Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുസ്തകപ്പുഴുക്കളേ പൂമ്പാറ്റയാകൂ...

reading

ജീവിതത്തിന്റെ പെരുംപാത മുറിച്ചുകടക്കാനുള്ള സീബ്രാക്രോസിങ് ആണു വായന. ചീറിപ്പായുന്ന വേഗങ്ങൾക്ക് അടിപ്പെടാതെ അപ്പുറം കടക്കാൻ വഴിയൊരുക്കും അത്. ബുദ്ധൻ പറഞ്ഞതുപോലൊരു മധ്യമാർഗമാവണമെന്നില്ല എല്ലായ്പ്പോഴും വായന. ചിലപ്പോൾ അതു നമ്മെ ഉന്മാദത്തിലേക്കൊ വിഷാദത്തിലേക്കൊ നിർബന്ധിക്കും. അടിമുടി പിടിച്ചുകുലുക്കും. തീത്തൈലം കൊണ്ടു ജ്ഞാനസ്നാനം ചെയ്യിക്കും. ചിലപ്പോൾ അതേ വായന തന്നെ നമ്മെ മൗനത്തിന്റെ മുഴക്കങ്ങൾ അനുഭവിപ്പിക്കും. വായിക്കും മുമ്പുള്ള ആൾ പുസ്തകത്തിന്റെ ആദ്യ താളുകളിൽ തന്നെ മരിക്കുന്നു. പിന്നെ വായിക്കുന്നതു വേറൊരാൾ. അവസാന പുറങ്ങളിലേക്ക് എത്തുമ്പോഴേക്കും അയാൾ പുനർജനി നൂണ്ടിട്ടുണ്ടാകും. വായനയുടെ നദിയിൽ രണ്ടുതവണ ഇറങ്ങാനാവില്ലെന്നല്ല. ഒരുതവണ ഇറങ്ങിയ നിങ്ങളാവില്ല അവിടെ നിന്നു കയറുന്നത്. സ്വർഗം ഒരു പ്രത്യേകതരത്തിലുള്ള വായനശാലയായിരിക്കുമെന്നു നിനച്ച ബോർഹസ് മുതൽ പുസ്തകം സ്പൂൺ പോലെയാണ്, അതിനെ പൂർണമായും ഒഴിവാക്കാനാവില്ലെന്നു പറഞ്ഞ ഉംബർട്ടോ എക്കോ വരെ വിശുദ്ധരായ വായനക്കാർ എത്രയോ.

നാസി കോൺസൻട്രേഷൻ ക്യാംപുകളിലെ തീച്ചൂളയിലൂടെ കടന്നുപോയ ഏലി വീസൽ, നൈറ്റ് എന്ന പൊള്ളുന്ന ഓർമക്കുറിപ്പിൽ ഒരിടത്ത് പറയുന്നു,‘‘ഓരോ സ്ഥലത്തു നിന്നും മറ്റൊരിടത്തേക്കു പോകുമ്പോഴും ഞങ്ങൾ ഒപ്പം കൊണ്ടുപോന്ന പ്രിയപ്പെട്ട വസ്തുക്കളെല്ലാം ഇപ്പോൾ വാഗണിൽ ഉപേക്ഷിച്ചു. അവയോടൊപ്പം ഞങ്ങളുടെ മിഥ്യകളും’’ എന്ന്. ഓഷ്വിറ്റ്സോ ബുഹൻവാൾഡോ പോലെ ഒരിടത്തേക്കു നിർബന്ധിക്കപ്പെടുമ്പോൾ എന്താണു നമുക്ക് കൂടെക്കൊണ്ടുപോകാനാകുക? ഒരേകാധിപതിക്കും എരിച്ചുകളയാനാവാത്ത സ്മരണകളുടെ സഞ്ചയം മാത്രമാകും നമുക്കുള്ളിൽ. അതിൽ നാം വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള ഓർമകളുണ്ടാകും. മുൻപ് അറിയാത്ത ആഴങ്ങൾ അതിൽ തെളിയും. പഴയ കഥാപാത്രങ്ങൾ അസാമാന്യമായ ആർജവത്തോടെ സംസാരിക്കും. വേദനകൾക്കു മേൽ ബാം പുരട്ടും. ആരോഗ്യനികേതനത്തിലെ ജീവൻ മശായിയെപ്പോലെ നമ്മുടെ നാഡി പിടിച്ചുനോക്കി മിടിപ്പുകൾ തൊട്ടറിയും. 

പുസ്തകപ്രേമത്തെക്കുറിച്ചുള്ള അസാധാരണമായ പുസ്തകമാണ് പ്രദീപ് സെബാസ്റ്റ്യന്റെ ഗ്രോണിങ് ഷെൽഫ്. പ്രിയപുസ്തകങ്ങളുടെ ഒന്നാംപതിപ്പുകൾക്കായി പരക്കംപായുന്നവരെപ്പറ്റി, പുസ്തക അലമാര ഒരുക്കുന്നതിനെപ്പറ്റി, പുസ്തകമോഷ്ടാക്കളെപ്പറ്റി, പുസ്തകങ്ങളെ കുറിച്ചുള്ള പുസ്തകങ്ങളെ പറ്റി, മനോഹരമായ ജാക്കറ്റുകളെ പറ്റി, പ്രിയപ്പെട്ട എഴുത്തുകാരെ പറ്റി ഒക്കെയുള്ള മികച്ച കുറിപ്പുകളാണതിൽ. പുനർവായനയെ കുറിച്ച് പ്രദീപ് ഒരിടത്ത് എഴുതുന്നു: റീ റീഡിങ് ബ്രിങ്സ് എ റഷ് ഓഫ് മെമ്മറി– നോട്ട് ജെസ്റ്റ് ഓഫ് ദ് ബുക്ക് അറ്റ് ഹാൻഡ് ഓർ ആൻ ഇവോക്കേഷൻ ഓഫ് എ ടൈം ആൻഡ് പ്ലെയിസ് ബട്ട് ഓഫ് ബീയിങ്; ഹാപ്പിനെസ് ഓർ ഹാർട്ട്ബ്രേക്ക്. എത്ര സഞ്ചരിച്ചാലും തിരിച്ചെത്താവുന്ന ഇടങ്ങളാണ്, സത്രങ്ങളാണ് പുസ്തകങ്ങൾ. എല്ലാ ഓർമകളും അഴുകിപ്പോയിട്ടും പണ്ടു വായിച്ച പുസ്തകങ്ങളുടെ ഉള്ളടക്കം ഒരു വരി പോലും ചോർന്നുപോകാത്ത വിചിത്രരായ കഥാപാത്രങ്ങളെ കണ്ടിട്ടുണ്ട്, നോവലുകളിൽ. മറവിക്ക് എതിരെയുള്ള ബോധകലാപമാണ് വായന. ആ അർഥത്തിൽ എല്ലാതരത്തിലുള്ള അധികാരസ്വരൂപങ്ങൾക്കും എതിരാണത്. 

‘‘കഥകൾ വായിച്ചാണ് ഞാൻ വളർന്നത്.

പക്ഷേ, കഥാപാത്രങ്ങൾ എനിക്കൊപ്പം വളർന്നില്ല.

ഇപ്പോഴും കഥയിലെ ആലീസിന് അതേ ചെറുപ്പം.

അതേ അന്തം വിട്ട ഭാവന’’ കൽപ്പറ്റ നാരായണൻ കവിതയിലെഴുതി. കവിതയുടെ ഒടുവിൽ, കടത്തുകാരാണ് കഥാപാത്രങ്ങൾ എന്നു തിരിച്ചറിയുന്നുണ്ട് കവി. നമ്മൾ കടക്കുമ്പോൾ അവരും കടക്കുന്നു. പക്ഷേ അവർ മടങ്ങിച്ചെന്ന് കടവിൽ കാവൽ നിൽക്കും, അടുത്ത യാത്രക്കാരെയും കാത്ത്. ഓർത്തുനോക്കുമ്പോൾ ദൈവമേ ശരിയാണ്. ആ ടോംസോയറിപ്പോഴും കടൽകൊള്ളക്കാരനാകുന്നതു സ്വപ്നം കാണുകയാകും. ആ പെൺകുട്ടിക്കു നേർക്കു ജനാലയിലൂടെ പൂവെറിഞ്ഞുകൊടുക്കുകയാകും. ജനാലയ്ക്കരികിൽ തന്നെയുണ്ടാകും ടോട്ടോചാൻ എന്ന വികൃതിക്കുട്ടി. അവരെ വായിക്കുന്നവർക്കു പ്രായമാകും. തലമുറകളായി കടന്നുപോകും. പക്ഷേ അവർ അവിടെയുണ്ടാകും, തലമുറകളെ സ്വപ്നം കാണാൻ പഠിപ്പിച്ചുകൊണ്ട്.

വായിക്കുന്നവരെ വധിക്കാനുള്ള വാക്കാണ് പുസ്തകപ്പുഴു. ജീവിതത്തിൽ ഒന്നിനും കൊള്ളാത്ത ഒരാൾ ഒരു കാര്യവുമില്ലാതെ വായിച്ചുകൂട്ടുന്നു എന്നൊരു പുച്ഛവും പുലഭ്യവുമുണ്ട് ആ പ്രയോഗത്തിൽ. പക്ഷേ, കവി എഴുതിയിട്ടുണ്ട് പുഴുവിന്റെ ഏകാന്തവും സൂക്ഷ്മവുമായ യാത്രയെപ്പറ്റി. പുസ്തകപ്പുഴുക്കളുടേതും ഒരു സഞ്ചാരം; ഏകാന്തം, സൂക്ഷ്മം. പുസ്തകപ്പുഴുക്കളേ പൂമ്പാറ്റയാകൂ.