മാധവിക്കുട്ടിയുടെ 'എന്തും ചെയ്യാൻ മടിക്കാത്ത ആരാധിക'

ദയവ് ചെയ്ത് അവരെ മാധവിക്കുട്ടിയമ്മ എന്ന് വിളിക്കരുത്.

മാധവിക്കുട്ടിയും, കമലിന്റെ ആമിയും, ആമിയായി വേഷമിടുന്ന മഞ്ചു വാര്യരും ആണ് സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ചാവിഷയങ്ങളില്‍ ഒന്ന്. തങ്ങളുടെ പ്രീയ കഥാകാരി മാധവിക്കുട്ടിയെ എത്രത്തോളം വെള്ളിത്തിരയിലേക്ക് പകർത്താനാവും എന്ന ആശങ്കയിലാണ് മാധവിക്കുട്ടിയുടെ ആരാധകർ. സിനിമക്കാരുടേയും, ആമി എന്ന സിനിമയുടെ പശ്ചാത്തലത്തിൽ മാധവിക്കുട്ടിയെപ്പറ്റി ആദ്യമായി ചർച്ച ചെയ്യുന്നവരുടേയും ശ്രദ്ധയ്ക്ക് ചില നിർദേശങ്ങൾ മുന്നോട്ട് വെയ്ക്കുകയാണ് എഴുത്തുകാരിയും ചലചിത്രപ്രവർത്തകയുമായ ശ്രീബാല കെ മേനോൻ. ദയവ് ചെയ്ത് മാധവിക്കുട്ടിയെ മാധവിക്കുട്ടിയമ്മ എന്ന് വിളിക്കരുതെന്ന് ശ്രീബാല ഓർമിപ്പിക്കുന്നു. മാധവിക്കുട്ടിയുടെ 'എന്തും ചെയ്യാൻ മടിക്കാത്ത ആരാധിക' എന്ന് മാധവിക്കുട്ടിയോടുള്ള തന്റെ ഇഷ്ടം തുറന്നുകാട്ടിയ ശ്രീബാല കെ മേനോന്റെ കുറിപ്പ് ഇങ്ങനെ–

സിനിമക്കാരുടേയും, ആമി എന്ന സിനിമയുടെ പശ്ചാത്തലത്തിൽ മാധവിക്കുട്ടിയെപ്പറ്റി ആദ്യമായി ചർച്ച ചെയ്യുന്നവരുടേയും ശ്രദ്ധയ്ക്ക്,

ദയവ് ചെയ്ത് അവരെ മാധവിക്കുട്ടിയമ്മ എന്ന് വിളിക്കരുത്. അവരുടെ അമ്മയുടെ പേരാണ് ബാലാമണിയമ്മ. അവരെയാണ് അമ്മ ചേർത്ത് എല്ലാവരും സംബോധന ചെയ്തിരുന്നത്. അമ്മ ചേർത്തുള്ള സംബോധന മാധവിക്കുട്ടി ഇഷ്ടപ്പെട്ടിരുന്നില്ല. ആമി, കമല, മാധവിക്കുട്ടി, കമല സുരയ്യ, ആമിയോപ്പു, കമലേടത്തി തുടങ്ങിയ വിളികളേ അവർ പ്രോത്സാഹിപ്പിച്ചിരുന്നുള്ളൂ. മാധവിയമ്മ, മാധവിക്കുട്ടിയമ്മ തുടങ്ങിയ വിളികൾ ചർച്ചകളിലും ഫേസ് ബുക്ക് പോസ്റ്റുകളിലും കണ്ട് സഹിക്കാതെയാണ് ഈ കുറിപ്പ്. അവർ ഒരിക്കലും ഇഷ്ടപ്പെടാത്ത ആ വിളി ഒഴിവാക്കാൻ അപേക്ഷിക്കുന്നു.

എന്ന് 

മാധവിക്കുട്ടിയുടെ 'എന്തും ചെയ്യാൻ മടിക്കാത്ത ആരാധിക'

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം