' സമൂഹ ശരീരത്തിലെ ഇത്തരം അശ്ലീലങ്ങൾ നീക്കം ചെയ്യൂ ' ശാരദക്കുട്ടി

നീ ഒരുആൺകുട്ടിയല്ലേ?, നീ ഒരു പെൺകുട്ടിയല്ലേ എന്നു ചോദിച്ച് ചെറുപ്രായത്തിൽ തന്നെ കുട്ടികൾക്കിടയിൽ വേർതിരിവുകൾ ഉണ്ടാക്കിയെടുക്കുന്ന പ്രവണതയ്ക്ക് മാറ്റം ഉണ്ടാകേണ്ടതുണ്ട്. പ്രവണതയ്ക്കെതിരെ തുറന്നടിക്കുകയാണ് എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ ശാരദക്കുട്ടി. സർക്കാർ അംഗീകാരമുള്ള സ്കൂളുകളിൽ ഈ വർഷം മുതൽ, ഒന്നാം ക്ലാസ് മുതൽ തന്നെ ആൺകുട്ടികളെയും പെൺകുട്ടികളെയും വേർതിരിച്ചിരുത്താതെ, അവരെ ഇടകലർത്തിയിരുത്തണമെന്ന് അവർ അഭിപ്രായപ്പെട്ടു. ചെറുപ്പം മുതൽ ശീലിച്ചാൽ പത്തുകൊല്ലം കഴിയുമ്പോഴേക്ക് എങ്കിലും ലിംഗവിവേചനമില്ലാത്ത മാനസികാരോഗ്യമുള്ള പൗരന്മാരെ സൃഷ്ടിക്കാനായേക്കുമെന്നും ശാരദക്കുട്ടി സമൂഹമാധ്യമത്തിൽ കുറിച്ചു. 

സർക്കാർ അംഗീകാരമുള്ള സ്കൂളുകളിൽ ഈ വർഷം മുതൽ, ഒന്നാം ക്ലാസ് മുതൽ തന്നെ ആൺകുട്ടികളെയും പെൺകുട്ടികളെയും വേർതിരിച്ചിരുത്താതെ, അവരെ ഇടകലർത്തിയിരുത്തണമെന്ന ഒരു തീരുമാനം സർക്കാർ അടിയന്തിരമായി നടപ്പിലാക്കേണ്ടതുണ്ട്. ചെറുപ്പം മുതൽ ശീലിച്ചാൽ പത്തുകൊല്ലം കഴിയുമ്പോഴേക്ക് എങ്കിലും ലിംഗവിവേചനമില്ലാത്ത മാനസികാരോഗ്യമുള്ള പൗരന്മാരെ സൃഷ്ടിക്കാനായേക്കും. വെറും ലൈംഗിക ശരീരങ്ങൾ മാത്രമായി കുട്ടികളെ വേർതിരിക്കാതിരിക്കുക. വേർതിരിച്ചിരുത്തുന്ന അധ്യയന രീതി അപരിഷ്കൃതമാണ് ജാതീയമായ വേർതിരിവു പോലെ തന്നെ അശ്ലീലമാണ്.

ഇടതുപക്ഷ സർക്കാർ അധികാരമേറ്റ അന്നു മുതൽ പലവട്ടം ആവശ്യപ്പെട്ടതും നടപ്പാകുമെന്നു പ്രതീക്ഷിക്കുന്നതുമായ ഒരു ആശയമാണിത്. കേട്ടാൽ ചെറിയ കാര്യമെന്നു തോന്നാം. പക്ഷേ സാമൂഹികാരോഗ്യത്തിലേക്കുള്ള ആദ്യ പരിഷ്കരണ നടപടി ഇതു തന്നെയാണ്. ഇടതു സർക്കാരിനാണിതു കഴിയേണ്ടത്. സമൂഹ ശരീരത്തിലെ ഇത്തരം അശ്ലീലങ്ങൾ നീക്കം ചെയ്യാതെ എങ്ങനെയാണ് കുട്ടികളിൽ പൗരബോധവും സാമൂഹികബോധവും ഉത്തരവാദിത്വബോധവുമുണ്ടാവുക?

സർക്കാർ ലിംഗവിവേചനത്തിനെതിരായുള്ള പ്രാഥമിക പാഠങ്ങൾ പരിശീലിപ്പിച്ചു തുടങ്ങുക. ലൈംഗിക വൈകൃതങ്ങളിൽ നിന്ന് സമൂഹത്തെ രക്ഷിക്കാനുള്ള ആദ്യ നിർബന്ധനടപടി ഇതാകണം. തൊട്ടാൽ പൊട്ടുന്ന ലിംഗശരീരമാണ് തന്റെയടുത്തിരിക്കുന്നതെന്ന വൃത്തികെട്ട ബോധത്തിൽ നിന്നു രക്ഷ നേടുവാൻ നമ്മുടെ കുട്ടികളെ പ്രാപ്തരാക്കുക.

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം