അമ്മയ്ക്കായി കവിതയെഴുതുന്ന കുഴൂർ വിത്സൻ 

കവിത എന്നതിന്റെ മറു പേരാകുന്നുവോ കുഴൂർ വിത്സൻ? കുഴൂരിനോട് സംസാരിക്കുന്ന ആർക്കും തോന്നാവുന്ന സംശയം തന്നെയാകും അത്. കാരണം വായിക്കാതെ, കവിത ചൊല്ലാതെ ഒരിടത്ത് ഇരുപ്പുറയ്ക്കാത്ത കവി. മരങ്ങളോടും മനുഷ്യനോടും പ്രകൃതിയോടും സ്നേഹം തേടുന്നവൻ, സൗഹൃദങ്ങളെ നെഞ്ചോടു ചേർക്കുന്ന മനുഷ്യൻ.. വിശേഷണങ്ങൾക്കും അപ്പുറം കുഴൂർ ചെന്നെത്തി നില്ക്കുന്നു. രാഷ്ട്രീയം ചോദിച്ചില്ല, കാരണം കവിയുടെ രാഷ്ട്രീയമല്ല കവിത മാത്രമാണ് പ്രസക്തം. എന്നാൽ താൻ കവിയായതിനെ കുറിച്ച് കുഴൂർ ഓർമ്മിക്കണമെങ്കിൽ അവിടെ അമ്മയുടെ മണം വേണം, ആ നോവിക്കുന്ന സാന്നിധ്യം മനസ്സിലുണ്ടാകണം. അമ്മയോടുള്ള അത്ര നിസ്സാരമല്ലാത്ത സ്നേഹത്തെ കുറിച്ച് പറഞ്ഞില്ലെങ്കിൽ കുഴൂർ പൂർണനാകുന്നതേയില്ല. ഒരു കവിതയിൽ നിരത്താതെ ആവർത്തിച്ചു പാടുന്ന കവിതകൾ പോലെ കുഴൂർ പാടിക്കൊണ്ടേ ഇരിക്കും, അമ്മയ്ക്ക് വേണ്ടി, കവിതകൾക്ക് വേണ്ടി... 

കവിതകളുടെ ക്ഷേത്രത്തിലാണ് കുഴൂർ ഏതു നേരവും...

കവിതകളുടെ കൂടാണ്‌ "temple of  poetry ". റിസോർട്ട് എന്ന രീതിയിലാണ്. സുഹൃത്തുക്കൾ ഒക്കെ ഇവിടെ വന്നു താമസിക്കുന്നുണ്ട്. പക്ഷേ സാധാരണ റിസോർട്ടുകളിലെ പോലെ വരുക, താമസിക്കുക, ഭക്ഷണം കഴിക്കുക, പോവുക എന്നതല്ല ഈ ക്ഷേത്രത്തിലെ നിലപാട്. ഇവിടെ കവിതയോട് പ്രണയം ഉള്ളവർക്ക് കവിതകൾ ചൊല്ലാം, വട്ടം കൂട്ടാം, കവിത ആസ്വദിയ്ക്കാം, പുസ്തകങ്ങൾ വായിക്കാം. നമ്മുടെ നാട്ടിൽ കവിതകൾക്ക് വേണ്ടി മാത്രമായി ഏതു സ്ഥാപനമാണുള്ളത്? വർഷങ്ങളായി ഞാൻ കവിതകൾ മാത്രം വായിക്കുന്ന ഒരാളാണ്. എനിക്ക് മുൻപ് കടന്നു പോയതും ഏറ്റവും പുതിയ തലമുറയിൽ പെട്ടതുമായ 5 തലമുറയുടെ സ്നേഹം എന്നിലുണ്ട്. അവരിൽ എല്ലാവരെയും ഞാൻ വായിക്കുന്നു, പുസ്തകങ്ങൾ സൂക്ഷിക്കുന്നു, സൗഹൃദം സൂക്ഷിക്കുന്നു. അത്തരം സ്നേഹത്തിനായുള്ള ഒരു ഇടമാണ് ഇത്, ഞങ്ങളുടെ "temple of  poetry ".

അമ്മയെ കുറിച്ച് ഓർക്കുമ്പോൾ നെഞ്ചു നീറുന്ന കുഴൂർ..

ചെറുപ്പത്തിൽ അമ്മയോട് അത്ര അടുപ്പം ഒന്നും ഉണ്ടായിരുന്നേയില്ല. അമ്മയുടെ 47 മത്തെ വയസ്സിലാണ് ഞാനുണ്ടായത്. അതിന്റേതായ അകൽച്ചയും 6 മക്കളുടെ ഭാരവും ഒക്കെ അമ്മയ്ക്കും എനിക്കും ഇടയിലുണ്ടായിരുന്നു. അന്ന് എന്നെ തവിട് കൊടുത്തു വാങ്ങിയതാണ് എന്നൊക്കെ പറയാറുണ്ടായിരുന്നു. എന്തായാലും വീട്ടിൽ ഞാൻ അത്ര അടുപ്പം ഉള്ള ആളൊന്നും ആയിരുന്നേയില്ല. അമ്മയാണെങ്കിൽ രാജ്ഞിയെ പോലെയാണ്. വീടും വീട്ടുകാരെയും മാത്രമല്ല നാട് കൂടി ഭരിച്ചു കളയും, അത്ര പവർ. അതുകൊണ്ട് അത്ര അടുപ്പത്തിനൊന്നും പോയിട്ടില്ല. പക്ഷേ കാലം പിന്നെയും പോകുന്തോറും ഞങ്ങൾക്കിടയിലെ അകൽച്ച കുറഞ്ഞു വന്നു. വയസ്സേറെ ആയതിനു ശേഷമാണ് എന്റെ അമ്മയെ എനിക്ക് കിട്ടിയത്. ഒപ്പം ഇരിക്കാനായത്. 

എങ്ങനെയാണ് അമ്മസ്നേഹം കൂടിയത്...

അമ്മ മരിച്ചു കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞപ്പോഴാണ് അമ്മയെ കുറിച്ച് പിന്നെയും കുറെ കാര്യങ്ങൾ അറിയുന്നത്, അതും ഞാനുമായി ബന്ധപ്പെട്ടവ. എന്നെ വയറ്റിൽ ഉണ്ടായിരുന്നപ്പോൾ ഒരു ബന്ധുവിന്റെ വീട്ടിൽ പോയിട്ട് 15 കിലോമീറ്ററോളം അമ്മ നടന്നു വന്നത്, പാടത്തിന്റെ നടുക്കെത്തിയപ്പോൾ വയറിൽ തൊട്ട് "ഇവനെന്തെടുക്കാവോ എന്തോ" എന്ന് പറഞ്ഞത്... അമ്മയ്ക്ക് എന്നോട് അത്ര വാത്സല്യം ഉണ്ടായിരുന്നോ? എന്തോ ഞാനറിഞ്ഞിരുന്നില്ല. അമ്മയെ അറിയാൻ ഞാൻ ഏറെ വൈകിയെന്നു തോന്നി. അമ്മ നല്ല കർക്കശക്കാരിയായിരുന്നു. പക്ഷേ ഉള്ളിൽ തെളിനീരു പോലുള്ള സ്നേഹം ഒളിപ്പിച്ചിരുന്നു എന്ന് പിന്നീടാണ് മനസിലാക്കാനായത്. അമ്മയെ കുറിച്ച് ഇപ്പോൾ എപ്പോഴും പറയാൻ എനിക്കിഷ്ടമാണ്. ഒരു പുസ്തകം പോലും അമ്മയ്ക്കായി ഞാൻ മാറ്റി വച്ചിട്ടുണ്ട്. "വയലറ്റിനുള്ള കത്തുകൾ" 

അമ്മയ്ക്കുള്ള കവിതകൾ...

8 വർഷം ഒരു ചാനലിലെ വാർത്താ വായനക്കാരൻ ആയിരുന്നു. അതും ഗൾഫിൽ. പിന്നീട് ഒരു കവിത എഴുതിയപ്പോൾ ആ ജോലി പോയി.... കവിത അത്ര നിസ്സാരമായിരുന്നില്ല, രാഷ്ട്രീയം ഒക്കെ ഉള്ള ഒന്ന്. അതിന്റെ ചൊരുക്ക് കുറെ നാൾ ഉണ്ടായി, പിന്നീടു ഗൾഫിൽ തന്നെയുള്ള മറ്റൊരു ചാനലിൽ കയറി. പക്ഷേ അവിടെയും ഏറെ നാളൊന്നും നില്ക്കാൻ പറ്റുന്ന സാഹചര്യം ആയിരുന്നില്ല. ഗൾഫിലെ ജോലി മതിയായിട്ടല്ല. അമ്മ നാട്ടിൽ രണ്ടു മക്കളുടെ കൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓട്ടം, ക്ഷീണം, അവശത, അതിലുമേറെ തറവാട്ടിൽ വന്നു നില്ക്കണമെന്ന അമ്മയുടെ മോഹം.

ഇളയ മകൻ ആയതു കൊണ്ട് തറവാട് എന്റെ പേരിലായിരുന്നു. തറവാട് അവിടെ കിടക്കുമ്പോൾ അമ്മ മറ്റു മക്കളുടെ അടുത്ത് ഓട്ടപ്രദക്ഷിണത്തിലാണ്. ഓർത്തപ്പോൾ സങ്കടം വരുന്നുണ്ടായിരുന്നു. പിന്നെ ജോലികളുടെ പ്രശ്നം ഒക്കെ വന്നപ്പോൾ ഗൾഫിലെ ജോലി ഉപേക്ഷിച്ചു നേരെ നാട്ടിലെത്തി. അത് വലിയ സന്തോഷത്തിന്റെ കാലമായിരുന്നു. നാട്ടിൽ വന്നു പ്രശസ്തമായ ഒരു മലയാളം ചാനലിൽ ജോലിയ്ക്ക് കയറി. പക്ഷേ അവിടെ സാമ്പത്തികമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു.. എന്നാലും ജോലിയ്ക്ക് പോക്ക് തുടർന്നു. മിക്കപ്പോഴും നൈറ്റ് ഡ്യൂട്ടി ആവും. ഉച്ചവരെ അമ്മയുടെ ഒപ്പം ഇരിക്കാം. അമ്മയ്ക്ക് കവിത ചൊല്ലിക്കൊടുക്കാം, കവിത എഴുതാം. ഭയങ്കര സന്തോഷം. ആ സമയത്ത് അമ്മയ്ക്കായി ഒരു കവിത എഴുതിയിരുന്നു, "ജന്മം" എന്ന പേരിൽ.

"പണ്ട് ജിനുവും പ്രദീപും റിയാസുമൊക്കെവന്ന് വിളിക്കുമ്പോള്‍ കാപ്പിയും പലഹാരവുമൊക്കെകൊടുക്കേണ്ടി വരുമല്ലോയെന്ന് പേടിച്ച് പറഞ്ഞിരുന്ന അതേ ശബ്ദത്തിൽ.... 

ആരാ? നായര്‍ ചെക്കനോ പള്ളിപ്പുറത്തെ പ്രദീപോ കാക്കാച്ചെക്കന്‍ റിയാസോ ?

അല്ല അമ്മയുടെ മകനാണ്...

ആരാ?

അമ്മേ ഇത് ഞാനാണ്...

ഇതിലപ്പുറം ഞാനെന്താണ് പറയേണ്ടത് 'അമ്മയുടെ മകന്‍'. അതിലപ്പുറം എനിക്കെന്താണ് വിശേഷണം?

ഇളയവന്‍, വയസ്സാം കാലത്ത് ഉണ്ടായവന്‍, അമ്മയെ നോക്കേണ്ടവന്‍, നാട് വിട്ടവന്‍, ഇഷ്ടം പോലെ ജീവിച്ചവന്‍, വീടറിയാതെ കെട്ടിയവന്‍, പല ക്ലാസ്സിലും തോറ്റവന്‍, കണ്ടവരുടെ കൂടെ നടന്നവന്‍, പട്ടയടിക്കുകയും പട്ടക്കാരെ തെറി വിളിക്കുകയും ചെയ്തവന്‍, അമ്മയുടെ നെഞ്ചിലെ അറവ്കത്തി....."

വയലറ്റിനുള്ള കത്തുകൾ.... 

ചാനലിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോൾ നിർത്തി പോരാതെ നിവൃത്തിയില്ലെന്നായി, മാത്രവുമല്ല അമ്മയുടെ അവസ്ഥയും മോശമായി. ഓർമ്മക്കുറവ് അമ്മയ്ക്ക് നന്നായി ബാധിച്ചു തുടങ്ങി, കൂടെ ആരെങ്കിലും എപ്പോഴും വേണം. അതുകൊണ്ട് രണ്ടും കൽപ്പിച്ചു ജോലി രാജി വച്ചു. തുടർന്നു ഒരു വർഷം ഞാൻ അമ്മയുടെ കൂടെ മാത്രമായിരുന്നു. അമ്മയ്ക്ക് വേണ്ടി അമ്മയെ വിളിക്കുന്നത്‌ പോലെ ഞാൻ കവിതകൾ എഴുതി, അമ്മയെ വായിച്ചു, അമ്മയ്ക്ക് സന്തോഷം തോന്നുന്നുണ്ടെന്ന് ഞാൻ ചിന്തിച്ചു.. അല്ല ശരിയ്ക്കും അമ്മ സന്തോഷിച്ചിട്ടുണ്ടാവണം. വയസ്സാംകാലത്ത് പിറന്ന മകൻ വയസ്സായപ്പോൾ ഒപ്പമിരുന്നു കവിത ചൊല്ലി കൊടുക്കുന്നത് കണ്ട അമ്മയ്ക്ക് എന്തായാലും സങ്കടം വരില്ലല്ലോ.. അമ്മയുടെ ഒപ്പമിരുന്ന ആ വർഷം എഴുതി തീർത്ത കവിതകളാണ് വയലറ്റിനുള്ള കത്തുകൾ എന്ന കവിതാ സമാഹാരത്തിൽ ഉള്ളത്. 

അമ്മയ്ക്കുള്ള കവിതകൾ കുഴൂർ ചൊല്ലിക്കൊണ്ടേ ഇരിക്കുകയായിരുന്നു. അത്ര നാൾ അടുത്തിരുന്നിട്ടും തിരിച്ചറിയാതെ അമ്മയുടെ നെഞ്ചോടു ചേർന്നിരുന്നിട്ട് കാലം കൂട്ടി കൊണ്ട് പോയപ്പോൾ കവിത തന്നെയായിരുന്നു അമ്മ എന്ന് തിരിച്ചറിഞ്ഞ കുഴൂർ വിത്സൻ. യുവ കവികളിലെ ശ്രദ്ധിക്കപ്പെടുന്ന ഒരു കാവ്യവഴി തന്നെയാണ് കുഴൂർ. ചില കവിതകളുടെ പ്രപഞ്ചം തീർക്കുന്നവൻ. കവിത ചൊല്ലാനുള്ളതാണെന്ന് ഓരോ ഫോൺ കൊളുകളിലൂടെയും ഓർമ്മിപ്പിക്കുന്നവൻ. നിർത്താതെ കവിതകൾ ചൊല്ലുന്നവൻ, സ്വയം കവിത ആയവൻ, അതേ അത് കുഴൂർ വിൽസനാണ്‌...