2017ലെ ഏറ്റവും മികച്ച പുസ്തകം അരുന്ധതി റോയിയുടേത്

അരുന്ധതി റോയിയുടെ ദി ഗോഡ് ഓഫ് സ്മാള്‍ തിങ്‌സ് എന്ന പുസ്തകം പുറത്തിറങ്ങിയത് 20 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. സാഹിത്യലോകം അത് ആഘോഷമാക്കി മാറ്റുകയും ചെയ്തു. ബുക്കര്‍ പ്രൈസ് പുരസ്‌കാരങ്ങള്‍ ഉള്‍പ്പടെ നിരവധി അംഗീകരങ്ങള്‍ തേടിയെത്തിയ ആ പുസ്തകമെഴുതി രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടാണ് അരുന്ധതി റോയ് ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസുമായി ഈ വര്‍ഷം തിരിച്ചെത്തിയത്. 

പുസ്തകത്തെ കുറിച്ചുള്ള ചർച്ചകൾ ഇതിനകം തന്നെ സജീവമാണ്, ഈ വര്‍ഷത്തെ ഏറ്റവും മികച്ച പുസ്തകമായി ആമസോണ്‍ ആഗോള തലത്തില്‍ തെരഞ്ഞെടുത്തിരിക്കുന്നത് അരുന്ധതിയുടെ ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ് തന്നെയാണ്. 

2017ലെ ആദ്യ ആറ് മാസം പുറത്തിറങ്ങിയ പുസ്തകങ്ങള്‍ വിലയിരുത്തിയാണ് ലോകത്തെ ഇ-കൊമേഴ്‌സ് ഭീമന്‍ മികച്ച 20 പുസ്തകങ്ങളുടെ പട്ടിക പുറത്തുവിട്ടത്. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സി(കൃത്രിമ ബുദ്ധി)ലും ഇ-കൊമേഴ്‌സിലും എല്ലാം പുലികളാണെങ്കിലും ആമസോണ്‍ അടിസ്ഥാനപമായി പുസ്തകം വില്‍പ്പനക്കാര്‍ തന്നെയാണ്. അങ്ങനെയാണ് ആമസോണ്‍ എന്ന സംരംഭം പിറവിയെടുത്തത്, ഈ മേഖലയില്‍ നൂതനമായ നിരവധി പരീക്ഷണങ്ങള്‍ അവര്‍ നടത്തുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ ആമസോണിന്റെ മികച്ച പുസ്തകങ്ങളുടെ പട്ടികയെ ലോകം മുഴുവനും വലിയ പ്രാധാന്യത്തോടു കൂടി തന്നെയാണ് നോക്കിക്കാണുന്നത്.

വായനക്കാരെ പിടിച്ചിരുത്തുന്ന ഹൃദയഭേദകമായ കഥയെന്നാണ് 'ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസി'നെ മികച്ച പുസ്തകമായി തെരഞ്ഞെടുത്ത് ആമസോണ്‍ കിന്‍ഡില്‍ ബുക്‌സിന്റെ എഡിറ്റോറിയല്‍ ഡയറക്ടര്‍ സാറാ ഹാരിസണ്‍ സ്മിത്ത് പറഞ്ഞത്. 

ആമസോണ്‍ തെരഞ്ഞെടുത്ത മികച്ച 10 പുസ്തകങ്ങള്‍ ഇവയാണ്

1. ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ്‍, നോവൽ അരുന്ധതി റോയ്

2. കില്ലേഴ്‌സ് ഓഫ് ദി ഫ്‌ളവര്‍ മൂണ്‍: ദി ഒസജ് മര്‍ഡേഴ്‌സ് ആന്‍ഡ് ദി ബെര്‍ത്ത് ഓഫ് ദി എഫ്ബിഐ, ഡേവിഡ് ഗ്രാന്‍

3. ബിയര്‍ടൗണ്‍, എ നോവല്‍, ഫ്രെഡ്രിക് ബാക്ക്മാന്‍

4. എക്‌സിറ്റ് വെസ്റ്റ്: എ നോവല്‍, മൊഷിന്‍ ഹമീദ്

5. പ്രീസ്റ്റ്ഡാഡ്ഡി: എ മെമോയ്ര്‍, പ്രാക്റ്റിക ലോക് വുഡ്

6. യു ഡോണ്‍ട് ഹാവ് ടു സേ യു ലവ് മീ: എ മെമോയ്ര്‍, ഷേര്‍മാന്‍ അലക്‌സീ

7. ലിന്‍കണ്‍ ഇന്‍ ദി ബാര്‍ഡോ, ജോര്‍ജ്ജ് സാന്‍ഡേഴ്‌സ്

8. ദി ഇംപോസിബിള്‍ ഫോര്‍ട്രെസ്, ജാസണ്‍ റെകുലക്

9. ഹംഗര്‍: എ മെമോയ്ര്‍ ഓഫ് മൈ ബോഡി, റൊക്‌സാനെ ഗേ

10. ഹോമോ ഡ്യൂസ്: എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടുമോറോ, യുവല്‍ നോ ഹരാരി