പേടിയാണിപ്പോഴും കൊന്ന കാണുമ്പോൾ: ശാരദക്കുട്ടി

വെളുക്കാൻ തേച്ചതു പാണ്ടായാലോ? വീട്ടുചികത്സയ്ക്ക് പാർശ്വഫലങ്ങളില്ലെന്നു കരുതി ഏത് ഇലയും മരുന്നാക്കുന്നവർ ഒന്നു ശ്രദ്ധിച്ചാൽ നന്ന് വെളുക്കാൻ തേച്ചതു ചിലപ്പോൾ പാണ്ടാകാനും സാധ്യതയുണ്ട്. സ്വന്തം അനുഭവം വായനക്കാരുമായി പങ്കു വയ്ക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി–

പണ്ടൊരിക്കൽ വലതു കവിളിൽ ഒരു വെളുത്ത പാടു കണ്ടപ്പോൾ എന്റെ കൂട്ടുകാരിയാണ് റെക്കമന്റ് ചെയ്തത് കൊന്നയില അരച്ച് തൈരിൽ ചാലിച്ച് പാടുള്ളയിടത്തു പുരട്ടാൻ.രണ്ടു നേരം പുരട്ടിയതേയുള്ളു തൊലി ചുക്കിച്ചുളിഞ്ഞ് കുരുങ്ങി അത്രയും ഭാഗം വികൃതമായി. കൊന്നയിലയോട് ചേർന്നപ്പോൾ സ്വതേ സൗന്ദര്യ വർദ്ധക സിദ്ധിയുള്ള തൈരിനു കൈ വന്ന സംഹാരശേഷി ഭയപ്പെടുത്തിക്കളഞ്ഞു. പേടിയാണിപ്പോഴും കൊന്ന കാണുമ്പോൾ.

കോളേജിൽ ചെന്ന എന്നെ കണ്ട കൂട്ടുകാരി ഭയന്നു പോയി.അവരാകെ അസ്വസ്ഥയായി. ഞങ്ങളൊരുമിച്ച് ഡോക്ടറുടെയടുത്തു പോയി. പിഗ്മെന്റേഷനുള്ള മരുന്നും വൈറ്റമിൻ ഡി ഗുളികയും മുഖത്ത് വെയിലടിക്കുന്ന സൈഡിലിരുന്ന് യാത്രയും ഡോക്ടർ നിർദ്ദേശിച്ചു.14 ദിവസം മരുന്നു പുരട്ടി വെയിൽ കൊണ്ടതോടെ മുഖം വൃത്തിയായി.അതിനു ശേഷം അശാസ്ത്രീയമായ ഒരു ചികിത്സയും എടുത്തിട്ടില്ല.

തൊട്ടടുത്ത വീട്ടിലെ 80 വയസുള്ള അമ്മച്ചി ഇന്നലെ പാഷൻ ഫ്രൂട്ടിന്റെ ഇലക്കു വന്നു. അതിട്ടു വെള്ളം കുടിച്ചാൽ ഷുഗർ ലെവൽ താഴുമെന്ന് കേട്ടു വന്നതാണ്. എനിക്കു പഴയ ഓർമ്മ വന്നു. "ഇതു കഴിച്ച് വല്ല പാർശ്വഫലങ്ങളുമുണ്ടായാലോ? വയസ് ഇത്രയായില്ലേ, പാടില്ല." എന്നു പറഞ്ഞ് തിരിച്ചയച്ചു.നെല്ലിക്കയും മഞ്ഞളും ഭക്ഷണത്തിലുൾപ്പെടുത്തു, മറ്റൊന്നും ചെയ്യരുതെന്നു പറഞ്ഞു. ഇല കൊടുക്കാനുള്ള മടിയെന്ന് അമ്മച്ചിക്കു തോന്നിയിരിക്കും. സാരമില്ല.

നമ്മൾ നിസ്സാരമെന്നു കരുതുന്ന ചെറിയ ഇലകൾക്കു പോലും ശക്തിയുള്ള ഔഷധ ഗുണമുണ്ടാകാം. അത്ര തന്നെ വിഷവുമുണ്ടാകാം. പ്രകൃതി ഒരുക്കി വെച്ചിരിക്കുന്ന അത്ഭുതങ്ങൾ നമുക്കു പരീക്ഷിക്കാനുള്ളവയല്ല. മുറിവൈദ്യം കേട്ട് അവയ്ക്കു പിന്നാലെ പോയതിന്റെ ഭയം മുഖത്തെ പാടെല്ലാം മാറിയിട്ടും ഇന്നും എന്നെ വിട്ടു മാറിയിട്ടില്ല.