രണ്ടു വെള്ളപ്പൊക്ക കവിതകൾ

ചിങ്ങംപറമ്പിൽ തോമസ് വാധ്യാർ, കൊട്ടാരത്തിൽ ശങ്കുണ്ണി

ചങ്ങനാശേരിക്കടുത്തുള്ള പൂവം എന്ന ഗ്രാമം വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശമാണ്. നെൽപ്പാടങ്ങൾക്കു നടുവിലുള്ള ഈ ഗ്രാമത്തെ ചുറ്റി പുഴയൊഴുകുന്നു. ഇന്നും വെള്ളപ്പൊക്ക ഭീഷണി ഏറെയുള്ള ഈ പ്രദേശത്താണ് കവിയും അധ്യാപകനുമൊക്കെയായിരുന്ന ചിങ്ങംപറമ്പിൽ തോമസ് വാധ്യാർ ജനിച്ചത്. നിമിഷകവിയായി അറിയപ്പെട്ടിരുന്ന ഇദ്ദേഹം എഴുതിയ കവിതകളിൽ പഴമക്കാരുടെ മനസ്സിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുന്ന ഒന്നാണ് ‘ഒരു അത്യാഹിതം’ എന്ന കവിത. തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം അനുഭവിച്ച ഒരാൾ എഴുതിയ കവിത എന്നതു മാത്രമല്ല ഇതിന്റെ പ്രത്യേകത. ഒരു ദേശത്തിന്റെ മുഴുവൻ കഥയാണ് ഈ കവിത പറയുന്നത്. ‌പ്രളയം നാടിനെ വിഴുങ്ങിയതു വിവരിക്കുന്ന കവി ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി നാട് ഒന്നിക്കുന്നതും വർണിക്കുന്നു. വെള്ളപ്പൊക്കം മൂലം ഭവനരഹിതരായ കുട്ടനാട്ടിലെ ദരിദ്ര ജനങ്ങളുടെ കഷ്ടതകളും അക്കാലത്തെ ആചാരമര്യാദകളും സാമൂഹ്യബന്ധങ്ങളും മഹാകവി ഉള്ളൂരിന്റെയടക്കം നിരവധി പ്രഗത്ഭരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ കവിതയിൽ പ്രതിഫലിക്കുന്നുണ്ട്. 

1963 ജൂൺ 21ന് അന്തരിച്ച തോമസ് വാധ്യാരുടെ ഇളയമകൻ സി.ടി. കുര്യാക്കോസ് ചിങ്ങംപറമ്പിലിന്റെ ശേഖരത്തിലാണ് കവിത ഇപ്പോഴുള്ളത്. 

കവിതയുടെ ചില വരികൾ

കർക്കടകത്തിൽ ഒന്നാം തീയതി

അർക്കനൊരല്പം പനിപോൽ തോന്നി

കൂട്ടാക്കാതതുകൊണ്ടുനടന്നു

പെട്ടെന്നാപ്പനികൂടുതലായി

മേഘക്കമ്പിളികണ്ടതെടുത്തൊ–

ട്ടാകപ്പാടെ പുതച്ചുകിടന്നു

അരുണനു കെടുതിപിണഞ്ഞതുകേട്ടു

വരുണനതറിയാനോടിച്ചെന്നു‌

ചെന്നവഴിക്കൊരു ശിലയിൽ തട്ടീ–

ട്ടൊന്നുമറിഞ്ഞവനുടനേ വീണു

പലവിധമുള്ള പരുക്കുകൾ പറ്റി

ജലപതിവലുതായ് നിലവിളിയായി

നിലവിളികേട്ടജ്ജലധരമെല്ലാം

നിലയില്ലാതെ കരഞ്ഞുതുടങ്ങി

നാലാം തീയതിയസ്തമയത്തിൽ

വേലാതീതം വെള്ളം പൊങ്ങി

മലകളിടിഞ്ഞു പുഴകൾ കവിഞ്ഞു

മലയാളക്ഷിതി മുങ്ങിമുടിഞ്ഞു

ആറുകൾ തോടുകൾ ചാലുകളേറ്റം

ചീറിയിരച്ചവ പാഞ്ഞുതുടങ്ങി‌

കുന്നും കുഴിയും വഴിയും പുഴയും

ഒന്നും തന്നെ കാൺമാനില്ല

തീവണ്ടികളും കേവണ്ടികളും

നേർവഴിതെറ്റി കുണ്ടിൽ ചാടി

അഞ്ചലുകമ്പിതപാലെന്നിവയും

അഞ്ചെട്ടായി പോക്കു മുടങ്ങി

പെരിയാറേറ്റം പെരുകുകമൂലം

ഒരു മൈലരുകിൽ കുടിപാർപ്പില്ല‌

പമ്പാനദിയും കാട്ടിക്കൂട്ടിയ

തുമ്പില്ലായ്മയ്ക്കതിരില്ലൊട്ടും

ചെല്ലം കിണ്ടി വിളക്കുകൾ കിണ്ണം‌

കല്ലൻഭരണികൾ കോളാമ്പികളും‌

കട്ടിലുമെത്തകൾ പെട്ടി തുടങ്ങി

ചട്ടി കലം തീപ്പെട്ടിവരേയ്ക്കും

വീട്ടിലെ സാമാനങ്ങൾ സമസ്തം

വിട്ടിട്ടോരോന്നോടിപ്പോയി

നെല്ലും പണവും പൊന്നും പൊടിയും

തെല്ലും വിട്ടുവിടാൻ മടിയുള്ളവർ‌

പുല്ലുകണക്കവദൂരെ വെടിഞ്ഞു

നല്ലുയിർ കിട്ടാനക്കരെ കയറി

കല്ലടയാറും ചെയ്തൊരു നഷ്ടം

ചില്ലറയല്ലതുബോധിക്കേണം

കല്ലടപുനലൂർ കുന്നത്തൂരും

കൊല്ലം പറവൂർ ചാത്തന്നൂരും

തീരത്തുള്ള കരകളെയെല്ലാം

ദൂരെത്തള്ളിയടിച്ചു തകർത്തു

എക്കലുമണലുകളേറ്റം കേറി

ദിക്കറിയാൻ ലക്കില്ലാതാക്കി

റാന്നിയും കോന്നിയും മാന്നാറിരപ്പുഴ‌

ചെന്നിത്തലയും ചെറുകോൽ മണിപ്പുഴ

ചേപ്പാട്, ഹരിപ്പാട് മേപ്രാനെടുംപുറം

മേപ്പാടം കോയിമുക്കിടത്വ തലവടി

ചമ്പക്കുളം പുളിങ്കുന്നു കണ്ണാടിയും

വമ്പന്മാർ വാഴുന്ന മങ്കൊമ്പ് കൈനടി

കാവാലം കൈനേരി ‌

പള്ളാത്തുരുത്തിയും

ശ്രീവാഴും മുട്ടാറു മാമ്പുഴക്കരിയും

പമ്പനാർ മൂവാർ പരുമല വല്ലഭം‌

അമ്പഴക്കാടു മുളിനാട്ടു കാലടി

വാഴക്കുളവും വരാപ്പുഴ വൈക്കവും

താഴത്തങ്ങാടിയും ചെങ്ങളം ‌

ചെങ്ങന്നൂർ‌

ആലുവാ ചൊവ്വര കാഞ്ഞൂർ മലയാറ്റൂർ

പാലാ പറവൂർ കൊടുങ്ങല്ലൂർ ‍

വെൺമണി

ആറ്റുതീരത്തുള്ളോരീ പ്രദേശങ്ങളെ–

പ്പറ്റി ‍ഞാനെന്തോന്നു ചൊല്ലുന്നു 

ദൈവമേ

കാടും മലകളും വീടും കുടികളും

കൂടീടും നാടായ്ക്കിടക്കുന്നിതേപടി

തോടുകളാറുകൾ വൻ തടാകങ്ങളായ്

പാടേ മറിഞ്ഞുപോയ് കാലപ്പകർച്ചയിൽ

കുട്ടനാടാകവേ വെള്ളത്തിലായെന്ന്

കേട്ടിട്ടു ബോട്ടുകൾ കെട്ടുവള്ളങ്ങളും

പെട്ടെന്നു രക്ഷയ്ക്കു വിട്ടു പടിഞ്ഞാട്ട്

നാട്ടുകാർ കൂട്ടമായ് തുട്ടു പിരിക്കയായ്

ബർക്കുമാൻസ് ഹൈസ്കൂളും 

നായർ സൊസൈറ്റിയും

സർക്കാരു സ്കൂളുകൾ സത്രം 

മുസാവരി

എന്നീ സ്ഥലങ്ങളിൽ

വന്നിറങ്ങുന്നോർക്ക്

നന്നായ് തയ്യാർ ചെയ്തു സദ്യ 

കൊടുക്കയായ്

ഇന്നാടാകെ മുടിച്ചീവെള്ളം

എന്നാലിതുകൊണ്ടുളവായ് ഗുണവും

വഴമംഗലവും തിരുമംഗലവും

അഴകനും ഉമ്മനും മമ്മൂട്ടിയുമായ്

ഒരുവള്ളത്തിൽ യാത്ര കഴിച്ചി–

ട്ടൊരു ഭവനത്തിൽ പാർത്തിട്ടെല്ലാം

ഒരുമിച്ചൂണു കഴിച്ചു സുഖിപ്പാൻ

ഒരുനല്ലയവസരമാരു കൊടുത്തൂ.

ഐതിഹ്യമാലയുടെ രചയിതാവായ കവിതിലകം കൊട്ടാരത്തിൽ ശങ്കുണ്ണിയും തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തെ കുറിച്ച് കവിതയെഴുതിയിട്ടുണ്ട്. വെള്ളപ്പൊക്ക ദിനങ്ങളിലൊന്നിൽ (1924 ഓഗസ്റ്റ് 19) മലയാള മനോരമ പത്രത്തിലാണ് ഈ കവിത പ്രസിദ്ധീകരിച്ചത്. 

കവിതയുടെ ചില വരികൾ

പൊങ്ങുന്നു വെള്ളമതിവൃഷ്ടി

നിമിത്തമിപ്പോൾ

മുങ്ങുന്നു മേദിനി 

മുറയ്ക്കിഹ മിക്കവാറും

തങ്ങുന്നു താപമകമേ 

മുഖപങ്കജശ്രീ മങ്ങുന്നു 

മർത്ത്യഗണമായതിനാകമാനം

വെക്കം പരം പെരുകി 

വെള്ളമതങ്ങുപാരം

പൊക്കം പെരുത്ത, മലകൾക്കു 

കുലുക്കമേകി നിൽക്കാതെ 

നക്രഗണമാനകളേപ്പിടിച്ചി–

ട്ടിക്കാലമത്ര പെരുകുന്നു 

ഗജേന്ദ്രമോക്ഷം

ചൂഴുന്നു കാറ്റഖിലദിക്കിലുമിപ്പൊളേറ്റം

വീഴുന്നു വീടുകൾ, 

മരങ്ങളിതൊക്കെയെങ്ങും‌

കേഴുന്നു മിക്ക ജനവും, 

ചിലരാത്തമോഭംവാഴുന്നു

ചിത്രമിതിലൊന്നുമറിഞ്ഞിടാതേ

വീടോടു സർവവിഭവങ്ങളു

മൊട്ടുപേർക്കി–

ന്നാ‌ടോടു മ‌ാടുകളുമത്ര നദീപ്രവാഹേ

കൂടോടുകൂടിയൊഴുകുന്നു, 

കടുത്ത കാറ്റാൽ‌

മാ‌ടോടുമോലകളുമാശു പറന്നിടുന്നു

രൂക്ഷത്വമുള്ള രവി കാർനിരകേറിയന്ത–

രീക്ഷത്തെ മൂടുകനിമിത്തമദൃശ്യനായി‌

പക്ഷങ്ങൾ രണ്ടുമൊരുപോലെ 

കറുത്തിമാനീം 

നക്ഷത്രനാഥനൊരു 

കാകനു തുല്യനായി

ഭോഷ്കേതുകല്ല പതിവൊക്കെ 

നിലച്ചു ചാക്യാ

ന്മാർക്കോ വരാൻ വിഷമമീ 

പ്രളയത്തിലിപ്പോൾ

നീർക്കോലിയും തവളയും 

സുഖമമ്പലത്തി–

ലൂക്കോടു ചേർന്നു 

തുടരുന്നിതു കൂടിയാട്ടം

കഷ്ണിച്ചിടുന്നു പലരും

തണുവാൽ, ച്ചിലർക്കി–

ന്നുഷ്ണിച്ചിടുന്നു 

ഹൃദയം കൃഷിനഷ്ടമൂലം.

പഷ്ണിക്കു 

ശീട്ടെഴുതിടാനിടയാക്കിടാതെ

ധൃഷ്ണിവ്രജം 

തപനനാശു തെളിച്ചിടട്ടെ.