Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ സംഭവത്തോടെ 'പന്ത് ' എന്റെ ശത്രുവായി!

Perumbadavam Sreedharan പെരുമ്പടവം ശ്രീധരൻ

ഫുട്ബോൾ ലഹരിയിലാണ് ലോകം. കുട്ടിക്കാലത്തു കോർട്ടിൽ ഫുട്ബോളിന്റെ പിന്നാലെ ഓടിയതിന്റെ ഓർമകൾ പങ്കുവയ്ക്കുകയാണ് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ പെരുമ്പടവം ശ്രീധരൻ.

റഷ്യയിൽ ആരംഭിക്കാൻ പോകുന്ന ലോകകപ്പ് ഫുട്ബോളിന്റെ ആഘോഷങ്ങൾ ലോകം മുഴുവനുമുള്ള ഫുട്ബോൾ പ്രേമികൾ ഉൾത്തുടിപ്പോടെ കാത്തിരിക്കുമ്പോൾ ജനസമൂഹങ്ങൾക്കിടയിലുള്ള വേർതിരിവുകൾ മുഴുവൻ ഇല്ലാതെയാവുകയാണ്. ഒരു പന്തിനു പിന്നാലെ ലോകത്തിന്റെ കണ്ണുകൾ ഉത്കണ്ഠയോടെ ഇമയനങ്ങാതെ നിൽക്കുന്നു. ഫുട്ബോൾ ലഹരിയിൽ ലോകം മുഴുവൻ ആവേശം കൊള്ളുമ്പോൾ എന്റെ കാലുകളും തരിക്കാൻ തുടങ്ങുന്നു. 

കുട്ടിക്കാലത്തു കോർട്ടിൽ ഫുട്ബോളിന്റെ പിന്നാലെ ഓടിയതിന്റെ ഓർമകൾ മനസ്സിൽ തെളിഞ്ഞുവരുന്നു. സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുമ്പോൾ റഫറിമാരായി നിൽക്കാറുള്ളതു ഞങ്ങളുടെ രണ്ടു ഗുരുനാഥന്മാരാണ്. ടി.സി. അഗസ്റ്റിൻ സാറോ ജോർജ് ഫ്രാൻസിസ് സാറോ. അവർ രണ്ടുപേരും നല്ല കളിക്കാരായിരുന്നു. അധ്യാപകർ സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുമ്പോൾ എതിർ ടീമുകളുടെ ക്യാപ്റ്റന്മാരായി അവർ രണ്ടുപേരും കളിക്കാനിറങ്ങും. ഞങ്ങൾ കുട്ടികളുടെ ഫുട്ബോൾ ആവേശത്തിന് അവരായിരുന്നു പ്രചോദനം. 

ഞാൻ ഒരിക്കലും ഒരു നല്ല കളിക്കാരനായിരുന്നില്ല. എങ്കിലും എങ്ങനെയെങ്കിലും ഞാൻ ഒരു ടീമിൽ കയറിക്കൂടും. ആദ്യം ഗോളിയായിട്ടായിരുന്നു എന്റെ നിയോഗം. എതിർ ടീമിന്റെ പന്ത് മറ്റു കളിക്കാരുടെ കാൽപ്പാദങ്ങൾക്കിടയിലൂടെ ഒഴിഞ്ഞു മാറി ഗോൾപോസ്റ്റിനു നേരെ വരുമ്പോൾ ഞാൻ വലിയ കരുതലോടെ നിൽക്കും. എന്നാൽ ഗോൾ പോസ്റ്റിനു നേരെ വരുന്ന പന്തു മിക്കപ്പോഴും എന്നെപ്പറ്റിച്ചു കടന്നുപോകും. എനിക്കു വലിയ നിരാശ തോന്നും, കൂട്ടുകാർ കൂവിയാർക്കുമ്പോൾ ഇനിയത്തെ പന്തിനുവേണ്ടി ഞാൻ കാത്തുനിൽക്കും – വരട്ടെ, ഗോളിയുടെ കഴിവു കാണിച്ചുതരാമെന്ന മട്ടിൽ. പ്രതീക്ഷിച്ച ദിശയിൽ നിന്നു നിമിഷം കൊണ്ടു തെന്നിമാറി പന്തു കടന്നുപോകുമ്പോൾ ഞാൻ കൂടുതൽ നിരാശനാകും. ഒടുവിൽ അവരെന്നെ ഗോൾ പോസ്റ്റിൽ നിന്നു മാറ്റി. വലിയ ക്ഷീണമായിപ്പോയി എനിക്കത്. റൈറ്റ് വിങ്ങിലും ലെഫ്റ്റ് വിങ്ങിലും മാറിമാറി കളിച്ചുനോക്കി. അവിടെയും എതിരാളിയുടെ കാലിൽനിന്നു പന്തുപിടിച്ചു പാസ് ചെയ്തു കൊടുക്കുന്നതിൽ ഞാൻ നിരന്തരം പരാജയപ്പെട്ടു. ഒടുവിൽ കോർട്ടിനു പുറത്തു  കളികണ്ടു നിൽക്കുന്ന ഒരാളായി ഞാനെന്റെ സ്ഥാനം ഉറപ്പിച്ചു. 

perumbadavam

അതിൽ പിന്നെ കളിക്കാനായി ഞാൻ കോർട്ടിൽ ഇറങ്ങിയിട്ടില്ല. പന്തിനോടായിരുന്നു എന്റെ ശത്രുത. കോർട്ടിൽ അതെപ്പോഴും എന്നെ പറ്റിച്ചു. അന്നൊക്കെ ദൂരെ എവിടെയെങ്കിലും നടക്കുന്ന ഫുട്ബോൾ മൽസരത്തിന്റെ തൽസമയ വിവരണം റേഡിയോയിൽ കേൾക്കുമായിരുന്നു. കണാത്ത പന്തിന്റെ പിറകെ ഓടി ഞാൻ കളി ആസ്വദിച്ചു. 

എന്തുകൊണ്ടോ പിന്നെ എന്റെ മനസ്സ് ഫുട്ബോൾ കോർട്ടുകൾക്കു പുറത്തായി, കളിയുടെ ആവേശം നഷ്ടപ്പെട്ടു. ടെലിവിഷനിൽ പോലും ഒരു കളികണ്ടിരിക്കാൻ താൽപര്യമില്ലാതായി. ഞാൻ വായനയിലേക്കു തിരിഞ്ഞു. ദിനപത്രങ്ങളിൽ ഞാൻ വായിക്കാത്ത രണ്ടു പേജുകളുണ്ട് – സ്പോർട്സ് പേജും ചരമക്കുറിപ്പുകളുടെ പേജും. 

പക്ഷേ, ഫുട്ബോളിന്റെ സാർവദേശീയതയെക്കുറിച്ചു ഞാൻ ഓർക്കാറുണ്ട്. രണ്ടു ടീമുകളുടെ മൽസരം ഒരു വിജയത്തിന്റെ കേന്ദ്രത്തിൽ എത്തുന്നു. അവിടെ തോറ്റവരും തുല്യപങ്കാളികളാണ്. ഒരു ടീമിനു മാത്രമായി ഒരു കളി അസാധ്യമാണ്. അതുകൊണ്ടാണു  മൽസരത്തിന്റെ നിമിഷങ്ങളിൽ നിന്നു വിജയത്തിന്റെ നിമിഷങ്ങളിലെത്തുമ്പോൾ ഗോളടിച്ചവർക്കും, ഗോൾ പിടിക്കാൻ കഴിയാതെ പോയവർക്കും കളിയുടെ ത്രസിപ്പിക്കുന്ന വിജയത്തിൽ തുല്യപങ്കാളിത്തമുണ്ടാകുന്നത്. 

രണ്ടു ടീമുകളും അന്യോന്യം ആശ്ലേഷിച്ചും കൈകൊടുത്തും പിരിയുമ്പോൾ സ്പോർട്സ് സൗഹൃദത്തിന്റെ രംഗവേദിയായി മാറുന്നു. മൽസരവും ആക്രമണവും കോർട്ടിൽ  മാത്രമാകുന്നു. കളി കഴിയുമ്പോൾ അവർ കളിയുടെ  വിജയത്തിൽ  തുല്യപങ്കാളികളായി തീരുന്നു. ഒരു മൽസരത്തിൽ ഏതെങ്കിലും ഒരു ടീം തോറ്റേ മതിയാകൂ. പക്ഷേ, ആ തോൽവി ഒരു സൗഹൃദത്തിന്റെ ഭാഗം വയ്ക്കൽ മാത്രമായി തീരുന്നു. പക്ഷേ, മൽസരം മൽസരം തന്നെയാണ്. അവിടെ പൊരുതി നേടുകയെന്നുള്ളതു മാത്രമാണു കളിയുടെ നിയമം. 

ലോക താരങ്ങൾ കളിക്കുന്നതു കണ്ടിരിക്കുമ്പോൾ അറിയാതെ നമ്മുടെ മനസ്സ് ഏതെങ്കിലും ഒരു ടീമിന്റെ പക്ഷം ചേരുന്നു. പിന്നീടു നമ്മൾ തിരിച്ചറിയുന്നതെന്താണ്? അതൊരു കളിയായിരുന്നു. മൽസരമായിരുന്നു. അതു സൗഹൃദത്തിന്റെ കലങ്ങി മറിയലായിരുന്നു. ഞാനങ്ങനെയാണ് കളിയെ കാണുന്നത്. 

Books In Malayalam LiteratureMalayalam LiteratureNewsമലയാളസാഹിത്യം