സ്വാർഥനായ രാക്ഷസൻ

സ്കൂൾ വിട്ടാൽ കുട്ടികൾ കളിക്കാനായി ഓടി എത്തുന്നത് വിശാലമായ ഒരു പൂന്തോപ്പിലാണ്. അവിടെ വർണങ്ങൾ വാരിക്കോരി നിറച്ച പൂക്കൾ വിരിയുന്ന ചെടികൾ മാത്രമല്ല മധുരപഴങ്ങൾ നിറഞ്ഞ വൃക്ഷങ്ങളുമുണ്ട്. ചെറിയൊരു അരുവിയും ഈ ഉദ്യാനത്തിലൂടെ കൊഞ്ചിപ്പറഞ്ഞ് ഒഴുകുന്നുണ്ട്. കുട്ടികൾ വൃക്ഷങ്ങളിൽ കയറി മറിഞ്ഞ് കളിക്കും. അവരെത്തിയാല്‍ പലതരം പക്ഷികളും അവിടെ പറന്നെത്തും. അവരിൽ തേനൂറുന്ന ഗാനങ്ങൾ പൊഴിക്കുന്ന പാട്ടുകാരും ഉണ്ട്. വാനമ്പാടിയുടെ പാട്ടുകൾ കുട്ടികൾ ഏറ്റു ചൊല്ലും. അപ്പോൾ ഗായകന് വാശി പിടിക്കും. കൂടുതൽ ഉച്ചത്തിൽ വാനമ്പാടി പാടും കുട്ടികളും അതു പോലെ തന്നെ. പതിവു പരിപാടിയാണ് ഈ കച്ചേരി. 

ഈ തോട്ടം ഒരു രാക്ഷസന്റേതാണ്. തോട്ടത്തിനു നടുവിലെ വലിയ ബംഗ്ലാവിലാണ് അയാൾ തനിച്ചു പാർക്കുന്നത്. തന്റെ നരഭോജിയായ സ്നേഹിതനെ സന്ദർശിക്കുവാൻ ദൂരദേശത്തേക്ക് പോയിരിക്കുകയാണ്. ഏഴു വർഷമായി പോയിട്ട്. അയാൾ തന്റെ വീട്ടിലേക്ക് മടങ്ങുവാൻ തീരുമാനിച്ചു. ഈ നാളിൽ തന്റെ സ്നേഹിതനോട് വർത്തമാനം മുഴുവൻ പറഞ്ഞ് കഴിഞ്ഞിരുന്നു. 

അയാൾ വീട്ടിലെത്തി. പതിവുപോലെ ബംഗ്ലാവിന്റെ പൂമുഖത്തുള്ള കസേരയിൽ ഇരുന്നു. വൈകുന്നേരമായി രാക്ഷസൻ മടങ്ങിയെത്തിയ വിവരം കുട്ടികൾ അറിഞ്ഞിരുന്നില്ല. അവർ കൂട്ടത്തോടെ തോട്ടത്തിലേക്ക് ഓടിയെത്തി. വൃക്ഷങ്ങളിൽ കയറി മറിഞ്ഞു. കുട്ടികളെ സ്വീകരിക്കാൻ എന്നപോലെ ചെടികളെല്ലാം അന്ന് കൂടുതൽ പൂക്കളെ ഒരുക്കിയിരുന്നു. ഫലവൃക്ഷങ്ങൾ അവർക്ക് പറിക്കത്തക്കവിധത്തിൽ കൊമ്പുകൾ താഴ്ത്തിക്കൊടുത്തു. 

തന്റെ തോട്ടം നിറയെ കുട്ടികളോ? അയാൾ ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കിക്കൊണ്ട് കുട്ടികൾക്കു നേരെ പാഞ്ഞടുത്തു.

‘ആരാണ് എന്റെ തോട്ടത്തിൽ അനുവാദമില്ലാതെ കയറിയിരിക്കുന്നത്? എന്റെ തോട്ടം എന്റേതു മാത്രമാണ്. അന്യർക്ക് ഇവിടെ യാതൊരു കാര്യവുമില്ല. വേഗം ഇവിടെ നിന്ന് ഓടിക്കോ’ അയാൾ അലറി. രാക്ഷസന്റെ മുഖം കൂടുതൽ ഇരുണ്ടു. അയാളുടെ ഇരു കണ്ണുകളും കോപം കൊണ്ട് തീക്കട്ട പോലെ ജ്വലിച്ചു. കുട്ടികൾ ഭീതിയോടെ നാലു വഴിക്കും പാഞ്ഞു. 

രാക്ഷസൻ തന്റെ തോട്ടത്തിനു ചുറ്റും ഒരു വൻമതിൽ ഉയർത്തി. അവിടെ ഒരു പരസ്യബോർഡും സ്ഥാപിച്ചു. ‘‘അതിക്രമിച്ചു കടക്കുന്നവർ ശിക്ഷിക്കപ്പെടും’’ ഇതായിരുന്നു ബോർഡിൽ എഴുതിയിരുന്നത്. 

പാവം കുട്ടികൾ. അവർ എവിടെ കളിക്കും. രാക്ഷസന്റെ കോട്ടയ്ക്കു ചുറ്റും അവർ നടക്കും. ‘തോട്ടത്തിലായിരുന്നപ്പോൾ നമുക്ക് എന്തു സന്തോഷമായിരുന്നു’ അവർ പറയുമായിരുന്നു. വഴിയിൽ അവർ കളിച്ചു നോക്കി. എന്നാൽ അവരുടെ കാലുകളിൽ കൂർത്ത കല്ലുകൾ കൊണ്ട് മുറിഞ്ഞു. അവർക്ക് ഇപ്പോൾ കളിക്കാനും ഇടമില്ലാതായി. 

ദിവസങ്ങൾ കഴിഞ്ഞു. രാക്ഷസന്റെ പൂന്തോപ്പിലെ ചെടികൾ പൂക്കാതായി. ഫലവൃക്ഷങ്ങളിലും പൂക്കൾ വിരിഞ്ഞില്ല. കുട്ടികൾ ഇല്ലെങ്കിൽ പിന്നെ ആർക്കുവേണ്ടി ഒരുങ്ങണം അതാവാം പൂക്കൾ വിരിയാത്തത്. പക്ഷികൾ ഇപ്പോൾ തോട്ടത്തിലേക്ക് വരാറേയില്ല. അവരുടെ മനം മയക്കുന്ന പാട്ടുകൾ അവിടെ കേൾക്കുന്നേയില്ല. ഒരിക്കൽ പച്ചപ്പുല്ലുകൾക്കിടയിൽ നിന്ന് ഒരു കൊച്ചു പൂവ് തലപൊക്കി നോക്കി. കുട്ടികളെ കാണാത്തതു കൊണ്ട് അവ ഉടനെ ഇലകൾക്കുള്ളിലേക്ക് മറഞ്ഞു. 

പൂക്കാലം ആ തോട്ടത്തെ മറന്നു കഴിഞ്ഞു. മഞ്ഞും ശൈത്യവും അവിടെ പാർക്കാൻ എത്തി. മഞ്ഞ് തന്റെ വിശാലമായ പരവതാനി ആ തോട്ടത്തിൽ വിരിച്ചു. വൃക്ഷങ്ങളിലെല്ലാം മഞ്ഞു കണങ്ങൾ തോരണം ഒരുക്കി. മറ്റെവിടെയും പൂക്കാലം. രാക്ഷസന്റെ തോട്ടത്തിൽ ശൈത്യം. അവർ ആലിപ്പഴത്തെ തോട്ടത്തിലേക്ക് ക്ഷണിച്ചു. ആലിപ്പഴവും അവിടെ എത്തി. വലിയ മഞ്ഞുകട്ടകൾ അവ പൊഴിച്ചു കൊണ്ടിരുന്നു. രാക്ഷസന്റെ കൊട്ടരത്തിലെ ഓടുകൾ അവ നുറുക്കി. അവര്‍ വടക്കൻ കാറ്റിനെയും ക്ഷണിച്ചു. തോട്ടത്തിലെ വൃക്ഷക്കൊമ്പുകൾ ഉലച്ചു കൊണ്ട് വടക്കൻ കാറ്റ് അവിടെങ്ങും ചീറി പാഞ്ഞു നടന്നു. 

പല ദിനരാത്രങ്ങളും കടന്നു പോയി. രാക്ഷസൻ ചിന്തിച്ചു. കാലാവസ്ഥയ്ക്ക് വലിയ മാറ്റം വന്നിരിക്കുന്നു. എന്താണ് ശൈത്യകാലം ഈ തോട്ടത്തിൽ നിന്ന് മാറാത്തത്? എന്താണ് പക്ഷികളുടെ പാട്ടുകൾ ഒന്നും കേൾക്കാത്തത്.

ഒരു ദിവസം രാക്ഷസൻ ഉണർന്നത് മധുരമായി പാടുന്ന ഒരു പക്ഷിയുടെ പാട്ട് കേട്ടു കൊണ്ടാണ്. അപ്പോൾ അയാൾ ഓർത്തു. ‘വസന്തം വന്നിരിക്കുന്നു’ അയാൾ സൂക്ഷിച്ചു നോക്കി. മരങ്ങൾ എല്ലാം പൂത്തിരിക്കുന്നു. മതിലിനു വെളിയിലേക്കു നീണ്ട വൃക്ഷത്തിന്റെ കൊമ്പുകളിലൂടെ കുട്ടികൾ കയറി മരങ്ങളിൽ ഇരിക്കുന്നു. 

രാക്ഷസൻ പുറത്തേക്കിറങ്ങി. രാക്ഷസനെ കണ്ടതും കുട്ടികൾ തിടുക്കത്തിൽ വൃക്ഷങ്ങളിൽ നിന്ന് ചാടിയിറങ്ങി ഓടി. എന്നാൽ ഒരു കൊച്ചു കുട്ടി മാത്രം അവിടെ നിന്നിരുന്നു. അവന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്. രാക്ഷസൻ അവന്റെ അടുക്കൽ ചെന്ന് അവനെ എടുത്തുയർത്തി ഒരു വൃക്ഷത്തിന്റെ ശിഖരത്തിൽ ഇരുത്തി. അവനെ ഉയർത്തിയപ്പോൾ രാക്ഷസന് ആ കുട്ടി ഒരു മുത്തം കൊടുക്കുകയും ചെയ്തു. അതു കണ്ട മറ്റു കുട്ടികൾ പറഞ്ഞു ‘നമ്മുടെ രാക്ഷസൻ ആകെ മാറിയിരിക്കുന്നു’.

പിറ്റെ ദിവസം രാക്ഷസൻ വലിയ ഒരു ചുറ്റികയുമായി വന്ന് തോട്ടത്തിന്റെ മതിലുകൾ ഇടിച്ചു നിരത്തി. പിന്നീട് അയാൾ കുട്ടികളോടു പറഞ്ഞു. ‘കുട്ടികളെ നിങ്ങൾക്കിവിടെ വന്നു കളിക്കാം. മതിലിൽ സ്ഥാപിച്ചിരുന്ന ബോർഡും അയാൾ ഇളക്കി മാറ്റി. കുട്ടികൾ‍ സ്കൂൾ വിട്ടു കഴിഞ്ഞാൽ ഓടി രാക്ഷസന്റെ തോട്ടത്തിൽ എത്തും. അയാളും അവരോടൊപ്പം കളിക്കും. അയാൾ എന്നും അവരോട് ചോദിക്കും ‘അന്ന് നിങ്ങളോടൊപ്പം വന്ന ആ കൊച്ചു കുട്ടി എവിടെയാണ്. അപ്പോൾ അവർ പറയും. ‘ഞങ്ങൾ ആദ്യമായാണ് അവനെ അന്നു കണ്ടത്’.

ഒരു ദിവസം രാക്ഷസൻ അത്ഭുതകരമായ ഒരു കാഴ്ച കണ്ടു. ഒരു വൃക്ഷം നിറയെ വെള്ളപ്പൂക്കൾ. അതിന്റെ ചുവട്ടിൽ പണ്ടു താൻ ഉയർത്തിയ കൊച്ചുകുട്ടിയും. രാക്ഷസൻ തിടുക്കത്തിൽ കോണിപ്പടികൾ ഇറങ്ങി അവിടേക്ക് ഓടിച്ചെന്നു. അപ്പോൾ അയാൾ നടുക്കത്തോടെ ആ കാഴ്ച കണ്ടു. കുട്ടിയുടെ ദേഹം അടിയേറ്റ് മുറിഞ്ഞിരിക്കുന്നു. അവന്റെ കൈകളിലും കാലുകളിലും മുറിവുകളും.

അപ്പോൾ രാക്ഷസൻ ‘‘ആരാ കുഞ്ഞേ നിന്നെ മുറിവേൽ പ്പിച്ചത്. ഞാൻ അവനെ എന്റെ വാളുകൾ കൊണ്ട് വെട്ടി നുറുക്കും’’. അപ്പോൾ കുട്ടി ശാന്തമായി പറഞ്ഞു. ‘ഇതോ, ഇതു ഞാൻ സ്നേഹിക്കുന്നവർ എനിക്കു നൽകിയ സമ്മാനമാണ്.’

രാക്ഷസനോട് ആ കുഞ്ഞ് പറഞ്ഞു ‘‘അങ്ങ് എന്നെ ഒരു ദിവസം ഈ ഉദ്യാനത്തിൽ സ്വീകരിച്ചുവല്ലോ. എന്നോടൊപ്പം വരിക. എന്റെ പറുദീസയിലേക്ക്’’.

പിറ്റേ ദിവസം കുട്ടികൾ തോട്ടത്തിൽ എത്തിയപ്പോൾ വൃക്ഷത്തിന്റെ ചുവട്ടിൽ വെള്ളപ്പൂക്കളിൽ പൊതിഞ്ഞു കിടക്കുന്ന രാക്ഷസന്റെ ജീവനില്ലാത്ത ശരീരം കാണുവാനിടയായി.