലും അതാവർത്തിക്കുകയുണ്ടായി. ജാള്യവും ഭയവും കാരണം മറ്റാരോടും പങ്കുവയ്ക്കാത്ത ഈ വിസ്മയത്തിനു പിന്നിലെ വാസ്തവം മാർകേസിന് അറിയുമായിരിക്കും എന്നാണ് ഇക്കാലമത്രെയും ഞാൻ ആശ്വസിച്ചത്.

അഞ്ചുപുസ്തകവും മടിയിലെടുത്തുവച്ച് ഞാൻ ഒട്ടുനേരം സ്തബ്ധനായി ഇരുന്നുപോയി. പൊടുന്നനെ മനസ്സിൽ തെളിഞ്ഞ ഒരു ചിത്രം എന്നിൽ ലജ്ജയും അമ്പരപ്പുമുണ്ടാക്കി. എള്ളുംപൂവും ഉണക്കലരി ചോറും കറുകനാമ്പുമായി ഒരു ബലികർമത്തിന്റെ പാൻഷോട്ട് പോലെ അതു കടന്നുപോയി.

പിതൃതർപ്പണം? ഛേ, എന്ന് എന്നെത്തന്നെ ശാസിച്ചുവെങ്കിലും എന്തിനാണെന്നറിയാതെ ഒരു വിഷാദം മഞ്ഞുകട്ടപോലെ ഉള്ളിൽ വീണു ചിതറി. മാർകേസ് എന്ന എഴുത്തുകാരൻ എനിക്കാരായിരുന്നു എന്ന് അപ്പോൾ ആലോചിച്ചുപോയി.

മലയാളത്തിന്റെ എഴുത്തുകാരി

മാധവിക്കുട്ടി മലയാളകഥയിൽ ഉപേക്ഷിച്ചുപോയത് ഏകാന്തവും ധീരവുമായ എഴുത്തിന്റെ രാജപാതയാണ്. എഴുത്തുകാരി എന്നു കേൾക്കുമ്പോൾ അനേകദശകങ്ങളായി മലയാളികളുടെ മനസ്സിൽ തെളിയുന്ന ആദ്യരൂപം മാധവിക്കുട്ടിയുടേതാണ്.

ഒരു സ്ത്രീ എഴുതുമ്പോൾ, പുരുഷനിൽ നിന്നു വ്യത്യസ്തമായി ലോകാനുഭവങ്ങൾ എങ്ങനെ മാറുന്നുഎന്നും , ചരിത്രനിർമിതിയിൽ അവർ നടത്തുന്ന ഇടപെടലുകൾ എങ്ങനെ വ്യവസ്ഥാവിരുദ്ധവും വിപ്ലവകരമാകുന്നുവെന്നും സരസ്വതിയമ്മയ്ക്കു ശേഷം നാം ആദ്യമായി തിരിച്ചറിയുന്നത് മാധവിക്കുട്ടിയിലാണ്.

പുരുഷനിർമിതമായ അധികാരഘടനയുടെ നിയമങ്ങൾക്കനുസരിച്ച് മാത്രം വർത്തിച്ചുപോന്ന സാഹിത്യം എന്ന വ്യവഹാരത്തെ സ്ത്രീസ്വത്വത്തിന്റെ പുതിയ ഭൂമിയും ആകാശവും കൊണ്ട് അവർ വിപുലവും ദീപ്തവുമാക്കി.

കുത്സിതമായ ലൈംഗിക ചോദനകൾ ശമിപ്പിക്കാനനുള്ള ഒരിടം എന്നതിലുപരി, സ്ത്രീയുടെ ശരീരവും മനസ്സും, അധീശാധികാരങ്ങളെ ചെറുക്കുന്ന ആശയവും ആയുധവമായിത്തീരുന്നത് ആദ്യമായി നാം അറിഞ്ഞതും മാധവിക്കുട്ടിയിലാണ്. മലയാളിയുടെ പരമ്പരാഗതമായ മൂല്യബോധത്തിലും സദാചാരസങ്കൽപങ്ങളിലും ഇത്രയേറെ അഴിച്ചുപണികൾ നടത്തിയ എഴുത്തുകാരി വേറെയില്ല തീർച്ച.

എണ്ണം തെറ്റിയ ഓർമകൾ വീണ്ടും

കടമ്മനിട്ടയെക്കുറിച്ചോർക്കുമ്പോൾ എന്തുകൊണ്ടോ മനസ്സിൽ തെളിയുന്നത് ഒരു ചേങ്ങിലയുടെ മുഴക്കമാണ്. കളിയരങ്ങിനു മുന്നിൽ ഉറങ്ങിപ്പോയ ഒരു കുട്ടി, ഞെട്ടിയുണർന്ന് ഉറക്കച്ചടവിന്റെ ആലസ്യത്തിൽ കേൾക്കുന്ന ഘനവാദ്യത്തിന്റെ ഓർമയാണ്. കുട്ടി എന്നല്ല, യുവാവ് എന്നാണു പറയേണ്ടത്.

അക്ഷരങ്ങളിലൂടെ , അഥവാ പുസ്തകങ്ങളിലൂടെ മാത്രം ലോകത്തെ അനുഭവിച്ച യുവാവ്, ശബ്ദത്തിന്റെ ഉൾക്കനത്തിലൂടെ ചരിത്രത്തെ തിരിച്ചറിഞ്ഞ ആദ്യ അനുഭവം. കേരളത്തിലങ്ങളോളമിങ്ങോളം അനേകായിരം മനുഷ്യർക്കു തങ്ങളുടെ സ്വന്തം ജീവിതത്തിൽ കടമ്മനിട്ട എന്ന വലിയ മനുഷ്യൻ വർഷിച്ച സ്നേഹവിശ്വാസങ്ങളുടെ പൊരുൾ എനിക്കിപ്പോളും പൂർണമായി ഉൾക്കൊള്ളാനായിട്ടില്ല.

അറിവുകൊണ്ടും അനുഭവം കൊണ്ടും തികച്ചും സാധാരണമായ ഒരു ജീവിതത്തിലേക്ക് കടമ്മനിട്ട രാമകൃഷ്ണൻ എന്ന കവിയും മനുഷ്യനും കയറിവന്ന വഴികൾ ഓർമിച്ചെടുക്കുമ്പോൾ ഞാൻ എന്ന പദം ഒഴിവാക്കാനാവാത്തതിൽ ഖേദമുണ്ട്.

ജീവിതത്തിൽ ആദ്യമായി പരിചയപ്പെടുന്ന ഏറ്റവും വലിയ മനുഷ്യനും കലാകാരനും എന്നെ സംബന്ധിച്ച് കടമ്മനിട്ടയായിരുന്നു. പെയ്തുതീർന്ന മഴപോലെ ഇപ്പോൾ എന്റെ അസ്തിത്വത്തിന്റെ നിസ്സാരതയ്ക്കുമേൽ ഒരു വടവൃക്ഷംപോലെ പടർന്നു പന്തലിച്ചു നിൽക്കുന്നത് ഞാൻ അറിയുന്നു.

ലോകസാഹിത്യം മുതൽ കാസർകോട് ജില്ലയിലെ കാടകത്ത് മൂന്നര പതിറ്റാണ്ടു മുൻപ് മലയാളത്തിലെ സാഹിത്യകാരൻമാരെല്ലാം ഒത്തുചേർന്ന് കയ്യൂർ എന്ന സിനിമയ്ക്കു തിരക്കഥയെഴുതിയതുവരെയുള്ള ഒട്ടേറെ കാര്യങ്ങളാണ് നാലുഭാഗങ്ങളിലായി എൻ.ശശിധരൻ എഴുതുന്നത്. ജോൺ ഏബ്രഹാമിൻറെ കയ്യൂർ എന്ന സിനിമ എങ്ങനെ സംഭവിക്കാതെ പോയെന്ന് ഇതിൽ നിന്നു മനസ്സിലാകും.