Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണമില്ലാത്ത വായന

x-default

ഒരു മനുഷ്യനെക്കണ്ടാല്‍ ആദ്യം എന്തു ചോദിക്കും. ഒരു സംശയവുമില്ലായിരുന്നു ഫ്രാന്‍സിസ് ബേക്കണ്‍ എന്ന ഇംഗ്ലിഷ് ചിന്തകന്. നിസംശയം അദ്ദേഹം പറഞ്ഞു: അവസാനം ഏതു പുസ്തകമാണു വായിച്ചത്? എന്നു ചോദിക്കുക. ആ ചോദ്യത്തിന്റെ ഉത്തരത്തില്‍നിന്നറിയാം മനുഷ്യന്റെ ബുദ്ധിശക്തി എന്നു വിശദീകരിച്ചു ബേക്കണ്‍. 

പുസ്തകം വായിക്കാത്ത മനുഷ്യനോ? അങ്ങനെയൊരാള്‍ ബുദ്ധിശൂന്യന്‍ എന്നുതന്നെ ബേക്കണ്‍ ഉറപ്പിച്ചു. അ‍ഞ്ഞൂറോളം വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു ബുദ്ധിയുടെ സൂചകം വായനയാണെന്ന സിദ്ധാന്തം ബേക്കണ്‍ അവതരിപ്പിക്കുന്നത്. 

ഇന്നായിരുന്നെങ്കില്‍ എന്തു പറയും ബേക്കണ്‍? 

ജീവന്‍ അവസാനിപ്പിക്കുന്നതിനു തൊട്ടുമുമ്പ്, അവസാനം എഴുതിയ കവിതയില്‍ ഇടപ്പള്ളി എഴുതിയതു മരണത്തെക്കുറിച്ച്. അടുത്തുവരുന്ന മരണത്തിന്റെ മണിനാദത്തെക്കുറിച്ച്. ജീവന്‍ അവസാനിപ്പിക്കട്ടെ എന്നതിനുപകരം അദ്ദേഹം എഴുതിയത് ഞാന്‍ മേശവിളക്ക് ഊതിക്കെടുത്തട്ടെ എന്ന്. പുസ്തകം അടച്ചുവയ്ക്കട്ടെ എന്ന്. പുസ്തകത്തില്‍നിന്നു വേറിട്ട്, കവിതയില്‍നിന്നകന്ന്, ഒരു ജീവിതം സങ്കല്‍പിക്കാന്‍ കഴിയുമായിരുന്നില്ല അദ്ദേഹത്തിന്. ഇന്നിപ്പോള്‍ ഇടപ്പള്ളി കാല്‍പനികനാണ്. പഴഞ്ചനാണ്. പണ്ടെങ്ങോ ജീവിച്ചിരുന്ന ഒരു തലമുറയുടെ അവസാനത്തെ അടയാളം പോലുമാണ് ചിലര്‍ക്കെങ്കിലും. കത്തിലൂടെ ഒരു മരണമൊഴി സങ്കല്‍പിക്കാന്‍ പോലുമാകില്ല ഇന്നാര്‍ക്കും. എന്നിട്ടും അടുത്തിടെ നാം ഒരു മരണമൊഴി വായിച്ചു. ഇംഗ്ലിഷിലും മലയാളത്തിലുമായി കുത്തിക്കുറിച്ച വാക്കുകള്‍. 

am almost on the way. നിങ്ങളെക്കാണാന്‍ പറ്റുമെന്നു തോന്നുന്നില്ല. Sorry. 

ഒരു മാലാഖയുടെ അവസാനത്തെ വാക്കുകള്‍. കാണാന്‍ ഏറെ ആഗ്രഹിച്ച സ്വന്തം കുരുന്നുകളെപ്പോലും കാണാന്‍ അനുവാദമില്ലാതെ, എൈസൊലേഷന്‍ വാര്‍ഡ് എന്ന് ഗാംഭീര്യത്തോടെ വിളിക്കുന്ന ഏകാന്തത്തടവില്‍ കിടന്ന് അവസാനമായി കുത്തിക്കുറിച്ചത്. നിപ്പ വൈറസ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ട നഴ്സ് ലിനിയുടെ വാക്കുകള്‍. ജീവിച്ചിരിക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് ഉറപ്പുണ്ടെങ്കില്‍പ്പോലും ദയാമരണത്തിന് അനുമതി ഇനിയുമായിട്ടില്ലാത്ത ഒരു രാജ്യത്താണ് സ്വന്തം മരണം ഉറപ്പിച്ച് അവസാനത്തെ വാക്കുകളും കുറിച്ച് ഒരു യുവതി കണ്ണടച്ചത്. വൈദ്യശാസ്ത്രത്തില്‍ എല്ലാ വിശ്വാസവും നഷ്ടപ്പെട്ട്. കുഞ്ഞുങ്ങളുടെ ഭാവിയിലും ഭര്‍ത്താവിന്റെ സനേഹത്തിലും മാത്രം അവസാന ആശ്രയം കണ്ടെത്തി. ഫെയ്സ്ബുക് പോസ്റ്റുകളും ട്വിറ്റര്‍ ഷെയറുകളും വാട്സാപ് ഫോര്‍വേഡുകളും മാത്രമാണു ലോകം എന്ന തെറ്റിധാരണ നിലനില്‍ക്കുന്ന ലോകത്താണ് ലിനിക്ക് അവസാനമായി ഒരു പേപ്പറും പേനയും ആശ്രയിക്കേണ്ടിവന്നത്. അക്ഷരങ്ങളില്‍ സ്നേഹം എഴുതി അയയ്ക്കേണ്ടിവന്നത്. 

ലിനി എഴുതിയതു സാഹിത്യമല്ല. കഥയോ കവിതയോ അല്ല. ജീവിതം. ജീവിതയാഥാര്‍ഥ്യം. അതിന് അക്ഷരങ്ങളെ ആശ്രയിക്കേണ്ടിവന്നുവെന്നു മാത്രം. ലിനിയുടെ വാക്കുകള്‍ കാല്‍പനികമോ പഴഞ്ചനോ സ്വപ്നമോ ഭാവനയോ അല്ല. ഇന്നത്തെ യാഥാര്‍ഥ്യം. നാളെയും നമ്മെ തുറിച്ചുനോക്കാവുന്ന ഭീഷണി. അന്നും അവസാനമായി ആശ്രയിക്കാനുണ്ടാകുക അക്ഷരങ്ങള്‍ തന്നെയോ.... 

വായിച്ച വാക്കുകള്‍ തന്നെയോ. വായിച്ചു വായിച്ചു മനസ്സില്‍ പതിഞ്ഞ ഭാവനകള്‍ തന്നെയോ.....

മരണമെത്തുന്ന നേരത്ത് അരികില്‍ ഇത്തിരിനേരമെങ്കിലും ഇരിക്കണേ എന്നപേക്ഷിച്ച റഫീക്ക് അഹമ്മദ് ഏറ്റവും ഒടുവിലെഴുതിയ കവിതയിലും പറയുന്നത് ചെറുപ്പത്തെക്കുറിച്ച്. കടല്‍ച്ചെറുപ്പം. 

അതിപുരാതന പ്രണയികള്‍ വന്നു 

ചിരിച്ചു കൈ കോര്‍ത്തു നടന്ന തീരങ്ങള്‍ 

കരകള്‍, ദ്വീപുകള്‍ കടലെടുത്തൊരു 

തടങ്ങള്‍, ബോധത്തിലുയിര്‍ത്തുപൊന്തുമ്പോള്‍ 

നിഴലുടുപ്പുകളെടുക്കുവാന്‍ വന്ന 

വിളര്‍ത്ത വെയിലിന്റെ കരം വിറയ്ക്കുന്നു 

നമുക്കു കിട്ടിയ സമയമൊക്കെയും 

കഴിഞ്ഞതായ് തിരിച്ചറിഞ്ഞെണീക്കുന്നു

സമയം കഴിഞ്ഞിരിക്കുന്നു. വായിക്കാനുള്ള സമയം. ചിന്തിക്കാനുള്ള സമയം. ആകാശത്തിലെ മേഘത്തെപ്പോലെ ഭാവനയുടെ ലോകത്ത് അലഞ്ഞുതിരിഞ്ഞ നിമിഷങ്ങള്‍. 

നിന്റെ മുടി നരച്ചു. എന്റെ പാദങ്ങളോ തളര്‍ന്നു. വളര്‍ന്നു വാര്‍ധക്യത്തോളം വലുതായിരിക്കുന്നു എന്നു സാരം. നിറങ്ങളും മങ്ങി. സന്ധ്യയും തണുത്തു. അവസാനമവസാന യാത്ര പറഞ്ഞു നീ ഇനിയും വരല്ലേ എന്ന് അയപ്പപ്പണിക്കര്‍ അപേക്ഷിച്ച അതേ സന്ധ്യ. എങ്കിലും കടലിനു ചെറുപ്പമെന്നു നീ പറയുന്നില്ല. പക്ഷേ, നമുക്കറിയാം, പറയാതെയറിയാം , ഈ കടലിന് എന്നും ചെറുപ്പമെന്ന്. 

അക്ഷരങ്ങളുടെ കടലിന്. 

അറിവിന്റെ കടലിന്. 

ഭാവനയുടെ കടലിന്. 

സ്വപ്നങ്ങളുടെ കടലിന്. 

പുനര്‍ജന്‍മത്തിന്റെ കടലിന്. 

അവസാനമവസാനമായി 

വായനയുടെ നിലയില്ലാത്ത കടലിനും. 

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം