Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏറ്റവും മഹത്തായ പ്രണയം ഏതായിരിക്കും?

balyakalasakhi1 തീവ്രമായി പ്രണയിച്ചിട്ടും ഒരുമിക്കാന്‍ കഴിയാതെ പോയവരുടെ ഹൃദയവേദനകൊണ്ടും കണ്ണീരുകൊണ്ടും മലയാളസാഹിത്യം നിറഞ്ഞിട്ടുണ്ട്.

ആവര്‍ത്തനത്താല്‍ വിരസമാവാത്തതൊന്നു
പ്രേമമൊന്നല്ലാതെയെന്തു പാരില്‍

എന്ന് പാടിയത് സുഗതകുമാരിയാണ്. അതു തന്നെ എംടിയും എഴുതിയിട്ടുണ്ട്. ആവര്‍ത്തിച്ചാല്‍ വിരസമാവാത്ത ഒരേയൊരു പ്രതിഭാസമാണ് പ്രണയമെന്ന്.
 
സംഗതി ശരിയൊക്കെ തന്നെ. അങ്ങനെയെങ്കില്‍ ഏറ്റവും മഹത്തായ പ്രണയം ഏതായിരിക്കും? തുല്യാനുരാഗത്താല്‍ അന്യോന്യം സമര്‍പ്പിതരായവര്‍ക്ക് സമാഗമമുണ്ടാകാതെ മരണം സംഭവിക്കുകയാണെങ്കില്‍ അതാണേറ്റവും മഹത്തായ പ്രണയമെന്നാണ് കാളിദാസന്‍ പറയുന്നത്.

ശരിയാണ്. മരണം ചില പ്രണയങ്ങളുടെ തീവ്രതയും തീക്ഷ്ണതയും അടയാളപ്പെടുത്തുന്നു. ഒന്നിച്ചുചേരാന്‍ ആഗ്രഹിച്ചിട്ടും പ്രണയത്തിന്റെ ഉരകല്ലില്‍ പരസ്പരം സമര്‍പ്പിക്കാന്‍ ആഗ്രഹിച്ചിരുന്നിട്ടും വിധി പരസ്പരം അകറ്റിയവര്‍. ഒന്നിച്ചുചേരാനാവാതെ  എന്നേയ്ക്കുമായി നഷ്ടപ്പെട്ടുപോയവര്‍. യഥാര്‍ത്ഥ പ്രണയത്തിന്റെ ചൂടും ചൂരും അവര്‍ മാത്രമേ അറിഞ്ഞിട്ടുള്ളൂ.

കാമിനീ കാമുകന്മാര്‍ സ്വസാമര്‍ത്ഥ്യവിശേഷം കൊണ്ടോ ഭാഗ്യവിശേഷം കൊണ്ടോ എല്ലാ പ്രതിബന്ധങ്ങളും വിജയപൂര്‍വ്വം തരണം ചെയ്തു വിവാഹമണ്ഡപത്തില്‍ സുസ്‌മേരവദനരായി പ്രവേശിക്കുന്ന കഥകള്‍ മാത്രം വായിച്ചു പരിചയിച്ചിട്ടുള്ള (എംപി പോളിന്റെ വാക്കുകള്‍)തില്‍ നിന്ന് വ്യത്യസ്തമായി, തീവ്രമായി പ്രണയിച്ചിട്ടും ഒരുമിക്കാന്‍ കഴിയാതെ പോയവരുടെ ഹൃദയവേദനകൊണ്ടും കണ്ണീരുകൊണ്ടും മലയാളസാഹിത്യവും നിറഞ്ഞിട്ടുണ്ട്. ജീവിതത്തില്‍ നിന്ന് വലിച്ചുചീന്തിയ ഒരേടെന്നും വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നുവെന്നും എംപി പോള്‍ തന്നെ സാക്ഷ്യപ്പെടുത്തിയ സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിയിലെ മജീദും സുഹ്‌റയും തന്നെ അവരില്‍ പ്രധാനികള്‍.

അതുല്യങ്ങളായ സ്വപ്നങ്ങളുള്ളവനായിരുന്നു മജീദ്. തങ്കവെളിച്ചത്തില്‍ മുങ്ങിയ സുന്ദരലോകത്തിലെ ഏകഛത്രാധിപതിയായ സുല്‍ത്താന്‍ ആയിരുന്നു അവന്‍. അതിലെ പട്ടമഹിഷി രാജകുമാരിയായ സുഹ്‌റയും. ചെറുപ്പം മുതല്‍ക്കേ അതങ്ങനെയായിരുന്നു. പക്ഷേ വിധിയും സാഹചര്യങ്ങളും അവരെ പരസ്പരം അകറ്റി.  മജീദിന് നാടുവിട്ടുപോകേണ്ട സാഹചര്യമുണ്ടായി. ഏഴോ പത്തോ വര്‍ഷം. അതിനിടയില്‍ നാട്ടില്‍ പലതും സംഭവിച്ചു.

തിരികെ നാട്ടിലെത്തിയ മജീദ് അമ്പരപ്പിച്ച മാറ്റങ്ങള്‍ക്ക് സാക്ഷിയായി. സ്വത്ത് മുഴുവന്‍നഷ്ടപ്പെട്ട് കുടുംബം ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടക്കാന്‍ സഹോദരിമാര്‍ക്ക് കൂലിപ്പണി ചെയ്യേണ്ടിവന്നിരിക്കുന്നു, നഗരത്തിലെ ഒരു കശാപ്പുകാരന്‍ സുഹ്‌റയെ വിവാഹം ചെയ്തിരിക്കുന്നു. ഒടുവില്‍, സഹോദരിമാര്‍ക്ക് ഭര്‍ത്താക്കന്മാരെയുണ്ടാക്കാനും സ്ത്രീധനത്തിനും ആഭരണങ്ങള്‍ക്കുമുള്ള വക സമ്പാദിക്കാനുമായി ജന്മദേശത്തു നിന്നും ആയിരത്തിയഞ്ഞൂറ് മൈല്‍ ദൂരെയുള്ള മഹാനഗരിയിലേക്ക് മജീദ്  വീണ്ടും യാത്രയാകുന്നു. രണ്ടുമാസങ്ങള്‍ക്ക് ശേഷം ഒരപകടം അവന് വലതുകാല്‍ നഷ്ടമാക്കി. അസ്വസ്ഥകരമായ ദാമ്പത്യജീവിതത്തിന്റെ പരിസമാപ്തിയെന്നോണം സുഹ്‌റ മരണമടയുന്നു. ദുരിതങ്ങളും സങ്കടങ്ങളും നിസ്സഹായതകളും പെയ്‌തൊഴിയാതെയെന്നോണമുള്ള ജീവിതകഥ. സുഹ്‌റയുടെ മരണവാര്‍ത്ത അറിയുമ്പോള്‍ പഴയൊരു ഓര്‍മ്മയിലേക്ക് മജീദ് സഞ്ചരിക്കുന്നുണ്ട്.

അന്ന്.. മജീദ് യാത്ര പറഞ്ഞ് ഇറങ്ങാന്‍ തുടങ്ങുകയായിരുന്നു. സുഹ്‌റാ എന്തോ പറയുവാന്‍ ആരംഭിച്ചു.  പറയൂ രാജകുമാരി പറയൂ
പിന്നെ.. അവള്‍ക്ക് അതു പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ആ സമയത്ത് ബസിന്റെ ഹോണ്‍ തുരുതുരെ കേട്ടു.  ഉമ്മ മുറിവാതില്‍ക്കല്‍ വന്നു.
മോനേ വേഗം ചെല്ല് ബണ്ടി പോകും.


അങ്ങനെ സുഹ്‌റയ്ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ കഴിയാതെയാണ് അജ്ഞാതമായ ഭാവിയിലേക്ക് മജീദ് യാത്രപറഞ്ഞിറങ്ങിയത്. ഇപ്പോള്‍ കേള്‍ക്കുന്നതാവട്ടെ സുഹ്‌റയുടെ മരണവും. പറയാന്‍ തുടങ്ങിയത് അപ്പോഴും അവളുടെ മനസ്സിലുണ്ടായിരുന്നിരിക്കണം. എന്തായിരുന്നു അന്ന് ഒടുവിലായി സുഹ്‌റ പറയാന്‍ തുടങ്ങിയത്?

മജീദിന്റെ ഈ ചോദ്യത്തോടെ നോവല്‍ അവസാനിക്കുമ്പോള്‍ വായനക്കാരന്റെ ഉള്ളില്‍ നീറ്റല്‍ നിറയുന്നു. അവനും സ്വയം ചോദിക്കുന്നു. എന്തായിരുന്നു സുഹ്‌റയ്ക്ക് പറയാനുണ്ടായിരുന്നത്?

മതസാമൂഹിക സാംസ്‌കാരിക ചുറ്റുപാടുകളാണ് തകഴിയുടെ ചെമ്മീനിലെ പരീക്കുട്ടിയെയും കറുത്തമ്മയെയും തമ്മില്‍ അകറ്റിയത്. ഭഗ്നപ്രണയത്തിന്റെ കടല്‍ത്തീരത്ത് കറുത്തമ്മയെ ഓര്‍ത്ത് പാടിപാടി നടക്കുന്ന പരീക്കുട്ടിയും സ്വന്തം ദാമ്പത്യജീവിതത്തിലും പരീക്കുട്ടിയെ മറക്കാന്‍ കഴിയാത്ത കറുത്തമ്മയും. അടച്ചുപൂട്ടിയ മോഹങ്ങളുടെയും പ്രണയത്തിന്റെയും നഷ്ടങ്ങളുടെയും  തിരമാലകളില്‍ ഗതികിട്ടാതെ അലയുന്ന പ്രണയിനികള്‍..  എന്നിട്ടും പ്രണയത്തിന്റെ വിളിയൊച്ചയില്‍ അവരെന്നോ ഒരിക്കല്‍ സ്വയം നഷ്ടപ്പെട്ടവരാകുകയും അനിവാര്യമായ വിധിയുടെ ആഴങ്ങളില്‍ എന്നേയ്ക്കുമായി പോയി മറയുകയും ചെയ്തു.
 
പരസ്പരം സ്വപ്നം കാണുന്ന സങ്കല്പവും യാഥാര്‍ത്ഥ്യവും ഒന്നല്ലെന്നുള്ള തിരിച്ചറിവും അതിന് മുമ്പില്‍ ഉയര്‍ന്നുവരുന്ന പ്രതിബന്ധങ്ങളുമാണ് ചങ്ങമ്പുഴയുടെ രമണ-ചന്ദ്രിക ദ്വയങ്ങളുടെ പ്രണയങ്ങളുടെ നഷ്ടമാകലിനും കാരണം. ഒന്നിച്ചുചേരാന്‍ സാധ്യമാകാതിരിക്കുകയും എന്നാല്‍ ഒരാളുടെ നഷ്ടമാകലിലൂടെ പ്രണയത്തിന്റെ വിരഹത്തീയില്‍ വെന്തുനീറി പില്ക്കാലജീവിതം നയിക്കാന്‍ വിധിക്കപ്പെടുകയും ചെയ്തവര്‍ തന്നെയാണ് കുമാരനാശാന്റെ നളിനി-ദിവാകരനും ലീലാ- മദനന്മാരും.

ഇവരുടെയെല്ലാം പ്രണയത്തിനിടയില്‍ മറ്റെന്തൊക്കെയോ കടന്നുവന്നു.സ്വച്ഛമായി നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്ഷേപണത്തിനിടയില്‍ അപ്രതീക്ഷിതമായി കടന്നുവന്ന ചില അസ്വസ്ഥതപ്പെടലുകള്‍ പോലെ എന്തോ ഒന്ന്..അതവരുടെ പ്രണയത്തെ ഭൗതികമായി അകറ്റി. പക്ഷേ ശരീരങ്ങളുടെ വേര്‍പെടലിനപ്പുറവും അവരുടെ ആത്മാവില്‍ പ്രണയത്തിന്റെ ചിതകള്‍ ആളിക്കത്തിക്കൊണ്ടിരുന്നു. അങ്ങനെ മരണമടഞ്ഞവരുടെ പട്ടികയില്‍ പ്രണയത്തിന്റെ അനശ്വരസ്മാരകങ്ങളായി അവരുടെ പ്രണയകാലങ്ങള്‍ ഉയര്‍ന്നുനില്ക്കുന്നു.