പി.എൻ. പണിക്കർ: ഒറ്റയ്ക്കൊരു സംഘം

മലയാളിയുടെ വായനയിൽ വിപ്ലവം സൃഷ്ടിച്ച മനുഷ്യൻ. വായനശാലകൾ പടുത്തുയർത്തി കേരളം അങ്ങോളമിങ്ങോളം, പ്രോമിത്യൂസിനെപ്പോലെ അറിവിന്റെ തീ കൊണ്ടു ചെന്നയാൾ. പുസ്തകങ്ങളിലൂടെ സാംസ്കാരിക നവോത്ഥാനം സാധ്യമാക്കിയ ആൾ. പുതുവായിൽ നാരായണപ്പണിക്കർ എന്ന പി.എൻ. പണിക്കർക്കു പകരം നാമെന്താണു നൽകിയത്? 

ചോര നീരാക്കി താൻ വളർത്തിയ ഗ്രന്ഥശാലാ സംഘത്തിൽ നിന്നു പോലും തിരസ്കൃതനായി അദ്ദേഹത്തിന് ഇറങ്ങേണ്ടി വന്നു. അച്യുതമേനോൻ കാൻഫെഡിൽ അദ്ദേഹത്തിന് ഒരു കസേര നൽകിയെങ്കിലും അർഹിക്കുന്ന ഒരു ബഹുമതിയോ അംഗീകാരമോ അദ്ദേഹത്തെ തേടിയെത്തിയില്ല. അതൊന്നും ചോദിച്ചു മേടിക്കുന്ന പതിവുകാരനുമായിരുന്നില്ല അദ്ദേഹം. അദ്ദേഹത്തിന്റെ ചരമവാർഷിക ദിനമായ ജൂൺ 19 വായനദിനമായി ആചരിക്കുന്നു. അതുമാത്രമാണ് അദ്ദേഹത്തിനു നാം നൽകിയ അംഗീകാരം. 

1909 ൽ നീലംപേരൂരിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. എൽപി സ്കൂൾ അധ്യാപകനായി ജോലി നോക്കുമ്പോഴും അദ്ദേഹത്തിന്റെ മനസ്സ് പുസ്തകങ്ങളിലും വായനശാലകളിലുമായിരുന്നു. ഐക്യകേരളം സ്വപ്നങ്ങളിൽ മാത്രമായിരുന്ന കാലം. എന്തിന്, ഇന്ത്യയ്ക്കു സ്വാതന്ത്ര്യം പോലും ലഭിച്ചിരുന്നില്ല. അക്കാലത്താണ് പണിക്കർ മുൻകയ്യെടുത്ത് തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘം തുടങ്ങിയത്. ആദ്യകാലത്ത് 47 വായനശാലകൾ മാത്രമേ സംഘത്തിലുണ്ടായിരുന്നുള്ളൂ. 

എന്നാൽ പണിക്കർ പിൻമാറാൻ ഒരുക്കമായിരുന്നില്ല. അദ്ദേഹം തന്റെ ജീവരക്തം കൊടുത്തു സംഘത്തെ വളർത്തി. അതു പടർന്നു പന്തലിച്ച് കേരള ഗ്രന്ഥശാലാ സംഘമായി. ഈ പ്രസ്ഥാനത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞ് സർക്കാർ അതിനെ ഏറ്റെടുത്തു. ഒടുവിൽ അധികാരക്കളികളിൽ പെട്ട് പണിക്കർക്ക് പ്രസ്ഥാനത്തിന്റെ പടികളിറങ്ങേണ്ട അവസ്ഥയുണ്ടായി. ആധുനികകേരളത്തിന്റെ ചരിത്രത്തിൽ ഇത്രമേൽ തിരസ്കരിക്കപ്പെട്ട മറ്റൊരാളുണ്ടാവില്ല. ഒരാളുടെ സംഭാവനയെയും ഇത്ര താഴ്ത്തിക്കെട്ടിയിട്ടുണ്ടാവില്ല.