എന്റെ സ്വപ്നം തകർത്തത് കേരളം: ടി.പി. രാജീവൻ

മലയാള സാഹിത്യത്തിനും സംസ്കാരത്തിനും മുതൽക്കൂട്ടാവുന്ന പദ്ധതിയുമായി മുന്നിട്ടിറങ്ങിയ തന്നെ നിഷേധാത്മക സമീപനത്തിലൂടെ കേരളം തോൽപിച്ചെന്ന് പ്രശസ്ത എഴുത്തുകാരൻ ടി.പി. രാജീവൻ.

എഴുത്തുകാർക്കും കലാകാരൻമാർക്കും സൃഷ്ടികളിൽ ഏർപ്പെടാനും, കലാരൂപങ്ങൾ ആസ്വദിക്കാനും സൗഹൃദങ്ങളും സംവാദങ്ങളും ശക്തിപ്പെടുത്താനുമായി കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം കേന്ദ്രീകരിച്ചു മുന്നോട്ടുവച്ച പദ്ധതിയാണു കേരളത്തിലെ പ്രമുഖരായ എഴുത്തുകാരുടെ നിസ്സഹകരണത്തെത്തുടർന്നു മുടങ്ങിയത്.

പ്രതികരണങ്ങൾ നിരാശയുളവാക്കുന്നതാണെങ്കിലും പ്രതീക്ഷ പൂൎർണമായി കൈവിട്ടിട്ടില്ലെന്നും സ്വപ്നം പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്ന ശുഭാപ്തിവിശ്വാസത്തിലാണു താനെന്നും രാജീവൻ പറയുന്നു. വ്യക്തിജീവിതത്തെക്കുറിച്ചും എഴുത്തിനെക്കുറിച്ചും കേരളം തകർത്ത തന്റെ സ്വപ്നത്തെക്കുറിച്ചും ടി. പി. രാജീവൻ സംസാരിക്കുന്നു.

*സ്വപ്നപദ്ധതി

പ്രകൃതിരമണീയമായ അന്തരീക്ഷത്തിൽ കലയും സാഹിത്യവും സംഗമിക്കുന്ന, എഴുത്തുകാർക്കും കലാകാരൻമാർക്കും അഭയമേകുന്ന ഒരു കലാകേന്ദ്രം. ഇതായിരുന്നു പദ്ധതി. കോഴിക്കോട് ജില്ലയിലെ ഇന്നും ഗ്രാമീണപ്രകൃതിയുടെ സൗഭാഗ്യങ്ങൾ നഷ്ടപ്പെട്ടിട്ടില്ലാത്ത കോട്ടൂർ ഗ്രാമത്തിൽ ഇതിനായി ഒന്നരയേക്കറോളം സ്ഥലവും വാങ്ങി.

എഴുത്തുകാർക്കു താമസിച്ചു സൃഷ്ടികൾ നടത്താനായി ശിൽപഭംഗിയുള്ള കോട്ടേജുകൾ. വിപുലമായ ഗ്രന്ഥശാല. കലാരൂപങ്ങൾ അവതരിപ്പിക്കാനുള്ള വേദികളും സൗകര്യങ്ങളും. വിദേശരാജ്യങ്ങളിൽനിന്നുൾപ്പെടെ പ്രശസ്ത എഴുത്തുകാർക്കു വരാനും കേരളത്തിലെ സഹൃദയലോകവുമായി സംവദിക്കാനുമുള്ള ഇടം.

ഇതൊക്കെയായിരുന്നു സ്ഥലം വാങ്ങുമ്പോൾ എന്റെ മനസ്സിൽ. പ്രമുഖരായ കുറേപ്പേർ സഹകരിക്കുകയാണെങ്കിൽ കലാകേന്ദ്രം ഒരു ട്രസ്റ്റിന്റെ പേരിലാക്കി പൊതുഇടമാക്കി നിലനിർത്തണമെന്നും ആഗ്രഹിച്ചു. പദ്ധതിയെക്കുറിച്ചു വിശദീകരിച്ചു ഫെയ്സ് ബുക്കിൽ ഒരു കുറിപ്പിട്ടു.

വിദേശത്തുനിന്നു പല എഴുത്തുകാരും ഇതിനോട് ആവേശത്തോടെ പ്രതികരിച്ചു. പക്ഷേ, മലയാളത്തിലെ എഴുത്തുകാരും സാംസ്കാരിക നായകരും പദ്ധതിയോടു മുഖംതിരിച്ചു. എനിക്കു സ്വകാര്യലാഭമുണ്ടാക്കാനുള്ള പദ്ധതിയാണെന്നാണു പലരും വിചാരിച്ചതെന്നു തോന്നുന്നു.

മലയാളികളുടെ പതിവുകപടനാട്യവും ഉത്തരവാദിത്തമില്ലാത്ത പ്രതികരണങ്ങളും. എനിക്കു ദുഃഖവും രോഷവും തോന്നുന്നു. വയ്യ. മടുത്തു.ഇങ്ങനെയൊക്കെയാണെങ്കിലും പദ്ധതി പൂർണമായി ഉപേക്ഷിച്ചിട്ടില്ല. സ്ഥലം ഇപ്പോഴും എന്റെ പേരിലുണ്ട്. താൽപര്യമുള്ളവർ മുന്നോട്ടുവന്നാൽ പുനരുജ്ജീവിപ്പിക്കാവുന്നതേയുള്ളൂ.

രണ്ടു ഭാഷകളിലായി വ്യത്യസ്ത രൂപങ്ങളിൽ മൗലികപ്രതിഭയുടെ തിളക്കമുള്ള സൃഷ്ടികൾ നടത്തിയ സർഗധനനായ എഴുത്തുകാരനാണ് ടി. പി. രാജീവൻ. രണ്ടു നോവലുകൾ. പാലേരിമാണിക്യം - ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ, കെ.ടി.എൻ. കോട്ടൂർ: എഴുത്തും ജീവിതവും. പാലേരി മാണിക്യം ഇംഗ്ലിഷിലേക്ക് എഴുത്തുകാരൻതന്നെ വിവർത്തനം ചെയ്തു.

പത്തോളം പതിപ്പുകൾ ഇതിനോടകം വിറ്റഴിഞ്ഞ കോട്ടൂർ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തുകൊണ്ടിരിക്കുന്നു. സാഹിത്യലോകം ഏറ്റെടുത്ത ഈ രണ്ടു നോവലുകൾക്കും ചലച്ചിത്രാവിഷ്കാരങ്ങളുമുണ്ടായി. അറിയപ്പെടുന്ന നോവലിസ്റ്റായിരിക്കുമ്പോൾതന്നെ ശ്രദ്ധേയനായ കവിയുമാണ് രാജീവൻ. ഇംഗ്ലീഷിലും മലയാളത്തിലും അനായാസമായി കവിതയെഴുതുന്നയാൾ. ഇംഗ്ലീഷിൽ രണ്ടു കവിതാ സമാഹാരങ്ങൾ. മലയാളത്തിൽ ‘പ്രണയശതകം’ ഉൾപ്പെടെ അഞ്ചു കാവ്യസമാഹാരങ്ങൾ. വ്യത്യസ്തമായ യാത്രാവിവരണ കൃതിയും രാജീവൻ മലയാളത്തിനു നൽകി: ‘പുറപ്പെട്ടുപോകുന്ന വാക്ക് ’.

* പാലേരിയും കോട്ടൂരും

പന്ത്രണ്ടു കിലോമീറ്റർ ദൂരമേയുള്ളൂ കോഴിക്കോട് ജില്ലയിലെ ഈ രണ്ടു ഗ്രാമങ്ങൾ തമ്മിൽ. പാലേരി എന്റെ അച്ഛന്റെ നാട്. കോട്ടൂർ അമ്മയുടേതും. ഈ രണ്ടു ഗ്രാമങ്ങളിലായിരുന്നു എന്റെ ബാല്യകാലം. അവിടുത്തെ എല്ലാ വഴികളിലൂടെയും ഞാൻ നടന്നിട്ടുണ്ട്.

ഓരോ വീടുകളും എനിക്കറിയാം. രണ്ടു ഗ്രാമങ്ങളുടെയും ചരിത്രവും പുരാണവും എതെിഹ്യങ്ങളും ഞാനേറെ കേട്ടും വായിച്ചും അറിഞ്ഞു. അതുകൊണ്ടുതന്നെ എന്റെ ആദ്യനോവൽ അച്ഛന്റെ നാടിനെക്കുറിച്ചായി- പാലേരി മാണിക്യം-ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ.

രണ്ടാമത്തെ നോവൽ അമ്മയുടെ നാടിനെക്കുറിച്ചും- കെ.ടി.എൻ കോട്ടൂർ.ഈ ഗ്രാമങ്ങളുമായി ബന്ധപ്പെട്ട് ഇനിയുമേറെക്കഥകൾ എന്റെ മനസ്സിലുണ്ട്. ലോകം അറിയേണ്ട കഥകൾ. ഒരുപക്ഷേ ഞാൻ ഇനിയും ഈ സ്ഥലങ്ങളെക്കുറിച്ച് എഴുതിയേക്കാം.

* കവിത

കവിതയിലായിരുന്നു തുടക്കം. അടിസ്ഥാനപരമായി ഞാനൊരു കവിയാണ്. മലയാളം അധ്യാപകനായിരുന്ന അച്ഛൻ കവിയും നല്ലൊരു വായനക്കാരനുമായിരുന്നു. വള്ളത്തോളിന്റെയും ചങ്ങമ്പുഴയുടേയും ഇടപ്പള്ളിയുടേയുമൊക്കെ കവിതകൾ അച്ഛൻ ചൊല്ലുന്നതുകേട്ടാണു ഞാൻ വളർന്നത്. രണ്ടു കാർട്ടൂൺ കഥകൾ എഴുതിയിട്ടുണ്ടെങ്കിലും ചെറുകഥകൾ എനിക്കു പറ്റുമെന്നു തോന്നുന്നില്ല.

* ഇംഗ്ലീഷും മലയാളവും

രണ്ടു ഭാഷകളും എനിക്കൊരുപോലെയാണ്. ചില കാര്യങ്ങൾ മലയാളത്തിൽ ആവിഷ്കരിക്കാൻ പരിമിതികളുണ്ട്. അപ്പോൾ ഭാഷ ഇംഗ്ലീഷാക്കും. പാലേരിമാണിക്യം ആദ്യമെഴുതിയത് ഇംഗ്ലീഷിലാണ്.പിന്നീടു ഞാൻതന്നെ മലയാളത്തിലേക്കു മാറ്റുകയായിരുന്നു. കോട്ടൂരിനെക്കുറിച്ചു ചിന്തിച്ചതും എഴുതിയതും മലയാളത്തിൽ. അതിപ്പോൾ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തുകൊണ്ടിരിക്കുന്നു.

* നവസാമൂഹിക മാധ്യമങ്ങൾ

ഫെയ്സ് ബുക്കും ബ്ലോഗുമുൾപ്പെടെ നവസാമൂഹിക മാധ്യമങ്ങളെ പോസിറ്റീവായാണു കാണുന്നത്. അവയെ ഞാൻ പിന്തുണയ്ക്കുന്നു. ഇന്ത്യയിൽ സോഷ്യൽ മീഡിയ ഏറ്റവും നന്നായും ഫലപ്രദമായും ഉപയോഗിക്കുന്നതു സ്ത്രീകളാണെന്നാണ് എന്റെ അഭിപ്രായം.

അവർക്ക് ഇതൊരു ഒളിയിടമോ ഒളിസങ്കേതമോ ആണ്. മറഞ്ഞിരുന്നുകൊണ്ടോ, വ്യക്തിത്വം വെളിപ്പെടുത്താതേയോ വെളിപ്പെടുത്തിക്കൊണ്ടോ എന്തും ആവിഷ്കരിക്കാനുള്ള സ്വാതന്ത്യ്രം സ്ത്രീകൾക്കു നൽകുന്നു.

ഓഫിസിലെയും വീട്ടിലെയും ജോലികളെല്ലാം തീർത്തതിനുശേഷവും അവർക്കു സൃഷ്ടികളിൽ ഏർപ്പെടാനും പ്രതികരിക്കാനുമൊക്കെയുള്ള സൗകര്യവും സ്വാതന്ത്യ്രവും. അപ്പോൾ അവർ മറയില്ലാതെ അവരെ ആവിഷ്കരിക്കുന്നു. എൻ.എസ്. മാധവന്റെ മകൾ മീനാക്ഷി റെഡ്ഡി മാധവൻ ഉദാഹരണം.