സന്തോഷവാനായ രാജകുമാരൻ

യൂറോപ്പിൽ‌ നഗരമധ്യത്തിലുള്ള ഉദ്യാനത്തിൽ പട്ടണത്തിന്റെ കാവൽമാലാഖ പോലെ ഒരു പടുകൂറ്റൻ പ്രതിമ സ്ഥാപിച്ചിരുന്നു. യൗവനത്തിൽ പിരിഞ്ഞ തങ്ങളുടെ പ്രിയ രാജകുമാരന്റെ  ഓർമയ്ക്കായി നഗരസഭ പണികഴിപ്പിച്ചതാണ്. ജീവിച്ചിരുന്ന നാളുകളിൽ സദാ ഉല്ലാസവാനായി കഴിഞ്ഞ രാജകുമാരന്റെ പ്രതിമ. പടച്ചട്ടയണിഞ്ഞ് വാളും ധരിച്ചു നിൽക്കുന്ന ഈ പ്രതിമയുടെ പടച്ചട്ട നിർമ്മിച്ചിരിക്കുന്നത് സ്വർണപാളികൾ കൊണ്ടാണ്. വാളിന്റെ കൈപ്പിടിയിൽ പത്മരാഗക്കല്ലുകൾ പതിച്ചിരുന്നു. കണ്ണുകളാണെങ്കിൽ ഇന്ദ്രനീലക്കല്ലുകൾ കൊണ്ടും. പകൽ സൂര്യപ്രകാശത്തിലും നിലാവുള്ള രാത്രിയിൽ പൂനിലാവിലും ഈ പ്രതിമ പ്രശോഭിച്ചിരുന്നു. 

ശൈത്യകാലത്തിന്റെ തുടക്കത്തിൽ തന്നെ പക്ഷികൾ കൂട്ടം കൂട്ടമായി അങ്ങ് ഈജിപ്റ്റിലേക്ക് പറന്നു പോകുകയാണ്. എന്നാൽ ഒരു മീവൽ പക്ഷി മാത്രം തന്റെ കാമുകനേയും കൂട്ടി രാജ്യം വിടാൻ അവിടെ തങ്ങിയിരുന്നു. അയാൾക്കാണെങ്കിൽ സ്വന്തം ദേശം വിട്ടുപോകാൻ മനസ്സുമില്ല. ഒരു രാത്രി കൂടി കഴിഞ്ഞ് പോകാമെന്നു കരുതി പകലിൽ പലയിടത്തും പറന്നു നടന്നു.  ഇരുട്ട് തന്റെ വിശാലമായ പുതപ്പ് നഗരത്തിൻ മേൽ ഇടാൻ തുടങ്ങി. മീവൽപക്ഷി രാത്രിയിൽ തങ്ങുവാൻ ഇടം തേടിയത് പ്രതിമ രാജകുമാരന്റെ കാൽക്കലും. തന്റെ കാലുകൾ ഒതുക്കി ചുണ്ട് ചിറകുകൾക്കുള്ളിൽ ഒളിപ്പിച്ച് പക്ഷി ഉറക്കം തുടങ്ങി. പ്രഭാതം പൊട്ടി വിടർന്നാലുടൻ നാടു വിടാനുള്ള ചിന്തയിലാണ് ഉറക്കം. 

രാവേറെയായി. അപ്പോൾ പക്ഷിയുടെ ശരീരത്തിൽ രണ്ടു തുള്ളി വെള്ളം വീണു. മഴയും മഞ്ഞുമില്ലല്ലോ പിന്നെ എവിടെ നിന്നാണ് ഈ വെള്ളത്തുള്ളികൾ എന്നാലോചിച്ച് കഴിയുമ്പോൾ അതാ വീണ്ടും രണ്ടു തുള്ളി വെള്ളം. പക്ഷി ചിറകു കുടഞ്ഞ് മുകളിലേക്കു നോക്കുമ്പോൾ രാജകുമാരന്റെ കണ്ണുകളിൽ നിന്നാണ് ഈ ജലം ഒഴുകുന്നതെന്ന് കണ്ട് വേഗം പറന്നുയർന്ന് രാജകുമാരന്റെ തോളിൽ ചെന്നിരുന്നു. പക്ഷി ചോദിച്ചു ‘സന്തോഷവാനായ രാജകുമാരാ അങ്ങയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് എന്തു കൊണ്ടാണ്?’

അപ്പോൾ രാജകുമാരന്‍ അതാ ദൂരേക്കു നോക്കൂ അവിടെ ഒരു കുടിലിലെ വിളക്കു നീ കാണുന്നില്ലേ. ഒരു അമ്മ തുണി തുന്നുകയാണ്. അവളുടെ ഒരേ ഒരു മകൻ കടുത്ത പനി പിടിച്ചു കിടക്കുന്നു. അവനിപ്പോൾ മധുരനാരങ്ങാ വേണം. ആ പാവം സ്ത്രീക്കാണെങ്കിൽ പണവുമില്ല. നാളെ കൊട്ടാരത്തിൽ നടക്കുന്ന ഡാൻസിൽ പങ്കെടുക്കാനുള്ള നർത്തകിയുടെ വസ്ത്രം തുന്നുകയാണ് ദരിദ്രയായ സ്ത്രീ. എന്റെ കൊച്ചു മീവൽ പക്ഷി എനിക്ക് ഒരു ഉപകാരം ചെയ്യണം. എന്റെ വാളിൽ പതിച്ചു വച്ചിരിക്കുന്ന പത്മരാഗക്കല്ലുകൾ കൊത്തിയെടുത്ത് നീ ആ സ്ത്രീക്ക് കൊടുക്കാമോ?’ അപ്പോൾ പക്ഷി ‘എനിക്ക് സമയമില്ല ഈ രാത്രിയിൽ ഉറങ്ങിയിട്ട് എനിക്ക് നാളെ രാവിലെ തന്നെ ഈജിപ്റ്റിലേക്ക് പറക്കാനുള്ളതാണ്. എന്റെ കൂട്ടുകാർ ഇപ്പോൾ നൈൽ നദിയുടെ മുകളിലൂടെ പറക്കുകയായിരിക്കും. അപ്പോൾ രാജകുമാരന്‍ പക്ഷിയോട് ‘ഈ ഒരു കാര്യം മാത്രം ചെയ്തിട്ട് ഈജിപ്റ്റിലേക്ക് പൊയ്ക്കൊൾക’ മനസ്സില്ലാ മനസ്സോടെ പക്ഷി രത്നക്കല്ലുകൾ കൊത്തിയെടുത്ത് ആ ദരിദ്രസ്ത്രീയുടെ കുട്ടിയുടെ ശയ്യയിൽ വെച്ച് പറന്നു പോന്നു. അപ്പോൾ ആ സ്ത്രീ പറയുന്നത് പക്ഷി കേട്ടു! ‘‘ദൈവം എന്റെ പ്രാർഥനയ്ക്കു നൽകിയ മറുപടിയാണിത്’.

മീവൽ പക്ഷി പറന്ന് രാജകുമാരന്റെ തോളിലിരുന്നു കൊണ്ട് പറഞ്ഞ് ‘പ്രഭോ ഇന്ന് എനിക്ക് തണുപ്പു തോന്നുന്നില്ല’. രാജകുമാരൻ ‘നീ ഇന്ന് ഒരു നന്മ ചെയ്തതുകൊണ്ടാണ് തണുപ്പു തോന്നാത്തത്.’ നേരം പുലർന്നു. പക്ഷി നഗരത്തിൽ പലയിടത്തും പറന്നു നടന്ന് മടങ്ങി വന്ന് രാജകുമാരന്റെ തോളിൽ ഇരുന്നു.‘നാളെ ഞാൻ ഈജിപ്റ്റിലേക്ക് പോകുകയാണ്’ അപ്പോൾ രാജകുമാരൻ എനിക്ക് ഒരു സഹായം കൂടി ചെയ്തിട്ടേ പോകാവൂ. അതാ ആ കെട്ടിടത്തിൽ ഒരു യുവ നാടകകൃത്ത് എഴുതുകയാണ്. അയാളുടെ പക്കൽ ഒരു ചില്ലി ക്കാശു പോലും ഇല്ല. അയാൾ ഭക്ഷണം കഴിച്ചിട്ട് മൂന്നു നാളുകളായി. നീ എന്റെ കണ്ണിലെ ഒരു ഇന്ദ്രനീലക്കല്ല് അടർത്തിയെടുത്തു അയാൾക്കു കൊടുക്കുക. കണ്ണ് കുത്തിപ്പറിക്കാനോ ഞാൻ ആ ദോഷം ചെയ്യുകയില്ല. പക്ഷി പറഞ്ഞു. ഒടുവിൽ രാജകുമാരന്റെ നിർബന്ധം സഹിക്കവയ്യാതെ പക്ഷി വലതു കണ്ണിലെ ഇന്ദ്രനീലക്കല്ല് അടർത്തിയെടുത്ത് ആ യുവസാഹിത്യകാരന് നൽകി. തന്റെ ഏതോ ആരാധകൻ നൽകിയതാണെന്ന് കരുതി അയാൾ സന്തോഷത്തോടെ അത് എടുത്തു. 

മീവൽ പക്ഷി മടങ്ങിവന്ന് രാജകുമാരന്റെ തോളിൽ ഇരുന്നു. ‘പ്രിയ പക്ഷി, ശൈത്യം വർദ്ധിക്കുന്നു. നീ നാളെത്തന്നെ പൊയ്ക്കൊൾക എന്നാൽ അവസാനമായി ഒരു സഹായം കൂടി ചെയ്യണം. അവിടെ ഒരു പെൺകുട്ടി ഇരുന്നു കരയുന്നത് കാണുന്നില്ലേ. അവളുടെ തീപ്പെട്ടി വെള്ളത്തിൽ വീണ് ആകെ നനഞ്ഞു പോയി. ഒരു തീപ്പെട്ടിയും വിൽക്കാൻ കഴിയാതെ മടങ്ങിച്ചെന്നാൽ അവളുടെ രണ്ടാനച്ഛൻ അവളെ ക്രൂരമായി  ശിക്ഷിക്കും ദയവായി എന്റെ ഇടതു കണ്ണിലെ ഇന്ദ്രനീലക്കല്ല് കൊത്തിയെടുത്ത് അവൾക്കു കൊടുക്കുക. പക്ഷി പൊട്ടിക്കരഞ്ഞു കൊണ്ട് ‘ഇല്ല ഞാൻ അതു ചെയ്യുകയില്ല. അങ്ങയുടെ കണ്ണ് കുത്തിപ്പൊട്ടിക്കാൻ എന്നോട് പറയരുതേ’ എന്നാൽ രാജകുമാരന്റെ നിരന്തരമായ അപേക്ഷ കൊണ്ട് പക്ഷി ആ കണ്ണ് കൊത്തിയെടുത്ത് പെൺകുട്ടിക്ക് നൽകി. 

ഇപ്പോൾ നഗരത്തിന്റെ കാഴ്ചകൾ ഒന്നും കാണാൻ കഴിയാതെ രാജകുമാരൻ ഇരുട്ടിന്റെ  ലോകത്തിലായി. പക്ഷി പറന്നുവന്ന് രാജകുമാരന്റെ തോളിലിരുന്നു. അപ്പോൾ രാജകുമാരന്‍ ‘എന്റെ മീവൽ പക്ഷി ശൈത്യം വർധിക്കുകയാണ്. നീ ഇപ്പോൾ തന്നെ ഈജിപ്റ്റിലേക്ക് മടങ്ങുക’. അപ്പോൾ ചിറകുകൾ ഒന്ന് കുടഞ്ഞുകൊണ്ട് പക്ഷി പറഞ്ഞു. ‘അങ്ങയെ ഈ അവസ്ഥയിലാക്കിയിട്ട് ഞാൻ എവിടേക്കും ഇല്ല. ഇനിയും അങ്ങയുടെ കണ്ണുകൾ ഞാൻ ആകും.’

പക്ഷി ഓരോ ദിവസവും പറന്നുവന്ന് നഗരത്തിൽ ദുരിതം അനുഭവിക്കുന്നവരുടെ കഥ പറഞ്ഞു കൊണ്ടിരിക്കും. നൊമ്പരപ്പെടുത്തുന്ന കഥകൾ കേട്ട് രാജകുമാരന്റെ കൃഷ്ണമണികൾ ഇല്ലാത്ത കണ്ണുകൾ നിറഞ്ഞൊഴുകും. അപ്പോൾ രാജകുമാരന്‍ ‘എന്റെ ശരീരത്തിലെ സ്വർണപാളികൾ ഓരോന്നായി അടർത്തിയെടുത്തു അവർക്ക് നീ നൽകുക. രാജകൊട്ടാരത്തിൽ ഞാൻ ജീവിച്ചപ്പോൾ എന്റെ ചുറ്റുപാടും ഇതുപോലെ ബുദ്ധി മുട്ടുന്നവരെ കാണാൻ എനിക്കു കഴിഞ്ഞില്ലല്ലോ.’ പക്ഷി സ്വർണപാളികൾ ഓരോന്നും എടുത്ത് ബുദ്ധിമുട്ടുന്നവർക്ക് നൽകി കൊണ്ടിരുന്നു.

ശൈത്യം വർധിച്ചു വരുന്നു. മരങ്ങൾ എല്ലാം ഇല പൊഴിച്ചു നിൽക്കുന്നു. അവയിൽ വെള്ളപ്പതകൾ പോലെ ഹിമകണങ്ങൾ നിറഞ്ഞു നിന്നിരുന്നു. മീവൽ പക്ഷി ഒരു ദിവസം പ്രയാസപ്പെട്ട് പറന്ന് രാജകുമാരന്റെ തോളിൽ ഇരുന്നു. അതിന്റെ ചുണ്ടുകൾ രാജകുമാരന്റെ മുഖത്തുരുമ്മി. രാജകുമാരന്റെ കൈകളിൽ അത് ഒരു മുത്തം നൽകി. ശൈത്യക്കാറ്റ് അപ്പോഴും അടിച്ചു കൊണ്ടിരുന്നു. പക്ഷി തണുപ്പിൽ വിറച്ചു. പ്രതിമയുടെ അടുത്ത് അത് തളർന്നു വീണു മരിച്ചു. ആ രാത്രിയിൽ നഗരവാസികളിൽ പലരും വലിയൊരു ശബ്ദം കേട്ടു. സന്തോഷവാനായ രാജകുമാരന്റെ ഹൃദയം വലിയ മുഴക്കത്തോടെ പൊട്ടിത്തകർന്ന ശബ്ദമായിരുന്നു അത്. 

പിറ്റെ ദിവസം ഉദ്യാനപാലകൻ വന്നപ്പോൾ ഒരു പക്ഷിയുടെ ജഡവും ഒരു ലോഹക്കഷണവും കിടക്കുന്നതായിക്കണ്ട് അയാൾ ചപ്പുചവറുകൾക്കിടയിലേക്ക് അവ വലിച്ചെറിഞ്ഞു. 

അന്ന് സ്വർഗത്തില്‍ നിന്ന് ദൈവം പറഞ്ഞു‘ഏറ്റവും വിലപ്പെട്ട രണ്ടു വസ്തുക്കൾ കൊണ്ടു വരിക’ ഒരു മാലാഖ ചിറകുകൾ വിരിച്ച് താണു പറന്നു വന്ന് രാജകുമാരന്റെ ഹൃദയവും പക്ഷിയുടെ ജ‍‍ഡവും ദൈവത്തിനു മുമ്പാകെ കൊണ്ടു വന്നു. ‘നീ തിരഞ്ഞെടുത്തത് നന്നായി. ഈ പക്ഷി സ്വർഗീയ ഉദ്യാനത്തിൽ പാട്ടു പാടട്ടെ. രാജകുമാരന്‍ എന്റെ കീർത്തനങ്ങൾ എന്നെന്നും ആലപിക്കട്ടെ.’

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം