Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിയെയും ദിവ്യയെയും ഒരുമിപ്പിച്ച കുന്ദേര!

divya-sabari-and-kundera കുന്ദേരയുടെ വാക്കുകളിലൂടെ പ്രണയം കണ്ടെത്തിയ ആദ്യത്തെ കാമുകീകാമുകൻമാരല്ല ശബരിനാഥനും ദിവ്യയും. ഏറെ പ്രശസ്തമായ ഒരു വിവാദ പ്രണയകഥയിലെ നായികാ നായകൻമാരെ അടുപ്പിച്ചതും കുന്ദേരയുടെ പുസ്തകം തന്നെ.

മലയാളത്തിലെ ഏറ്റവും പ്രസിദ്ധനായ എഴുത്തുകാരൻ ആരെന്ന് തന്റെ സ്വതസിദ്ധമായ ശൈലിയിൽ കുറച്ചുവർഷങ്ങൾക്കുമുമ്പ് എൻ.എസ്.മാധവൻ വെളിപ്പെടുത്തി. ഗബ്രിയേൽ ഗാർസിയ മാർക്കേസ്. ഏകാന്തതയുടെ നൂറുവർഷങ്ങളും കോളറക്കാലത്തെ പ്രണയവുമൊക്കെ മലയാളിക്ക് ഒഴിയാബാധയായപ്പോഴാണു മാധവൻ സരസമായി ആ സത്യം പറഞ്ഞത്. ഇപ്പോൾ മലയാളിക്ക് ഏറ്റവുമിഷ്ടപ്പെട്ട എഴുത്തുകാരൻ ആരെന്നു ചോദിച്ചാൽ ഒരുപക്ഷേ പലരും പറഞ്ഞേക്കും മിലൻ കുന്ദേരയുടെ പേര്. ചെക്കോസ്ളോവാക്യയിൽ ജനിച്ച് ഫ്രാൻസിൽ അഭയം തേടിയ നോവലിസ്റ്റ്.

milan-kundera തന്റെ കൃതികളിലൂടെ പ്രത്യേകിച്ചൊരു സന്ദേശവും നൽകാത്ത എഴുത്തുകാരനാണു കുന്ദേര. തത്ത്വചിന്താപരമാണു നോവലുകളെങ്കിലും അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വായനക്കാരെ ഒരു പ്രത്യേകരീതിയിൽ വലിച്ചടുപ്പിക്കുന്നു.

യുവ എംൽഎ ശബരീനാഥനെയും സബ് കലക്ടർ ദിവ്യ എസ് അയ്യരെയും പ്രണയത്തിലേക്കു വശീകരിച്ച എഴുത്തുകാരൻ. കുന്ദേരയുടെ പുസ്തകങ്ങൾ കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവ് വായിക്കുന്നു എന്നത് ദിവ്യയെ അത്ഭുതപ്പെടുത്തിയത്രേ. ഒരു ഡോക്ടർ കുന്ദേരയുടെ പുസ്തകം വായിക്കുന്നുവെന്നത് എംഎൽഎയ്ക്കും ഒരു പുതിയ അറിവായി..പ്രണയദിനങ്ങളിലൂടെ കടന്നുപോകുന്ന ഇരുവരും നന്ദി പറഞ്ഞു;തങ്ങളെ പരസ്പരം അടുപ്പിച്ച പ്രിയ എഴുത്തുകാരന്.

കേരളത്തിലെ ഒരു പ്രണയത്തിന് അന്തരീക്ഷമൊരുക്കിയതു തന്റെ വാക്കുകളാണെന്ന് കുന്ദേര അറിഞ്ഞിട്ടില്ല. പ്രസിദ്ധിയിൽ താൽപര്യമില്ലാത്ത, മാധ്യമങ്ങൾക്കുമുമ്പിൽ പ്രത്യക്ഷപ്പെടാൻ ഇഷ്ടമില്ലാത്ത കുന്ദേരയ്ക്ക് ഇപ്പോൾ എൺപത്തിയെട്ടുവയസ്സ്. ലോകപ്രശസ്തമായ പത്തുനോവലുകൾ.ആദ്യകാലത്ത് എഴുതിയ ഏതാനും കവിതകൾ. നാലു നാടകങ്ങൾ. ദ് ആർട് ഓഫ് ദ് നോവൽ ഉൾപ്പെടെ കുറച്ചു ലേഖനങ്ങൾ. നൊബേൽ സമ്മാനത്തിനു പലതവണ പരിഗണിക്കപ്പെട്ട എഴുത്തുകാരൻ ഇപ്പോൾ നിശ്ശബ്ദനാണ്. എങ്കിലും കുന്ദേരയുടെ കൃതികൾ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നു.യഥാർഥ ജീവിതങ്ങളിൽപ്പോലും വഴിത്തിരിവുകൾ സൃഷ്ടിക്കുന്നു.

മാർക്കേസിനെയോ ഓർഹൻ പാമുക്കിനെപ്പോലെയോ ആഘോഷിക്കപ്പെട്ട പ്രണയകഥകളുടെ കർത്താവല്ല കുന്ദേര. മാർക്കേസിന്റെ കോളറക്കാലത്തെ പ്രണയം സാധാരണ വായനക്കാർക്കുപോലും ഇഷ്ടപ്പെടുന്ന നോവലാണ് .പാമുക്കിന്റെ ദ് മ്യൂസിയം ഓഫ് ഇന്നസെൻസിനും ആരാധകരേറെയുണ്ട്. എടുത്തുപറയാൻ,ഓർമയിൽ ആഹ്ളാദിപ്പിക്കാനും വേദനിപ്പിക്കാനും കുന്ദേര ജനപ്രിയനോവലുകൾ എഴുതിയിട്ടില്ല. തത്ത്വചിന്താപരമാണ് അദ്ദേഹത്തിന്റെ നോവലുകൾ. ആദ്യകാലത്ത് കമ്മ്യൂണിസത്തിന്റെ അധികാരാസക്തിയെക്കുറിച്ചും പിന്നീടു വ്യക്തികളുടെ സത്വപ്രതിസന്ധിയും ഏകാന്തതയുമൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടവിഷയങ്ങൾ. പക്ഷേ, കുന്ദേര ലോകമെങ്ങും വായിക്കപ്പെടുന്നു. ആരാധിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ഇഷ്ടപ്പെടുന്നവതുപോലും മേൻമയായി കരുതപ്പെടുന്നു.

കുന്ദേരയുടെ വാക്കുകളിലൂടെ പ്രണയം കണ്ടെത്തിയ ആദ്യത്തെ കാമുകീകാമുകൻമാരല്ല ശബരിനാഥനും ദിവ്യയും. ഏറെ പ്രശസ്തമായ ഒരു വിവാദ പ്രണയകഥയിലെ നായികാ നായകൻമാരെ അടുപ്പിച്ചതും കുന്ദേരയുടെ പുസ്തകം തന്നെ. ഏതാനും ദിവസംമുമ്പ് പാരീസിലെ എലീസി കൊട്ടാരത്തിൽ പ്രസിഡന്റായി അധികാരം ഏറ്റെടുത്ത ഇമ്മാനുവൽ മാക്രോണിനെയും അദ്ദേഹത്തേക്കാൾ 25 വയസ്സ് പ്രായക്കൂടുതലുള്ള ഭാര്യ ബ്രിജിത്തിനെയും അടുപ്പിച്ചതും കുന്ദേര തന്നെ. ഹൈസ്‌കൂൾ ക്ളാസിൽ മാക്രോണിന്റെ അധ്യാപികയായിരുന്നു ബ്രിജിത്ത്. ഫ്രഞ്ചും ലാറ്റിനും നാടകവും പഠിപ്പിക്കുന്നു. അക്കാലത്ത് കുന്ദേരയുടെ ഒരു നാടകം രംഗത്തവതരിപ്പിച്ചു. നായകവേഷത്തിൽ മാക്രോൺ. പരിശീലക ബ്രിജിത്ത്. നാടക ചർച്ചയ്ക്കുവേണ്ടി ഒരുമിച്ചിരുന്ന അധ്യാപികയും വിദ്യാർഥിയും പിന്നീടു ഭാര്യാ–ഭർത്താക്കൻമാരായി. ഫ്രാൻസിലെ പ്രസിഡന്റും പ്രഥമവനിതയുമായി. 

മറവിക്കെതിരായ ഓർമയുടെ പോരാട്ടമാണു ജീവിതത്തിന് അർത്ഥം നൽകുന്നതെന്ന് എഴുതിയിട്ടുള്ള മിലൻ കുന്ദേര ജനിച്ചത് 1929 ഏപ്രിൽ ഒന്നിന് ചെക്കോസ്ളോവാക്യയിൽ. സംഗീതജ്ഞനും പിയാനിസ്റ്റുമായിരുന്ന പിതാവിൽനിന്ന് സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ച കുന്ദേരയുടെ കൃതികളിൽ സംഗീതത്തെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്. കൗമാരകാലത്ത് അദ്ദേഹം ചെക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി.1948–ൽ പാർട്ടി രാജ്യത്ത് അധികാരസ്ഥാനത്തെത്തി. പക്ഷേ രണ്ടുവർഷത്തിനുശേഷം പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെപേരിൽ കുന്ദേര പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ടു. ഈ അനുഭവമാണ് 1967–ൽ പുറത്തുവന്ന അദ്ദേഹത്തിന്റെ ആദ്യനോവൽ ദ് ജോക്കിന്റെ പ്രമേയം.

ആറുവർഷങ്ങൾക്കുശേഷം കുന്ദേരയെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ തിരിച്ചെടുത്തു. പക്ഷേ 68–ൽ സോവിയറ്റ് ആധിപത്യത്തിനെതിരായ പ്രഗ് വസന്തത്തിന്റെ മുന്നണിപ്പോരാളികളിൽ ഒരാളായി കുന്ദേര. ഇതേത്തുടർന്ന് അദ്ദേഹം  വീണ്ടും പാർട്ടിക്കു പുറത്തായി.75–ൽ ജൻമനാട് ഉപേക്ഷിച്ച് അദ്ദേഹം ഫ്രാൻസിൽ അഭയം തേടി. പിന്നീട് ചെക്ക് പൗരത്വം കുന്ദേരയ്ക്കു നിഷേധിക്കപ്പെട്ടു. 81–ൽ ഫ്രഞ്ച് പൗരത്വം സീകരിച്ച കുന്ദേര ഇപ്പോൾ ഇഷ്ടപ്പെടുന്നതും ഫ്രഞ്ച് എഴുത്തുകാരനായി അറിയപ്പെടാൻ.

ഫ്രാൻസിൽ എത്തിയതിനുശേഷം ആദ്യകാലത്ത് ചെക്ക് ഭാഷയിൽ എഴുതിയ കൃതികൾ കുന്ദേര തന്നെ ഫ്രഞ്ചിലേക്ക് വിവർത്തനം ചെയ്ത് അടിമുടി ഫ്രഞ്ച് പൗരനായി. കവിതകളും നാടകങ്ങളും എഴുതിയിട്ടുണ്ടെങ്കിലും നോവലാണു കന്ദേരയുടെ തട്ടകം. ആദ്യനോവലിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരായ നിലപാടു സ്വീകരിച്ചതിന്റെപേരിൽ കുന്ദേരയുടെ പുസ്തകങ്ങൾ ജൻമനാട്ടിൽ നിരോധിക്കപ്പെട്ടു. 73–ൽ രണ്ടാമത്തെ നോവൽ പുറത്തുവന്നു:ലൈഫ് ഈസ് എൽസ്‍വേർ. രാഷ്ട്രീയ അപവാദങ്ങളിൽപ്പെടുന്ന ഒരു യുവനേതാവിന്റെ കഥയാണ് ഈ നോവൽപറയുന്നത്. പിന്നീടു പുറത്തുവന്ന ദ് ബുക് ഓഫ് ലാഫ്റ്റർ ആൻ ഫോർഗെറ്റിങും, ദ് അൺബിയറബിൾ ലൈറ്റ്നസ് ഓഫ് ബീയിങ്ങുമാണ് കുന്ദേരയെ ലോകപ്രശസ്തനാക്കിയത്. ഇമ്മേർട്ടാലിറ്റി ഉൾപ്പെടെ 10 നോവലുകൾ രചിച്ച കുന്ദേരയുടെ അവസാനം പുറത്തുവന്ന നോവൽ ദ് ഫെസ്റ്റിവൽ ഓഫ് ഇൻസിഗ്നിഫിക്കൻസ് (2014). 

unbearable-lightness-of-being

തന്റെ കൃതികളിലൂടെ പ്രത്യേകിച്ചൊരു സന്ദേശവും നൽകാത്ത എഴുത്തുകാരനാണു കുന്ദേര. സന്ദേശം നൽകുന്നതു തന്റെ ജോലിയല്ലെന്നും അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. അധികാരപ്രമത്തതയ്ക്കെതിരെ എഴുതിയിട്ടുണ്ടെങ്കിലും പിന്നീടു വ്യക്തിദുഃഖങ്ങളും ഏകാന്തതയും ജീവിതത്തിന്റെ അർത്ഥമില്ലായ്മയും സങ്കീർണമായ രീതിയിൽ അദ്ദേഹം പ്രമേയമാക്കി. തത്ത്വചിന്താപരമാണു നോവലുകളെങ്കിലും അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വായനക്കാരെ ഒരു പ്രത്യേകരീതിയിൽ വലിച്ചടുപ്പിക്കുന്നു .പ്രഭാതത്തിൽ ഉണർന്ന് കിടക്കയിൽനിന്ന് എഴുന്നേൽക്കുന്നതിനുമുമ്പുള്ള ഏതാനും നിമിഷങ്ങളാണു ജീവിതത്തിന്റെ ഏറ്റവും വലിയ ഭംഗിയെന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ ഒരു നോവൽ തുടങ്ങുന്നതുതന്നെ. ആദിമധ്യാന്തമുള്ള കഥയൊന്നും പറയാത്തപ്പോൾതന്നെ ചിതറിയ സംഭവങ്ങളും കഥാപാത്രങ്ങളും നിറഞ്ഞ കുന്ദേരകൃതികൾ വായനയെ ആഘോഷമാക്കുന്നുണ്ട്;കുന്ദേരയുടെ തനതുശൈലിയിൽ.

എല്ലാ സ്ത്രീകളേയുംപോലെ അവളും അയാളോടു പറയാൻ ആഗ്രഹിച്ചു, എന്നെ ഉപേക്ഷിക്കരുതേ.എന്നെ മുറുകെപ്പുണരൂ. എന്നെ നിന്റെ കളിപ്പാവയാക്കൂ. അടിമയാക്കൂ...പക്ഷേ ആ വാക്കുകൾ അവളിൽനിന്നു പുറത്തുവന്നില്ല. അവന്റെ ആലിംഗനത്തിൽനിന്നു മോചിതയാകുമ്പോൾ അവൾ പറഞ്ഞതിത്രമാത്രം:നീ കൂടെയുള്ളപ്പോൾ ഞാനെത്ര സന്തോഷവതിയാണെന്നു നിനക്കറിയില്ല. അങ്ങനെപറയാനേ നാണംകുണുങ്ങിയായ അവൾക്കു കഴിഞ്ഞുള്ളൂ.

(ദ് ആൺബിയറബിൾ ലൈറ്റ്നസ് ഓഫ് ബീയിങ് )