മകന്റെ കല്യാണത്തിന് മഹാരാജാസുകാരെ കൂവിതോൽപ്പിച്ച അച്ഛൻ

ഒരു വ്യക്തി നമ്മുക്ക് ആരായിരുന്നുവെന്ന് പലപ്പോഴും നമ്മൾ തിരിച്ചറിയുന്നത് അവരുടെ അഭാവത്തിലാണ്. കഥാകൃത്ത് ബിപിൻ ചന്ദ്രൻ അച്ഛനെ കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുന്നു–

മരിച്ചു കഴിയുമ്പം മക്കള് അച്ഛന്മാരെ മഹാന്മാർ ആക്കുന്ന ഒരു പതിവുണ്ടല്ലോ. അതിനല്ല ഈ എഴുത്ത്‌. രാമചന്ദ്രൻ നായർ ഒടുക്കത്തെ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്ന ഒരു മനുഷ്യനായിരുന്നു. അതേ സമയം തന്നെ കൊള്ളാവുന്നൊരു കക്ഷിയുമായിരുന്നു. സകലമാന കന്നന്തിരിവും കയ്യിലുണ്ടായിരുന്നു. ഒപ്പം സാധാരണ പലരിലും കാണാത്ത ചില നന്മകളുമുണ്ടായിരുന്നു. കൺവെട്ടത്തു നിന്നു മാറിയിട്ട് അച്ഛനെ കുറ്റം പറയുന്ന ഒരുപാട് പേരെ ഞാൻ കണ്ടിട്ടുണ്ട്. ചന്ദ്രൻ ചേട്ടന് വേണ്ടി കൊല്ലാനും വെട്ടാനും ചാകാനും റെഡി ആയിരുന്ന ചിലരെയും അറിയാം. പറയാൻ ഒരുപാട് കുറ്റങ്ങൾ അച്ഛനുണ്ടായിരുന്നെങ്കിലും അതു പറഞ്ഞിരുന്ന പലരും അൾട്ടിമേറ്റ് കൊണാപ്പന്മാരായിരുന്നു എന്നതു വേറെ കാര്യം. പല തരത്തിലുളള കൂട്ടുകാരുണ്ടായിരുന്നു പുള്ളിക്കാരന്. കുബേരന്മാർ തൊട്ടു കൊലപാതകികൾ വരെ.

മലയാള മനോരമ പത്രമല്ലാതൊന്നും വായിക്കുന്നതു കണ്ടിട്ടില്ല. പക്ഷേ സിനിമ എഴുതിയിരുന്നെങ്കിൽ ഞാൻ എഴുതിയതിനെക്കാളൊക്കെ പവർ ഉള്ള ഡയലോഗുകൾ കീച്ചാൻ ശേഷിയുണ്ടായിരുന്നു. ആളെ ഇരുത്തിക്കൊല്ലുന്ന തരം തീവ്രതയുള്ള ഹ്യൂമർ സെൻസുമുണ്ടായിരുന്നു. ഞാനും ചേട്ടനും അന്യമതസ്ഥരെ കല്യാണം കഴിച്ചപ്പോൾ അച്ഛൻ നടത്തിയ ആത്മഗതമോർത്തു പിന്നീട് പലപ്പോഴും ചിരി വന്നിരുന്നു. "മൂത്തവൻ പാക്കിസ്ഥാൻകാരിയെയും ഇളയവൻ വത്തിക്കാൻകാരിയെയും കെട്ടി. എന്റെ ഗതി എന്താകുമെന്ന് ഏതു ദൈവത്തിനോട് ചോദിക്കും?"

ആദ്യ സിനിമ എഴുതാൻ പോയപ്പോഴും കല്യാണത്തിനിറങ്ങുമ്പോഴും എന്നെ കെട്ടിപ്പിടിച്ചപ്പോൾ 'ഫയങ്കര' ഫീലുണ്ടായിരുന്നു അതിന്. എന്റെ വിവാഹത്തിന് വരുന്നില്ലെന്ന് പറഞ്ഞയാൾ അവസാനനിമിഷം ഗോഡ്ഫാദറിലെ അഞ്ഞൂറാൻ സ്റ്റൈലിൽ അവതരിച്ചു ഷോ മുഴുവനും കട്ടോണ്ടു പോയി. കൂട്ടുകാരന്റെ വിപ്ലവ വിവാഹത്തിനു മുദ്രാവാക്യം വിളിച്ച മഹാരാജാസുകാരെ മൊത്തം മകന്റെ കല്യാണ സ്റ്റേജിൽ നിന്നു തന്നെ യാതൊരു നാണവും കൂടാതെ കൂവിത്തോൽപ്പിച്ച ഒറ്റ കാർന്നവരേ ലോക ചരിത്രത്തിൽ കാണൂ. ആ സൈസ് വെറൈറ്റി വീരകൃത്യങ്ങൾ ഒരു ലോഡുണ്ട് പറയാൻ. വിസ്തരിച്ചെഴുതിയാൽ നല്ല റീഡബിലിറ്റി ഉണ്ടായിരിക്കും. എഴുതണം. എരിവും പുളിയും മസാലയും ഫൺ ഫാക്ടറും ത്രില്ലും ടെറർ ഉം സെന്റിയും ക്‌ളാസും മാസ്സും പൈങ്കിളിയും ഒക്കെയുള്ള ഒരു മുട്ടൻ സിനിമാക്കഥ ആയിരുന്നു ചന്ദ്രൻചേട്ടൻ. ഒന്നിന്റെയും അനുപാതം കൃത്യമല്ലാതിരുന്നതിനാൽ പല കാണികൾക്കും അതു സുഖിച്ചിരുന്നില്ല. എങ്കിലും കിടിലോൽക്കിടിലം ക്യാരക്ടർ ആയിരുന്നെന്നു പറയാതിരിക്കാനും പറ്റില്ല. ശരിക്കും ഒരു ഒറ്റയാൾ ഗോത്രം.

വീട്ടിൽ വരുന്നവരൊക്കെ ഭിത്തിയിൽ അച്ഛന്റെ ഫോട്ടോ വെക്കാത്തതെന്തെന്നു ചോദിക്കാറുണ്ട്. ആ പരിപാടി ലോക കലിപ്പായിരുന്നു. സ്വന്തം അപ്പൂപ്പന്റെ ഫോട്ടോ ആണിയിൽ നിന്നൂരിയെടുത്തു ചില്ലു ചവിട്ടിപ്പൊട്ടിച്ചു തോട്ടിൽ കളഞ്ഞ ടീമാണ്. ചത്താൽ പടം മതിലിൽ ചില്ലിട്ടു തൂക്കരുതെന്നു പറഞ്ഞിട്ടുണ്ടായിരുന്നെന്നോട്. കോളജിൽ പഠിക്കുമ്പോഴാണ് ഞാൻ അച്ഛന്റെ ക്യാരിക്കേച്ചർ വരയ്ക്കുന്നത്. ആദ്യം അച്ചടിച്ച കഥയും അച്ഛനെക്കുറിച്ചായിരുന്നു. രണ്ടും ഇഷ്ടത്തോടെ ഞാൻ കാണാതെ നോക്കുന്നത് പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. ഫ്രയിമിൽ ആ ക്യാരിക്കേച്ചർ കാണുമ്പോൾ ആളിപ്പോഴും അപ്പുറത്തെ ചാരുകസേരയിൽ ഉണ്ടെന്നൊരു തോന്നലാണ്. പോയിട്ട് ജൂലൈ ഇരുപതിന്‌ പത്തു കൊല്ലം തികയുന്നു. എന്നെ ഒടുക്കത്തെ ഇഷ്ടമായിരുന്നെന്നറിയാം (ശകലം പേടിയും). ഞാൻ എങ്ങനെയെങ്കിലുമൊക്കെ രക്ഷപെട്ടോളുമെന്നൊരു പ്രതീക്ഷയുണ്ടായിരുന്നു പുള്ളിക്ക്.പ്രതീക്ഷ മൊത്തം തെറ്റിച്ചില്ലെങ്കിലും ശരിക്കങ്ങോട്ടു ക്ലച്ചു പിടിച്ചിട്ടില്ല .പലതും പയറ്റി നോക്കുന്നുണ്ട് അച്ഛനെപ്പോലെ തന്നെ.

പരലോകത്തിലും പുനർജന്മത്തിലും കഥയുണ്ടെന്നു കരുതുന്നില്ല. അതു കൊണ്ട് അടുത്ത ജന്മത്തിലും മകനായി ജനിക്കണമെന്ന ഭൂലോക തട്ടിപ്പു പൈങ്കിളി പറയുന്നില്ല. ഒരു കാര്യത്തിൽ മൂന്നരത്തരം ഉറപ്പു പറയാം. നമ്മള് തമ്മിൽ വാക്കുകൾ കൊണ്ടു മൂന്നാം ലോകയുദ്ധമൊക്കെ നടത്തിയിട്ടുണ്ടെങ്കിലും അച്ചനെ എനിക്കറിയാവുന്നിടത്തോളം അമ്മയ്ക്ക് പോലും അറിയില്ല. ആ തല്ലുകൊള്ളിത്തരങ്ങൾക്കും തരവഴികൾക്കും ഞാൻ ചൂട്ടും കുടയും പിടിച്ചു കൊടുത്തതെത്രയെന്നു കരക്കാരെയും ബോധിപ്പിക്കേണ്ട കാര്യമൊന്നുമില്ല. അതു കൊണ്ടാ ഓർക്കുമ്പം ചിലപ്പോ ശകലം സങ്കടമൊക്കെ വരുമെങ്കിലും ഒരുത്തരെയും കാണിക്കാതെ ഞാൻ അതങ്ങ് ഒതുക്കുന്നത്.

ദുഷ്ടന്മാര് മരിച്ചു പോകും, ശിഷ്ടന്മാര് തിരിച്ചു പോകും; അത്രേയുള്ളൂ വ്യതാസമെന്നു എം.പി. നാരായണപിള്ള പറഞ്ഞിട്ടുണ്ട്. ആവശ്യത്തിന് അലമ്പൊക്കെ ഉണ്ടായിരുന്നെങ്കിലും അച്ഛൻ തിരിച്ചു പോകുന്നവരുടെ ലിസ്റ്റിൽ പെടാനല്ലേ ചാൻസ്‌? അല്ലെന്നു പറയുന്നവരുണ്ടാകാം. എന്നാലും എനിക്കു പ്രശ്നമില്ല. ചത്താൽ ശവം ചീയാത്ത പുണ്യ കേസരികളോട് പണ്ടേ വലിയ പ്രിയമില്ലെനിക്ക്.

ഒരുമ്മയൊക്കെ തന്നാൽ ഭീകര ബോറാകും. നമ്മളു ഫയങ്കര അൺ കണ്ടീഷനലും അൺ യൂഷ്വലും ഇൻ ഫോർമലും അല്ലാരുന്നോ പണ്ടും. ഇപ്പം ഇച്ചിരി കരച്ചിലൊക്കെ വരുന്നുണ്ട്‌. 'വലിക്കുന്നതൊക്കെ കൊള്ളാം പൊക എന്റെ മോന്തയ്ക്ക് ഊതരുതെന്നു' പറഞ്ഞ ജനാധിപത്യവാദിയായ ഹിറ്റ്ലറെ, സലാമുണ്ട്. ചാകുന്നത് വരെ ഞാനിങ്ങനെ എഴുതിക്കൊണ്ടിരിക്കും കേട്ടോ.

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം