മുറപ്പെണ്ണിലൂടെ അരങ്ങേറിയ മണ്ടിപ്പെണ്ണ്

പ്രേം നസീറിന്റെ ദൃശ്യം കാണുമ്പോൾ, അദ്ദേഹത്തെക്കുറിച്ചാലോചിക്കുമ്പോൾ മനസ്സിൽ ഓടിവരുന്നൊരു വാക്കുണ്ട്. നസീറിന്റെ ജീവിതകാലത്തിനുശേഷം അദ്ദേഹം മിമിക്രിക്കാരുടെ ഇഷ്ടതാരമായപ്പോൾ അവർ ആവർത്തിച്ചുപറഞ്ഞ് അനശ്വരമാക്കിയ വാക്ക്: മണ്ടിപ്പെണ്ണേ... നസീർ എന്ന നിത്യഹരിത നായകൻ കാമുകിയുമായി സംസാരിക്കുമ്പോൾ അദ്ദേഹം പ്രിയപ്പെട്ടവളെ മണ്ടിപ്പെണ്ണേ എന്നു വിളിക്കുകയാണെന്നു തന്നെ പ്രേക്ഷകർക്കു തോന്നും. ഒരു നടന്റെയും അദ്ദേഹത്തിന്റെ സിനിമയുടെയും ജീവിതത്തിന്റെയും അടയാളമായി മാറിയ ഈ വാക്ക് ഒരു തിരക്കഥയിൽ ആദ്യം എഴുതിയത് മലയാളത്തിന്റെ എക്കാലത്തെയും ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരൻ: എം.ടി. വാസുദേവൻ നായർ. അദ്ദേഹത്തിന്റെ ആദ്യത്തെ തിരക്കഥയായ മുറപ്പെണ്ണിൽ.എല്ലാവരും ഇന്നു കരുതുന്നതുപോലെ നസീറിന്റെ കഥാപാത്രം കാമുകിയോടു പറഞ്ഞ വാക്കല്ല മണ്ടിപ്പെണ്ണ്. സഹോദരിയോടു സംസാരിക്കുമ്പോൾ പറഞ്ഞ വാക്ക്. 

കൊച്ചമ്മിണിക്ക് ഒരു സ്വപ്നമുണ്ട്. പ്രണയസാഫല്യത്തിന്റെ നിറംപിടിപ്പിച്ച സ്വപ്നം.അതു തകരുമ്പോൾ സഹോദരൻ (നസീറിന്റെ കഥാപാത്രം. പേര് ബാലൻ ) നിസ്സഹായനായി നോക്കിനിൽക്കുന്നു. കുടുംബത്തിനുവേണ്ടി ത്യാഗങ്ങൾ അനുഷ്ഠിച്ചു വലിയൊരു ഭാവി അയാൾ വേണ്ടെന്നുവച്ചു. ഒടുവിൽ സഹോദരിയുടെ സ്വപ്നവും സാക്ഷാത്കരിക്കാനാകുന്നില്ലെന്ന അവസ്ഥ വരുമ്പോൾ അയാൾ ആകെ തളരുന്നു. ഒപ്പം ജീവനേക്കാളെറെ സ്നേഹിച്ച കാമുകിയും അയാൾക്കു നഷ്ടമാകുന്നു. സഹോദരിയും സഹോദരനും പരസ്പരം ആശ്വസിപ്പിക്കുന്ന നിമിഷങ്ങൾ.എല്ലാ വിഷമവും ഉള്ളിലടക്കി സനീറിന്റെ കഥാപാത്രം സഹോദരിയോടു പറയുന്നു: 

ഇതു ജീവിതമാണു കുട്ടീ. ജീവിതം കമ്പോളസ്ഥലമാണ്.സ്വപ്നങ്ങൾ വിറ്റാണ് അവിടെ നാം വ്യാപാരം നടത്തുന്നത്. 

കൊച്ചമ്മിണി കരച്ചിലടക്കാൻ പാടുപെടുന്നു. സ്വന്തം സ്വപ്നം തകരുന്നതിനേക്കാൾ സഹോദരന്റെ പ്രണയത്തകർച്ച അവളെ ദുഖിതയാക്കുന്നു.നസീറിന്റെ കഥാപാത്രമാകട്ടെ കൊച്ചമ്മിണിയെ ആശ്വസിപ്പിക്കുന്നു. അയാൾ സന്തോഷമഭിനയിച്ചുകൊണ്ടു പറയുന്നു: 

ലജ്ജിക്കാനൊന്നുമില്ല കുട്ടീ. എല്ലാ പെൺകുട്ടികളുടെയും സ്വപ്നങ്ങളാണിതൊക്കെ. ( വേദനയടക്കി ചിരിച്ചുകൊണ്ട് ) മണ്ടിപ്പെണ്ണേ, എന്നിട്ടാണു പറയുന്നതു കല്യാണം വേണ്ടെന്ന്. പോയി ഊണുകഴിച്ചു കിടന്നുറങ്ങൂ. എല്ലാറ്റിനും ഞാൻ വഴിയുണ്ടാക്കാം. 

നസീറിന്റെ കഥാപാത്രമായ ബാലന്റെ ചിന്താക്രാന്തമായ മുഖത്തിൽ രംഗമവസാനിക്കുന്നു. 

മലയാള സിനിമയിൽ നിർണായകമായ മാറ്റങ്ങൾക്കു തുടക്കമിട്ടു മുറപ്പെണ്ണ് എന്ന സിനിമ. എംടിയുടെ ആദ്യതിരക്കഥ. നിർമാണം ശോഭനാ പരമേശ്വരൻ നായർ. സംവിധാനം എ.വിൻസെന്റ്. ഭാരതപ്പുഴയെ മലയാളത്തിലെ ഗൃഹാതുരത്വമുണർത്തുന്ന പ്രിയപ്പെട്ട ലൊക്കേഷനാക്കി മാറ്റിയത് മുറപ്പെണ്ണാണ്. വള്ളുവനാടൻ ഭാഷയെ സാഹിത്യത്തിലെയും സിനിമയിലെയും ഔദ്യോഗിക മലയാളമാക്കിയതും. 

മണ്ണിന്റെ മണമുള്ള, നാടിന്റെ തുടിപ്പുള്ള, ജീവിതത്തിന്റെ ചൂടും ചൂരുമുള്ള സിനിമ. സ്നേഹത്തിന്റെ മുഖങ്ങൾ എന്ന കഥ എംടി തിരക്കഥയാക്കുകയായിരുന്നു. ശോഭനനാ പരമേശ്വരൻ നായരുടെ നിർബന്ധത്തിലാണ് എംടി ആദ്യതിരക്കഥ എഴുതിയത്. സ്നേഹത്തിന്റെ മുഖങ്ങൾ സിനിമയാക്കാൻ തീരുമാനിച്ചപ്പോഴും തിരക്കഥ തോപ്പിൽ ഭാസിയെപ്പോലെ പ്രഗൽഭരായ ആരെയെങ്കിലുംകൊണ്ട് എഴുതിക്കാനായിരുന്നു എംടിയുടെ നിർദേശം. പക്ഷേ പരമുഅണ്ണന് എംടിയുടെ കഴിവിൽ അങ്ങേയറ്റം വിശ്വാസം.  പ്രിയപ്പെട്ട വാസുവിനെക്കൊണ്ടുതന്നെ തിരക്കഥ എഴുതിപ്പിച്ചു. എല്ലാദിവസവും വൈകുന്നേരം അതുവരെയെഴുതിയതു വായിച്ചു കേട്ടു. ഒരിക്കൽ ഒരു നിർദേശം വച്ചു: വാസു വാക്കുകൾ ഇത്ര പിശുക്കിപ്പിടിക്കേണ്ട. കുറച്ചു നീണ്ട വാചകങ്ങൾ ആയിക്കോട്ടെ. 

വേണ്ടപ്പോൾ ചിലേടത്തു ഞാൻ അങ്ങനെ ചെയ്യാം– വാസു ആശ്വസിപ്പിച്ചു. 

തിരക്കഥ പൂർത്തിയായി. പൂർണമായി പരമുഅണ്ണൻ എംടിയുടെ മുഖത്തുനിന്നു വായിച്ചുകേട്ടു. വികാരഭരിതനായി അദ്ദേഹം. ചിലേടത്തൊക്കെ കണ്ണു നനഞ്ഞുവെന്നും പറഞ്ഞു. പരമുഅണ്ണന്റെ വികാരവിക്ഷോഭം തിയറ്ററിലെത്തിയ പ്രേക്ഷകരിലേക്കു പടർന്നു; കണ്ണുകളിലെ നനവും. മുറപ്പെണ്ണ് തിയറ്ററിൽ വൻവിജയം. മലയാള സിനിമാ ലോകത്തു തിരക്കഥ എന്ന സാഹിത്യരൂപത്തിന്റെ ഉദയം. 

അവസാനരംഗത്തിലൊരിടത്തു മുന്നു വഴികൾ കൂട്ടിമുട്ടുന്ന വഴിത്താരയിൽ നിൽക്കുന്ന സനീറിന്റെ കഥാപാത്രം പറയുന്നുണ്ട്: ഈ വഴിത്തിരിവിൽവച്ചു പലതും കൈവിട്ടുപോകുന്നതു വേദനയോടു നോക്കിനിന്നവനാണു ഞാൻ. ഇന്നു തോറ്റുകൊടുക്കുവാനല്ല വന്നത്. 

എംടി എന്ന താരത്തിന്റെ ഉദയം കുറിച്ച മുറപ്പെണ്ണിന് അമ്പതു വയസ്സ്.അരനൂറ്റാണ്ടിന്റെ യൗവ്വനം. നിത്യനിഷ്കളങ്കവും നിത്യഹരിതവുമായ തിരക്കഥ എംടിയുടെ ആമുഖത്തോടെ പുസ്തകരൂപത്തിൽ വായിക്കാം.