Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാന്ത്രിക ബഷീർ

basheer-2

‘‘ഞാൻ ഒരു കഥയെഴുതുന്നു. ചുമ്മാ ചുമ്മാ. ഒരു കഥ ചുമ്മാ. അല്ലെങ്കിൽ നിങ്ങൾക്കൊരെഴുത്ത്’’. ഭൂമിമലയാളത്തിൽ പിറന്നതും പിറക്കാനിരിക്കുന്നതുമായ സകലമാന മനുഷ്യർക്കും വേണ്ടി ബഷീറെഴുതിയ കാലാതീതമായ കത്തുകളാണ് അദ്ദേഹത്തിന്റെ പുസ്‌തകങ്ങൾ. അത്രയടുപ്പം ഓരോ വായനക്കാരനും തോന്നും, ആ എഴുത്തിനോട്, അതെഴുതിയ വൈക്കം മുഹമ്മദ് ബഷീറെന്ന വിശ്വസാഹിത്യകാരനോട്. വിശ്വത്തിന്റെ ഒരു ഭാഗത്തിരുന്ന് എഴുതുന്നതാണ് വിശ്വസാഹിത്യമെന്ന് അദ്ദേഹംതന്നെ കളിയായി പറഞ്ഞിട്ടുമുണ്ട്. 

Basheer-col

എത്ര മികച്ച വിവർത്തനത്തിനും കൈപ്പിടിയിലൊതുക്കാനാവാത്ത മൗലികത കാരണം അന്യഭാഷകളിൽ ബഷീർ കൃതികൾ പൂർണമല്ല. മാങ്കോസ്‌റ്റീൻ ചുവട്ടിൽ കസേരയിലിരുന്നു പാട്ടു കേൾക്കുകയോ വായിക്കുകയോ വർത്തമാനം പറയുകയും ചെയ്‌തിരുന്ന ബഷീറിന് ലോകസാഹിത്യത്തിന്റെ ഏത് അകത്തളത്തിലും ആ കസേര വലിച്ചിട്ടിരിക്കാൻ യോഗ്യതയുണ്ടെന്ന് അദ്ദേഹത്തിന്റെ ഉമ്മിണി വല്യ പുസ്‌തകങ്ങൾ പറയും. ചുമ്മാ ലൊട്ടു ലൊടുക്കൂസ് രചനകളായിരുന്നില്ല അവയൊന്നും. നല്ല സ്‌റ്റൈലൻ എഴുത്ത്! 

ബഷീറില്ലായിരുന്നെങ്കിൽ മലയാളത്തിനു തിളക്കം കുറയുമായിരുന്നു. വായന വിരസമാകുമായിരുന്നു. ബഷീർ എഴുതിത്തുടങ്ങിയപ്പോൾ മലയാളത്തിന് എന്തൊരു വെളിച്ചം! ഈ വെളിച്ചത്തിനെന്തൊരു വെളിച്ചം! പ്രത്യേകിച്ച് അർഥങ്ങളില്ലാത്ത വാക്കുകൾക്കു പോലും അദ്ദേഹത്തിന്റെ കയ്യിലൂടെ കടന്നുവന്നപ്പോൾ വലിയ അർഥങ്ങളുണ്ടായി. ചില വാക്കുകളെ അദ്ദേഹം കൂട്ടിവിളക്കിയപ്പോൾ അദ്‌ഭുതങ്ങളുണ്ടായി. ഏകാന്തതയുടെ അപാരതീരമെന്നും ഇളംനീലനിറത്തിൽ ആടിക്കുഴഞ്ഞു വരുന്ന മാദകമനോഹര ഗാനമേ എന്നുമെല്ലാമുള്ള വിചിത്ര കൽപനകൾ! ഏകാന്ത ഭീകരാത്ഭുത സുന്ദര രാത്രിയെന്നോ സുന്ദര സുരഭില രഹസ്യമെന്നോ ഒക്കെ വായിക്കുമ്പോൾ എന്തൊരു വിസ്‌മയം. ആ വിസ്‌മയമാണ് മലയാളത്തിനു ബഷീർ. മഴയും മലകളും പുഴകളും പോലെ മലയാളത്തിന്റെ സ്വന്തം. 

ഭഗത് സിങ്ങും ബഷീറും 

basheer-1

ഒരുകാലത്തു ഭഗത് സിങ്ങിന്റെ കടുത്ത ആരാധകനായിരുന്നു ബഷീർ. സായുധസമരത്തിലൂടെ മാത്രമേ സ്വാതന്ത്രൃം നേടാനാകൂ എന്നു വിശ്വസിച്ചിരുന്ന ചെറുപ്പക്കാരുടെ കൂട്ടത്തിലായിരുന്നു ബഷീറും. അന്നൊരിക്കൽ കോൺഗ്രസ് ഓഫിസിൽ ചെന്നപ്പോൾ അവിടെയുള്ള ഒരാളാണ് ബഷീറിനോട് ആദ്യമായി അതു പറഞ്ഞത്–‘നിങ്ങൾക്ക് ഭഗത് സിങ്ങിന്റെ ഛായയുണ്ട്’. ചുവരിലെ ചിത്രം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് അയാൾ അതു പറഞ്ഞത്. ആ വാക്കുകൾ ചെറുതൊന്നുമല്ല ബഷീറിനെ സന്തോഷിപ്പിച്ചത്. ഭഗത് സിങ്ങിനെപ്പോലെ മീശ പിരിച്ചുവച്ച്, തൊപ്പിയും ഹാഫ് ട്രൗസറും ധരിച്ചായിരുന്നു നടപ്പ്. കരുത്തുറ്റ ശരീരവും ആത്മവിശ്വാസം തുടിക്കുന്ന മുഖവും ബഷീറിനെ യുവാക്കളുടെ പ്രിയങ്കരനാക്കി. മതിലുകളിൽ പോസ്‌റ്ററും ചിത്രങ്ങളും പതിപ്പിക്കുന്നതായിരുന്നു പ്രധാന വിപ്ലവ ഇനം. ബഷീറിനായിരുന്നു ഇതിന്റെ ചുമതല. ‘ഉജ്‌ജീവന’ത്തിൽ ഈ ചെറുപ്പക്കാരുടെ ഉശിരൻ പോരാട്ടത്തെക്കുറിച്ചു നിറം പിടിപ്പിച്ച വാർത്തകൾ വന്നതോടെ പൊലീസിന്റെ കണ്ണ് ബഷീറിൽ പതിഞ്ഞു. അക്കാലത്തുണ്ടായ അക്രമസംഭവങ്ങൾ ഇതിന് ആക്കം കൂട്ടി. ഒടുവിൽ ബഷീർ നാടുവിട്ടു.  

തിരുത്തിയെഴുത്തുകളുടെ ബാല്യകാലസഖി

അനായാസ സുന്ദരമായി വായിച്ചുപോകാവുന്ന ലളിതമായ കഥയാണ് ബാല്യകാലസഖി. പക്ഷേ, ഈ പുസ്‌തകം ബഷീർ പത്തിലേറെ തവണ മാറ്റിയെഴുതിയിട്ടുണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കാനാകുമോ? സത്യമതാണ്. ഇന്നുകാണുന്നതിന്റെ നാലിരട്ടിയുണ്ടായിരുന്നു ആദ്യം. അതു കാച്ചിക്കുറുക്കിയാണ് ഇന്നത്തെ പരുവത്തിലാക്കിയത്. ബാല്യകാലസഖിയുടെ പ്രസിദ്ധീകരണവും രസകരമാണ്. എറണാകുളത്തെ ഒരു പ്രസിലാണ് അത് അച്ചടിക്കാൻ കൊടുത്തത്. ഇടയ്‌ക്കു ബഷീർ ചെന്നു നോക്കുമ്പോൾ പുസ്‌തകം അച്ചടിക്കാൻ തുടങ്ങിയിരുന്നു. അച്ചടി പൂർത്തിയാക്കിയ പേജുകൾ ബഷീർ മറിച്ചുനോക്കി. കൊള്ളാം, നല്ല മേൽത്തരം കടലാസ്. വായിക്കുന്തോറും ബഷീറിനു ദേഷ്യം ഇരച്ചുകയറി. കയ്യെഴുത്തുപ്രതിയിലേതുപോലെയല്ല അച്ചടിച്ചിരിക്കുന്നത്. സംഭാഷണങ്ങളെല്ലാം തിരുത്തി സംസ്‌കൃതപദങ്ങൾ തിരുകിക്കയറ്റിയിരിക്കുന്നു. ഉമ്മയും ബാപ്പയും സംസാരിക്കുന്നതു സംസ്‌കൃതത്തിൽ. അന്നു ബഷീറിന്റെ കയ്യിൽ പളപളാ മിന്നുന്നൊരു കഠാരയുണ്ട്. അതു കയ്യിലെടുത്ത്, അച്ചടിച്ച പേജുകൾ മുഴുവൻ എടുത്തുകൊണ്ടു വരാൻ ആവശ്യപ്പെട്ടു. ഒരാൾ എല്ലാമെടുത്തു കൊണ്ടുവന്നു. ബഷീർ തീപ്പെട്ടിയുരച്ച് അതിനു തീ കൊളുത്തി. അതിൽ നിന്നൊരു ബീഡിക്കു തീ കൊളുത്തി വലിച്ചുകൊണ്ട് ബഷീർ പ്രസുകാരോടു പറഞ്ഞു. ഒരു വാക്കുപോലും മാറാതെ, താൻ എഴുതിത്തന്നതു പോലെ അച്ചടിക്കാൻ. തന്റെ വാക്കുകളിൽ ബഷീറിന് അത്ര വിശ്വാസമായിരുന്നു. 

basheer

പാട്ടിലായ ബഷീർ

ബഷീറിന്റെ പരിചിതമായ ചിത്രങ്ങളിലൊന്ന് ഗ്രാമഫോണിൽ നിന്നുള്ള പാട്ടുകേട്ട് ചാരുകസേരയിൽ ഇരിക്കുന്നതാണ്.  ബഷീർ എഴുതുന്നു: ‘‘മനസ്സിന് അസുഖം തോന്നുമ്പോൾ ലേശം സംഗീതം നല്ലതാണ്. മനുഷ്യനെന്ന ഈ അദ്‌ഭുത പ്രതിഭാസത്തിനു ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളിൽ വച്ച് ഏറ്റവും മഹത്തായതത്രേ സംഗീതം’’. കുന്ദൻലാൽ സൈഗാളായിരുന്നു അദ്ദേഹത്തിന്റെ പ്രിയ ഗായകൻ. ‘സോ..ജാ..രാജകുമാരി’യും കേട്ട് കണ്ണടച്ച് മാങ്കോസ്‌റ്റീൻ ചുവട്ടിലിരിക്കുന്ന ബഷീർ. പങ്കജ് മല്ലിക്കിന്റെയും കെ.സി.ഡേയുടെയും സംഗീതം അദ്ദേഹത്തിനു വലിയ ഇഷ്‌ടമായിരുന്നു. പണ്ഡിറ്റ് രവിശങ്കർ സിത്താറിൽ തീർത്ത ഭക്‌തിനിർഭരമായ നാദവീചികളിൽ ലയിച്ച് പത്മാസനത്തിൽ ഇരിക്കുന്നതിനെപ്പറ്റി ബഷീർ എഴുതിയിട്ടുണ്ട്. അപൂർവങ്ങളായ ഒരുപാടു റെക്കോർഡുകളുടെ വൻ ശേഖരം തന്നെ അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്നു. തന്റെ പ്രിയ ഗായകൻ സൈഗാൾ മരിച്ചെന്ന് അറിഞ്ഞപ്പോൾ ബഷീർ എന്തു ചെയ്‌തുവെന്നോ? മണിക്കൂറുകളോളം അദ്ദേഹത്തിന്റെ ഗാനങ്ങൾ മാത്രം കേട്ട് ഗ്രാമഫോണിന് അരികെ നിന്നു മാറാതെയിരുന്നു

സൗഹൃദത്തിന്റെ ചങ്ങമ്പുഴ സന്ധ്യകൾ

എറണാകുളത്തുള്ളപ്പോഴേ ചങ്ങമ്പുഴയുമായി അടുത്ത ബന്ധമുണ്ടായിരുന്നു ബഷീറിന്. തൃശൂരിലെ ജീവിതകാലത്ത് ഇരുവരും തമ്മിൽ കൂടുതലടുത്തു. മംഗളോദയം പ്രസിദ്ധീകരണ ശാലയുമായി ബന്ധപ്പെട്ടാണ് അവർ തൃശൂരിലെത്തിയത്. മുണ്ടശ്ശേരിയുമായി അടുപ്പമേറിയതും അക്കാലത്താണ്. ചങ്ങമ്പുഴ പ്രശസ്‌തിയുടെ കൊടുമുടിയിൽ നിൽക്കുന്ന കാലമാണ് അത്. എങ്കിലും തലക്കനമില്ലാതെ, മറകളില്ലാതെ പെരുമാറുന്ന ചങ്ങമ്പുഴയുടെ രീതി ബഷീറിന് പെരുത്ത് ഇഷ്‌ടമായി. ഈ സൗഹൃദസദസ്സിലേക്ക് ചിലപ്പോൾ പൊൻകുന്നം വർക്കിയെപ്പോലുള്ളവരും എത്തി. തൃശൂരിൽ വച്ചുണ്ടായ മറക്കാനാവാത്ത ഒരനുഭവത്തെക്കുറിച്ച് ബഷീർ എഴുതിയിട്ടുണ്ട്. ‘‘അതൊരു സന്ധ്യാസമയമാണ്. ചങ്ങമ്പുഴ, മുണ്ടശ്ശേരി, ഞാൻ. ഞങ്ങൾ വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറുവശത്ത് ഒരാൽച്ചുവട്ടിലിരുന്നു വർത്തമാനം പറയുകയായിരുന്നു. ഞാനാണു പറഞ്ഞുകൊണ്ടിരുന്നത്. വർത്തമാനത്തിനിടയ്‌ക്ക് വായ പൊളിച്ചു കണ്ണുകൾ മിഴിച്ച് ഞാൻ നിശബ്‌ദനായി ഇരുന്നു. എന്തോ പന്തികേടുണ്ടെന്നു മനസ്സിലായ ചങ്ങമ്പുഴ ഉത്‌കണ്‌ഠയോടെ എന്നോടു ചോദിച്ചു: ‘എന്തു പറ്റിയെടോ? എന്തുപറ്റി? എനിക്കു മിണ്ടാൻ കഴിഞ്ഞില്ല. ശ്വാസംമുട്ടലുപോലെ..ഹൃദയം ബലമായി ഞെക്കിവലിക്കുന്നതു പോലെ. കുറേക്കഴിഞ്ഞപ്പോൾ ഞാൻ സ്വതന്ത്രനായതുപോലെ തോന്നി. ശ്വാസം നേരെ വീണു. ഹൃദയത്തിലെ പിടിവിട്ടു. ഞാൻ പറഞ്ഞു ‘എന്തോ അസുഖം പോലെ’. പിറ്റേദിവസം എന്റെ ബാപ്പ അന്ത്യശ്വാസം വലിച്ച വാർത്ത ഞാൻ അറിഞ്ഞു. ബാപ്പ മരിച്ചുകൊണ്ടിരുന്ന സമയത്താണ് എനിക്ക് അസുഖം നേരിട്ടത്’’.

ബഷീറിനെപ്പറ്റി ബഷീർ

∙എന്തുകൊണ്ട് എഴുത്തുകാരനായി?...

കുഴിമടിയൻമാരായ ബഡുക്കൂസുകൾക്കു പറ്റിയ പണിയെപ്പറ്റി തല പുകഞ്ഞ് ആലോചിച്ചപ്പോൾ നിധി കിട്ടിയ മാതിരി ഒരെണ്ണം കിട്ടി. സാഹിത്യം. എഴുത്തുകാരനാവുക. വലിയ ബുദ്ധിയൊന്നും വേണ്ട. ഭാവനയും വേണ്ട. ചുമ്മാ എവിടെ എങ്കിലും കുത്തിയിരുന്ന് എഴുതിയാൽ മതി. അനുഭവങ്ങൾ ച്ചിരിപ്പിടിയോളമുണ്ടല്ലോ. അവനെയൊക്കെ കാച്ചിയാൽ മതി. എഴുതി. 

∙ചിത്തരോഗത്തെപ്പറ്റി...

‘ബഷീറിനു ഭ്രാന്തു വന്നു! ഞങ്ങൾക്കെന്താണു വരാത്തത്?’ചില സാഹിത്യകാരൻമാർ വിലപിക്കുന്നതായി കേട്ടു. ദുഃഖിച്ചതുകൊണ്ടു വല്ല ഫലവുമുണ്ടോ? യോഗ്യൻമാർക്കു ചിലതൊക്കെ വരും.

∙ജയിൽവാസത്തെപ്പറ്റി...

സിമന്റിട്ട ഒരു ചെറിയ മുറിയായിരുന്നു അത്. ഇരുമ്പഴി വാതിലിനു മുകളിൽ ശക്‌തിയോടെ പ്രകാശിക്കുന്ന ബൾബ്. ലോക്കപ്പുമുറിയുടെ മൂലയ്‌ക്ക് ഒരു കുടം നിറച്ചു മൂത്രം ഉഗ്രമായ ഗന്ധത്തോടെ ഇരുന്നിരുന്നു. അന്ന് ഞങ്ങൾക്ക് ആഹാരം കിട്ടിയില്ല. രാത്രി ഭയങ്കര തണുപ്പായിരുന്നു. ഞങ്ങൾക്കു തീരെ നടക്കാൻ വയ്യായിരുന്നു. കൈവിലങ്ങ് ധരിപ്പിച്ച് ഞങ്ങളെ കോഴിക്കോട്ടങ്ങാടി വഴി തോക്കും വാളുമേന്തിയ പൊലീസ് അകമ്പടിയോടെ കോടതിയിൽ കൊണ്ടുപോയി.