Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംടി എന്ന അച്ഛൻ

MT_Vasudevan_Nair-family എം.ടി. എന്ന ഗൗരവമുള്ള പേരിനു പിന്നിൽ മറഞ്ഞിരിക്കുന്ന ആർദ്രമനസ്സുള്ള അച്‌ഛനെക്കുറിച്ച് മകൾ അശ്വതി.

ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ ‘ നിന്റെ ഓർമ്മയ്‌ക്ക് ‘ എന്ന കഥ എനിക്കു പഠിക്കാനുണ്ടായിരുന്നു. അച്‌ഛൻ എന്ന എഴുത്തുകാരനെ ഞാൻ അറിയാൻ തുടങ്ങുന്നത് ആ സമയം മുതലായിരുന്നു. അച്‌ഛന്റെ പുസ്‌തകങ്ങൾ ഞാൻ വായിച്ചു തുടങ്ങുന്നതും ആ പ്രായത്തിലാണ്. ‘നിന്റെ ഓർമ്മയ്‌ക്ക്' എന്ന കഥ ക്ലാസിൽ പഠിപ്പിച്ച ദിവസം ഒരുപാട് ചോദ്യങ്ങൾ എന്റെ മനസ്സിലുയർന്നു വന്നു. വീട്ടിൽ വന്ന് ഞാൻ അച്‌ഛന്റെ കഥാസമാഹാരം കൈയ്യിലെടുത്തു. അച്‌ഛന്റെ കുട്ടിക്കാലത്തെക്കുറിച്ചുള്ള ഒരേടാണ് ആ കഥ.

കൊളമ്പിൽ നിന്നും തന്റെ അച്‌ഛനൊപ്പം വന്ന ലീല എന്ന കുട്ടിയെക്കുറിച്ചുള്ള ഓർമ്മ. പെട്ടിക്കടിയിൽ നിന്നു കിട്ടിയ റബർ മൂങ്ങയുടെ കളിപ്പാട്ടം ലീലയെ ഓർമ്മിപ്പിച്ചു. ലീല, തന്റെ അച്‌ഛന്റെ മകളാണെന്നതിന്റെ പേരിൽ വീട്ടിൽ നടന്നക്കുന്ന ബഹളം കഥയിലെ കുട്ടിയായ വാസുവിനു മനസ്സിലാകുന്നില്ല. എനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നു; അത് അച്‌ഛന്റെ ജീവിതത്തിലെ അനുഭവമാണോ എന്ന്. പക്ഷേ, അതിനുള്ള ധൈര്യമുണ്ടായിരുന്നില്ല. എന്റെ അച്‌ഛന്റെയും അമ്മയുടേയും വൈകിയ വിവാഹമായിരുന്നല്ലോ. പ്രായത്തിന്റെതായ ഒരു വലിയ അകലം അവരോടെന്നുമുണ്ടായിരുന്നു. പിന്നീടെപ്പോഴോ, കൂടല്ലൂരെ തറവാട്ടിൽ പോയപ്പൾ വല്ല്യമ്മ പറഞ്ഞു. മുത്തച്‌ഛൻ ഒരിക്കൽ സിലോണിൽ നിന്നു വന്നപ്പോൾ കൂടെ ഒരു കുട്ടിയുണ്ടായിരുന്നതായി കേട്ടിട്ടുണ്ടെന്ന്. 

അന്നൊക്കെ എല്ലാ വേനലവധികളിലും കൂടല്ലൂരേക്കു പോകുമായിരുന്നു ഞങ്ങൾ. അച്‌ഛൻ കഥകളിലൂടെ സൃഷ്‌ടിച്ചെടുത്ത പശ്‌ചാത്തലം ആ ഗ്രാമത്തിൽ നിൽക്കുമ്പോൾ എനിക്കനുഭവപ്പെട്ടു. പുഴയും കണ്ണാന്തളിപ്പൂക്കളും കടത്തും തോണിക്കാരനും ചെറുമികൾ ജോലി കഴിഞ്ഞു പോകുന്ന വയൽവരമ്പുകളുമൊക്കെയുള്ള ഗ്രാമം. അച്‌ഛന്റെ കഥകളിലെ ലോകത്തിന്റെ എൺപതു ശതമാനവും അന്നവിടെ ഉണ്ടായിരുന്നു. പഴയ തറവാട്, ഞാൻ ജനിക്കും മുമ്പേ പൊളിച്ചു മാറ്റപ്പെട്ടിരുന്നു. അച്‌ഛന്റെ ജ്യേഷ്‌ഠന്റെ വീട്ടിലാണ് ഞങ്ങളന്നു പോകുമ്പോൾ താമസിക്കുന്നത്. വല്യമ്മ അച്‌ഛന്റെ കുട്ടികാലത്തെക്കുറിച്ചുള്ള കഥകൾ പറയും. അന്ന് ആ വീടിന്റെ രണ്ടാംനിലയിലെ മുറിയുടെ ജനാലയിലൂടെ നോക്കുമ്പോൾ നിളയും ഒരു കോണ് കാണാമായിരുന്നു. കർക്കടകമാസത്തിൽ നിറഞ്ഞൊഴുകുന്ന നിള കണ്ടിട്ടുണ്ട്. ആ ഗ്രാമത്തിൽ നിന്നു തിരിച്ചു പോകുമ്പോഴൊക്കെയും അടുത്ത വേനലവധി വേഗമെത്താൻ ഞാൻ ആശിച്ചു. 

അച്‌ഛന്റെ ചെറുകഥകളാണ് ഞാനാദ്യം വായിച്ചത്. പിന്നെയാണ് നോവലുകൾ വായിക്കുന്നത്. കൗമാരത്തിലെത്തിയപ്പോൾ, ആ കഥകൾ വായിച്ചതോടെ ഞാൻ അച്‌ഛനുമായി കൂടുതൽ അടുത്തു. നമ്മൾ മുതിരുന്തോറും അച്‌നമ്മമാരുമായുള്ള അടുപ്പത്തിന്റെ സ്വഭാവത്തിൽ മാറ്റം വരും. കുട്ടിക്കാലത്ത് ഞാൻ അച്‌ഛനെ കാണുന്നതു തന്നെ അപൂർവമായിരുന്നു. അച്‌ഛൻ മിക്കപ്പോഴും യാത്രയിലായിരിക്കും. എഴുത്തിന്റെയോ ഷൂട്ടിങ്ങിന്റെയോ തിരക്കിലായിരിക്കും. വീട്ടിലുള്ളപ്പോഴും അധികം സംസാരിക്കില്ല. എനിക്ക് 11-12 വയസ്സായപ്പോൾ അച്‌ഛനോട് കുറച്ചുകൂടി സംസാരിക്കാൻ തുടങ്ങി. പുസ്‌തകങ്ങളെക്കുറിച്ചും അച്‌ഛൻ കണ്ട സിനിമകളെക്കുറിച്ചുമാണ് കൂടുതലും പറയുക. ധാരാളം പുസ്‌തകങ്ങൾ എനിക്കു വാങ്ങിത്തരും.

ലോകത്തിലെ ക്ലാസിക് സിനിമകളൊക്കെ ആ പ്രായത്തിലെ അച്‌ഛനെന്നെ കാണിച്ചിട്ടുണ്ട്. ഞങ്ങളൊന്നിച്ചിരുന്നാണ് സിനിമ കാണുക. ഡോ.ഷിവാഗോ, സിനിമാ പാരഡൈസോ.. നല്ല സിനിമകളോടും പുസ്‌തകങ്ങളോടുമുള്ള അഭിരുചി എന്റെയുള്ളിൽ വളരാൻ അതു കാരണമായി. അന്നൊക്കെ അച്‌ഛനോടായിരുന്നു എനിക്ക് കൂടുതലിഷ്‌ടം. അതിന്റെ കാരണം, എന്റെ പഠിത്തകാര്യത്തിൽ അച്‌ഛൻ ഇടപെടാത്തതാണ്. അമ്മയാണെങ്കിൽ അച്ചടക്കത്തിന്റെ കാര്യത്തിൽ അങ്ങേയറ്റത്തെ കർക്കശക്കാരി. കണക്കിന് മാർക്കു കുറയുന്നതിന് എന്നും കിട്ടും. എനിക്ക് അടി. പ്രോഗ്രസ് കാർഡ് വരുമ്പോൾ അച്‌ഛൻ വീട്ടിലുണ്ടാവണേ എന്നാവും എന്റെ പ്രാർഥന. അച്‌ഛൻ ഒന്നും നോക്കാതെ ഒപ്പിട്ടുതരും. (പക്ഷേ ഇപ്പോൾ ഞാൻ അമ്മ ശീലിപ്പിച്ച അച്ചടക്കത്തിന്റെ ഗുണങ്ങളും തിരിച്ചറിയുന്നു.) 

അച്‌ഛൻ പറഞ്ഞു, നിനക്കൊരു സഹോദരിയുണ്ട്. 

ഞാൻ ഹൈസ്‌കൂൾ എത്തും വരെ അച്‌ഛനുമമ്മയും അത്ര തിരക്കിലായിരുന്നു. അമ്മയുടെ ഇളയ അനിയന്മാരാണ് സ്വന്തം ഏട്ടന്മാരുടെ സ്‌ഥാനത്തുനിന്നു എന്നെ നോക്കിയത്. എങ്കിലും, ചിലപ്പോഴൊക്കെ ആഗ്രഹിച്ച സമയത്ത് അച്‌ഛനും അമ്മയും അടുത്തില്ലാത്തതിന്റെ വിഷമം തോന്നിയിട്ടുണ്ട്. കൂട്ടുകാരുടെ വീടുകളിൽ പോകുമ്പോൾ അവരുടെ അച്‌ഛനമ്മമാർ സ്‌നേഹം പ്രകടിപ്പിക്കുന്ന രീതി കാണുമ്പോഴായിരുന്നു സങ്കടം. ശാരീരികമായ വാൽസല്യപ്രകടനം അവിടെയൊക്കെ കാണാമായിരുന്നു. പക്ഷേ, എന്റെ അഛനുമമ്മയ്‌ക്കും ആ രീതിയല്ല, അന്നു പരിഭവം തോന്നിയിട്ടുണ്ടെങ്കിലും ഇപ്പോഴാലോചിക്കുമ്പോൾ എന്റെ അഛനെയും അമ്മയെയും എനിക്ക് മനസ്സിലാവുന്നുണ്ട്. 

mt-wife-daughter

എനിക്കൊരു സഹോദരിയുണ്ടെന്ന കാര്യ ആദ്യമായി ഞാനറിയുന്നത് അച്‌ഛൻ പറഞ്ഞാണ്. അവിടവിടെ ചില സൂചനകൾ കിട്ടിയിരുന്നു. ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഒരു ദിവസം സ്‌കൂൾ വിട്ടു വന്നയുടനെ അഛൻ ചോദിച്ചു. ‘ ഒരു കല്യാണ റിസപ്‌ഷനു പോകണം. നീയും വരുന്നോ:?. ആരൂടെ കല്യാണമാണെന്ന് ചോദിക്കുമ്പോഴാണ് അച്‌ഛൻ പറയുന്നത്. 'നിനക്കൊരു സ്‌റ്റെപ്പ് സിസ്‌റ്ററുണ്ട്. നിന്റെ അമ്മയെ കല്യാണം കഴിക്കുന്നതിനും മുമ്പ് ഞാൻ വേറൊരു കല്യാണം കഴിച്ചിരുന്നു. അതിലുള്ള മകളാണ്. സിതാര. അമേരിക്കയിലാണ്. സിതാരയുടെ കല്യാണം കഴിഞ്ഞു. റിസപ്‌ഷനാണ് നമ്മൾ പോകുന്നത്'.

എനിക്ക് നടുക്കമോ ദുഖമോ അല്ലതോന്നിയത്. വലിയ സന്തോഷമായിരന്നു. എനിക്കൊരു കൂടപ്പിറപ്പുണ്ടല്ലോ എന്നോർത്ത്. അവിടെ വച്ച് സിത്താരയെന്ന എന്റെ ചേച്ചിയെ ആദ്യമായി കണ്ടു. സംസാരിച്ചു, അന്നാണ് കോഴിക്കോട്ടെ വീടിന്റെ പേര് സിത്താര എന്നായത് എന്തുകൊണ്ടാണെന്ന് തിരിച്ചറിഞ്ഞത്. പിന്നീട്, കുറെ വർഷം കഴിഞ്ഞ്, കൂടല്ലൂരിൽ തന്നെ പ്രധാന റോഡിനടുത്ത് നിളയോട് ചേർന്ന് കുറച്ചു സ്‌ഥലം വാങ്ങി വീടു വച്ചിരുന്നു. ആ വീടിന് അച്‌ഛനിട്ടത് എന്റെ പേരാണ്. അശ്വതി. 

ഒരിക്കലും എന്റെ ജീവിതത്തിലെ ഒരു പ്രധാന തീരുമാനത്തിലും അച്‌ഛൻ ഇടപെട്ടിട്ടില്ല. 10ാം ക്ലാസിൽ നല്ല മാർക്കുണ്ടായിട്ടും ഞാൻ ഹ്യൂമാനിറ്റീസാണ് അടുത്തത്. ഇംഗ്ലീഷ് സാഹിത്യം പഠിക്കാനായിരുന്നു ഇഷ്‌ടം. കോളജിലെത്തിയപ്പോൾ മുതൽ ഞാനും അച്ഛനും തമ്മിലുള്ള ബന്ധത്തിന്റെ ആഴമേറി. അച്ഛന്റെ പല വശങ്ങളും അപ്പോഴാണ് മനസ്സിലാവുന്നത്. ഡിഗ്രികഴിഞ്ഞപ്പോൾ മാസ് കമ്യൂണിക്കേഷൻ പഠിച്ച് ജേർണലിസ്‌റ്റ് ആവാനായിരുന്നു ഞാനാഗ്രഹിച്ചത്. ആ സമയത്ത് നൃത്ത സ്‌കൂളിന്റെ നടത്തിപ്പ് അമ്മയ്‌ക്ക് തനിയെ മുന്നോട്ടു കൊണ്ടുപോകാൻ പ്രയാസമായ ഒരു ഘട്ടം വന്നു. ഞാനും കൂടി പോയാൽ നൃത്തസ്‌കൂളിന്റെ കാര്യത്തിൽ അമ്മ തനിച്ചാവുന്ന അവസ്‌ഥ. അപ്പോഴാണ് ഇനി നൃത്തം തന്നെയയാണെന്റെ വഴി എന്ന തീരുമാനം ഞാനെടുത്തത്. അത് അച്ഛനോട് പറഞ്ഞപ്പോഴും എതിർത്തൊന്നും പറഞ്ഞില്ല. 

Aswathy_V_Nair

പക്ഷേ അച്‌ഛൻ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് ശ്രീകാന്തുമായുള്ള എന്റെ വിവാഹ സമയത്തായിരുന്നു. ഡിഗ്രികഴിഞ്ഞപ്പോൾ മുതൽ എനിക്ക് കല്യാണാലോചനകൾ വന്നു തുടങ്ങി. എല്ലാവരും പറഞ്ഞ ഒരേയൊരാവശ്യം നൃത്തം നിർത്തണമെന്നായിരുന്നു. അതെനിക്കു സമ്മതമല്ലായിരുന്നു. ഞാനന്ന് അതിശയിച്ചു. കാലം പുരോഗമിച്ചിട്ടും അച്‌ഛന്റെ തലമുറയിലുള്ളവരുടെ വിശാലമനസ്‌കത പുതിയ തലമുറയ്‌ക്കില്ലല്ലോയെന്ന്. എന്റെ കല്യാണം നീണ്ടുപോയി. അച്‌ഛന് ആധിയായി. ഞാനാലോചിച്ചു നൃത്തം നിർത്തി സന്തോഷമില്ലാത്ത ഒരു ജീവിതത്തിലേക്ക് ഞാനെന്തിനു പോകണം?. ആ സമയത്ത് ഞാനും ശ്രീകാന്തും ധാരാളം പ്രോഗ്രാമുകൾ ചെയ്യുമായിരുന്നു. പുള്ളിയുടെ വീട്ടിലും വിവാഹാലോചനകൾ വരുന്നുണ്ട്. ജാതകം ചേരുന്നില്ല. സാമ്പത്തിക പ്രശ്‌നങ്ങൾ.. ഇങ്ങനെ കുറെ തടസ്സങ്ങൾ ശ്രീകാന്തിനുണ്ടായിരുന്നു. ഒഴിവു സമയത്ത് ഞങ്ങളിതെപ്പറ്റി തമാശയ്‌ക്ക് പറയും. അങ്ങനെയിരിക്കുമ്പോഴാണ് ഒരു പ്രോഗ്രാം കഴിഞ്ഞ് ഓർക്കസ്‌ട്രാ അംഗങ്ങൾ എന്നോട് ചോദിക്കുന്നത്. ‘ നിങ്ങൾക്കു തമ്മിൽ വിവാഹം കഴിച്ചാലെന്താ? ആലോചിച്ചു നോക്കൂ... അങ്ങനെ ഞങ്ങളുടെ മനസ്സിലേക്ക് ഈ കാര്യം വന്നു. 

രണ്ടു മൂന്നുമാസം ആലോചിച്ചു. അച്‌ഛനോട് ഒരു കുടുംബസുഹൃത്ത് വഴിയാണ് പറഞ്ഞത്. അച്‌ഛനതുകേട്ട് രണ്ടേരണ്ടു കാര്യങ്ങളേ ശ്രീകാന്തിനോട് ചോദിച്ചുള്ളൂ. ശ്രീകാന്തിന്റെ വീട്ടിൽ പൂർണസമ്മതമാണോ എന്നും വിവാഹം അധികം വൈകാതെ നടത്തണമെന്നും. നൃത്തം ജീവിതമാർഗമാക്കിയ ഒരാൾക്ക് മകളെ വിവാഹം ചെയ്‌തുകൊടുക്കാൻ അച്‌ഛന് വിസമ്മതിക്കാമായിരുന്നു. ശ്രീകാന്തിനെപ്പറ്റി കൂടുതൽ അന്വേഷിക്കാൻപോലും നിന്നില്ല അച്‌ഛൻ. എന്റെ തീരുമാനത്തിൽ അച്‌ഛന് പൂർണവിശ്വാസമായിരുന്നു. ആ തീരുമാനം ശരിയായി എന്ന സന്തോഷവുമുണ്ട് അച്‌ഛനിന്ന്. 

Aswathy_V_Nair-N_Srikanth

ഇന്ന് അച്‌ഛൻ രണ്ടാം കുട്ടിക്കാലത്തിലാണ്. 70 വയസ്സ് കഴിഞ്ഞാൽ ‘സെക്കൻഡ് ചൈൽഡ് ഹുഡ്‘ എന്നല്ലേ. അതിന്റെതായ ശാഠ്യങ്ങളുണ്ട്. ഏറ്റവും രസം എന്റെ മകൻ മാധവുമായുള്ള അച്‌ഛന്റെ കളികൾ കണ്ടിരിക്കാനാണ്. ഞാൻ കുട്ടിയായിരുന്നപ്പോൾ അച്‌ഛനെനിക്ക് കഥകളൊന്നും പറഞ്ഞുതന്നിട്ടില്ല. പക്ഷേ, ഇന്ന് അതിന്റെ കൂടി കടം തീർക്കുന്നുണ്ട്. മുത്തച്‌ഛന്റെ വേഷത്തിലായപ്പോൾ മാധവിന് ധാരാളം കഥകൾ പറഞ്ഞുകൊടുക്കാറുണ്ട് അച്‌ഛൻ. 

MT-near-bharathapuzha

അച്‌ഛന്റെ ഗ്രാമവും പുഴയും ഏറെ മാറിപ്പോയി. ഇന്ന് പുഴ വറ്റിവരണ്ടു. ഗ്രാമത്തിന്റെ ചൈതന്യം മാഞ്ഞുപോയി. വല്യച്‌ഛനും വല്യമ്മയും മരിച്ചു. ആ പഴയ വീട് അടച്ചിട്ടിരിക്കുന്നു. മച്ചിൽ ഭഗവതിയുള്ള വീടാണ്. അവിടെ വിളക്കു കത്തിക്കുന്നില്ല. എന്റെ ദുഖമാണത്. അച്‌ഛനും ഉള്ളിൽ ദുഖമുണ്ട്. പറയാറൊന്നുമില്ല. പക്ഷേ, എനിക്കറിയാം. നഗരത്തിൽ വളർന്ന കുട്ടിയായിട്ടും ഞാനിന്നും ഉള്ളുകൊണ്ട്, വരണ്ട പുഴയെയും ഭഗവതിക്ക് വിളക്കു വയ്‌ക്കാത്ത തറവാടിനെയുമോർത്ത് സങ്കടപ്പെടുന്നയാളാണ്. ഒരു പക്ഷേ, അതിന്റെ കാരണം അച്‌ഛനാവാം. കുട്ടിക്കാലത്തേ വായിച്ച അച്‌ഛന്റെ പുസ്‌തകങ്ങളാവാം. ഒരിക്കൽ അച്‌ഛനോടൊപ്പം പുഴത്തീരത്തെ ആ ഗ്രാമത്തിലേക്ക് വേനലവധികളിൽ പോയ യാത്രകളാവാം.