ഇനി പുസ്തകങ്ങള്‍ കേൾക്കാം...

ഒരു പുസ്തകം എടുത്തു വായിക്കണ്ട... ഇങ്ങനെ നടന്നോ...അമ്മമാരുടെ ഇത്തരം വഴക്കുകൾ കിട്ടാതെ വളർന്ന എത്ര പേരുണ്ടാവും? നമ്മുടെ കുട്ടികളെ ഇനി അങ്ങനെ ശാസിക്കാൻ വരട്ടെ, കാലം മാറുകയാണ്, പുസ്തകം ഇനി വായിക്കാൻ നിൽക്കണ്ട, ലൈബ്രറികളിൽ പോകാൻ നടക്കണ്ട, വീട്ടിൽ വിരൽത്തുമ്പിലെ മൊബൈലിൽ ഉണ്ട് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ. ഇഷ്ടപ്പെട്ട പുസ്തകങ്ങൾ കേൾക്കാനുള്ള അവസരമാണ് "കേൾക്കാം" എന്ന പുതിയ ആശയത്തിലൂടെ വായനക്കാരിലേയ്ക്ക് എത്തുന്നത്. ഇതിന്റെ പ്രധാന ക്രിയേറ്റീവ് ആശയം ഉടലെടുത്തത് എഴുത്തുകാരിയും സംവിധായികയുമായ ശ്രീബാല കെ മേനോന്റെ ബുദ്ധിയിലാണ്, 'കേൾക്കാം' എന്ന ആശയത്തെ കുറിച്ച്  ശ്രീബാല പറയുന്നു :

നാലഞ്ചു വർഷം മുൻപ് ഒരു പെൺകുട്ടിയെ പരിചയമുണ്ടായിരുന്നു. കാഴ്ച്ചയ്ക്ക് ബുദ്ധിമുട്ടുള്ള ഒരു കുട്ടിയാണ്. അവൾക്കു വായിക്കാൻ കഴിയില്ല. പക്ഷേ കേൾക്കാം. പുസ്തകങ്ങൾ ഒക്കെ വായിക്കണം എന്നാഗ്രഹം ഉള്ളവർക്ക് കാഴ്ച ശക്തി ഇല്ലെങ്കിൽ എന്ത് ചെയ്യണം എന്ന ചിന്ത അങ്ങനെയാണ് വന്നത്. വിദേശങ്ങളിലൊക്കെ പുസ്തകങ്ങളുടെ കേൾവി രൂപവും നമുക്ക് അനുഭവിക്കാം. അപ്പോൾ കാഴ്ചശക്തി ഇല്ലാത്തവർക്ക് പോലും അത് ആസ്വദിയ്ക്കാം. കാലം മാറിയില്ലേ. സാങ്കേതികത മാറിയില്ലേ. അതോടെയാണ് ഓഡിയോ ബുക്ക് എന്ന ആശയത്തെ കുറിച്ച് ആലോചിക്കുന്നത്. അതെങ്ങനെ കേരളത്തിൽ കൊണ്ടെത്തിക്കാൻ കഴിയും എന്ന ആലോചന ഒടുവിൽ ഇക്കഴിഞ്ഞ ഞായറാഴ്ച പ്രാവർത്തികമായിരിക്കുകയാണ്.

ആദ്യ പുസ്തകത്തെ കുറിച്ച്...

ഇപ്പോൾ ആദ്യമായി കുട്ടികളുടെ സെക്ഷനിലെയ്ക്കുള്ള പുസ്തകമായി ഒരെണ്ണം ചെയ്തത് അഷിതയുടെ "മയിൽ‌പീലി സ്പർശം" എന്ന കൃതിയാണ്. പണ്ട് നമ്മൾ സ്കൂളിൽ പഠിക്കുമ്പോൾ വിചാരിക്കാരില്ലേ, പഠിക്കാൻ പാഠപുസ്തകത്തിൽ ഉള്ള കൃതികൾ ഒന്ന് വായിച്ചു കേൾക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന്. യഥാർത്ഥത്തിൽ ഈ കേൾവിയുടെ രസം കൂടുതൽ ആസ്വദിയ്ക്കുന്നത് കുട്ടികളാണ്. അതിനാലാണ് കുട്ടികൾക്കായി ആദ്യ പുസ്തകം ചെയ്തത്. അഷിത ചേച്ചിയുടെ ആ പുസ്തകം സ്റ്റേറ്റ് സിലബസിലെ അഞ്ചാം ക്ലാസ്സിൽ പഠിക്കാനുള്ള പാഠം ആണ്. അതുകൊണ്ട് തന്നെ എന്തായാലും കുട്ടികൾക്ക് ഇത് ഇഷ്ടപ്പെടും. ഫ്രീലാൻസർ ആയ ദാമോദർ രാധാകൃഷ്ണൻ, നേരത്തെ ആകാശവാണി അനൗൺസർ ആയിരുന്ന സത്യഭാമ എന്നിവരാണ് ശബ്ദം നല്കിയിരിക്കുന്നത്.

സാങ്കേതികത...

കേൾക്കാം എന്ന ആശയത്തിന്റെ സാങ്കേതിക സഹായം മുഴുവനായും നൽകിയിരിക്കുന്നത്‌ കേരളബുക്ക് സ്റ്റോർ ആണ്. കേൾക്കുന്നതിനായുള്ള സ്മാർട്ട് ഫോൺ ആപ്പിനു രൂപം നൽകിയതും അവരാണ്. ആദ്യം പ്ലേ സ്റ്റോറിൽ നിന്ന് kbs-ebookreader  ആപ്പ് ഡൗൺലോഡ് ചെയ്യണം. അതിനു ശേഷം കേരള ബുക്ക് സ്റ്റോറിൽ കയറി ബുക്ക് രൂപ നല്കി വാങ്ങണം. പുസ്തകത്തിന്‌ യഥാർത്ഥ വില തന്നെയാണ് കേൾവിക്കായും വാങ്ങുന്നത്. ഈ പണം പൂർണമായും എഴുത്തുകാരന് ലഭിക്കുകയും ചെയ്യും. 

കേൾക്കാം കേൾക്കാം...

വിദേശങ്ങളിലൊക്കെ ഈ രീതി ഏറെ പ്രചാരത്തിലുണ്ട്. നമ്മുടെ സാങ്കേതികത ഇത്രയും വളർന്നു നിൽക്കുന്ന അവസരത്തിൽ ഇവിടെയും പ്രാവർത്തികമാക്കാവുന്നതേയുള്ളൂ. പഴയത് പോലെയല്ല എല്ലാവരും സ്മാർട്ട് ഫോൺ വഴിയാണ് നെറ്റ് ഉപയോഗിക്കുന്നത്. വളരെ കുറഞ്ഞ സൈസിലാണ് പുസ്തകം ലഭിക്കുക, അതിനാൽ ഒരുപാട് ഡേറ്റയും പോകില്ല. ഇപ്പോൾ കുട്ടികളുടെ സെക്ഷൻ ആണ് ചെയ്തുകൊണ്ടിരിക്കുന്നത്. അടുത്തത് പ്രിയ എ. എസ്. എഴുതുന്ന പുസ്തകമാണ്. അതും കുട്ടികളുടെ പുസ്തകമാണ്. എന്തായാലും വായനക്കാരുടെ ഒരു ശീലം മനസ്സിലാക്കിയ ശേഷമേ മുതിർന്നവർക്കുള്ള പുസ്തകം ഇറക്കുകയുള്ളൂ. മാസത്തിൽ ഒരു പുസ്തകം വച്ച് ഇറക്കാനാണ് പദ്ധതി. കാലം മാറുകയല്ലേ, വായനയുടെ രീതിയും അതിനനുസരിച്ച് മാറട്ടെ. 

ഉദ്ഘാടനം...

പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെയാണ് പുസ്തകങ്ങൾ കേൾക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച ആണ് ആദ്യത്തേത് പുറത്തിറങ്ങുന്നത്. തിരുവനന്തപുരം റഷ്യൻ കൾച്ചറൽ സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ സംവിധായകാൻ സത്യൻ അന്തിക്കാടും ഛായാഗ്രാഹകൻ വേണവും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. ശിഹാബുദ്ദീൻ പൊയ്തുംകടവ്, അഷിത, ബീനാ പോൾ, പ്രൊഫ. അലിയാർ, എസ് രാധാകൃഷ്ണൻ, പുഷ്പവതി എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.