മൂന്നാഴ്ചയ്ക്കുള്ളിൽ ഉയരാത്ത മീ ടൂ പരാതികൾ തള്ളിക്കളയണം: എം. മുകുന്ദൻ

മീ ടൂ പരാതികൾക്കായി നിയമം കൊണ്ടുവരണമെന്ന് എഴുത്തുകാരൻ എം.മുകുന്ദൻ. മീ ടൂ പരാതികള്‍ക്ക് 20 വര്‍ഷമൊന്നും കാലവധി പാടില്ലെന്നും മൂന്നാഴ്ചയ്ക്കുള്ളില്‍ ഉയരാത്ത പരാതികള്‍ തള്ളിക്കളയണമെന്നും മുകുന്ദന്‍ അഭിപ്രായപ്പെട്ടു. ഒരു തിരക്കഥ സിനിമയാക്കാനുള്ള കാലാവധി 3 വർഷമാണ്. അത്രയും മീ ടൂവിനു നൽകാൻ കഴിയില്ല – മുകുന്ദൻ പറഞ്ഞു.

എം.എ ഷഹനാസിന്റെ കലിഡോസ്‌കോപ്പ് എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മീ ടൂ വെളിപ്പെടുത്തലുകൾ ഇന്ത്യയിൽ വലിയ ചര്‍ച്ചകള്‍ക്കു വഴിവെച്ചിരുന്നു. വർഷങ്ങൾക്കു മുൻപ് വരെ തങ്ങള്‍ക്കു നേരിട്ട ദുരനുഭവങ്ങൾ പങ്കു വച്ച് പല മേഖലകളിൽ നിന്നുമുള്ള സ്ത്രീകൾ രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് എം. മുകുന്ദൻ ഇത്തരമൊരു പ്രതികരണം നടത്തിയിരിക്കുന്നത്.