പ്രഫ. എം. അച്യുതൻ അന്തരിച്ചു

പ്രമുഖ എഴുത്തുകാരനും അധ്യാപകനും സാഹിത്യ നിരൂപകനുമായിരുന്ന പ്രഫ. എം. അച്യുതൻ അന്തരിച്ചു. തൃശൂർ ജില്ലയിൽ മാളയ്‌ക്കടുത്ത് വടമയിൽ മുക്കുറ്റിപ്പറമ്പിൽ പാറുക്കുട്ടിയമ്മ നാരായണമേനോൻ ദമ്പതിമാരുടെ മകനായി 1930 ജൂൺ 14-ാം തീയതി ജനിച്ച അച്യുതൻ മലയാളം എംഎ ഒന്നാം റാങ്കോടു കൂടിയാണ് വിജയിച്ചത്. പഠിച്ചിറങ്ങിയ മഹാരാജാസിൽ തന്നെ അധ്യാപക ജീവിതത്തിന് തുടക്കം കുറിച്ചത് 1956ൽ. പിന്നീട് പാലക്കാട് വിക്‌ടോറിയ കോളജ്, കോഴിക്കോട് ഗവ. ആർട്‌സ് കോളജ്, പട്ടാമ്പി ഗവൺമെന്റ് കോളജ് എന്നീ കലാലയങ്ങളിൽ മലയാളം അധ്യാപകനായിരുന്നു. 

ഇടശ്ശേരിയുടെ കാവ്യ ജീവിതത്തെക്കുറിച്ചുള്ള ആദ്യ നിരൂപണമെഴുതിയതും അച്യുതനാണ്. ചെറുകഥ-ഇന്നലെ, ഇന്ന് എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം മലയാള ചെറുകഥാ സാഹിത്യത്തിന്റെ ചരിത്രമാണ്. ഇതുവരെ പ്രസിദ്ധീകരിച്ചത് 10 ഗ്രന്ഥങ്ങൾ. നിരൂപണമല്ലാത്തത് ആയിരത്തൊന്നു രാവുകളുടെ പരിഭാഷ മാത്രം. കുട്ടിക്കൃഷ്‌ണമാരാരും മുണ്ടശേരിയും സാഹിത്യ നിരൂപണ രംഗത്ത് നിറഞ്ഞു നിൽക്കുന്ന കാലത്ത് രണ്ടു പേരുടെയും സാഹിത്യ സിദ്ധാന്തങ്ങള നിശിതമായി വിമർശിച്ചുകൊണ്ടായിരുന്നു എം. അച്യുതന്റെ രംഗപ്രവേശം. 

പ്രഫസറായിരിക്കെ വൊളന്ററി റിട്ടയർമെന്റ് വാങ്ങി. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ ചീഫ് പബ്ലിക് റിലേഷൻ ഓഫിസറായി. സ്‌റ്റേറ്റ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്കേഷൻസ് ഡയറക്‌ടർ, സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി നിർവാഹക സമിതി അംഗം, കേരള-കാലിക്കറ്റ് യൂണിവേഴ്‌സ്‌റ്റികളിൽ അക്കാദമിക് കൗൺസിലിലും, ബോർഡ് ഓഫ് സ്‌റ്റഡീസിലും അംഗം, സമസ്‌ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 

സാഹിത്യത്തിനൊപ്പം നടന്ന ജീവിതത്തിൽ സഖിയായി മഹാകവി ജിയുടെ മകൾ രാധയെത്തിയതോടെ അച്യുതന്റെ രചനകളുടെയെല്ലാം ആദ്യ വായനക്കാരിയും ഭാര്യ തന്നെ. മറ്റാർക്കും വായിച്ചെടുക്കാനാവാത്ത കയ്യക്ഷരം ഉള്ള അദ്ദേഹം എഴുതുന്നത് വായിച്ചെടുക്കാനുള്ള അപൂർവ സിദ്ധിയുള്ളത് രാധയ്‌ക്കു മാത്രമാണത്രേ. അദ്ദേഹത്തിന്റെ രചനകളുടെയെല്ലാം പകർത്തെഴുത്ത് ജോലി രാധ സന്തോഷപൂർവം ഏറ്റെടുത്തു. ഡോ. നന്ദിനി നായർ, നിർമല പിള്ള, ബി.ഭദ്ര എന്നിവരാണ് മക്കൾ.