ഹെസ്സെയും, സിദ്ധാർത്ഥയും പിന്നെ ദെറിദയും

1966-ലാണ് സാഹിത്യ തത്വശാസ്ത്ര ചരിത്രങ്ങളെ കീഴ്മേൽ മറിച്ച ദെറിദയുടെ 'സ്ട്രക്ച്ചർ സൈൻ ആൻഡ് പ്ലേ' എന്ന ലേഖനം രചിക്കപ്പെട്ടത്. എന്നാൽ ഇതിനും വളരെ മുൻപ് തന്നെ ദെറിദയുടെ ആശയങ്ങൾക്ക് സമാനമായ ആശയങ്ങൾ ജർമൻ എഴുത്തുകാരനായ ഹെർമൻ ഹെസ്സെ തന്റെ നോവലുകളിൽ പങ്കുവെച്ചിരുന്നു. ഇന്ത്യൻ-ബുദ്ധിസ്റ്റ് തത്വശാസ്ത്രങ്ങളുടെ സ്വാധീനത്തിൽ വിരചിതമായ സിദ്ധാർത്ഥ എന്ന നോവലിൽ ആണ് ഈ ആശയങ്ങൾ ഏറ്റവും പ്രകടമായി കാണാൻ സാധിക്കുന്നത്. 

ദൈവത്തിലേക്കുള്ള വഴി തേടി സിദ്ധാർത്ഥ നടത്തുന്ന യാത്രകൾ ആണ് നോവലിന്റെ ഇതിവൃത്തം. ബ്രാഹ്മണനായ സിദ്ധാർത്ഥ വേദങ്ങളുടെയും അഷ്ടാംഗമാർഗ്ഗത്തിന്റെയും തത്വങ്ങളിൽ തൃപ്തി വരാതെ തന്റെ അന്വേഷണം ശ്രമണ സന്യാസിമാരിലേക്കും വ്യാപിപ്പിക്കുന്നു. എന്നാൽ ഇവയ്‌ക്കൊന്നും അയാളെ ദൈവത്തിലേക്ക് നയിക്കാൻ കഴിയുന്നില്ല. ഈ ഘട്ടത്തിൽ ആണ് ദെറിദയുടെ ഭാഷയെ പറ്റിയുള്ള ചില നിരീക്ഷണങ്ങൾ സിദ്ധാർത്ഥയിൽ നമുക്ക് കാണാൻ സാധിക്കുന്നത്. ദൈവാനുഭവം എന്നത് ഭാഷയിലൂടെ കൈമാറ്റം ചെയ്യാൻ സാധിക്കില്ല എന്ന തിരിച്ചറിവാണ് സിദ്ധാർത്ഥക്ക് ഉണ്ടാവുന്നത്. ഭാഷയ്ക്ക് ആശയങ്ങളെ സംവേദനം ചെയ്യാൻ ഉള്ള കഴിവിനെ സംശയദൃഷ്ടിയോടെ നോക്കി കണ്ട പണ്ഡിതൻ ആണ് ദെറിദ. അദ്ദേഹത്തിന്റെ ഭാഷയെ പറ്റിയുള്ള പല അഭിപ്രായങ്ങളും സിദ്ധാർത്ഥ ബുദ്ധയുമായി പങ്കുവെക്കുന്നുണ്ട്. ബുദ്ധൻ ഈശ്വരസാക്ഷാൽകാരം നേടിയ ആളാണെന്നും എന്നാൽ ഈ അനുഭവത്തെ ഭാഷയുടെ പരിമിതികൾ മൂലം ആരുമായും പങ്കുവെക്കാൻ കഴിയില്ല എന്നും സിദ്ധാർത്ഥ പറയുന്നു. ഓരോരുത്തരും സ്വയം നേടേണ്ട ഒന്നാണ് ഈശ്വരസാക്ഷാൽകാരം എന്നാണ് സിദ്ധാർത്ഥയുടെ പക്ഷം.

ലൗകിക ജീവിതത്തിൽ ഈശ്വരനെ തേടിയുള്ള യാത്രയാണ് തുടർന്ന് സിദ്ധാർത്ഥ നടത്തുന്നത്. പാപപുണ്യങ്ങളുടെ അതിർവരമ്പുകൾ സിദ്ധാർത്ഥ കാൺകെ മാഞ്ഞു പോവുന്നു. ആദ്യമായി സിദ്ധാർത്ഥ ഈശ്വരനെ കാണുന്നത് ഒരു ഗണികയുടെ സ്നേഹത്തിലാണ്. ലൗകിക ജീവിതവും ഈശ്വരസാക്ഷാൽകാരത്തിന് ഉതകുന്നതാണെന്ന് അയാൾ മനസ്സിലാക്കുന്നു. ഇവിടെയാണ് നല്ലത്/ചീത്ത, എന്നൊക്കെ ഉള്ളത് വിഭജിക്കാനാവാത്ത ആശയങ്ങളാണ് എന്ന ദെറിദിയൻ നിരീക്ഷണത്തെ നമ്മുക്ക് കാണാൻ ആവുന്നത്. നല്ലത് ഇല്ലാതെ ചീത്തയോ, ചീത്ത ഇല്ലാതെ നല്ലതോ സങ്കൽപിക്കാൻ പോലും ആവില്ലെന്ന് ദെറിദ ഉറപ്പിച്ചു പറയുന്നു. ദെറിദ തത്വശാസ്ത്രത്തിന്റെ ഭാഷയിൽ പറയുന്നത് സാഹിത്യ ഭാഷയിൽ ഹെസ്സെ പറഞ്ഞുവെച്ച അതേ കാര്യങ്ങൾ തന്നെയാണ്. 

സെന്ററുകൾ ഇല്ലാത്ത ഒരു ലോകക്രമം ആണ് ദെറിദ മുന്നോട്ട് വെച്ചത്. മധ്യത്തിൽ മറ്റുള്ളവയെക്കാൾ കൂടുതൽ പ്രാധാന്യം ഉള്ള എന്തോ ഉണ്ട് എന്ന തോന്നൽ (ദെറിദിയൻ ഭാഷയിൽ 'ഫോഴ്സ് ഓഫ് ഡിസയർ') ആണ് എല്ലാ അസമത്വങ്ങൾക്കും കാരണം എന്ന് ദെറിദ വാദിക്കുന്നുണ്ട്. ഹെസ്സെയാവട്ടെ സിദ്ധാർഥയിലൂടെ ഇതേ കാര്യം സ്ഥാപിക്കാൻ ശ്രമിക്കുന്നു. ബ്രാഹ്മണായ സിദ്ധാർത്ഥ ബ്രാഹ്മണ്യത്തിന്റെ എല്ലാ വിലക്കുകളും മറികടന്നാണ് ഈശ്വരനെ കണ്ടെത്തുന്നത്. വ്യപസ്ഥാപിത മതങ്ങളോടും ചട്ടക്കൂടുകളോടും ഹെസ്സെക്കുള്ള എതിർപ്പ് സിദ്ധാർത്ഥയിൽ നമുക്ക് കാണാം. മതങ്ങൾക്കും സ്ട്രക്ച്ചറുകൾക്കും വെളിയിൽ ആണ് ദൈവം എന്ന സങ്കല്പത്തെ ഹെസ്സെ പ്രതിഷ്ഠിക്കുന്നത്. എല്ലായിടത്തും ഉള്ള, ഒരിടത്തും ഇല്ലാത്ത ഹെസ്സെയുടെ ദൈവം എല്ലാവർക്കും സമദൂരനാണ്. സെന്ററുകൾ ഇല്ലാതാവുമ്പോൾ സ്ട്രക്ച്ചറുകളിൽ എല്ലാവർക്കും തുല്യത കൈവരുന്നു എന്ന് ഹെസ്സെ അറിഞ്ഞിരുന്നിരിക്കണം.

നോവലിന്റെ അവസാനഭാഗത്ത് സിദ്ധാർത്ഥയുടെ മുഖത്ത് സുഹൃത്തായ ഗോവിന്ദൻ സകലചരാചരങ്ങളെയും ദർശിക്കുന്ന ഒരു രംഗമുണ്ട്. ഇതൊരു ക്ലാസിക് ദെറിദിയൻ മൊമെന്റ് ആണ്. വാക്കുകൾക്ക് അർഥം കണ്ടെത്താൻ ശ്രമിക്കുമ്പോൾ ഒരു പദം അടുത്തതിലേക്കും, അത് മറ്റൊന്നിലേക്കും, അങ്ങനെ അനിശ്ചിതമായി അർഥസമ്പാദനം നീളുന്നു എന്നും ദെറിദ തന്റെ ലേഖനത്തിൽ പറയുന്നുണ്ട്. ഈ ആശയത്തിന്റെ മൂർത്തരൂപം ആണ് ഹെസ്സെയുടെ നോവലിന്റെ അന്ത്യത്തിൽ നമുക്ക് കാണാൻ കഴിയുന്നത്. ദെറിദ ഒരിക്കലും ഹെസ്സെയെ വായിച്ചുകാണാൻ വഴിയില്ല. തന്റെ എഴുത്തിൽ ഒരിക്കലും ഹെസ്സെയുടെ സ്വാധീനം അദ്ദേഹം പരാമർശിക്കുന്നില്ല. മഹാന്മാർ ഒരേ പോലെ ചിന്തിക്കുന്നു എന്നതിന് ഉദാഹരണമാവാം ഇവർക്കിടയിലെ ഈ സാദൃശ്യം നമ്മെ ഓർമിപ്പിക്കുന്നത്. 

LiteratureMalayalam Literature Newsമലയാളസാഹിത്യം