ആ പാപക്കറ മുകുന്ദൻ കഴുകിക്കളഞ്ഞു

‘‘ഞാനിപ്പളാ അറിഞ്ഞത്’’

‘‘ന്ത്?’’

ഇഞ്ഞി കൊടപ്പണി തൊടങ്ങ്യത്. കുഞ്ഞിക്കുട്ടി സറാപ്പിന്റെ മോള് രേവത്യാ ന്നോട് പറഞ്ഞത്. അദ് കേട്ടപ്പം എനക്ക് വിശ്വാസം വന്നില്ല. ബി.എ. പാസായ ഇഞ്ഞി ഇതുപോലത്തെ ഒര് പണി ചെയ്യാനോ? ആരും അദ് വിശ്വസിക്കില്ല. ചോയീം വിശ്വസിക്കില്ല’’...

ഞാനിനി കുഞ്ഞിക്കുനിയിൽ മാധവൻ ബി.എ. അല്ല. കുട നന്നാക്കുന്ന മാധവൻ മാത്രം. 

എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്ന കരിങ്കുട്ടിച്ചാത്തൻ ഉച്ചിട്ട ഭഗവതിയോട് പറഞ്ഞു:

‘‘ദ് നോക്ക്, ഉച്ചിട്ട ഭഗവതീ, മാനത്ത് നോക്ക്..’’

അവിടെ കരിമുകിലുകൾ  തുറന്ന കുടകളായി നൃത്തം ചെയ്യുന്നു

(നൃത്തം ചെയ്യുന്ന കുടകൾ)

‘കുട നന്നാക്കുന്ന ചോയി’യിൽ തുടങ്ങിയ എം. മുകുന്ദന്റെ നോവൽ സീരിസ് ‘നൃത്തം ചെയ്യുന്ന കുടകളിൽ’ പൂർത്തിയായി. നാട്ടുഭാഷയുടെ സൗന്ദര്യം വീണ്ടെടുത്തുകൊണ്ട് അദ്ദേഹം എഴുതിയ പുതിയ നോവൽ ഖണ്ഡശ്ശ പ്രസിദ്ധീകരണം പൂർത്തിയായി. നായകനായ മാധവൻ പാരലൽ കോളജിലെ അധ്യാപക ജോലി ഉപേക്ഷിച്ച് നാട്ടിലെ കുട നന്നാക്കുന്ന ആളായി പുതിയ ജീവിതം തുടങ്ങുന്നതോടെയാണ് നോവൽ പൂർത്തിയാകുന്നത്. നോവലിന്റെ രണ്ടാംഭാഗം തുടങ്ങുന്നതിനു മുൻപ് എം. മുകുന്ദൻ പറഞ്ഞ പ്രാശ്ചിത്തം പൂർത്തിയായി. 

‘‘എന്റെ നാട് ഭാരതമാണ്. ഭാരതദേശത്തിന്റെ സംസ്കാരത്തിലും പാരമ്പര്യങ്ങളിലും ഞാൻ അഭിമാനം കൊള്ളുന്നു. ഞാൻ മരിച്ചു കഴിഞ്ഞാൽ എന്റെ മൃതദേഹം കാവിയിൽ പൊതിഞ്ഞ് ചിതയിലേക്കെടുക്കണം. അങ്ങനെ ചെയ്തില്ലെങ്കിൽ എന്റെ ആത്മാവിന് ഒരിക്കലും ശാന്തി ലഭിക്കില്ല’’ നോവലിന്റെ തുടക്കത്തിൽ ചോയി മാധവനെ ഏൽപ്പിച്ചിരുന്ന കത്തിലെ വിവരം മാധവൻ ജനങ്ങളെ പറ്റിക്കാൻ ഇങ്ങനെ മാറ്റി വായിക്കുകയായിരുന്നു. കത്തിലെ ഉള്ളടക്കം എന്തെന്നറിയാൻ ഒരു നാടുമുഴുവൻ നടത്തുന്ന ചെറിയൊരു പോരാട്ടമായിരുന്നു കുട നന്നാക്കുന്ന ചോയിയുടെ പ്രമേയം. പക്ഷേ, നോവലിനൊടുവിൽ നായകനെ പെട്ടെന്നൊരു മാറ്റം വരുത്തി. സമൂഹത്തിൽ ഇപ്പോൾ കാണുന്ന മാറ്റം  എന്നായിരുന്നു നോവലിസ്റ്റ് അതിനെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ഈ മാറ്റം ഉൾക്കൊള്ളാൻ വായനക്കാർ തയാറായില്ല. പലരും ഇക്കാര്യം അദ്ദേഹത്തോടു നേരിട്ടു തന്നെ ചോദിച്ചു. അങ്ങനെയാണ് നോവലിനു തുടർച്ച എഴുതാൻ തീരുമാനിച്ചത്.

‘‘ആദ്യ നോവൽ എഴുതുമ്പോൾ കൃത്യമായ ഒരു രൂപമില്ലാതെയായിരിന്നു തുടങ്ങിയത്. എഴുത്തായിരുന്നു നോവലിനെ മുന്നോട്ടുകൊണ്ടുപോയത്. അതിൽ സമൂഹത്തിലെ മാറ്റങ്ങളെല്ലാം കൊണ്ടുവന്നു. അവിശ്വസികളെല്ലാം വിശ്വാസപക്ഷത്തേക്കു നീങ്ങുന്ന കാലത്തെ കാഴ്ചകളായിരുന്നു അതിൽ കൊണ്ടുവന്നത്. നോവൽ എങ്ങനെ അവസാനിക്കണമെന്നത് ആദ്യമേ തീരുമാനിച്ചിരുന്നില്ല. അതുകൊണ്ടാണ് ചോയിയുടെ അവസാനം അങ്ങനെയായത്. 

‘... വൈകാതെ ഒരു കാളവണ്ടി നിറയെ സന്യാസിമാർ അവിടെ വന്നിറങ്ങി. തെക്കുനിന്നുള്ള ആവിവണ്ടിയിൽ ചന്ദനക്കുറി തൊട്ട കുറേ യുവാക്കളും വന്നു. നാട്ടുകാർക്ക് പരിചയമില്ലാത്ത ചിലർ ഓക്കുമരം കൊണ്ടുള്ള ശവപ്പെട്ടിക്കു മുകളിൽ ഒരു കാവിപ്പതാക വിരിച്ചു. അപരിചിതരുടെ ഒരു ആൾക്കൂട്ടം കാവി പുതച്ച ചോയിയെ ചുമന്നുകൊണ്ടു ശ്മശാനത്തിലേക്കു നടന്നു. അൽപനേരത്തിനു ശേഷം അവിടെ നിന്നുയർന്ന പുകയ്ക്കും കാവിനിറമായിരുന്നു..’ ‌

‌(കുട നന്നാക്കുന്ന ചോയി)

എന്നാൽ നൃത്തം ചെയ്യുന്ന കുടകൾ എഴുതാൻ തുടങ്ങിയപ്പോൾ തന്നെ അതിന്റെ ഒടുക്കം എങ്ങനെയാകണമെന്ന് മുൻകൂട്ടി തീരുമാനിച്ചിരുന്നു. മാധവന് വനജയോടുള്ള പ്രണയം, സഹോദരി രാധയുടെ വിവാഹം എന്നിങ്ങനെ കഥയിലെ പ്രധാന തന്തുക്കളെല്ലാം ആദ്യമേ മനസ്സിലുണ്ടായിരുന്നു. അതുപ്രകാരമായിരുന്നു എഴുതിയത്. ബി.എ.കാരനായ നായകൻ മാധവൻ കുട നന്നാക്കുന്ന ആളായി മാറുന്നത് വായനക്കാർക്കിഷ്ടമാകുമോ എന്നൊരു പേടിയുണ്ടായിരുന്നു. നോവൽ അവസാനിച്ചപ്പോൾ ലഭിച്ച പ്രതികരണം ആ പേടി ആവശ്യമുണ്ടായിരുന്നില്ല എന്നു ബോധ്യപ്പെടുത്തി. മാധവൻ മാനവപക്ഷത്തെത്തിയതു വായനക്കാർക്കിഷ്ടമായി എന്നു തോന്നുന്നു.– മുകുന്ദൻ പറഞ്ഞു. മയ്യഴി എന്ന കൊച്ചു പ്രദേശത്തു നിന്ന് എം.മുകുന്ദൻ സൃഷ്ടിച്ചെടുത്ത നാലാമത്തെ നോവലാണ് നൃത്തം ചെയ്യുന്ന കുടകൾ. ഒരു നോവലിനു തുടർച്ചയായി അദ്ദേഹം എഴുതുന്ന മറ്റൊരു നോവൽ എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്. 

‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ ആയിരുന്നു മയ്യഴി പ്രമേയമായ ആദ്യ നോവൽ. അതിനെ തുടർന്ന് ‘ദൈവത്തിന്റെ വികൃതികൾ’. മയ്യഴിയുടെ സ്വാതന്ത്ര്യസമരവും വിജയവും അതിനു ശേഷമുള്ള കാലത്തെ ജീവിതവുമായിരുന്നു ആദ്യ നോവലിൽ. സ്വാതന്ത്ര്യാനന്തര മയ്യഴിയായിരുന്നു രണ്ടാമത്തെ നോവലിൽ. സ്വാതന്ത്ര്യാനന്തര മയ്യഴി തന്നെയാണ് പുതിയ രണ്ടുനോവലിലും വരുന്നത്. അത് മൂന്നു പതിറ്റാണ്ടിനു മുൻപുള്ള മയ്യഴിയാണെന്നു മാത്രം. പുതിയ കാലഘട്ടം രണ്ടു നോവലിലും തീരെ വരുന്നതില്ല. മിത്തും ചരിത്രവുമെല്ലാം ഒത്തുചേരുന്നൊരു സൃഷ്ടി. നാട്ടുഭാഷയ്ക്കു നോവലിസ്റ്റ് നൽകിയ പ്രാധാന്യമാണ് എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത. ലാച്ചാർ എന്നതുപോലെയുള്ള വാക്കുകളൊക്കെ മലയാളികളുടെ സംസാരഭാഷയിലേക്കു തിരിച്ചെത്തിയിരിക്കുകയാണ്. 

Novel ReviewLiterature ReviewMalayalam Literature NewsLiterature Awards