ആ പദത്തിന് ക്ഷമാപണം; വീണ്ടും നാവുളുക്കുന്ന വാക്കുമായി തരൂർ

ഫ്‌ളോക്‌സിനോസിനിഹിലിപിലിഫിക്കേഷന്‍ എന്ന സങ്കീർണമായ പദം ഉപയോഗിച്ചതിന് ക്ഷമാപണവുമായി ശശി തരൂർ എംപി. ഈ വാക്കിന്റെ അർഥം ഒരു വിധം കണ്ടെത്തി ഉച്ചാരണം ഒക്കെ ശരിയാക്കി വരുന്നതേയുള്ളു. അപ്പോഴേയ്ക്കും ആരാധകർക്ക് വെല്ലുവിളിയുയർത്തുന്ന പുതിയ വാക്കുമായി ശശി തരൂരിന്റെ ക്ഷമാപണവും എത്തി. ഇത്രയും സങ്കീർണമായ വാക്ക് ഉപയോഗിച്ചതിന് ക്ഷമ ചോദിക്കാൻ ശശി തരൂർ ഉപയോഗിച്ച പുതിയ വാക്കാണ് വീണ്ടും ഞെട്ടിച്ചിരിക്കുന്നത്. ഹിപ്പപ്പൊട്ടോമോണ്‍സ്ട്രോസെസ്ക്വിപെഡലിയോഫോബിയ(hippopotomonstrosesquipedaliophobia) എന്ന വാക്ക് ഉപയോഗിച്ചാണ് തരൂരിന്റെ ക്ഷാമാപണം.

വലിയ വാക്കുകളോടുള്ള ഭയമെന്ന് സൂചിപ്പിക്കുന്നതാണ് ഈ പുതിയ വാക്കിന്റെ അർഥം. വാക്കിന്റെ അഥം തിരഞ്ഞ് കഷ്ടപ്പെടാതിരിക്കാന്‍ തരൂർ തന്നെ അത് വ്യഖ്യാനിക്കുകയും ചെയ്തിട്ടുണ്ട്. 29 അക്ഷരങ്ങളുള്ള വാക്കിനോടുള്ള ഭയത്തെ സൂചിപ്പിച്ചുകൊണ്ടാണ് 35 അക്ഷരങ്ങളുള്ള ഈ വാക്ക് അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ പുസ്തകമായ 'ദ പാരാഡോക്സിക്കല്‍ പ്രൈംമിനിസ്റ്റര്‍ നരേന്ദ്രമോദി' എന്ന പുസ്തകം പുറത്തിറക്കുന്നതിനെക്കുറിച്ചുള്ള ട്വീറ്റിലാണ് ഫ്ലൊക്സിനോസിനിഹിലിപിലിഫിക്കേഷന്‍ എന്ന വാക്ക് തരൂര്‍ ഉപയോഗിച്ചത്. മൂല്യം കാണാതെ ഒന്നിനെ തള്ളിക്കളയുക എന്നതാണ് ഈ വാക്കിന്റെ അര്‍ത്ഥം. എന്നാല്‍ പാരഡോക്‌സിക്കല്‍ എന്നതിനേക്കള്‍ വലിയ വാക്കുകള്‍ ഒന്നും ദി പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തത്തില്‍ ഇല്ലെന്നും അദ്ദേഹം കുറിച്ചു.