കരിങ്കല്ലിൽ തീർത്ത മതിലുകൾ

മതിലുകൾ എന്ന ശിൽപത്തിൽ നാരായണി

'ബഷീർ അന്തരിച്ചു. ഏത് ബഷീർ എന്ന് ചോദ്യമില്ല. മലയാളത്തിന് ഒരു ബഷീറേ ഉള്ളു. വൈക്കം മുഹമ്മദ് ബഷീർ.' ഇരുപത്തിരണ്ട് വർഷങ്ങൾക്കുമുമ്പ് ജൂലൈ അഞ്ചിന് ഒരു മലയാള ദിനപത്രത്തിന്റെ മുഖപ്രസംഗം ആരംഭിച്ചത് ഏറെക്കുറെ ഇങ്ങനെയായാരുന്നു. കാലങ്ങൾക്കിപ്പുറവും ബഷീർ എന്ന സാഹിത്യലോകത്തെ സുൽത്താന്റെ സാമ്രാജ്യം ഇളക്കമില്ലാതെ നിലനിൽക്കുന്നു.

ബഷീർ എന്ന സാഹിത്യലോകത്തെ സുൽത്താന്റെ സാമ്രാജ്യം ഇളക്കമില്ലാതെ നിലനിൽക്കുന്നു.

മതിലുകൾ എക്കാലത്തേയും മലയാള പ്രണയ കഥയാണ്, എക്കാലത്തേയും രാഷ്ട്രീയ വിചാര കഥയാണ്, എക്കാലത്തേയും മനുഷ്യാനുഭവ വ്യാഖ്യാനമാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ തൂലികയിൽ പിറന്ന ആ മനുഷ്യാനുഭവ-പ്രണയ-രാഷ്ട്രീയ കഥ, നോവൽരൂപം മറികടന്ന് നാടകവും സിനിമയുമായിട്ടുണ്ട്. മലയാളത്തിന്റെ ശ്രദ്ധേയ ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ ആ കഥയ്ക്ക് സിനിമാഭാവം പകർന്നു. മമ്മൂട്ടി എന്ന അതുല്യ നടന്റെ അഭിനയപാതയിലെ വളരെ നിർണ്ണായകമായ ഭാവപകർച്ച മലയാളി ആ സിനിമയിൽ കണ്ടു. കഥയിലെ ശബ്ദ സാന്നിദ്ധ്യമായ നാരായണിയെ ചിത്രത്തിൽ കെ.പി.എ.സി. ലളിതയുടെ ശബ്ദഭാവം അനശ്വരമാക്കി. നായകന്റെ ജയിൽ മോചനം ഒരു നൊമ്പരമായി മലയാളി ഇന്നും സൂക്ഷിക്കുന്നു. ‘സ്വാതന്ത്ര്യം? ആർക്ക് വേണം സ്വാതന്ത്ര്യം?’ എന്ന ചോദ്യം ഉത്തരമില്ലാതെ ഇന്നും തുടരുന്നു.

മതിലുകൾ എന്ന ശിൽപത്തിൽ നായകൻ

കാലത്തെ അതിജീവിച്ച പല സാഹിത്യകൃതികളും പിന്നീട് സിനിമയും നാടകവും ഒക്കെ ആയി ആസ്വാദകന് മുമ്പിൽ എത്തിയിട്ടുണ്ട്. എന്നാൽ ഒരു സാഹിത്യകൃതി അതിന്റെ സത്തയെ പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിയും വിധം കരിങ്കൽശിൽപമായി മാറുക എന്നത് അത്ര സാധാരണമല്ല. ബഷീറിന്റെ മതിലുകൾ അതിന്റെ സർവ്വവികാര തീഷ്ണതയിൽ എം.ജെ ഇനാസ് എന്ന ശിൽ‍പി കരിങ്കല്ലിൽ കൊത്തിയൊരുക്കി എടുത്തിരിക്കുന്നു. പാലക്കാട് കോട്ടയ്ക്കുള്ളിലെ ശിലാ ശിൽപ വാടികയിൽ എത്തുന്നവർക്ക് കരിങ്കല്ലിൽ പുനർജ്ജനിച്ച മതിലുകൾ നിമിഷങ്ങൾക്കുള്ളിൽ വായിച്ചു തീർക്കാം.

ശിൽപത്തിലേക്ക് നടന്നടുക്കുന്ന കാഴ്ചക്കാർ, നായകൻ തന്റെ നായികയോട് മതിലിൽ ചേർത്തുവച്ച ചെവിയോടെ കയ്യിൽ പിടിച്ചിരിക്കുന്ന റോസാപുഷ്പവുമായി സല്ലപിക്കുന്നത് കാണുന്നു. കാഴ്ചക്കാരന്റെ തീരുമാനമാണ് ഇനി. നിങ്ങൾക്ക് അവിടെ നിന്ന് ശിൽപം കണ്ട് മടങ്ങാം. മതിലിനപ്പുറത്തെ നാരായണിയെ കാണാതെ. അല്ലെങ്കിൽ നിങ്ങൾക്ക് മറുവശത്ത് ചെല്ലാം. മതിലിൽ ചെവിചേർത്ത് വച്ച് നായകന്റെ ശബ്ദം ശ്രവിക്കുന്ന നാരായണിയെ കാണാം. അപ്പോൾ സ്വാഭാവികമായും നായകൻ നിങ്ങളുടെ കാഴ്ചവട്ടത്തില്ല. ശിൽപത്തിന്റെ ദർശനം ഒന്നുകിൽ നായികയെ അല്ലെങ്കിൽ നായകനെ നിങ്ങൾക്ക് കാട്ടി തരുന്നു. ഓരോ വശത്തും നിന്ന് നോക്കുമ്പോൾ മറുവശം തീർത്തും അദൃശ്യം. കഥയിലെ നായകൻ നാരായണിയെ കാണുന്നില്ല. നായിക തിരിച്ചും. ശിൽപത്തിൽ ഈ അദൃശ്യത നന്നായി സന്നിവേശിപ്പിച്ചിരിക്കുന്നു ശിൽപി.

മനോഹരമായ ഒരു ശിൽപം തീർക്കുവാൻ ഒരു കല്ലെടുത്ത് മുന്നിൽ വെച്ച് ശിൽപമല്ലാത്തതൊക്കെ കൊത്തികളഞ്ഞാൽ മതിയെന്ന് മൈക്കലാഞ്ചലോ പറഞ്ഞിട്ടുണ്ട്. ഒരു കല്ലെടുത്ത് മുന്നിൽ വച്ച് മതിലുകൾ അല്ലാത്തതൊക്കെ കൊത്തി കളഞ്ഞ് ഈ ശിൽപം രൂപപ്പെടുത്തിയെടുത്തത് എം.ജെ. ഇനാസ് ആണ്. 1962 ൽ കണ്ണൂരിൽ ജനിച്ച ഇദ്ദേഹം തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിലും(1984 – 88) ദില്ലി ഫൈൻ ആര്‍ട്സ് കോളജിലും(1989 – 91) പഠനം പൂർത്തിയാക്കി. 1997 ലെ കേരള ലളിത കലാ ജേതാവാണ് ശില്പി.

പഞ്ചേന്ദ്രിയങ്ങളുടെ വാടിക(Garden of five senses), ജവഹർലാൽ സർവ്വകലാശാല ന്യൂഡൽഹി, ശിൽപാരാമം ഹൈദരാബാദ് എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റ് ശില്പങ്ങൾ. സൗന്ദര്യ ശാസ്ത്ര സംബന്ധമായ വൈകാരികത ഉണർത്തുന്നവയാണ് ഇനാസിന്റെ ശിൽപങ്ങൾ.