Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൗഷാദിനോട് ഗുരുപറഞ്ഞത്..

noushad-guru

പണ്ട് ശ്രീനാരായണ ഗുരുവും സഹോദരൻ അയ്യപ്പനും സംസാരിച്ചുകൊണ്ടിരിക്കെ, സഹോദരൻ അയ്യപ്പൻ ഗുരുവിനോടു ചോദിച്ചു–

‘ മിശ്രവിവാഹത്തെക്കുറിച്ച് ഗുരുവിന്റെ അഭിപ്രായം എന്താണ്?’

‘ഛെ, വളരെ മ്ലേഛവും വൃത്തികെട്ടതും’– ഗുരു പറഞ്ഞു.

ഗുരുവിന്റെ മറുപടി സഹോദരൻ അയ്യപ്പനെ ഞെട്ടിച്ചു. ഏറെ പുരോഗമനം പറയുന്ന ഗുരു മിശ്രവിവാഹത്തെക്കുറിച്ച് വളരെ മോശമായൊരു അഭിപ്രായം പറഞ്ഞിരിക്കുന്നു. എന്തുകൊണ്ടാണ് ഗുരു അങ്ങനെ പറഞ്ഞതെന്ന് അറിയാൻ അദ്ദേഹം വീണ്ടും ചോദിച്ചു.

‘ ഗുരു എന്തുകൊണ്ടാണ് മിശ്രമവിവാഹത്തെക്കുറിച്ച് ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞിരിക്കുന്നത്?’

‘ അങ്ങ് എന്താണ് മിശ്രവിവാഹംകൊണ്ട് ഉദ്ദ്യേശിച്ചിരിക്കുന്നത്’– ഗുരു തിരിച്ചു ചോദിച്ചു.

‘ രണ്ടുജാതിയിൽപെട്ടവർ വിവാഹം കഴിക്കുന്നതിനെക്കുറിച്ചാണ് ഞാൻ ചോദിച്ചത്’– സഹോദരൻ അയ്യപ്പൻ പറഞ്ഞു.

‘ അയ്യോ, അതെങ്ങനെ മിശ്രവിവാഹമാകും. രണ്ട് മനുഷ്യന്മാർ തമ്മിലുള്ള വിവാഹമല്ലേ അത്. മിശ്രവിവാഹം എന്നാൽ മനുഷ്യൻ പശുവിനെയോ മറ്റു മൃഗങ്ങളെയോ വിവാഹം കഴിക്കുന്നതിനെയാണ് ഞാൻ അർഥമാക്കിയത്. മനുഷ്യർ തമ്മിലുള്ള വിവാഹം എങ്ങനെ മിശ്രവിവാഹമാകുമെന്ന് എനിക്കു മനസ്സിലാകുന്നില്ല’. ഗുരുവിന്റെ മറുപടി സഹോദരൻ അയ്യപ്പനെ സന്തോഷിപ്പിച്ചു.

കോഴിക്കോട് നഗരത്തിലെ മാൻഹോളിൽ കുടുങ്ങിയ രണ്ടുപേർ ഏതുജാതിയിൽപ്പെട്ടവരാണെന്ന് അറിഞ്ഞിരുന്നില്ല ഓട്ടോറിക്ഷാ ഡ്രൈവറായ നൗഷാദിന്. ജീവനുവേണ്ടി അവസാനപിടച്ചിൽ നടത്തുന്ന രണ്ടുമനുഷ്യരാണ് അവരെന്നാണ് നൗഷാദ് മനസ്സിലാക്കിയിരുന്നത്. അതുകൊണ്ടാണ് മുൻപിൻ ചിന്തിക്കാതെ അദ്ദേഹം മാൻഹോളിലേക്ക് വലിയൊരു ദൗത്യം ഏറ്റെടുത്ത് ഇറങ്ങി ചെന്നത്. അവിടെ മരണത്തെ മുഖാമുഖം കണ്ടു കഴിയുന്നവർ മലയാളികളല്ല എന്നുപോലും നൗഷാദിന് അറിയില്ലായിരുന്നു. പക്ഷേ, മരണം ജാതിയും മതവും നോക്കാതെ നൗഷാദിനെയും അതിനകത്തുപെട്ട ആന്ധ്ര വെസ്റ്റ് ഗോദാവരി ബൊമ്മിഡി ഭാസ്കരറാവുവിനെയും ഈസ്റ്റ് ഗോദാവരി ബീമാവറം നരസിംഹമൂർത്തിയും തട്ടിയെടുത്തു.

‌അല്ലെങ്കിലും കോഴിക്കോട്ടുകാർക്കൊരു പ്രത്യേകതയുണ്ട്. മറ്റൊരാളെ സഹായിക്കുന്ന കാര്യത്തിൽ അവർ സ്വന്തം കാര്യംപോലും മറന്നുപോകും. സാമൂതിരിക്കുവേണ്ടി പടപൊരുതിയ കുഞ്ഞാലിമരയ്ക്കാരെക്കുറിച്ചു നമ്മളൊക്കെ പഠിച്ചിട്ടില്ലേ. സാമൂതിരി ഹിന്ദുവായിട്ടും കുഞ്ഞാലിമരയ്ക്കാർ സ്വന്തം ജീവിതം അദ്ദേഹത്തിനു വേണ്ടി ഉഴിഞ്ഞുവച്ചതായിരുന്നില്ലേ. ആ പാരമ്പര്യം കോഴിക്കോട്ടുകാർക്കുണ്ട്. വിദേശികൾ ആദ്യമായി കപ്പലിറങ്ങിയത് കോഴിക്കോട്ടെ ഒരു കടലോരത്തായിരുന്നു. അവിടെയായിരുന്നു അവർക്കു സ്വീകരണം ലഭിച്ചത്. ആതിഥ്യമര്യാദയിലും പരസഹായത്തിലും കോഴിക്കോട്ടുകാരെ കഴിഞ്ഞേ കേരളത്തിൽ ആരുമുണ്ടാകൂ. ആ ഒരു മര്യാദയുടെ അവസാന രക്തസാക്ഷിയാണ് കരുവിശേരി മാളിക്കടവ് മേപ്പക്കുടി എം. നൗഷാദ് എന്ന മുപ്പത്തിമൂന്നുകാരൻ.

കാത്തിരിക്കാൻ നൗഷാദിന് ഒരു കുടുംബമുണ്ട്. ഭാര്യ സഫീനയ്ക്ക് വിവാഹസൽക്കാരത്തിനു പോകാൻ ധരിക്കാനുള്ള പുതിയ വസ്ത്രം ഓട്ടോയിൽ വാങ്ങിവച്ചായിരുന്നു നൗഷാദ് അന്ന് യാത്ര ചെയ്തിരുന്നത്. ബന്ധുവീട്ടിൽ ഭാര്യ കാത്തിരിക്കുമ്പോഴും ആ വെളുത്ത മനസ്സിലുള്ളിൽ പിടഞ്ഞിരുന്നത് മനുഷ്യന്റെ ഹൗൃദയമായിരുന്നു. അതുകാണാനാണ് ഗുരുവിന്റെ പാതയിൽ സഞ്ചരിക്കുന്ന മറ്റൊരാൾക്ക് കഴിയാതെ പോയത്. നൗഷാദിന്റെ കുടുംബത്തെ സഹായിക്കാൻ മുഖ്യമന്ത്രി സഹായധനം പ്രഖ്യാപിച്ചപ്പോൾ ഏറ്റവും മനുഷ്യത്വമുള്ള കാര്യമായി എല്ലാവരും കണ്ടു. നൗഷാദ് ഇസ്‍ലാം മത വിശ്വാസിയായിട്ടല്ല ആരും കണ്ടത്. കരുണ വറ്റിപ്പോകുന്ന ഒരു കാലത്ത് ഹൃദയത്തിൽ മനുഷ്യത്വവുമായി നടന്നൊരു നല്ല മനുഷ്യനായിട്ടാണ്. അതുകൊണ്ടാണല്ലോ അദ്ദേഹം അപകടം നിറഞ്ഞ മാൻഹോളിലേക്കിറങ്ങിയത്.

നൗഷാദിന്റെ മരണത്തിനു ശേഷമേ മതവും ജാതിയുമെല്ലാം ഉണ്ടായുള്ളൂ. ജീവിച്ചിരിക്കുമ്പോൾ നൗഷാദ് അറിയാത്ത ജാതിയും മതവും ഒരു പത്തുലക്ഷം രൂപയുടെ സഹായപ്രഖ്യാപനത്തെ തുടർന്ന് പൊന്തിവരികയായിരുന്നു. നാം ഏതു ലോകത്താണ് ജീവിക്കുന്നത്? ഇവിടെ എന്തിനും ഏതിനും ജാതിയും മതവും മാത്രമായിരിക്കുന്നു. ജാതിയുള്ള മനുഷ്യനെയാണ് എല്ലാവർക്കും വേണ്ടത്. മനുഷ്യജാതിയെ ആർക്കും വേണ്ട. ഒരു ജാതി , ഒരു മതം , ഒരു ദൈവം എന്ന് ഗുരു ശരിക്കും പറഞ്ഞിട്ടില്ലേ? ഇത്രയും വെളിച്ചം നിറ‍ഞ്ഞ വാക്കുകൾ മനസ്സിലാക്കാൻ കഴിയാത്തവരെ ഗുരു മനുഷ്യരല്ലെന്ന് വിളിക്കാൻ പറഞ്ഞിട്ടുണ്ടാകുമോ?

നൗഷാദ് ഒരു പ്രതീകമാണ്. ജീവനുവേണ്ടി അവസാന കച്ചിത്തുരുമ്പ് തേടുന്നവർക്കു നേരെ കൈ നീട്ടുന്നവരുടെ പ്രതീകം. അതുപോലെ പലരെയും നമുക്ക് കാണാൻ കഴിയും. കണ്ണൂരിലൊരു ബാബു പാറാൽ ഉണ്ട്. തലശേരി ഗവ. ആശുപത്രിയിൽ ആശ്രയമില്ലാതെ കഴിയുന്ന ആളുകൾക്ക് സഹായവുമായി എപ്പോഴും ബാബുവുണ്ടാകും. സ്വന്തം കുടുംബത്തിനു വേണ്ടി മാറ്റിവച്ച പണവും വസ്ത്രവും ഭക്ഷണവും വരെ അദ്ദേഹം തലശേരി ആശുപത്രിയിൽ കരുണയ്ക്കായി കേഴുന്നവർക്കു കൊടുക്കും. അതുപോലെ എത്രയോ പേർ നമുക്കിടയിലുണ്ട്. അവരെയൊക്കെ പ്രചോദിപ്പിക്കുന്നതായിരുന്നു നൗഷാദിന്റെ ജീവത്യാഗം. പക്ഷേ, ആ ത്യാഗത്തിന് ഒരു നാണയത്തുട്ടിന്റെ വില പോലും കൽപ്പിക്കാതെ മൈക്കിനു മുന്നിൽ എങ്ങനെ ഒരാൾക്കു നാലാളു കേൾക്കെ പ്രസംഗിക്കാൻ കഴിയും? എങ്ങനെ അതു കേട്ട് മറ്റുള്ളവർക്കു കൈയടിക്കാൻ തോന്നും?

അസഹിഷ്ണുത ഏറുന്നു എന്നല്ല ശരിക്കും പറയേണ്ടത്. നമുക്ക് സഹിഷ്ണുത ഇല്ലാതെയായിപ്പോയിരിക്കുന്നു. വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയരുതെന്ന് എന്ന് നാം ചെറുപ്രായത്തിൽ തന്നെ പഠിക്കുന്നതാണ്. എന്നാൽ വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയില്ലെങ്കിലും നൂറിലേറെ നാവുകൾ അതറിഞ്ഞ് വിളിച്ചുകൂവി നടക്കുന്ന കാലമാണിത്. അതിനായി എത്രയോ പാണന്മാരെ അവർ നാട്ടിൽ കൂലി കൊടുത്ത് നിർത്തിയിട്ടുണ്ട്. അത്തരക്കാർ കൂടി വരുന്ന കാലത്താണ് നൗഷാദിനെ പോലെ സ്വന്തം കുടുംബത്തെ പോലും ചിന്തിക്കാതെ മറ്റുള്ളവന്റെ ജീവൻ രക്ഷിക്കാനായി ഇറങ്ങിത്തിരിക്കുന്ന കുറച്ചുപേർ അവശേഷിക്കുന്നത്. അവരോടെങ്കിലും നാം മാപ്പു ചോദിക്കേണ്ടേ? നൗഷാദിന്റെ കുടുംബത്തിനു മുഖ്യമന്ത്രി നൽകാമെന്നേറ്റ സഹായത്തിൽ ജാതിയുടെ നിറം കണ്ടവർ ചെയ്ത തെറ്റിന് മനുഷ്യതം അവശേഷിക്കാത്ത നാമെങ്കിലും മാപ്പുചോദിക്കണം. അതായിരിക്കും നമ്മെ വിട്ടുപിരിഞ്ഞ നൗഷാദിനോടു നമുക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും മഹത്തായ കർമ്മം.

പ്രിയ സോദരാ, മാപ്പ്. ജാതിക്കോമരങ്ങൾ ഉറഞ്ഞുതുള്ളുന്ന ഈ നെറികെട്ട ലോകത്തു നിന്ന് അൽപം നേരത്തെയെങ്കിലും താങ്കൾക്കു രക്ഷപ്പെടാൻ സാധിച്ചല്ലോ. അതോർത്ത് ഞങ്ങൾക്കു സമാധാനിക്കാം. ഭൂമിയിൽ സന്മസ്സുള്ളവർക്കു സമാധാനം പിറക്കട്ടെ...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.