Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഴുത്തുകാരന്‍ പൊളിറ്റിക്കലി കറക്ട് ആവണമെന്നില്ല: എസ് ഹരീഷ്

എസ് ഹരീഷ് എസ് ഹരീഷ്

‘‘എഴുത്തുകാരന്‍ പൊളിറ്റിക്കലി കറക്ട് ആവണമെന്നില്ല. അയാളുടെ ജോലി നന്നായി കഥയെഴുതുക എന്നതു മാത്രമാണ്. രാഷ്ട്രീയപരമായ ഗുണദോഷങ്ങളോട് അയാള്‍ക്ക് ബന്ധമുണ്ടാവണമെന്നില്ല.’’ - മലയാള ചെറുകഥയിലെ പ്രതീക്ഷ നൽകുന്ന ചെറുകഥാകൃത്തുക്കളുടെ പട്ടികയില്‍ ഇടം പിടിച്ച എസ്. ഹരീഷ് തന്റെ പുതിയ കഥയായ ‘മോദസ്ഥിതനായങ്ങ് വസിപ്പൂ മല പോലെ’യുടെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു.

ഖണ്ഡന- മണ്ഡനവിമര്‍ശനങ്ങൾ ഒരുപോലെ നേടിയ കഥയാണ് ‘മോദസ്ഥിതനായങ്ങ് വസിപ്പൂ മല പോലെ’. എല്ലാവരും ഒരു കഥയെ നല്ലതാണെന്നു പറഞ്ഞാലും എല്ലാവരും മോശമാണെന്നു പറഞ്ഞാലും ആ കഥയ്‌ക്കെന്തോ കുഴപ്പമുണ്ടെന്നതാണ്  ഈ കഥാകൃത്തിന്റെ വിശ്വാസം. പുതിയ കഥയ്ക്ക് ഏറെയും നല്ല അഭിപ്രായങ്ങളാണ്  ലഭിച്ചത്. അപൂര്‍വം ചിലര്‍ വിമര്‍ശിച്ചിട്ടുമുണ്ട്. പൊളിറ്റിക്കലി കറക്ട് അല്ല കഥയെന്നാണ് അവരുടെ വിമര്‍ശനം. ഹരീഷ് സംസാരിച്ചുതുടങ്ങി.

യഥാര്‍ഥത്തില്‍ എന്താണ് ഈ കഥ? ഇതെഴുതാനിടയായ സാഹചര്യം എന്തായിരുന്നു

വളരെ പെട്ടെന്ന് എഴുതിയ കഥയാണിത്. സാധാരണയായി എന്റെ രീതി ഏറെ സമയമെടുത്ത് എഴുതുന്നതാണ്. പക്ഷേ ഈ കഥയില്‍ അങ്ങനെ സംഭവിച്ചിട്ടില്ല. വളരെ പെട്ടെന്ന് എഴുതിപൂര്‍ത്തിയാക്കിയതാണ്. ഒരു സുഹൃത്ത് പറഞ്ഞ യഥാര്‍ഥ സംഭവമായിരുന്നു ഇതിന്റെ പിന്നില്‍.  ജാതിയുടെ സങ്കീര്‍ണപ്രശ്‌നങ്ങള്‍ മനസ്സിലുണ്ടായിരുന്നതുകൊണ്ടാവാം പെട്ടെന്ന് എഴുതിത്തീര്‍ക്കാന്‍ കഴിഞ്ഞത്.

കഥയ്ക്കു ജാതിയുണ്ടോ?

ഇന്ത്യന്‍ സമൂഹത്തില്‍ ജാതിയുണ്ട്. സാമൂഹികനീതിയും ജാതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ കഥകള്‍ ജാതീയമായി വായിക്കപ്പെടുന്നതില്‍ തെറ്റില്ല എന്നുതന്നെയാണ് എന്റെ അഭിപ്രായം.

ശ്രീനാരായണഗുരു പല കഥകളിലും കടന്നുവരുന്നുണ്ടല്ലോ?

ശ്രീനാരായണഗുരു കേരളത്തിന്റെ നവോത്ഥാനനായകരില്‍ ശക്തനായ ഒരാളാണ്. അപൂര്‍വമായ രീതികളുള്ള സന്യാസിയുമായിരുന്നു അദ്ദേഹം. തമാശ പറയുന്ന, ഫലിതം ആസ്വദിക്കുന്ന സന്യാസി. കേരളത്തിലെ കലാസാഹിത്യമേഖലകളിലെല്ലാം ഗുരു അദൃശ്യസാന്നിധ്യമായിരുന്നു. കേരളത്തിന്റെ മുക്കിലും മൂലയിലുമെല്ലാം ഗുരുമന്ദിരങ്ങളുണ്ടെങ്കിലും നമ്മുടെ ജനകീയ കലാരൂപമായ സിനിമയിലും മറ്റും ഗുരുമന്ദിരങ്ങള്‍ കടന്നുവരുന്നതേയില്ല. ഹൈന്ദവക്ഷേത്രങ്ങളും പള്ളികളും ചിത്രീകരിക്കപ്പെടുമ്പോള്‍ത്തന്നെ ഗുരുമന്ദിരങ്ങളെ അവിടെയൊന്നും കാണുന്നില്ല. സാഹിത്യത്തിലും ഗുരു കടന്നുവരുന്നില്ല. ഇതിലൊരു മാറ്റത്തിനാണ് ഞാന്‍ ശ്രമിക്കുന്നത്.

ഗുരുവിനെപ്പോലെതന്നെ കെ.പി. അപ്പനെപ്പറ്റിയും താങ്കൾ പരാമർശിച്ചിട്ടുണ്ട്. അപ്പന്‍ എന്ന പേരില്‍ ഒരു കഥയുമെഴുതിയിട്ടുണ്ടല്ലോ?

വായനകൊണ്ടു സ്വാധീനിക്കുന്ന കാര്യങ്ങളാണ് അവയൊക്കെ. വായനയുടെ ലോകത്തു ജീവിക്കുന്ന ഒരാള്‍ക്ക് അയാള്‍ വായിക്കുന്ന ആശയങ്ങളോടു പ്രതിപത്തി തോന്നുന്നതും അതിന്റെ സ്വാധീനത്തിൽപ്പെടുന്നതും സ്വഭാവികമാണല്ലോ. അവയെല്ലാമാണ് കഥകളായി രൂപപ്പെടുന്നത്.

കഥയെഴുത്തിന്റെ ആരംഭത്തെക്കുറിച്ച്...

ഇരുപത്തിയൊന്‍പതു വയസ്സു വരെ ഒന്നും എഴുതാതെപോയ ആളായിരുന്നു ഞാന്‍. ജേണലിസം പഠിക്കുമ്പോഴാണ് കഥയെഴുതിത്തുടങ്ങിയത്. മാതൃഭൂമിയുടെ വിഷുപ്പതിപ്പിലായിരുന്നു ആദ്യകഥ പ്രസിദ്ധീകരിച്ചത്. എഴുത്തല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്നു തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. ഇനി എഴുതിയില്ലെങ്കില്‍ അസ്തിത്വം തന്നെ ഇല്ലെന്നു തോന്നി. നിഷ എന്ന കടുവക്കുട്ടി എന്ന കഥയായിരുന്നു രണ്ടാമത്തേത്. അടുത്തത് രസവിദ്യയുടെ ചരിത്രം. മുണ്ടശ്ശേരി അവാര്‍ഡ് കിട്ടിയ കഥയായിരുന്നു അത്. പിന്നെ നീണ്ട ഇടവേള. രണ്ടാം വരവ് മാന്ത്രികവാല്‍ എന്ന കഥയുമായിട്ടായിരുന്നു.

നോവല്‍ എഴുതാന്‍ പദ്ധതിയുണ്ടോ?

തീര്‍ച്ചയായും. എന്നെങ്കിലും ഞാന്‍ അത് എഴുതിയേക്കാം. പക്ഷേ തടസ്സമായി നിൽക്കുന്ന ഒരു കാര്യമുണ്ട്. പുതിയ സാഹിത്യം വായിക്കും തോറും നമ്മുടെ എഴുത്തിനു പരിമിതികളുണ്ടെന്നു നമുക്കു തോന്നും. ഇങ്ങനെയൊക്കെ നല്ല എഴുത്തുണ്ടാകുമ്പോൾ നമ്മുടെ എഴുത്ത് അങ്ങനെയാകുന്നില്ലല്ലോയെന്ന്..

എഴുത്തിന്റെ ലോകത്തിലെ സൗഹൃദങ്ങള്‍

എഴുത്തിന്റെ ലോകത്തില്‍ വലിയ സൗഹൃദങ്ങള്‍ ഇല്ല എന്നതാണ് സത്യം.  പക്ഷേ ഉണ്ണി ആര്‍, ഇ. സന്തോഷ് കുമാര്‍, പ്രമോദ് രാമന്‍ എന്നിവരുമായെല്ലാം കഥകള്‍ ചര്‍ച്ച ചെയ്യാറുണ്ട്.

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ബിരിയാണിയെക്കുറിച്ച്

അടുത്തകാലത്തു വായിച്ചതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥകളിലൊന്നാണിത്. സാധാരണയായി പല  കഥകളും നമ്മുടെ ചുറ്റുപാടുകളെ ചിത്രീകരിക്കുന്നവയല്ല. എന്നാല്‍ ആ കഥയുടെ പരിസരം നമ്മുടെ ചുറ്റുപാടുകളായിരുന്നു. നമുക്കു പരിചിതമായ മേഖല.

സമീപത്തുള്ള ഗുരുമന്ദിരത്തില്‍നിന്ന് നിത്യവും പ്രഭാതത്തില്‍ ഹരീഷ് കേട്ടുപരിചയിച്ച കുമാരനാശാന്റെ ഗുരുസ്തവത്തിലെ വരിയാണ് ‘മോദസ്ഥിതനായങ്ങു വസിപ്പൂ മല പോലെ’. 

ചുക്കിലിയും പൊടിയും തൂത്ത് നിലത്തിരുന്ന് അയാള്‍ ഒടിഞ്ഞ കഴുക്കോലുകളും പട്ടികകളും എണ്ണിനോക്കി. നല്ല മഴയത്ത് വെള്ളം ഭിത്തി വഴി ഒഴുകും. ഭിത്തിയില്‍ ചാരിയിരുന്ന പഴയ ഫോട്ടോ അയാളിളക്കി നോക്കി. മൂന്നുവശം ചിതല്‍ പടര്‍ന്ന് അതവിടെ ഉറച്ചുപോയിരിക്കുന്നു. നന്നായി നനഞ്ഞെങ്കിലും ദ്രവിച്ചുതുടങ്ങിയെങ്കിലും മുഖം നന്നായി വ്യക്തമാണ്. ഫോട്ടോയുടെ ഏറ്റവും താഴെ കവിതയുടെ രണ്ടു വരിയും വ്യക്തമാണ് എന്നാണ് ഹരീഷ് ആ കഥ അവസാനിപ്പിച്ചിരിക്കുന്നത്.

അസാധാരണമായ ക്രാഫ്റ്റ് കൊണ്ടു മലയാളകഥയെ വിസ്മയിപ്പിച്ച ഹരീഷിന്റെ കഥകൾ വെള്ളിത്തിരയിലേക്കും എത്തുകയാണ്. ‘ആദം’ എന്ന കഥാസമാഹാരത്തിലെ മൂന്നു കഥകൾ ചേർത്തൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും സഞ്ജു സുരേന്ദ്രനാണ്. മറ്റു ചില തിരക്കഥകളുടെ ചർച്ചകളും നടക്കുന്നുണ്ട്. രസവിദ്യയുടെ ചരിത്രം, ആദം എന്നിവയാണ് കൃതികള്‍. റാന്‍ഡി പോഷിന്റെ അന്ത്യപ്രഭാഷണത്തിന്റെ വിവര്‍ത്തകനും ഹരീഷായിരുന്നു .

കേരള സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യന്‍ എന്‍ഡോവ്‌മെന്റ്, സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരം, വി.പി. ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡ്, മുണ്ടശ്ശേരി കഥാപുരസ്കാരം,സി.വി. ശ്രീരാമൻ സ്മൃതി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

1975 ല്‍ കോട്ടയം ജില്ലയിലെ നീണ്ടൂരിലാണ് ഇദ്ദേഹം ജനിച്ചത്. കോട്ടയം താലൂക്ക് ഓഫീസില്‍ ജോലി ചെയ്യുന്നു. ഭാര്യ അധ്യാപികയാണ്. രണ്ടു മക്കള്‍.